തിരയുക

പീറ്റർ ചേരാനെല്ലൂർ ഗായകനും ഗാനസംവിധായകനും പീറ്റർ ചേരാനെല്ലൂർ ഗായകനും ഗാനസംവിധായകനും 

ഗാനവീഥിയിൽ ഒരാത്മീയ യാത്രികൻ : പീറ്റർ ചേരാനെല്ലൂർ

പീറ്റർ ചേരാനെല്ലൂർ എന്ന് അറിയപ്പെട്ട തോട്ടകത്ത് പീറ്ററിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി… ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ

പീറ്റർ ചേരാനെല്ലൂരിന്‍റെ ഗാനങ്ങൾ


1. ആത്മീയതയിൽ ഉണർന്ന സംഗീതം
സംഗീതത്തിൽ ശാസ്ത്രീയ പരിശീലനമോ സാമ്പ്രദായിക ശിക്ഷണോ നേടാതെ നൈസർഗ്ഗിക പ്രതിഭകൊണ്ടു മാത്രം ശ്രദ്ധേയനായ വ്യക്തിയാണ് പീറ്റർ ചേരാനെല്ലൂർ. യുവാവായിരിക്കെ ഒരു ധ്യാനകേന്ദ്രത്തിന്‍റെ ആത്മീയ പശ്ചാത്തലത്തിൽ പീറ്ററിന്‍റെ മനസ്സിൽ ഉണർന്ന സംഗീത തൃഷ്ണയാണ് ക്രിസ്തീയ ഗാനരംഗത്തേയ്ക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിനഗരത്തിന്‍റെ പ്രാന്തത്തിലുള്ള ചേരാനെല്ലൂർ എന്ന സ്ഥലത്ത് തോട്ടകത്ത് ജോസഫ് മേഴ്സി ദമ്പതികളുടെ മകനാണ് കേരളത്തിന്‍റെ ക്രിസ്തീയ ഗാനരംഗത്തെ പീറ്റർ ചേരാനെല്ലൂരായി മാറിയത്.

2. ഗാനസംവിധായകനായി മാറിയ  ഗായകൻ
ഗാനമേളാ സംഘങ്ങളിലൂടെ പാടി ഗായകനായി പേരെടുത്ത പീറ്റർ പിന്നീടാണ് ആത്മീയ പാതയിൽ സംഗീതത്തിന്‍റെ പുതിയ പ്രകാശനങ്ങൾ നിർവ്വഹിച്ചത്. വിവിധ പ്രസ്ഥാനങ്ങൾക്കും ധ്യാനകേന്ദ്രങ്ങൾക്കുമായി ആയിരത്തിൽ അധികം ഗാനങ്ങൾക്ക് ഈണംപകർന്നിട്ടുണ്ട്. സാധാരണക്കാർക്ക് പാടി ദൈവത്തെ സ്തുതിക്കാവുന്ന ആത്മീയ ഗാനങ്ങളാണ് എന്നും താൻ ലക്ഷ്യംവയ്ക്കുന്നതെന്നു പീറ്റർ പറഞ്ഞു.

3. സകുടുംബം പ്രാർത്ഥനയോടെ...
ഷാന്‍റി പീറ്റർ സഹധർമ്മിണി, മകൻ ഡയൻ, മകൾ നൈയ്ദീൻ എന്നിവർക്കൊപ്പം ചേരാനെല്ലൂരാണ് പീറ്ററിന്‍റെ വാസം. വീടിനോടു ചേർന്നുള്ള “സ്നേഹം” ഡിജിറ്റൽ സ്റ്റുഡിയോ സംവിധാനമാണ് പ്രവർത്തന തട്ടകം. ഒപ്പം “ക്രൈസ്റ്റ് കൾച്ചർ” എന്ന സംഘത്തോടു ചേർന്ന് നാട്ടിലും വിദേശത്തും വചനശുശ്രൂഷകളിലും ഗാനശുശ്രൂഷകളിലും മുഴുകുന്നതാണ് പീറ്ററിന്‍റെ ജീവിതം. സ്വതസിദ്ധമായ കഴിവിലും പ്രാർത്ഥനാരൂപിയിലും മുഴുകി ഗാനങ്ങൾ എഴുതിയും ഈണംപകർന്നും മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട പീറ്ററിന്‍റെ ജീവിതം ഗാനവീഥിയിൽ ഒരു ആത്മീയയാത്രയാണ്.

4. ഗാനങ്ങള്‍
a) ദൈവത്തെ മറന്നു കുഞ്ഞേ.
..
മഞ്ജരിയിലെ ആദ്യഗാനം ഡോ. കെ. ജെ യേശുദാസ് ആലപിച്ചതാണ്. രചന ബേബി ജോൺ കലയന്താനി, സംഗീതം പീറ്റർ ചേരാനെല്ലൂർ.

b) കൈനീട്ടി...
അടുത്ത ഗാനം കെ. വി. ശബരിമണി രചിച്ചതാണ്. സംഗീതം പീറ്റർ ചേരാനെല്ലൂർ, ആലാപനം പി. ഉണ്ണികൃഷ്ണൻ.

c) ആരും കൊതിക്കും
മഞ്ജരിയിലെ അവസാനത്തെ ഗാനം ഉണ്ണിമേനോൻ ആലപിച്ചതാണ്.
രചന ബേബി ജോൺ കലയന്താനി. സംഗീതം പീറ്റർ ചേരാനെല്ലൂർ.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ പീറ്റർ ചേരാനെല്ലൂരിന്‍റെ ഭക്തിഗാനങ്ങൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2021, 13:28