അഴിയുന്ന ഗോതമ്പുമണിയുടെ ആത്മത്യാഗം
- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര
1. ആമുഖം:
തപസ്സുകാലം അഞ്ചാം ഞായറാഴ്ചയിലെ സുവിശേഷത്തിൽ, പീഡാസഹനത്തിനു തൊട്ടുമുമ്പുള്ള യേശുവിന്‍റെ പൊതുപ്രഭാഷണം ശ്രവിക്കുകയാണ്. ഗോതമ്പ് മണിയുടെ ഉപമയിലൂടെ, ക്രൂശിതനായ ക്രിസ്തു എങ്ങനെയാണ് മാനവകുലത്തിന്‍റെ രക്ഷകനാകുന്നതെന്ന് യേശു വ്യക്തമാക്കുന്നു. ഓരോ ക്രിസ്ത്യാനിയുടെ ജീവിതവും അർത്ഥവത്തായി മാറുന്നത് യേശുവിന്‍റെ കാലടികളിലൂടെ കടന്നുപോകുമ്പോഴാണെന്ന ഓർമ്മപ്പെടുത്തലാണ് ഇന്നത്ത സുവിശേഷം.
2. ഗ്രീക്കുകാർ ഒരടയാളമാണ്:
യേശുവിനെ അന്വേഷിക്കുന്ന ഗ്രീക്കുകാർ ആരാണ്? നിയമാനുസരണം യഹൂദരായില്ലങ്കിലും യഹൂദമതത്തിലും, ഏകദൈവ വിശ്വസത്തിലും, യഹൂദമതാചാരങ്ങളിലും തത്പരരായ കുറച്ച് ഗ്രീക്കുകാരുണ്ടായിരുന്നു. അപ്പോസ്തല പ്രവർത്തനങ്ങളിൽ ഇവരെ "ദൈവഭയമുള്ളവർ" എന്നാണ് വിശേഷിപ്പിക്കുന്നത് (അപ്പോ.10:2). അവർ തിരുനാൾ ദിനത്തിൽ ദേവാലയത്തിൽ വരികയും, യേശുവിനെ കാണുവാൻ താല്പര്യപ്പെടുകയും ചെയ്യുന്നു. അപ്പോസ്തലന്മാരിൽ ഒരാൾക്ക് മാത്രമെ ഗ്രീക്ക് പേരുള്ളു, ഗലീലിയായിലെ ബത്സയ്ദായിൽ നിന്നുള്ള പിലിപ്പോസിന്. ഗ്രീക്കുകാർ പിലിപ്പോസിനെ അവരുടെ ആഗ്രഹം അറിയിക്കുന്നു. പീലിപ്പോസ് അവരുടെ ആഗ്രഹം അന്ത്രയോസിനെ അറിയിക്കുന്നു. അവരിരുവരും ചേർന്ന് യേശുവിനെ വിവരമറിയിക്കുന്നു. സുവിശേഷത്തിൽ ഈ അപ്പോസ്തലന്മാരുടെ പേരുകൾ ഒരുമിച്ചാണ് നൽകിയിരിക്കുന്നത്. ആധുനിക ഗ്രീസ് ഉൾപ്പെടെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ബൈസന്റിയൻ, ഗ്രീക്ക് ഓർത്തഡോക്സ് തുടങ്ങിയ പൗരസ്ത്യ റീത്തും, സഭയും വി.അന്ത്രയോസ് അപ്പോസ്തലന് പ്രഥമസ്ഥാനം നൽകുന്നത് യാദൃശ്ചികമല്ലെന്ന് വ്യക്തം. കാരണം, ഇവരിലൂടെയാണ് ഈ ജനതകൾ യേശുവിലേയ്ക്ക് വരുന്നത്.
3. ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം:
ഇന്ന് ക്രിസ്തുവിനെ കാട്ടിക്കൊടുക്കുവാനുള്ള ഉത്തരവാദിത്വം നമുക്കാണ്. ഫ്രത്തല്ലി തൂത്തി എന്ന അപ്പോസ്തോലിക പ്രബോധനത്തിലൂടെ പരിശുദ്ധ പിതാവ് നൽകുന്ന സാഹോദര്യത്തിന്‍റെ പകരേണ്ട ഇടങ്ങളിലെല്ലാം യേശുവിനെ കാട്ടിക്കൊടുക്കാനാകണം. ദൈവം അവിടെയുണ്ട് ഇവിടെയുണ്ട് എന്നൊന്നും പറയാൻ പറ്റില്ല. ഒരു ധ്യാനകേന്ദ്രത്തിലൊ, വൈദികന്‍റെയടുത്തൊ ചെന്നാൽ മതി ദൈവത്തെ കാണാം എന്നും അല്ല പറയേണ്ടത്. മതബോധനത്തിലൂടെയോ താത്വീക വിചാരത്തിലൂടെയോ ദൈവത്തെ ചൂണ്ടിക്കാണിക്കാനാകണമെന്നില്ല. ഏറെ പ്രത്യേകിച്ച് ഉത്തരവാദിത്വം വ്യക്തിപരമാകുമ്പോൾ. അപ്പോൾ പിന്നെ, നിന്റെയും എന്‍റെയും ജീവിതത്തിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ - നമ്മുടെ വാക്ക്, പ്രവർത്തി, മനോഭാവം, ചിന്ത, ഇടപെടലുകൾ എന്നിവയിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്ന് സാരം.
4. യേശുവിന്‍റെ വെളിപ്പെടുത്തൽ:
തന്നെ കാണുവാനും പരിചയപ്പെടുവാനും താത്പര്യം കാണിച്ചവർക്ക് യേശു നൽകുന്ന മറുപടി യഥാർത്ഥത്തിൽ യേശു ആരാണെന്ന് വ്യക്തമാക്കുന്നു. ഗ്രീക്കുകാർ ആഗ്രഹിച്ചത് ഭൂമിയിലെ അത്ഭുത പ്രവർത്തകനായ യേശുവുമായി ബന്ധം സ്ഥാപിക്കുവാനാണ്. യേശുവാകട്ടെ തന്‍റെ പീഡാനുഭവത്തേയും കുരിശ് മരണത്തെയും കുറിച്ച് സംസാരിച്ചുകൊണ്ട് രക്ഷകനായ യേശുവിനെ അവർക്ക് വെളിപ്പെടുത്തുന്നു.
5. ഗോതമ്പ് മണിയുടെ അഴിയൽ ഇല്ലാതാകലല്ല:
ഗോതമ്പു മണിയുടെ അഴിയൽ അഥവാ മരണം ഇല്ലാതാകലാണോ? അല്ല. ഒരിക്കലും പൂവിടലിനെ ഇല്ലാതാകലായി വ്യാഖ്യാനിക്കാനാവില്ല. കാരണം, വിത്തിൽനിന്നും പുറത്തേക്ക് വരുന്ന തളിര് അതിന്‍റെ ഉള്ളിലുണ്ടായിരുന്ന ജൈവീക സാന്നിധ്യമാണ്. ആ മുള പൊട്ടൽ ഇല്ലാതാകലല്ല മറിച്ച്, രൂപാന്തരീകരണമാണ്. അത് നഷ്ടമല്ല, നേട്ടമാണ്. അതായത്, വിത്തും തളിരും രണ്ടു സ്വത്വങ്ങളല്ല, ഒരേ യാഥാർത്ഥ്യമാണ്. ഇത് പ്രകൃതിയുടെ നിയമമാണ്. ഇതുതന്നെയാണ് യേശു പറഞ്ഞ ഉത്ഥാനത്തിന്‍റെ യുക്തിയും. വിത്ത് പൊട്ടിയാലെ തളിരു പുറത്തേക്ക് വരികയുള്ളൂ എന്ന് വ്യക്തം.
6. യേശുവിന്‍റെ വെളിപ്പെടുത്തൽ നൽകുന്ന പാഠം:
നിലത്ത് വീണഴിഞ്ഞ് മറ്റുള്ളവർക്ക് ജീവൻ നൽകി നന്മയുടെ ഫലം പുറപ്പെടുവിക്കാൻ യേശു സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുകയാണ്. ഗോതമ്പുമണി മണ്ണിൽ വീണ് സ്വയം ഇല്ലാതാകുന്നതുപോലെ, മനുഷ്യരക്ഷക്കായി യേശു പീഡകളിലൂടെയും മരണത്തിലൂടെയും കടന്ന് പോകണമെന്ന് സുവിശേഷം വ്യക്തമാക്കുന്നു. ഇങ്ങനെ സ്വയം ഇല്ലാതായി മറ്റുള്ളവർക്കായി ഫലം പുറപ്പെടുവിക്കുന്നതിന്‍റെ പിന്നിലെ രഹസ്യമെന്താണ്? അത് സ്നേഹമാണ്. സ്നേഹിക്കുന്നവന് മാത്രമെ കുടുംബത്തിലും, ഇടവകയിലും, സമൂഹത്തിലും മറ്റൊരു ഗോതമ്പുമണിയായി മാറുവാൻ സാധിക്കുകയുള്ളു എന്ന പുതിയ പാഠം യേശു തന്‍റെ ജീവിതത്തിലൂടെ നൽകുകയാണ്. യേശുവിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക: "തന്‍റെ ജീവനെ സ്നേഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തുന്നു". അതേസമയം, ഈ ലോകത്തിൽ തന്‍റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേയ്ക്ക് അതിനെ സൂക്ഷിക്കുമെന്ന് പറഞ്ഞുകൊണ്ട്, ജീവിതത്തിന്‍റെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളെ തിരുവചനം നമ്മെ പഠിപ്പിക്കുകയാണ്. ഇത് യഥാർത്ഥത്തിൽ ക്രിസ്ത്യാനിയുടെ ജീവിതത്തിലെ ഒരു വെല്ലുവിളിതന്നെയാണ് എന്നതിൽ സംശയമില്ല.
7. ഉപസംഹാരം:
ഗ്രീക്കുകാർ യേശുവിനെ അന്വേഷിക്കുന്നത് പോലെ, ഓരോ പ്രാർത്ഥനയിലും, ദേവാലയ സന്ദർശനത്തിലും, ദൈവവചനം ശ്രവിക്കുമ്പോഴും നമ്മുടെ ഉള്ളിന്‍റെയുള്ളിൽ യേശുവിനെ നാം അന്വേഷിക്കുന്നത് ഭൗമികനായ, അനുഗ്രഹങ്ങൾ മാത്രം നൽകുന്ന യേശുവിനെയാണോ? അതോ, കാൽവരിയിലെ ക്രൂശിൽ ഉയർത്തപ്പെട്ട യേശുവിനെയാണൊ? അനുദിനജീവിതത്തിലെ കുരിശുമെടുത്ത് യേശുവിനെ അനുഗമിച്ചുകൊണ്ട് നിത്യജീവൻ കൈവശമാക്കുവാൻ നമുക്കൊരുങ്ങാം. ആമേൻ.
ഗാനം ആലപിച്ചത് കെസ്റ്ററാണ്. രചനയും സംഗീതവും സണ്ണി സ്റ്റീഫൻ.
നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് തപസ്സിലെ അഞ്ചാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകൾ.