ഒരു കൃതജ്ഞതാഗീതത്തിന്‍റെ സംക്ഷിപ്തപഠനം
- ഫാദർ വില്യം നെല്ലിക്കൽ
1. ദാവീദു രാജാവിന്‍റെ ഗീതം
നാം ഇന്ന് പഠിക്കുന്നത് സങ്കീര്‍ത്തനം 138-ന്‍റെ സംക്ഷിപ്തരൂപമാണ്. ഇതൊരു കൃതജ്ഞതാഗീതമാണ്. പിന്നെ ദാവീദുരാജാവിന്‍റെ ഗീതമെന്നും ഇത് അറിയപ്പെടുന്നു. ദാവീദുരാജാവ് സങ്കീര്‍ത്തനങ്ങളുടെ കര്‍ത്താവ് എന്ന സംജ്ഞ നമുക്ക് ആദ്യം വിവരിക്കാം. വിശുദ്ധഗ്രന്ഥം തന്നെ ദാവീദു രാജാവാണ് നിരവധി സങ്കീർത്തനങ്ങളുടെ രചയിതാവെന്ന് വ്യക്തമാക്കിത്തരുന്നു. ഈ ഹ്രസ്വപഠനത്തില്‍ നമുക്ക് ആദ്യം വിശുദ്ധ ഗ്രന്ഥത്തിലേയ്ക്കു തിരിയാം. സങ്കീര്‍ത്തനങ്ങളുടെ മൂലരചനകളില്‍, പ്രത്യേകിച്ച് ഗ്രീക്കുമൂല ഗ്രന്ഥത്തില്‍ സങ്കീര്‍ത്തനങ്ങള്‍ക്ക് തലക്കെട്ടായി കുറിച്ചിരിക്കുന്നത് - “ദാവീദിന്‍റെ സങ്കീര്‍ത്തനം” ! എന്നാണ്. എന്തിന് ആധുനികകാലത്തു നടന്ന ആര്‍.എസ്.വി.-പോലുള്ള എല്ലാ ഔദ്യോഗിക പരിഭാഷകളും അത് ഭംഗിയായി ചേര്‍ത്തിട്ടുണ്ട്. ഇത് “ദാവീദിന്‍റെ സങ്കീര്‍ത്തനം” This is a Davidic Psalm! എന്നിങ്ങനെ. സങ്കീർത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം ശ്രവിച്ചുകൊണ്ട് നമുക്കു പഠനം തുടരാം.
ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം അനൂപ് ജി.-യും സംഘവും.
Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
a) കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടങ്ങേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു
മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു.
ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു മുന്‍പില്‍
ശിരസ്സുനമിക്കുന്നു, ഞാന്‍ ശിരസ്സുനമിക്കുന്നു.
b) ദൈവമേ, അങ്ങേ കാരുണ്യവും വിശ്വസ്തതയുമോര്‍ത്തു
ഞാന്‍ നന്ദിയര്‍പ്പിക്കുന്നു
അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ച നാളില്‍
അങ്ങെനിക്കുത്തരമരുളി.
2. സാമൂവലിന്‍റെ ഗ്രന്ഥം 1, 16, 18.
ബെതലേഹംകാരനായ ജസ്സെയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ട്, എന്ന് ഭൃത്യരില്‍ ഒരാള്‍ പറഞ്ഞു. അയാള്‍ കിന്നരം മീട്ടാന്‍ മിടുക്കനും, ഗായകനും, പരാക്രമിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും, കോമളനുമാണ്. കര്‍ത്താവ് അവന്‍റെ കൂടെയുണ്ട്. ദാവീദുരാജാവും സങ്കീര്‍ത്തനാവിഷ്ക്കാരവുമായുള്ള അടിസ്ഥാന ബന്ധം പുതിയനിയമവും ഉറപ്പിച്ചു പ്രസ്താവിക്കുന്നുണ്ട്.
3. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2, 25-26
ദാവീദ് തന്നെക്കുറിച്ചു തന്നെ രചിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്, ഇപ്രകാരമാണ്. ഞാന്‍ കര്‍ത്താവിനെ സദാ കണ്‍മുന്‍പില്‍ ദര്‍ശിക്കുന്നു.... എന്‍റെ നാവ് അവിടുത്തേയ്ക്ക് സ്തോത്രംപാടുന്നു.
ഇടയച്ചെറുക്കാനിയിരുന്ന ദാവീദ് സംഗീതനൈപുണ്യമുള്ളവനും, കിന്നരവായനക്കാരനും സമര്‍ത്ഥനായ ആരാധനക്രമ സംവാധായകനുമാണെന്നാണ് വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നത്. ഭാരതീയ പാരമ്പര്യത്തില്‍ രാഗങ്ങള്‍ ഇടയന്‍മാരുടെ സൃഷ്ടിയാണെന്നും പറയാറുണ്ട്. അവരുടെ പുല്ലാങ്കുഴലുകളില്‍ ഉതിര്‍ന്നതാണ് രാഗങ്ങള്‍! എല്ലാമല്ലെങ്കിലും ചിലതെങ്കിലും...!
ഇടയനായിരുന്നതുകൊണ്ട് ദാവീദു രാജാവിന് സംഗീതജ്ഞാനമോ പാണ്ഡിത്യമോ ഇല്ലായിരുന്നുവെന്ന് ചിലപ്പോള്‍ ചിലരെങ്കിലും ചിന്തിക്കാം. എന്നാല്‍ സാമാന്യബുദ്ധി നമ്മോടു പറയും, ഉപോദ്ബലകങ്ങളായ, ഉറപ്പുനല്കുന്ന ഇത്രത്തോളം തെളിവുകള്‍ വിശുദ്ധഗ്രന്ഥത്തില്‍ - പഴയനിയമത്തിലും പുതിയനിയമത്തിലും ഉള്ളപ്പോള്‍... പിന്നെ അതിന്‍റെ ചുറ്റുവട്ടങ്ങളും പാരമ്പര്യങ്ങളും നമുക്കു വ്യക്തമായി കൈമാറുമ്പോള്‍ ദാവീദിന്‍റെ ഗീതമെന്ന സംജ്ഞ നമുക്ക് സ്വീകരിക്കാവുന്നതാണ്. അങ്ങനെ കൃത്യമായ തെളിവുകള്‍ ദാവീദുരാജാവിന്‍റെ സങ്കീര്‍ത്തനങ്ങളുടെ രചനയെയും സംഗീതാവിഷ്ക്കാരത്തെയും കുറിച്ചുള്ളപ്പോള്‍ അതേറ്റു പറയുന്നതില്‍ ആശങ്കവേണ്ട.
Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
c) കർത്താവേ, ഭൂമിയിലെ രാജാക്കന്മാർ അങ്ങയെ പ്രകീർത്തിക്കും
എന്തെന്നാൽ അവർ അങ്ങയുടെ വാക്കുകൾ കേട്ടിരിക്കുന്നു
അങ്ങയുടെ സൃഷ്ടിയെ ഒരുനാളും ഉപേക്ഷിക്കരുതേ,
ഉപേക്ഷിക്കരുതേ, അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ...!
4. നിറഞ്ഞുനില്ക്കുന്ന നന്ദിയുടെ വികാരം
നന്ദിപറച്ചിലിന്‍റെ, അല്ലെങ്കില്‍ കൃതഞ്ജതയുടെ വികാരമുണര്‍ത്തുന്ന സങ്കീര്‍ത്തനങ്ങള്‍ വിശുദ്ധഗ്രന്ഥത്തില്‍ നിരവധിയാണ്. വ്യക്തികളുടെ നന്ദിപറച്ചിലാവാം, അല്ലെങ്കില്‍ സമൂഹത്തിന്‍റെ നന്ദിപറച്ചിലാവാം. ദൈവം നല്കിയ നന്മകള്‍ക്കാണ് ഗായകന്‍ നന്ദിപറയുന്നത്. വ്യക്തിപരമായ അനുഭവത്തിലൂടെ തെളിഞ്ഞു കാണുന്ന ദൈവപരിപാലനയെപ്പറ്റിയാണ് അവ അടിസ്ഥാനപരമായും പരാമര്‍ശിക്കുന്നത്, പ്രതിപാദിക്കുന്നത്. ചിലപ്പോള്‍ പാവപ്പെട്ടവരിലും വിശ്വാസസമൂഹത്തിലും ദൈവം വര്‍ഷിക്കുന്ന നന്മകള്‍ക്കാണ് സങ്കീര്‍ത്തകന്‍ നന്ദിയര്‍പ്പിക്കുന്നത്, താന്‍ സ്വീകരിച്ച വ്യക്തിഗത നന്മകള്‍ക്കാവണമെന്നില്ല. ഇസ്രായേലിന്‍റെ മോചനത്തിന് നന്ദിപറയുന്ന ഗീതങ്ങളും സങ്കീര്‍ത്തനശേഖരത്തില്‍ കാണാം. കൃതജ്ഞതയായി കര്‍ത്താവിന് ബലിയര്‍പ്പിച്ചുകൊണ്ടും ഗായകന്‍ നന്ദിയുടെ ഗീതം ആലപിക്കുന്നു.
5. നന്ദിയുള്ളവർ നന്മയുള്ളവരായിരിക്കും
138-Ɔ൦ സങ്കീര്‍ത്തനം ഏത് അവസരത്തിനായി ദാവീദ് രാജാവ് ചിട്ടപ്പെടുത്തിയെന്ന് നമുക്ക് നിജപ്പെടുത്താനാവില്ലെങ്കിലും, ദൈവികനന്മകളെ രാജാവ് നന്ദിയോടെ അനുസ്മരിക്കുന്നത് പദങ്ങളില്‍നിന്നും നമുക്ക് പഠിക്കാം. ഈ സങ്കീര്‍ത്തന പഠനത്തിലേയ്ക്ക് ഇനിയും പ്രവേശിക്കുമ്പോള്‍ നമുക്ക് ദൈവിക നന്മകൾക്കൊപ്പം അവിടുത്തെ ശക്തിപ്രാഭവവും നാം കാണുന്നു. ജനം, അല്ലെങ്കില്‍ വ്യക്തി കര്‍ത്താവിന്‍റെ സന്നിധിയില്‍ പ്രവേശിച്ച് നന്ദിയുടെ പൊതുസാക്ഷ്യമാണ് കൃതജ്ഞതാഗീതത്തിന്‍റെ വരികളിലൂടെ വെളിപ്പെടുത്തുന്നത്. യാഹ്വേയുടെ നന്മകള്‍ അനുസ്മരിക്കുകയും, അവിടുത്തെ ആദരിക്കുകയും സ്തുതിക്കുകയും, അവിടുത്തെയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. കൃതജ്ഞതാപ്രകാശനത്തിന് ജീവിതസാക്ഷ്യത്തിന്‍റെ മൂല്യമുണ്ട്. നന്ദിയുള്ളവരായി ജീവിക്കുന്നതില്‍ സന്തോഷവും വിശ്വസ്തതയും അടങ്ങിയിരിക്കുന്നു. നന്ദിയുള്ളവര്‍ എന്നും നന്മയുള്ളവരുമായിരിക്കും. അവര്‍ ആഴമായ വിശ്വാസമുള്ളവരും പ്രത്യാശയുള്ളവരുമായിരുന്നു.
കെടുതികളില്‍നിന്നും മോചിതരായവര്‍, ബന്ധനങ്ങള്‍ ഒഴിഞ്ഞവര്‍ ഒരിക്കലും അവയെ ഓര്‍ത്ത് വിലപിക്കാത്തവർ. അവര്‍ പ്രാര്‍ത്ഥിക്കുന്നതും, സ്തുതിക്കുന്നതും നന്ദിയുടെ വികാരത്തോടെയാണ്. അതിനാല്‍ കൃതജ്ഞതാഗീതം വിലാപത്തിന് വിപരീതമാണെന്നും പറയാം. കൃതജ്ഞതാഗീതം ഒരു സ്തുതിപ്പുപോലെ തുടങ്ങുമെങ്കിലും യാഹ്വേ, ദൈവം രക്ഷകനാണെന്നും നാഥനാണെന്നും പരിപാലകനാണെന്നും, സ്രഷ്ടാവാണെന്നും ജീവദാതാവാണെന്നും, സാര്‍വ്വലോകപാലകനാണെന്നുമുള്ള ആസ്വാദനത്തില്‍ നന്ദിയുടെ വികാരത്തിലേയ്ക്ക് ഗായകന്‍ പ്രവേശിക്കുന്നത് നമുക്കു കാണാം.
Musical Version Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
a) കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടങ്ങേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു
മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു.
ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു മുന്‍പില്‍
ശിരസ്സുനമിക്കുന്നു, ഞാന്‍ ശിരസ്സുനമിക്കുന്നു.
b) ദൈവമേ, അങ്ങേ കാരുണ്യവും വിശ്വസ്തതയുമോര്‍ത്തു
ഞാന്‍ നന്ദിയര്‍പ്പിക്കുന്നു
അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ച നാളില്‍
അങ്ങെനിക്കുത്തരമരുളി.
വത്തിക്കാന്‍ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര... സങ്കീര്‍ത്തനം 138-ന്‍റെ സംക്ഷിപ്തപഠനം.