തിരയുക

ഇറാഖ് പര്യടനം - മൊസൂളിൽ - നേരിട്ടറിഞ്ഞ കദനകഥകൾ ഇറാഖ് പര്യടനം - മൊസൂളിൽ - നേരിട്ടറിഞ്ഞ കദനകഥകൾ 

കണ്ടെത്തേണ്ട സത്യസന്ധമായ സംവേദന രീതികൾ

ലോക മാധ്യമദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തെ ആധാരമാക്കിയുള്ള ചിന്താമലരുകൾ ആദ്യഭാഗം : ശബ്ദരേഖയോടെ...

ഒരുക്കിയത്  :  ജോളി അഗസ്റ്റിനും  ഫാദർ വില്യം നെല്ലിക്കലും

2021 മാധ്യമദിന സന്ദേശം - ഭാഗം ഒന്ന്


സുവിശേഷകൻ വിശുദ്ധ യോഹന്നാൻ ഉദ്ധരിക്കുന്ന ''വരുവിന്‍, കാണുവിന്‍'' എന്ന ഈശോയുടെ വാക്കുകളെ ആധാരമാക്കിയാണ് പാപ്പാ ഫ്രാൻസിസ് ഈ വർഷത്തെ ലോക മാധ്യമദിന സന്ദേശം വികസിപ്പിച്ചിരിക്കുന്നത്. (സുവിശേഷം യോഹന്നാൻ 1, 35-51).  ജനങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ അവരുമായി കണ്ടുമുട്ടി സംവദിക്കുക, എന്നും പാപ്പാ സന്ദേശത്തെ ഉപശീർഷകം ചെയ്തിട്ടുണ്ട്.

1. യേശു ആദ്യശിഷ്യന്മാർക്കു നല്കിയ ക്ഷണം :
''വരുവിന്‍, കാണുവിന്‍''

ശിഷ്യന്മാരുമായുള്ള യേശുവിന്‍റെ ഹൃദയസ്പര്‍ശിയായ ആദ്യ കണ്ടുമുട്ടലുകളുടെ ഭാഗമായ ''വരുവിന്‍, കാണുവിന്‍'' എന്ന യേശുവിന്‍റെ ക്ഷണം എപ്രകാരം ഈ വർഷത്തെ സന്ദേശത്തിനു പശ്ചാത്തലമാകുന്നവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിക്കുന്നത്. ആത്മാര്‍ത്ഥമായ മാനവിക സംവാദത്തിന്‍റെ രീതികൂടിയാണിത്. ചരിത്രമായി മാറിയ ജീവന്‍റെ സത്യം പറയുന്നതിനായി, ചില കാര്യങ്ങള്‍ നമുക്ക് ''പണ്ടേ അറിയാം'' എന്ന അലസ മനോഭാവത്തിന് അപ്പുറം പോകേണ്ടതിന്‍റെ ആവശ്യകതയാണ്, വന്നു കാണുക. എന്ന യേശുവിന്‍റെ ക്ഷണം സൂചിപ്പിക്കുന്നതെന്ന് പാപ്പാ വിശദീകിരച്ചു. നമുക്ക് അറിയാം... എന്ന മനോഭാവത്തിനു പകരമായി, അത് നേരില്‍ പോയി കാണേണ്ടത് ആവശ്യമാണ്, ആളുകളോടൊപ്പം സമയം ചെലവിടേണ്ടതും, അവരുടെ കഥകള്‍ കേള്‍ക്കേണ്ടതും, മനസ്സിലാക്കേണ്ടതും ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പലരീതിയിലും എല്ലായ്‌പ്പോഴും നമ്മെ അതിശയിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തെ നേരിടേണ്ടതും, നേരിൽ കണ്ടറിയേണ്ടതും അതുപോലെ പ്രധാനമാണ്.

2. സുവിശേഷം  ജീവിതാനുഭവമാക്കി മാറ്റാം
''കാണുന്നതിനുനേരെ വിസ്മയത്തോടെ നമ്മൾ കണ്ണുകള്‍ തുറക്കണം. കാര്യങ്ങളുടെ പുതുമയും ഊര്‍ജ്ജവും നാം തൊട്ടറിയണം.” അങ്ങനെ എഴുതപ്പെട്ടത് മറ്റുള്ളവര്‍ വായിക്കുമ്പോഴാണ് ജീവിതത്തിന്‍റെ ഊര്‍ജ്ജദായകമായ അത്ഭുതം വായനക്കാരെ സ്പര്‍ശിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. സത്യസന്ധവും സുവ്യക്തവുമാക്കാന്‍ ശ്രമിക്കുന്ന മാധ്യമ സന്ദേശങ്ങള്‍ക്ക് ഒരു പ്രചോദനമാകാന്‍ ''വരുവിന്‍, കാണുവിന്‍'' എന്ന സുവിശേഷത്തിലെ ക്ഷണം ഈ വര്‍ഷം ലോകത്തിനു നല്കാൻ താൻ ആഗ്രഹിക്കുന്നതായി പാപ്പാ ആമുഖമായി പ്രസ്താവിച്ചു.
മാധ്യമ രംഗത്തും ഇന്റര്‍നെറ്റിലും സഭയുടെ ദൈനംദിന ഉദ്‌ബോധനങ്ങളിലും, രാഷ്ട്രീയ-സാമൂഹിക ആശയവിനിമയങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കാൻ താൻ ആശിക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു. ''വരുവിന്‍, കാണുവിന്‍, യോര്‍ദാന്‍ നദിക്കരയിലും ഗലീലിയാ കടലോരത്തും നടന്ന ആദ്യ കണ്ടുമുട്ടലുകളുടെ കാലം മുതല്‍ക്കേ, ക്രൈസ്തവ വിശ്വാസം എക്കാലത്തും ആവശയവിനിമയത്തിന് സ്വീകരിച്ച രീതി ഇതാണ്. സുവിശേഷം ഒരു ജീവിതാനുഭവമാക്കി മാറ്റുക. നേരിട്ട് കണ്ടു മനസ്സിലാക്കുക, അത് ജീവിതാനുഭവമാക്കുക. (2010-ല്‍ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട സ്പാനിഷ് പത്രപ്രവര്‍ത്തകന്‍, ഹൊസ്സെ മരിയ എസ്ക്രീവ, 1902-1975).

3. ''തെരുവിലേക്കിറങ്ങുക''
വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിലെ വലിയ പ്രശ്‌നത്തിലേക്കാണ് പാപ്പാ നമ്മെ ആദ്യം നയിക്കുന്നത്. പത്രമാധ്യങ്ങളിലേയും ടെലിവിഷനിലേയും റേഡിയോയിലേയും വെബ്‌വാര്‍ത്താ പംക്തികളിലേയും അന്വേഷണാത്മകമായ വാര്‍ത്താ അവതരണങ്ങള്‍ക്ക് പകരമായി സ്ഥിരസ്വഭാവമുള്ള വക്രീകരിക്കപ്പെട്ട വാര്‍ത്താവിവരണങ്ങള്‍ വരുന്നതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള വിദഗ്ധര്‍ വളരെ നാളുകളായി അപകടമുന്നറിയിപ്പും ഉല്‍ക്കണ്ഠയും പ്രകടിപ്പിച്ചിട്ടുള്ളത് പാപ്പാ അനുസ്മരിപ്പിക്കുന്നു. താഴെത്തട്ടിൽ നടക്കുന്ന ക്രിയാത്മക പ്രസ്ഥാനങ്ങളെയോ ഗൗരവവഹമായ സാമൂഹ്യ പ്രതിഭാസങ്ങളെയോ, ജനജീവിതത്തിന്‍റേയും കാര്യങ്ങളുടേയും സത്യാവസ്ഥയോ ഗ്രഹിക്കുവാന്‍ പ്രാപ്തികുറഞ്ഞതാണ് ഈ സമീപനമെന്ന് പാപ്പാ സൂചിപ്പിക്കുന്നു. പ്രത്യേക സാഹചര്യങ്ങള്‍ നേരില്‍ പരിശോധിക്കുവാനോ, ആളുകളെ മുഖാമുഖം കണ്ട് വിവരങ്ങള്‍ അന്വേഷിക്കുവാനോ തെരുവിലേയ്ക്കിറങ്ങാതെ സ്വന്തം കമ്പ്യൂട്ടറിനു മുന്നിലോ സ്ഥാപനത്തിനകത്തോ ഇരുന്ന് വാര്‍ത്തകള്‍ ചമഞ്ഞെടുക്കുന്ന അവസ്ഥയിലേക്കാണ് പ്രസിദ്ധീകരണ വ്യവസായം ഇന്നു നീങ്ങുന്നതെന്നും പാപ്പാ പറഞ്ഞു. വ്യാപകവും തല്‍ക്ഷണം പ്രാപ്യവുമായ യാഥാര്‍ത്ഥ്യത്തിലേക്ക് ഊളിയിടുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ എത്രയുണ്ടായാലും, നേരിട്ടുള്ള കണ്ടുമുട്ടല്‍ അനുഭവങ്ങളിലേക്ക് സ്വയം തുറന്നില്ലെങ്കില്‍ നാം വെറും കാഴ്ചക്കാര്‍ മാത്രമായി ചുരുങ്ങുമെന്ന് പാപ്പാ താക്കീതുനല്കുന്നു. പുറത്തേക്കിറങ്ങി കാര്യങ്ങള്‍ നേരില്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഏതൊരു ആധുനിക ഉപകരണവും പ്രയോജനകരവും വിലപ്പെട്ടതും ആകുന്നുള്ളൂവെന്നും പാപ്പാ ഓർപ്പിക്കുന്നു. അതല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നാം അറിയാനിടയില്ലാത്ത കാര്യം മറ്റൊരിടത്തും ലഭ്യമല്ലാത്തതായി ഇന്റര്‍നെറ്റില്‍ വാര്‍ത്തയായി കൊടുക്കുമ്പോള്‍ ഒരിക്കലും നടക്കാനിടയില്ലാത്ത നേരിട്ടുള്ള കണ്ടുമുട്ടലിന്‍റെ സത്യമാണ് ബലികഴിക്കപ്പെടുന്നതെന്ന് പാപ്പാ വ്യാകുലപ്പെടുന്നു.

4. വാര്‍ത്താ കഥനങ്ങളാകുന്ന സുവിശേഷ വചനങ്ങള്‍
യോര്‍ദാന്‍ നദിയിലെ ജ്ഞാനസ്‌നാനത്തെ തുടര്‍ന്ന് യേശുവിനെക്കുറിച്ച് കൗതുകംപൂണ്ട ശിഷ്യരോടു യേശു പറഞ്ഞ ആദ്യവാക്കുകളായിരുന്നു ''വരുവിന്‍, കാണുവിന്‍'' (യോഹ 1:39). താനുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ അവിടുന്ന് തന്‍റെ ശിഷ്യന്‍മാരെ ക്ഷണിക്കുകയാണ്. ക്രിസ്തു പറഞ്ഞതിന്... എകദേശം അര നൂറ്റാണ്ടിനുശേഷമാണ് വൃദ്ധനായ യോഹന്നാന്‍ സുവിശേഷം എഴുതുന്നത്. താന്‍ വ്യക്തിപരമായി സാക്ഷ്യംവഹിച്ച സംഭവബഹുലമായ സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഇതില്‍ വിവരിക്കുകയും അവ തന്‍റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

''അപ്പോള്‍ പത്താം നാഴികയോട് അടുക്കുകയായിരുന്നു''വെന്ന് യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ഉച്ചകഴിഞ്ഞ് 4 മണിയായിക്കാണും. പിറ്റേദിവസം അദ്ദേഹം നമ്മോട് പറയുകയാണ് ഫിലിപ്പോസും നഥാനിയേലുമൊത്ത് രക്ഷകനായ യേശുവുമായുള്ള കണ്ടുമുട്ടലിന്‍റെ ആരംഭവും അതിന്‍റെ വിശദാംശങ്ങളുമാണ് സുവിശേഷത്തിൽ താൻ രേഖപ്പെടുത്തിയിരിക്കുന്നതെന്ന്.  സംശയാലുവായ അദ്ദേഹത്തിന്‍റെ സുഹൃത്ത് നഥാനിയേലാണ് ചോദിച്ചത്, ''നസ്രത്തില്‍നിന്ന് നല്ലതെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ...?'' നല്ല കാരണങ്ങള്‍ നിരത്തി അയാളെ പാട്ടിലാക്കാനൊന്നും പരിശ്രമിക്കാതെ, ഫിലിപ്പ് നേരെ കാര്യം പറയുന്നു: ''വരുവിന്‍, വന്നു കാണുവിന്‍''.

5. വ്യക്തിത്വത്തെ  മാറ്റിമറിച്ച നേർക്കാഴ്ച
നഥാനിയേൽ അവിടുത്തെപ്പക്കൽ പോവുകയും കാണുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ജീവിതം മാറിമറിഞ്ഞു. അങ്ങനെയാണ് ക്രൈസ്തവ വിശ്വാസം ആരംഭിക്കുന്നതും, അത് സംവേദിക്കപ്പെടുന്നതും. അതിനാൽ യേശുവിന്‍റെ ദൈവരാജ്യസാന്നിദ്ധ്യവും പ്രഘോഷണവും അനുഭവത്തില്‍നിന്ന് ഉടലെടുത്ത നേരിട്ടുള്ള അറിവായാണ്, അല്ലാതെ കേട്ടുകേള്‍വിയായല്ല സുവിശേഷംതന്നെ രേഖപ്പെടുത്തുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ''നീ പറഞ്ഞതു കൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നത് ഞങ്ങള്‍തന്നെ നേരില്‍ കേട്ടതിനാലാണ്.'' അവരുടെ ഗ്രാമത്തില്‍ യേശു തങ്ങിയതിനുശേഷം പട്ടണത്തിലെ ജനങ്ങൾ സമരിയാക്കാരിയായ സ്ത്രീയോടു യേശുവിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ച് പറഞ്ഞത്, പാപ്പാ അനുസ്മരിപ്പിച്ചു. (യോഹ 4:39-42). ഒരു സാഹചര്യത്തെ അറിയുന്നതിനുള്ള ഏറ്റവും ലളിതമായ രീതിയാണ് ''വരുവിന്‍, കാണുവിന്‍.'' ഓരോ സന്ദേശത്തിന്‍റെയും ഏറ്റവും സത്യസന്ധമായ പരിശോധനയാണത്. കാരണം അറിയുന്നതിനായി നാം നേരില്‍ കണ്ടുമുട്ടേണ്ടതുണ്ട്,  അയാളുടെ സാക്ഷ്യം എന്‍റെ മുന്നിലേക്കെത്താന്‍ ആ വ്യക്തിയെ നേരിട്ടു സംസാരിക്കാന്‍ അനുവദിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ സന്ദേശത്തിൽ സ്ഥാപിക്കുന്നു.

6. നിരവധി മാധ്യമപ്രവര്‍ത്തകരുടെ
ധീരതയ്ക്ക് നന്ദി

മറ്റാരും പോകുവാൻ ചിന്തിക്കാത്തിടത്തേക്ക് കടന്നുചെല്ലുവാനുള്ള കഴിവ് ആവശ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തനം യാഥാര്‍ത്ഥ്യത്തിന്‍റെ സംഭവവിവരണം കൂടിയാണ്. കാണാനായി ആഗ്രഹിക്കുകയും അതിനായി പുറപ്പെടാന്‍ തയ്യാറാവുകയും ചെയ്യുക എന്നതാണത്. ആകാംക്ഷയും അഭിനിവേശവും ഹൃദയവിശാലതയും അതിനുവേണം. പലപ്പോഴും തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകരോടും ഛായാഗ്രാഹകരോടും സംവിധായകരോടും കൃതജ്ഞതയുടെ ഒരു വാക്കിന് നാം കടപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർപ്പിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡിതരായ ന്യൂനപക്ഷം അനുഭവിക്കുന്ന ക്ലേശങ്ങളും, പാവങ്ങളുടെ മേലുള്ള അടിച്ചമര്‍ത്തലുകളും അനീതിയും, പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റവും എല്ലാം അവരുടെ ശ്രമങ്ങളിലൂടെയാണ് നാം അറിയാനിടവരുന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. അത്തരം ശബ്ദങ്ങള്‍ മാഞ്ഞു പോവുകയാണെങ്കില്‍ അത് വാര്‍ത്താരംഗത്ത് മാത്രമല്ല, സമൂഹത്തിനും ജനാധിപത്യത്തിന് ഒട്ടാകെയും ഒരു നഷ്ടമായിരിക്കുമെന്നും, അതുവഴി നമ്മുടെ മാനവകുടുംബമാകെ ദരിദ്രമായിത്തീരുമെന്നും പാപ്പാ വ്യാകുലപ്പെടുന്നു.

7. സത്യത്തിനായി കണ്ണുതുറക്കാം
നമ്മുടെ ലോകത്തിലെ നിരവധി സാഹചര്യങ്ങള്‍ പ്രത്യേകിച്ചും മഹാമാരിയുടെ ഈ സമയത്ത് ''വരുവിന്‍, കാണുവിന്‍'' എന്ന് മാധ്യമലോകത്തെ ക്ഷണിക്കുന്നുണ്ട്. ''രണ്ടുതരം കണക്കുപുസ്തകങ്ങള്‍ സൂക്ഷിക്കുന്ന'' സമ്പന്ന രാഷ്ട്രങ്ങളുടെ കണ്ണാടിയിലൂടെ നോക്കുകയാണെങ്കില്‍ മാത്രം മഹാമാരിയുള്‍പ്പെടെ ഓരോ പ്രതിസന്ധിയും ലോകത്തിനു മുന്നിലെത്തിക്കുന്നതിന്‍റെ അപകടം നാം ഏറ്റെടുക്കേണ്ടിവരുമെന്ന് പാപ്പാ താക്കീതു നല്കുന്നു.

ഉദാഹരണത്തിന്, പാവപ്പെട്ട ജനതകളെ ഒഴിവാക്കിക്കൊണ്ടുള്ള പൊതുവായ ആരോഗ്യ രക്ഷാശ്രമങ്ങളും ‘വാക്‌സിന്‍’ വിതരണവും അപായകരമാണ്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ദരിദ്രഗ്രാമങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുവാനുള്ള നീണ്ട കാത്തിരിപ്പിനെക്കുറിച്ച് ആര് നമ്മെ അറിയിക്കുമെന്ന് പാപ്പാ ചോദിക്കുന്നുണ്ട്. സാര്‍വ്വത്രികമായ ആരോഗ്യരക്ഷാ തത്വത്തില്‍ അംഗീകരിക്കപ്പെട്ടതാണെങ്കിലും, ഫലത്തില്‍ അയഥാര്‍ത്ഥ്യമാണെന്നതിനാല്‍, കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിന്‍റെ വിതരണക്രമം വരുമ്പോള്‍ പാവങ്ങള്‍ പിന്‍നിരയില്‍ത്തന്നെ നില്‍ക്കേണ്ടിവരും. ആഗോളതലത്തിലെ സാമ്പത്തിക-സാമൂഹിക അസമത്വത്തിന്‍റെ പ്രശ്‌നമാണിത്. എന്നിട്ടും പ്രായേണ സൗഭാഗ്യവാന്മാരുടെ ലോകത്തുപോലും ദാരിദ്ര്യത്തിലേക്ക് വഴുതിവീണു കൊണ്ടിരിക്കുന്ന കുടുംബങ്ങളുടെ സാമൂഹ്യദൂരന്തം മൂടിവെയ്ക്കപ്പെടുകയാണ്. അവശ്യസാധനങ്ങളുടെ ഒരു പൊതി സ്വീകരിക്കാന്‍ സേവനസംഘടനകളുടെ വാതില്‍ക്കല്‍ ക്ഷമാപൂര്‍വ്വം വരിനില്‍ക്കാന്‍ ആളുകള്‍ക്ക് ഇപ്പോള്‍ മടിയില്ല എന്നത് വാര്‍ത്തയേ അല്ലാതായിട്ടുണ്ടെന്ന സത്യവും പാപ്പാ ചൂണ്ടിക്കാട്ടി

8. കൺമുൻപിലെ വാസ്തവവും ജീവിതസാക്ഷ്യവും
''നമ്മുടെ കൈകളില്‍ പുസ്തകങ്ങളുണ്ട്; എന്നാല്‍ നമ്മുടെ കണ്‍മുന്നിലുള്ളതാണ് വാസ്തവം'' തിരുവചനങ്ങളില്‍ കാണപ്പെടുന്ന പ്രവചനങ്ങളുടെ നിറവേറലിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞ വാക്കുകൾ പാപ്പാ ഉദ്ധരിച്ചു. ആയതിനാല്‍, നമ്മുടെ കാലയളവിലും വചനം സജീവമാവുകയാണ്, യേശുവുമായുള്ള കണ്ടുമുട്ടലിലൂടെ തങ്ങളുടെ ജീവിതം മാറ്റിയെടുത്ത ആളുകളുടെ അനുകരണീയമായ സാക്ഷ്യം നാം എപ്പോഴെല്ലാം സ്വീകരിക്കുന്നുവോ, അപ്പോഴെല്ലാം വചനം സത്യവും ജീവനും ആയിത്തീരുന്നുവെന്നു പാപ്പാ സ്ഥാപിക്കുന്നു. രണ്ടു സഹസ്രാബ്ദങ്ങളായി ക്രൈസ്തവ ജീവിതത്തിന്‍റെ ആകര്‍ഷണം അത്തരം കണ്ടുമുട്ടലിന്‍റെ പരമ്പരകളിലൂടെ സംവദിക്കപ്പെടുന്നുണ്ട്. അപ്പോള്‍ നമുക്ക് മുന്നിലുള്ള വെല്ലുവിളി, എവിടെ ആയിരിക്കുന്നുവോ അവര്‍ എന്തായിരിക്കുന്നോ അതേനിലയില്‍ ആളുകളെ കണ്ടുമുട്ടുക എന്നുള്ളതാണ് സത്യസന്ധമായ സംവേദനം, അല്ലെങ്കിൽ ആശയവിനിമയ രീതിയെന്ന് പാപ്പാ സമർത്ഥിച്ചു.

9. പ്രാർത്ഥന
ദൈവമേ, ഞങ്ങളുടെ പരിധികള്‍ക്കപ്പുറം ചരിക്കാന്‍ പഠിപ്പിക്കണമേ, സത്യത്തെ അന്വേഷിച്ചു പുറപ്പെടാന്‍ പ്രാപ്തരാക്കണമേ. പുറത്തിറങ്ങി കാണുവാന്‍ ഞങ്ങൾക്കു മനസ്സുതരണമേ, അപരനെ ശ്രവിക്കുവാന്‍ ഞങ്ങളെ തുറവുള്ളവരാക്കണമേ. മുന്‍വിധികളെ നിരാകരിക്കുവാന്‍ പഠിപ്പിക്കണമേ. ധൃതിപിടിച്ച് നിഗമനങ്ങളില്‍ എത്താതിരിക്കുവാനും സഹായിക്കണമേ. ആരും പോകാത്തിടത്ത് പോകാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, മനസ്സിലാക്കാന്‍ ആവശ്യമായ സമയമെടുക്കുവാനും, അടിയന്തിരമായതിന് ശ്രദ്ധ കൊടുക്കുവാനും, ഉപരിപ്ലവമായതില്‍ ശ്രദ്ധ പതറാതിരിക്കുവാനും, കപടമായ കാഴ്ചകളില്‍നിന്ന് സത്യത്തെ വേർതിരിച്ചറിയുവാനുള്ളമുള്ള വിവേചനംതരണമേ.  ഞങ്ങളുടെ ലോകത്തിലെ അങ്ങയുടെ വാസസ്ഥലങ്ങള്‍ തിരിച്ചറിയുവാന്‍ ഞങ്ങള്‍ക്ക് കൃപയരുളണമേ. ഞങ്ങള്‍ കണ്ടത് മറ്റുള്ളവരോട് പറയാന്‍ ആവശ്യമായ സത്യസന്ധത നല്‍കണമേ.

പരിപാടിയിലെ സംഗീത ശകലങ്ങൾ സ്റ്റീഫൻ ദേവസ്സിയുടേതാണ്. ഗാനമാലപിച്ചത്.  രാധിക തിലക്. രചന എബ്രഹാം പാറ്റാനി, സംഗീതം സണ്ണി വെമ്പിള്ളി.

2021-ലെ ലോക മാധ്യമ ദിനത്തിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തെ ആധാരമാക്കിയുള്ള ചിന്താമലരുകൾ - ആദ്യഭാഗം .

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2021, 13:29