ഉക്രൈനിൻറെ പ്രധാനമന്ത്രി വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കിഴക്കെ യൂറോപ്യൻ നാടായ ഉക്രയിനിൽ സംജാതമായിരിക്കുന്ന ആരോഗ്യ പ്രതിസന്ധിയെയും അന്നാടിൻറെ കിഴക്കൻ പ്രദേശത്തെ നാടകീയ അവസ്ഥയെയും കുറിച്ചു മാർപ്പാപ്പായും ഉക്രയിൻ പ്രധാനമന്ത്രിയും ചർച്ച ചെയ്തു.
വ്യാഴാഴ്‌ച (25/03/21) വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹലിന് (Denys Shmyhal) അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ അവസ്ഥകളെക്കുറിച്ച് അദ്ദേഹവുമായി ചർച്ച ചെയ്തതെന്ന് ഈ കൂടിക്കാഴ്ചയെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് അന്നു തന്നെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവരങ്ങൾ ഉള്ളത്.
പരിശുദ്ധസിംഹാസനവും ഉക്രയിനും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധങ്ങളും ഇരുവിഭാഗങ്ങൾക്കും താല്പര്യമുള്ള പൊതുവായ കാര്യങ്ങളും അന്നാട്ടിൽ സഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചാവിഷയങ്ങളായി.
അന്നാട്ടിൽ അടുത്തയിടെ വെടിനിറുത്തൽ കരാർ ലംഘിക്കപ്പെട്ടതിനെക്കുറിച്ചും പാപ്പായും പ്രധാനമന്ത്രിയും തമ്മിലുള്ള ഈ ചർച്ചയിൽ പരമാർശിക്കപ്പെട്ടു.
സംഘർഷങ്ങൾക്ക് സമാധാനപരമായ ഒരു പരിഹാരം കാണുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ഈ കൂടിക്കാഴ്ചയിൽ ഉയരുന്നു.
പാപ്പായുമായുള്ള സംഭാഷണാനന്തരം പ്രധാനമന്ത്രി ഡെനിസ് ഷ്മിഹൽ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻറെ വിദേശകാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാഡ് ഗാല്ലഗെർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.