തിരയുക

ഇന്ന് ഉത്ഥിതൻ തരുന്ന അതിജീവനത്തിന്‍റെ ആത്മബലം

മാവേലിക്കര രൂപതാദ്ധ്യക്ഷൻ, ജോഷ്വാ മാർ ഇഗ്നാത്തിയോസ് നല്കുന്ന ഈസ്റ്റർ സന്ദേശം : video

ആമുഖം
മിശിഹായിൽ പ്രിയ സഹോദരങ്ങളേ, ഈസ്റ്റർ പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും തിരുനാളാണ്. മരണം ജീവിതത്തിന്‍റെ അവസാനമല്ലെന്നും നിത്യ ജീവിതത്തിലേക്കുള്ള കവാടമാണെന്നും ഈസ്റ്റർ നമ്മെ ഓർമ്മപ്പെടുത്തുന്നു. സഭയിലെ തിരുനാളുകളുടെ എല്ലാം അടിസ്ഥാന തിരുനാളായ ഈസ്റ്റർ ആഘോഷിക്കുന്ന ഈ കാലത്തിൽ ഉത്ഥിതനായ ഈശോയുടെ സമാധാനവും സന്തോഷവും നമ്മുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും സഭയിലും ലോകമെമ്പാടും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

ക്രിസ്തുവിന്‍റെ ഉത്ഥാനം വിശ്വാസത്തിന്‍റെ മൂല്യം
കർത്താവിന്‍റെ ദൂതൻ സ്ത്രീകൾക്കു നൽകിയ സന്ദേശം സഭ ഇന്ന് ഉത്ഘോഷിക്കുന്നു: “ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല. അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു. അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ ”(മത്താ. 28,5-6). ദൂതൻ നൽകിയ ഈ സന്ദേശം സുവിശേഷത്തിന്‍റെ പരമകാഷ്ഠയാണ്: ക്രൂശിതനായ ക്രിസ്തു ഉത്ഥാനം ചെയ്തിരിക്കുന്നു! നമ്മുടെ വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും അടിസ്ഥാനമാണ് യേശു ക്രിസ്തുവിന്‍റെ പുനരുത്ഥാനം. യേശുക്രിസ്തു ഉയിർത്തില്ലായിരുന്നെങ്കിൽ ക്രൈസ്തവ വിശ്വാസത്തിന്‍റെ മൂല്യം നഷ്ടമാകുമായിരുന്നു, സഭാ ദൗത്യത്തിന്‍റെ ജീവതാളം അസ്തമിക്കുമായിരുന്നു, കാരണം ഈ കേന്ദ്രബിന്ദുവിലാണ് സഭയുടെ ജീവസ്പന്ദനത്തിന്‍റെ ആരംഭവും നിരന്തരമായ വളർച്ചയും.

യേശു നമ്മെ ഇന്നും നയിക്കുന്നു
ക്രൈസ്തവർ ലോകത്തിനു നൽകുന്ന സന്ദേശമിതാണ്: മനുഷ്യനായി അവതരിച്ച, നിത്യസ്നേഹമായ യേശു, നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചു, എന്നാൽ പിതാവായ ദൈവം ജീവന്‍റേയും മരണത്തിന്‍റേയും കർത്താവായി അവിടുത്തെ ഉയർത്തി. യേശുക്രിസ്തുവിന്‍റെ ഉത്ഥാനംവഴി, സ്നേഹം വിദ്വേഷത്തിനുമേൽ വിജയംനേടി, കാരുണ്യം പാപത്തിനുമേലും, നന്മ തിന്മയ്ക്കുമേലും, സത്യം അസത്യത്തിനുമേലും, ജീവിതം മരണത്തിനുമേലും വിജയം വരിച്ചു. ദൃശ്യമായത് മാത്രമാണ് യാഥാർത്ഥ്യം എന്നും അദൃശ്യമായവ മിഥ്യയാണെന്നും ചിന്തിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഉയിർപ്പ് തിരുനാളിന് ഏറെ പ്രസക്തിയുണ്ട്.  ദൈവം നിത്യനാണെന്നും അപരിമേയനാണെന്നും നാം വിശ്വസിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഭൗതിക നേട്ടങ്ങൾക്ക് പിന്നാലെയുള്ള നെട്ടോട്ടത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം നൽകുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

 ജീവതത്തിന്‍റെ കേന്ദ്രമാകേണ്ട ക്രിസ്തു
യഹൂദരുടെ ഉപദേശപ്രകാരം പീലാത്തോസ് ഒരു കല്ലറയിൽ ദൈവപുത്രനെ സംസ്കരിച്ചിട്ട് അതിന് കാവൽ നിർത്തിയതുപോലെ ദൈവത്തെ ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു കോണിലേക്ക് നാം മാറ്റി നിർത്താറുണ്ടോ? ഈശോയെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു ആക്കുമ്പോൾ മാത്രമേ മനുഷ്യൻ അന്വേഷിക്കുന്ന യഥാർത്ഥ സന്തോഷവും സമാധാനവും അവന് കരഗതമാവുകയുള്ളൂ. മരണത്തിനോ കല്ലറയ്ക്കോ കാവൽക്കാരുടെ ജാഗ്രതയ്ക്കോ ഈശോയുടെ ഉത്ഥാനം നൽകുന്ന പ്രത്യാശയിൽനിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാൻ സാധിക്കുകയില്ല എന്ന് ഉയർപ്പ് തിരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

നമ്മോടൊത്തു വസിക്കുന്നവൻ

കല്ലറയ്ക്ക് സമീപം എത്തിയ ഭക്ത സ്ത്രീകൾക്ക് സ്വർഗീയ ദൂതൻ നൽകിയ സന്ദേശം ഉത്ഥിതന്‍റെ സ്വഭാവം വെളിപ്പെടുത്തുന്നു. "അവൻ ഇവിടെയില്ല....അവൻ ഉയർപ്പിക്കപ്പെട്ടു"(ലൂക്കാ 24:5). അവൻ ഉയർപ്പിക്കപ്പെട്ടത് സൃഷ്ട പ്രപഞ്ചത്തിലേക്കായിരുന്നു: ... ഭയചകിതരായ ശ്ലീഹന്മാരുടെ ജീവിതത്തിലേക്ക് ... പ്രത്യാശ നഷ്ടപ്പെട്ട ശിഷ്യരുടെ മനസ്സിലേക്ക്.... അവന്‍റെ മരണത്തിൽ എല്ലാം അവസാനിച്ചു എന്ന് കരുതി പ്രതീക്ഷ കൈവെടിഞ്ഞ പാവപ്പെട്ടവരുടെ ഹൃദയങ്ങളിലേക്ക്... അവൻ ഉയർത്തെഴുന്നേറ്റു. ഇങ്ങനെ മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കുമാണ് യേശുക്രിസ്തു ഉത്ഥിതനായത്.

ഉത്ഥിതൻ നല്കുന്ന നിത്യതയുടെ പ്രത്യാശ

തിന്മയുടെയും മരണത്തിന്‍റെയും മേൽ വിജയം വരിച്ച ഉത്ഥിതനായ ഈശോ നമുക്ക് നിത്യജീവനിലുള്ള പ്രത്യാശ പ്രദാനം ചെയ്യുന്നു.  മിശിഹായുടെ സഭയിലൂടെ വെളിപ്പെടുന്ന ദൈവഹിതത്തിന് സമ്പൂര്‍ണ്ണസമര്‍പ്പണം ചെയ്യുന്ന വിശ്വാസ തീര്‍ത്ഥാടനമാണ് ഉത്ഥാനാനുഭവം. അവിടെ സൃഷ്ടിയായ മനുഷ്യന്‍ തന്‍റെയും സകല സൃഷ്ടപ്രപഞ്ചത്തിന്‍റെയും അധിനായകനെ ദര്‍ശിക്കുന്നു.  അവിടെ മനുഷ്യന്‍ തന്‍റെ സ്വന്തം സഹോദരനെ കാണുന്നു. തന്‍റെ പൊതുഭവനമായ ഭൂമിയെ അറിയുന്നു.

പാപബന്ധനങ്ങളിൽനിന്ന് ഉയിർത്തേഴുന്നേല്ക്കാം
ഉത്ഥാനത്തിരുനാള്‍ ചരിത്രപരമായ സത്യവും യാഥാര്‍ത്ഥ്യവുമെങ്കിലും വിശ്വാസാധിഷ്ഠിതമായ ആഘോഷവും വിശ്വാസികള്‍ക്ക് മാത്രം ഗ്രാഹ്യവുമായ സത്യവുമാണ്. ഈ സത്യത്തിന്‍റെ താക്കോൽ വി. ലൂക്കാ 24:4-ല്‍ ഈശോയുടെ കബറിടത്തിങ്കല്‍ വച്ച് സ്ത്രീകൾ കേട്ട ചോദ്യമാണ്.  “ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്? അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.  ഉത്ഥാനാനുഭവം കല്ലറയ്ക്ക് പുറത്തിറങ്ങുന്നതിലൂടെ മാത്രമെ നേടാനാവൂ. അത് മനുഷ്യന്‍റെ ഉത്കര്‍ഷത്തിനുതകുന്ന ജീവിതാധികാരികത പ്രദാനം ചെയ്യുന്നതാണ്. പാപകരമായ എല്ലാറ്റിലുംനിന്ന് ദൈവം മോചിപ്പിച്ചതിലുള്ള ആനന്ദമാണ്.

വീണ്ടും കല്ലറകളിലേക്ക് പ്രവേശിക്കാനുള്ള പ്രലോഭനം മനുഷ്യനെ നിരന്തരം വേട്ടയാടുന്നു. പാപത്തിന്‍റെ തഴക്കവും ശീലവും നമ്മെ കല്ലറകളിൽ വീണ്ടും വീണ്ടും തളച്ചിടുന്നു. സ്വാര്‍ത്ഥത, അതിമോഹം, ദുരാശ, ആസക്തി, ശത്രുത, അഹംഭാവം, അസൂയ എന്നിങ്ങനെ ലൗകീക വ്യഗ്രതകളാല്‍ മൃതരായി കല്ലറകളില്‍ ശയിക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നു. ഈ അടിമത്തത്തിന്‍റെ കരാളഹസ്തത്തിൽ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുന്നത് പാപങ്ങള്‍ ക്ഷമിക്കാൻ കഴിയുന്ന ദൈവം മാത്രമാണ്. പിശാചിന്‍റെയും പാപത്തിന്‍റെയും മരണത്തിന്‍റെയും മേൽ ഈശോ നേടിയ വിജയത്തിന്‍റെ സന്തോഷം ആഘോഷിക്കുന്ന തിരുനാളാണ് ഈസ്റ്റർ.

ഉത്ഥിതൻ പഠിപ്പിക്കുന്ന കൂട്ടായ്മയും പങ്കുവയ്ക്കലും
സമ്പത്തും സുഖസൗകര്യങ്ങളും ആർഭാടങ്ങളും ആഘോഷങ്ങളും സുഹൃദ്‌ വലയങ്ങളും സന്തോഷം നൽകും എന്ന് കരുതി അതിന്‍റെ പിന്നാലെ പരക്കംപായുന്ന അനേകരെ ഈ കാലഘട്ടത്തിൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ എല്ലാം മറ്റുള്ളവർക്കായി നൽകുന്നതിലാണ് യഥാർത്ഥ സന്തോഷമെന്ന് ഈശോ തന്‍റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. ഈ ലോകം വിട്ട് പിതാവിന്‍റെ പക്കലേക്ക് പോകുവാൻ സമയമായി എന്നു മനസ്സിലാക്കി മനുഷ്യകുലത്തോടൊപ്പമായിരിക്കുവാൻ വേണ്ടി ഈശോ തന്‍റെ തിരുശരീരവും തിരുരക്തവും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തിൽ വി. കുർബാനയിലൂടെ മനുഷ്യർക്ക് നൽകി.
ഐക്യത്തിന്‍റെ കൂദാശയായ വി. കുർബാന ദൈവവും മനുഷ്യനും തമ്മിൽ ഒരുമിച്ച് ജീവിക്കുന്ന സന്തോഷത്തിന്‍റെ അനുഭവത്തിലേക്ക് നമ്മെ നയിക്കുന്നു.

ഉത്ഥിതൻ തുറന്ന മഹത്വത്തിന്‍റെ വഴി
വിശുദ്ധ കുർബാനയിൽ ഉയിർപ്പിക്കപ്പെട്ട യേശുവിനെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ അവന്‍റെ ആത്മാവും ശരീരവും ദിവ്യത്വവുമാണ് സ്വീകരിക്കുന്നത്. സ്വർഗത്തിൽ പിതാവായ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന മഹത്വീകൃതനായ യേശുവിനെ നാം സ്വീകരിക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ കുർബാന സ്വർഗത്തിന്‍റെ മുന്നാസ്വാദനം ആയിത്തീരുന്നത്. മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവൻ അവസാന ദിവസത്തിൽ മഹത്വീകൃതനാകും. ഈ വഴിയിലൂടെയുള്ള യാത്ര മഹത്വീകൃതമായ ഒരു ശരീരത്തിന് നമ്മെ അവകാശികളാക്കിത്തീർക്കുമെന്ന് ഈസ്റ്റർ ഓർമിപ്പിക്കുന്നു. ഉത്ഥിതന്‍റെ സജീവസാന്നിധ്യം നൽകുന്ന സന്തോഷത്തിൽ എന്നും ജീവിക്കണമെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. ഉത്ഥാന പ്രകാശത്തിലൂടെ പുതുജീവനിലേക്കുള്ള സഞ്ചാരമാണ് ഈസ്റ്റര്‍ ഉദ്ഘോഷിക്കുന്നത്.

സ്വത്വാവബോധം   തരുന്ന തിരുനാൾ
സത്യവും നിത്യവുമായ ഈ സഞ്ചാരപാത ഏറെ ക്ലേശകരവുമാണ്.  കാരണം നീണ്ട നാളുകൾ ഓമനിച്ചും താലോലിച്ചും കൂടെ കൊണ്ടുനടന്ന പ്രിയങ്കരമായിരുന്നവയെ പാപകരമാണെന്നറിഞ്ഞ് നിത്യനാശത്തിന് ഹേതുവായിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഉപേക്ഷിക്കേണ്ടത്.  ഉത്ഥാനാനുഭവം ഈ തിരിച്ചറിവും അവബോധവും ആണ്. മിശിഹായുടെ ഉത്ഥാനമാണ് മനുഷ്യന് അസ്തിത്വവും സ്വത്വാവബോധവും നല്‍കുന്നതെന്ന് 1 കോറി. 15:14- ൽ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു: മിശിഹാ ഉയര്‍പ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം.

നമ്മെ ഉയർത്തുകയും ഉയരങ്ങളിലേയ്ക്കു
നയിക്കുകയും ചെയ്യുന്നവൻ

ശൂന്യമായ കല്ലറ മിശിഹായുടെ ഉത്ഥാനത്തിന്‍റെ പ്രതീകമാണ്. കര്‍ത്താവായ ഈശോമിശിഹാ പാപം വഴി ഉണ്ടായ മരണത്തിന്‍റെ അവസ്ഥയ്ക്ക് വിരാമമിട്ട് തന്‍റെ രക്ഷാകര പദ്ധതി വഴി ശാശ്വതമായ രക്ഷ സഭയിലൂടെ ലോകത്തില്‍ സംസ്ഥാപിച്ചു. ഇത് കൃപാവരത്തിന്‍റെ അനസ്യൂതമായ പ്രവാഹമായി, വിശ്വാസവും ദൈവാശ്രയവും വഴി, നമ്മിൽ സംഭവിക്കുവാൻ ഉത്ഥാനാനുഭവം നിമിത്തമായി മാറണം. നമ്മുടെ വഴികാട്ടിയായ യേശു മനുഷ്യ പ്രകൃതി സ്വീകരിച്ചുകൊണ്ട് മുൻപ് കേട്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക് മനുഷ്യന്‍റെ അവസ്ഥയെ ഉയർത്തി. ക്രിസ്തുവിൽ, പിതാവ് നമ്മുടെ സ്വഭാവത്തെ മരണത്തിൽ നിന്ന് ഉയിർപ്പിന്റേതാക്കി മാറ്റി.

നന്മപ്രവൃത്തികളുമായി ദൈവിക മഹത്വം തേടാം
ഈ ഉയിർപ്പ് ആത്മാവിന്‍റേതും ശരീരത്തിന്‍റേതുമാണെന്ന് മനസിലാക്കണം. അതുകൊണ്ടാണ് ശിഷ്യൻമാർ കർത്താവിന്‍റെ തിരുകല്ലറ ശൂന്യമായ അവസ്ഥയിൽ കണ്ടെത്തിയത്. ഈശോയുടെ മൃതശരീരം പൊതിഞ്ഞിരുന്ന വസ്ത്രങ്ങൾ കല്ലറയില്‍ തനിയെ കിടക്കുന്നതും ഉത്ഥാനത്തിന്‍റെ അടയാളമാണ്. ഈശോ തന്‍റെ വസ്ത്രങ്ങൾ കല്ലറയിങ്കല്‍ ഉപേക്ഷിച്ചു. പൗരസ്ത്യ സഭാപിതാവായ മാര്‍ അപ്രേം നല്‍കുന്ന വ്യാഖ്യാനം ഇവിടെ ചിന്തനീയമാണ്: പാപം ചെയ്ത് പറുദീസയിൽനിന്ന് തിരസ്കൃതനാകുന്നതിന് മുന്‍പ്, ആയിരുന്നതുപോലെ, വസ്ത്രത്തിന്‍റെ മറകൂടാതെ ആദത്തിന് പറുദീസയിൽ പ്രവേശിക്കുന്നതിനുവേണ്ടിയാണ് ഈശോ കല്ലറയിങ്കല്‍ തന്‍റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത്. വസ്ത്രധാരിയായി പറുദീസാ വിട്ടിറങ്ങിയ ആദം ഇപ്പോള്‍ വസ്ത്രമുപേക്ഷിച്ച് വീണ്ടും പറുദീസായിലേക്ക് തിരികെ കയറുന്നു.

ഈശോ വസ്ത്രമുപേക്ഷിച്ചത് മരിച്ചവരുടെ ഉത്ഥാന രഹസ്യം വെളിപ്പെടുത്താനാണ്. നമ്മുടെ കര്‍ത്താവ് വസ്ത്രമില്ലാതെ മഹത്ത്വത്തിലേക്ക് പ്രവേശിച്ചതുപോലെ നമ്മളും നമ്മുടെ വസ്ത്രങ്ങളുമായല്ല, പ്രത്യുത നന്മപ്രവൃത്തികളുമായി മഹത്ത്വത്തിലേക്ക് പ്രവേശിക്കും.  ചമയങ്ങളും അലങ്കാരങ്ങളും ഏച്ചുകെട്ടലുകളും തേച്ചുമിനുക്കലുകളുമായി യഥാര്‍ത്ഥമനുഷ്യനെ മറയ്ക്കുന്ന സാംസ്കാരത്തിനറുതി വരുത്തുക അനിവാര്യമാണ്.
നമ്മള്‍ അണിയുന്ന വേഷഭൂഷാദികളല്ല നമ്മെ മഹത്ത്വപ്പെടുത്തുന്നത്, പ്രത്യുത നമ്മിലെ മനുഷ്യത്വമാണ്. കൃത്രിമത്വം വെടിഞ്ഞ് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമുള്ള യഥാര്‍ത്ഥ മനുഷ്യനെ ധരിക്കുന്നതാണ് ഈസ്റ്റർ അനുഭവം.

ഈശോ തരുന്ന സമാധാനം
ഉത്ഥിതനായ ഈശോ ലോകത്തിനു നൽകുന്ന ഏറ്റവും വലിയ സമ്മാനം സമാധാനമാണ്. ദൈവഹിതം കുരിശിൽ പൂർത്തിയാക്കിയ ഈശോയാണ് യഥാർത്ഥ സമാധാനം ലോകത്തിനു പ്രദാനം ചെയ്തത്. ഉത്ഥിതൻ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ട വേളകളിലെല്ലാം ആശംസിച്ചിരുന്നത് നിങ്ങൾക്ക് സമാധാനം എന്നാണ്. ഈശോ നൽകുന്ന സമാധാനം ലോകം നൽകുന്ന സമാധാനത്തിൽ നിന്ന് വ്യത്യസ്തമാണ്. "ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം ഞാൻ നിങ്ങൾക്കു നൽകുന്നു. ലോകം നൽകുന്നത് പോലെയല്ല ഞാൻ നൽകുന്നത്" (യോഹന്നാൻ 14:17).

കലഹങ്ങളില്ലാത്ത, യുദ്ധങ്ങളില്ലാത്ത, ഭിന്നതകളില്ലാത്ത, അവസ്ഥയല്ല ഈ സമാധാനം. അതിനെല്ലാം ഉപരിയായി ഈശോ തന്നെയാണ് ഈ സമാധാനം. പീഡനങ്ങൾക്കും സഹനങ്ങൾക്കും മദ്ധ്യേയാണ് ഈശോ നൽകുന്ന സമാധാനത്തെ നാം കണ്ടെത്തേണ്ടത്. ഈ സമാധാനത്തെ കുറിച്ച് ധ്യാനിക്കാനും ഈ സമാധാനം സ്വന്തമാക്കാനും ഈസ്റ്റർ നമ്മെ ക്ഷണിക്കുന്നു. മനുഷ്യ ദൃഷ്ടിയിൽ പരാജയമെന്നും നിരാശാജനകമെന്നും അസമാധാനം വിതയ്ക്കുന്നതെന്നും തോന്നിച്ച ഈശോയുടെ മരണം ഉത്ഥിതന്‍റെ പ്രത്യാശയിലേക്കും സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമാണ് നമ്മെ നയിച്ചത്.

കൂടെ നടക്കുന്ന ക്രിസ്തു
ഈ കാലഘട്ടത്തിൽ നാം അനുഭവിക്കുന്ന പരാജയങ്ങൾക്കും നഷ്ടങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും മധ്യേ പ്രത്യാശയോടെ, ഉത്ഥിതനിലേക്ക് ഹൃദയങ്ങൾ ഉയർത്തിയാൽ, യഥാർത്ഥ സന്തോഷവും സമാധാനവും നമുക്ക് കണ്ടെത്താൻ സാധിക്കും. സഹനത്തിനും മരണത്തിനും അപ്പുറം ഒരു ഉത്ഥാനം ഉണ്ടെന്നുള്ള സത്യമാണ് വിശ്വാസികളുടെ ഹൃദയത്തില്‍ രൂഢമൂലമാകേണ്ടത്. ജീവിതപന്ഥാവിലൂടെ മുൻപോട്ടു നീങ്ങുമ്പോൾ മഹത്വീകൃതനായ ക്രിസ്തു നമ്മോടൊപ്പം നടക്കുന്നുണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. യഥാർത്ഥ ഈസ്റ്ററിന്‍റെ ചൈതന്യത്തിൽ-അവൻ നമ്മുടെ കൂടെയുണ്ടെന്ന ബോധ്യത്തിൽ- ജീവിക്കുവാനാണ് ഈശോ നമ്മോട് ആവശ്യപ്പെടുന്നത്.

എന്നാൽ അവന്‍റെ വഴിനടത്തലിനായി നമ്മെ വിട്ടുകൊടുക്കണമോ എന്ന തിരഞ്ഞെടുപ്പ് നടത്തേണ്ടത് നാം തന്നെയാണ്. എമ്മാവൂസിലേക്ക് പോയ ശിഷ്യമാരെപ്പോലെ ‘കൂടെ വസിക്കുവാൻ’ ഈശോയെ നിർബന്ധിക്കണം. യേശു പറയുന്ന കാര്യങ്ങൾ വിശ്വസിച്ചും അത് പ്രവൃത്തിപഥത്തിൽ എത്തിച്ചും അവനോടൊപ്പം നമുക്ക് നടക്കാം. അതുവഴി നമ്മുടെ ശരീരവും ആത്മാവും നിർമ്മലമായി നമുക്ക് കാത്തുസൂക്ഷിക്കാം.
യോഗ്യതയോടുകൂടി കൂദാശകൾ സ്വീകരിച്ചും മഹത്വീകൃതമാകേണ്ട ശരീരത്തെ മലിനപ്പെടുത്തുന്ന പാപങ്ങൾ വർജ്ജിച്ചുകൊണ്ടും യേശുവിനെ പിൻചെല്ലാം. നമ്മുടെ വിളി ഉത്ഥിതനായ ക്രിസ്തുവിനോടുകൂടി സ്വർഗത്തിൽ ആയിരിക്കുക എന്നുള്ളതാണ്. അവിടെ നമ്മുടെ യാത്ര അവസാനിക്കുകയും യഥാർത്ഥ സന്തോഷം ആരംഭിക്കുകയും ചെയ്യും.

ക്ലേശങ്ങൾക്കു മേൽ അതിജീവനത്തിന്‍റെ ആത്മബലം
ലോകം കൊവിഡ് 19 മഹാമാരി എന്ന പീഡാനുനഭവത്തിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റർ നമുക്ക് പകരുന്നത്. തീവ്രമായ നിരാശയും തകർച്ചയും കോവിഡ് നമ്മുടെ ജീവിതത്തിൽ വാരിവിതറുമ്പോൾ സന്തോഷത്തിന്‍റേയും പ്രത്യാശയുടേയും മാറ്റമില്ലാത്ത വലിയ സന്ദേശം ഈസ്റ്റർ നമുക്ക് കൈമാറുന്നു. ഈസ്റ്റർ അതിജീവനത്തിന്‍റെ സന്ദേശമാണ് നൽകുന്നത്. ഏത് പീഡാനുഭവത്തിനും അപ്പുറം അതിജീവനത്തിന്‍റേതായ പുതിയ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റർ സന്ദേശം നമ്മെ പഠിപ്പിക്കുന്നത്.

ഉയിർപ്പു തിരുനാളിന്‍റെ സന്തോഷവും സമാധാനവും വത്തിക്കാൻ റേഡിയോയുടെ എല്ലാ മാന്യ ശ്രോതാക്കൾക്കും ഹൃദയപൂർവം ആശംസിക്കുന്നു!

 

03 April 2021, 10:16