തിരയുക

ശരണം തേടുന്നവർ ....  ജപ്പാനിലെ മിയാഗി ബീച്ചിൽ സുനാമിയിൽ മരണമടഞ്ഞവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ശരണം തേടുന്നവർ .... ജപ്പാനിലെ മിയാഗി ബീച്ചിൽ സുനാമിയിൽ മരണമടഞ്ഞവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. 

ശരണം തേടുന്നവരിൽ തെളിയുന്ന ജീവൽപ്രകാശം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – സങ്കീർത്തനം 27- ന്‍റെ സംക്ഷിപ്ത പഠനം : ശബ്ദരേഖയോടെ...
ഒരു ശരണഗീതത്തിന്‍റെ പഠനം

ഒരുക്കിയത്  :  ഫാദർ വില്യം  നെല്ലിക്കൽ

1. ശരണഗീതത്തിന്‍റെ പഠനം
ഇന്ന് 27-ാം സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്ത പഠനമാണ്.

Recitation of the Antiphon of Ps. 27
കര്‍ത്താവ് പ്രകാശവും രക്ഷയുമാണ്!
ആകയാല്‍ സന്തോഷിക്കുവിന്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍…

ഇങ്ങനെ തുടങ്ങുന്ന ഈ കീര്‍ത്തനം ബൈബിള്‍ നിരൂപകന്മാരുടെ പട്ടികയില്‍ ഒരു ശരണഗീതമാണ്. ദൈവത്തില്‍ ആശ്രയിക്കുന്ന ഭാവഗീതങ്ങളാണ് ശരണസങ്കീര്‍ത്തനങ്ങള്‍. അവ രണ്ടു തരമുണ്ട്. സമൂഹത്തിന്‍റേയും വ്യക്തിയുടേയും ശരണഗീതങ്ങള്‍. സങ്കീര്‍ത്തകന്‍ ശരണം വയ്ക്കുന്നത് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് അല്ലെങ്കില്‍ വ്യക്തിഗതമായ പ്രശ്നങ്ങള്‍ക്കുവേണ്ടിയാണ്. അതിനാല്‍ ഉള്ളടക്കത്തിന് അനുസൃതമായി സങ്കീര്‍ത്തനം വ്യക്തിഗത ശരണഗീതമോ, സമൂഹത്തിന്‍റെ ശരണഗീതമോ ആകാവുന്നതാണ്. പദങ്ങളില്‍ സമൂഹത്തിനുവേണ്ടിയുള്ള സഹായങ്ങളാണു ഗായകന്‍ ഉരുവിടുന്നതെങ്കില്‍ അതൊരു സമൂഹത്തിന്‍റെ ശരണഗീതമാണ്. ജീവിതത്തിന്‍റെ സാമൂഹികപരിസരത്ത് മനുഷ്യന്‍ ദൈവത്തില്‍ അര്‍പ്പിക്കുന്ന അചഞ്ചലമായ ശരണമാണിത്. സമാധാനത്തിന്‍റേയും അനുഗ്രഹത്തിന്‍റേയും ഉറവിടവും സുരക്ഷിതത്വത്തിന്‍റെ ഉറച്ച കോട്ടയും അഭയകേന്ദ്രവുമായ ദൈവത്തില്‍ സന്തോഷപുരസ്സരം ശരണപ്പെടുവാന്‍ 27-ാം സങ്കീര്‍ത്തനം നമ്മെ ക്ഷണിക്കുന്നു.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചിരിക്കുന്നത്, ‍ഡാവിനയും സംഘവും.

Musical Version of Ps. 27
സന്തോഷിക്കുവിന്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍
ഇസ്രായേലിന്‍ നാഥന്‍ എഴുന്നള്ളുന്നു
എഴുന്നള്ളുന്നു, എഴുന്നള്ളുന്നു
നാഥന്‍ മഹത്വത്തോടെഴുന്നള്ളുന്നൂ.

a) ദൈവമഹത്വമാണെന്നും എന്‍റെ രക്ഷ
ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു
ഒരുനാളും ഞാന്‍ ഭയപ്പെടുകയില്ല
എന്തെന്നാല്‍ എന്‍റെ ബലവും ഗാനവും കര്‍ത്താവാണ്.

b) കര്‍ത്താവുതന്നെയാണെന്നും ജീവരക്ഷ
രക്ഷയുടെ സ്രോതസ്സില്‍നിന്നും ഞാന്‍ ജലം ശേഖരിക്കും
കര്‍ത്താവിനെന്നും ഞാന്‍ നന്ദിയര്‍പ്പിക്കും
അവിടുത്തെ നാമെന്നും നിങ്ങള്‍‍ വിളിച്ചപേക്ഷിക്കുവിന്‍.

2. വ്യക്തിഗത ശരണ സങ്കീർത്തനം
നാം പഠനവിഷയമാക്കിയിരിക്കുന്ന 27-ാം സങ്കീര്‍ത്തനം വ്യക്തിയുടെ ശരണഗീതമാണ്. ഒരു മനുഷ്യന്‍ ദൈവത്തില്‍ ശരണപ്പെട്ടു പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവിന്‍റെ സംരക്ഷണയില്‍ അയാള്‍ സംതൃപ്തിയടയുന്നു, ദൈവിക ശരണത്തില്‍ അയാള്‍ സന്തോഷിക്കുന്നു... ഇതാണ് വ്യക്തിഗത ശരണ സങ്കീര്‍ത്തനത്തിന്‍റെ അടിസ്ഥാന ഭാവവും, സ്വഭാവവും, സന്ദേശവും.

27-ാം സങ്കീര്‍ത്തനം ഒരു വ്യക്തിഗത ശരണഗീതമാണെന്ന് ആദ്യ വരികള്‍തന്നെ വ്യക്തമാക്കുന്നു. കര്‍ത്താവിന്‍റെ ആഗമനത്തിലും അവിടുത്തെ സന്നിദ്ധ്യത്തിൽ ശരണപ്പെടുന്നതിലുള്ള സന്തോഷപ്രകടനമാണ് പ്രഭണിതം പറയുന്നതെങ്കിലും, തുടര്‍ന്നുള്ള വരികള്‍ സന്തോഷത്തിനുള്ള കാരണം വിശദമാക്കുന്നുണ്ട്. സങ്കീര്‍ത്തനത്തിന്‍റെ ശരണഭാവം നമുക്ക് വെളിപ്പെട്ടുകിട്ടുന്നത് പ്രഭണതിത്തെക്കാളുപരി, വരികളിലാണ്. ദൈവത്തിലുള്ള ശരണം, പ്രത്യാശ പ്രതിഫലിപ്പിക്കുന്ന സന്തോഷവും സംതൃപ്തിയും ഗീതത്തിന്‍റെ പ്രത്യേകത തന്നെ!

3. ദാവീദു രാജാവിന്‍റെ കാലത്തോളം
ദാവീദു രാജാവാണ് സങ്കീര്‍ത്തനത്തിന്‍റെ മൂലകൃതിയുടെ രചയിതാവെന്ന് പണ്ഡിതന്മാര്‍ പറയുമ്പോഴും, പഴയനിയമത്തില്‍ ഏശയായുടെ ഗ്രന്ഥത്തിലെ വരികളുമായി ഈ സങ്കീര്‍ത്തന പദങ്ങള്‍ക്കുള്ള സമാനത സമ്മതിക്കേണ്ടിയിരിക്കുന്നു, തന്‍റെ പ്രകാശവും രക്ഷയുമായ കര്‍ത്താവിന്‍റെ ആഗമനത്തിലുള്ള സന്തോഷം ഏശയാ പ്രവാചകന്‍ 12-ാമദ്ധ്യാത്തില്‍ 2-മുതല്‍ 6-വരെയുള്ള വരികളില്‍ വെളിപ്പെടുത്തുന്നത്, വരച്ചുകാട്ടുന്നത്. ദാവീദുരാജാവിന്‍റെ വ്യക്തിഗത ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വരികളായതിനാലാണ് പണ്ഡിതന്മാര്‍ ഈ സങ്കീര്‍ത്തനത്തെ ദാവീദു രാജാവിന്‍റെ ശരണഗീതമെന്ന് വളരെ ശക്തമായി സ്ഥാപിക്കുന്നത്. ക്രിസ്തുവിന് 1000 വര്‍ഷങ്ങള്‍ക്കു മുന്‍പു, 960-ല്‍ ദാവീദുരാജാവ് മരിക്കുന്നതിനു മുന്‍പു രചിച്ചതാണ് ഈ സങ്കീര്‍ത്തനമെന്നും നിരൂപകന്മാര്‍ സ്ഥാപിക്കുന്നു.

എന്നാല്‍ പില്‍ക്കാലത്ത് ജരൂസലേം ദേവാലയം പുതിക്കിപ്പണിതപ്പോള്‍, അതായത് രണ്ടാമത്തെ ദേവാലയത്തിലേയ്ക്ക് ഇസ്രായേല്‍ ആരാധനയ്ക്കായി പ്രവേശിക്കുമ്പോള്‍ നവീകരിച്ച രണ്ടാമത്തെ സങ്കീര്‍ത്തന സമാഹാരത്തില്‍ 27-ാം സങ്കീര്‍ത്തനം കൂട്ടിച്ചേര്‍ക്കപ്പെട്ടുവത്രേ! ക്രിസ്തുവിനു മുന്‍പ് 520-നും 560-നും ഇടയ്ക്കാണ് ജരൂസലേം ദേവാലയത്തിന്‍റെ രണ്ടാംഘട്ടം പണിതീര്‍ത്തത്. അങ്ങനെ ഇസ്രായേലിന്‍റെ ആരാധനക്രമ ജീവിതത്തിന്‍റെ രണ്ടാംഘട്ടത്തിലെ സങ്കീര്‍ത്തന സമാഹാരത്തില്‍ ഉള്‍പ്പെട്ട 27-ാം സങ്കീര്‍ത്തനമാണ് പിന്നീട് revised standard version പോലുള്ള ആധുനിക പരിഭാഷകള്‍ക്ക് അടിസ്ഥാനമായിട്ടുള്ളത്. തീര്‍ച്ചായായും പി.ഒ.സി. ബൈബിള്‍ എന്ന അപരനാമത്തില്‍ മലയാളികള്‍ക്ക് സുപരിചിതമായ പരിഭാഷയും, ഇതര ക്രൈസ്തവസഭകളുടെ മലയാള വിവര്‍ത്തനങ്ങളും ഈ മൂലകൃതിയില്‍നിന്നും പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ളതാണെന്ന് പറയേണ്ടതില്ലല്ലോ.

4. ജീവിക്കുന്ന തിരുവചനം
സത്യത്തില്‍ വചനം ജീവിക്കുന്നു എന്നെല്ലാം നാം ആത്മീയതലത്തില്‍ പരാമര്‍ശിക്കുമ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ തലമുറകളുടെ ഇങ്ങനെയുള്ള ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പഠനത്തിലൂടെയും ഉപയോഗത്തിലൂടെയും നിരന്തരമായി സംഭവിച്ചിട്ടുള്ള കൂട്ടിക്കുറക്കലുകളിലൂടെയാണ് വേദഗ്രന്ഥം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. ദാവീദില്‍നിന്നും, എസ്രായുടെ കാലത്തേയ്ക്കും പിന്നീട് ക്രിസ്തുവിലേയ്ക്കും... അതായത് പഴയതില്‍നിന്നും പുതിയ നിയമത്തിലേയ്ക്കും കടന്നുവരുന്നത് മൂലത്തിലുള്ള സാഹിത്യപരമായ പരിവര്‍ത്തനങ്ങളിലൂടെയാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാവുന്നതല്ല.

Musical Version of Ps. 27
ദൈവമഹത്വമാണെന്നും എന്‍റെ രക്ഷ
ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു
ഒരുനാളും ഞാന്‍ ഭയപ്പെടുകയില്ല
എന്തെന്നാല്‍ എന്‍റെ ബലവും ഗാനവും കര്‍ത്താവാണ്.

5. പ്രകാശവും രക്ഷയുമായ ദൈവം
‘കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയുമാണ്...’ എന്നതാണല്ലോ
സങ്കീര്‍ത്തിന്‍റെ മൂലരചനയിലെ ആദ്യവരി. പ്രകാശവും രക്ഷയും.... Light & Salvation എന്ന ഗീതത്തിലെ പ്രയോഗത്തെക്കുറിച്ച് നിരൂപകന്മാര്‍ പറയുന്നത്, അതുള്‍ക്കൊള്ളുന്ന ആശയത്തിനുപുറമേ, സാരൂപ്യമുള്ള അല്ലെങ്കില്‍ സാഹചര്യത്തിനിണങ്ങുന്ന രണ്ടു വാക്കുകളെ കൂട്ടിയിണക്കുന്ന സാഹിത്യപരമായ ആലങ്കാരിക പ്രയോഗമാണതെന്നാണ്. ഹെബ്രായമൂലത്തിന്‍ ഇങ്ങനെ ഒന്ന് മറ്റൊന്നിനെ പിന്‍തുണയക്കുവാന്‍ പോരുന്ന നാമങ്ങള്‍ കൂട്ടിയിണക്കിക്കൊണ്ട് സാഹിത്യ സംയോജനത്തിന്‍റെ ശൈലിയാണിവിടെ പ്രയോഗിച്ചിരിക്കുന്നത്. ഭാഷാപരമായി പറയുമ്പോള്‍, രചയിതാവ് കവിസ്വാതന്ത്ര്യം എടുത്തുകൊണ്ട് സന്ദേശത്തിന് ആക്കം കൊടുക്കുന്ന വിധമാണിതെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

സ്രഷ്ടാവ് ദൈവമാകയാല്‍ പിന്നെ മറ്റൊന്നിനെക്കുറിച്ചും ഭീതിവേണ്ടെന്നുള്ള ബോധ്യത്തിലും ധൈര്യത്തിലുമാണ് സങ്കീര്‍ത്തകന്‍ പ്രകാശവും രക്ഷയും – ഭൗതികതലത്തിലുള്ള പ്രകാശവും, ആത്മീയ വിശ്വാസമായ രക്ഷയും എന്ന രണ്ടു വക്കുകൾ പ്രയോഗിച്ചിരിക്കുന്നത്. ഈ രണ്ടുവാക്കുകള്‍ കൂട്ടിയിണക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നത്, കവി സ്വാതന്ത്ര്യമാണെന്നു വ്യാഖ്യാനിക്കാം.

‘കര്‍ത്താവു തന്നെയാണ് തന്‍റെ ജീവരക്ഷ,
രക്ഷയുടെ സ്രോതസ്സില്‍നിന്നു ജലം ശേഖരിച്ച്,
ശക്തിയാര്‍ജ്ജിച്ച്, കര്‍ത്താവില്‍ ശരണപ്പെട്ടു താന്‍ ജീവിക്കും,
അവിടുത്തെ വിളിച്ചപേക്ഷിച്ചു ജീവിക്കും’

6. ദൈവിക വെളിച്ചത്തിൽനിന്നും
വിരിയുന്ന രക്ഷ

പ്രത്യാശയുടെ വരികളാണ് തുടര്‍ന്നു നാം ഗീതത്തില്‍ ശ്രവിക്കുന്നത്. പദപ്രയോഗത്തില്‍ തെളിഞ്ഞുനില്ക്കുന്ന രക്ഷയും പ്രകാശവും.... പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നു മാത്രമല്ല, അവ പരസ്പര പൂരകങ്ങളുമാണ്. രക്ഷ നല്കുന്ന ഘടകം പ്രകാശമാണ്. എന്നാല്‍ രക്ഷ ഉതിര്‍ക്കൊള്ളുന്നത് പ്രകാശത്തില്‍നിന്നുമാണ്. കാരണം സങ്കീര്‍ത്തകനെ സംബന്ധിച്ച് ‘പ്രകാശം’ ദൈവം തന്നെയാണ്. വീണ്ടും നമ്മുടെ ചിന്തകള്‍ പഴയനിയമത്തിലെ ഉല്പത്തിപ്പുസ്തത്തിന്‍റെ ആദ്യ അദ്ധ്യായത്തിലേയ്ക്കാണ് തിരിയുന്നത്. എല്ലാം രൂപരഹിതവും ശൂന്യവും അന്ധകാര വ്യാപൃതവുമായ ആദിമാവസ്ഥയിലേയ്ക്ക് ഇതാ... ദൈവം പ്രകാശമായെത്തുന്നു... അവിടുന്നു കിനിഞ്ഞിറങ്ങി, പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു.... ഇന്നും പ്രകാശിപ്പിക്കുന്നു....!! “ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനു മിതെ ചലിച്ചികൊണ്ടിരുന്നു. എന്നിട്ട് ദൈവം കല്പിച്ചു... പ്രകാശം ഉണ്ടാകട്ടെ! അപ്പോള്‍ പ്രകാശമുണ്ടായി” (ഉല്പത്തി 1, 1-3)..
ദൈവിക സൃഷ്ടികര്‍മ്മത്തിന്‍റെ പ്രഥമരൂപവും അവിടുത്തെ സാന്നിദ്ധ്യചൈതന്യത്തിന്‍റെ പ്രതീകവുമാണ്... പ്രകാശമെന്ന് നമുക്കു മനസ്സിലാക്കാം.

വത്തിക്കാന്‍ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര - ശരണ സങ്കീർത്തനം 27-ന്‍റെ പഠനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2021, 14:47