തിരയുക

സിറിയയിൽ ആഭ്യന്തര കലാപം ആരംഭിച്ചതിൻറെ പത്താം വാർഷികം, സിറിയക്കാരായ പ്രാവാസികളുടെ ഒരു പ്രകടനം! സിറിയയിൽ ആഭ്യന്തര കലാപം ആരംഭിച്ചതിൻറെ പത്താം വാർഷികം, സിറിയക്കാരായ പ്രാവാസികളുടെ ഒരു പ്രകടനം! 

സിറിയിൽ സമാധനം സംജാതമാക്കുന്നതിന് പാപ്പായുടെ അഭ്യർത്ഥന!

സിറിയയിൽ രക്തരൂക്ഷിത കലാപം ഒരു പതിറ്റാണ്ട് പിന്നിടുന്നു, സമാധാനത്തിനായി പാപ്പായുടെ പ്രാർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സിറിയയിൽ സമാധാനം സംജാതമാക്കുന്നുതിനു വേണ്ടി പരിശ്രമിക്കുന്നതിന് പാപ്പാ വീണ്ടും അഭ്യർത്ഥിക്കുന്നു.

അറബ് വസന്തത്തിൻറെ ഭാഗമായി സിറിയൻ ജനത 2011 മാർച്ച് 15-ന് ബഷാർ അൽ അസാദ് ഭരണകൂടത്തിനെതിരെ ആരംഭിച്ചതും പിന്നീട് ആഭ്യന്തര യുദ്ധമായി പരിണമിച്ചതുമായ കലാപം പത്തുവർഷം പിന്നിടുന്നത് ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (14/03/2021) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനാവേളയിൽ അനുസ്മരിക്കുകയായിരുന്നു. 

നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റം ഗുരുതരമായ മാനവികദുരന്തങ്ങളിലൊന്നില്ലേക്കു നയിച്ച സിറിയൻ രക്തരൂക്ഷിത കലാപത്തിൽ  അസംഖ്യം ആളുകൾ മരണമടയുകയും അനേകർക്ക് പരിക്കേല്ക്കുകയും ദശലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളായിത്തീരുകയും ചെയ്തുവെന്ന് പാപ്പാ പറഞ്ഞു.

ഈ കലാപത്തിൽ കാണാതായവർ ആയിരക്കണക്കിനു വരുമെന്നും സിറിയക്കാർക്ക്, വിശിഷ്യ, കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ തുടങ്ങിയ ഏറ്റവും ദുർബ്ബലരായവർക്ക് നാശങ്ങളും, എല്ലാത്തരം അക്രമങ്ങളും വലിയ കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവരികയും ചെയ്തുവെന്നും പാപ്പാ അനുസ്മരിച്ചു. 

തളർന്നവശരായ ജനങ്ങൾക്കു മുന്നിൽ പ്രത്യാശാകിരണം തെളിയുന്നതിനായി പ്രവർത്തിക്കാനുള്ള സന്മനസ്സിൻറെ അടയാളം കാട്ടുന്നതിന് പാപ്പാ സംഘർഷത്തിലേർപ്പെട്ടിരിക്കുന്നവരോടുള്ള തൻറെ ഹൃദയംഗമായ അഭ്യർത്ഥന ആവർത്തിച്ചു.

സംഘർഷത്തിലേർപ്പെട്ടിരിക്കുന്നവർ ആയുധം താഴെവയ്ക്കുന്നതോടെ, സാമൂഹ്യ തന്തുക്കൾ വീണ്ടും കൂട്ടിയോജിപ്പിക്കാനും സമൂഹത്തിൻറെ പുനർനിർമ്മിതി ആരംഭിക്കാനും സമ്പദ്ഘടനയെ പുനരുജ്ജീവിക്കാനും സാധിക്കും വിധം നിർണ്ണായകവും നവീകൃതവും രചനാത്മകവും ബലവത്തുമായതും ഐക്യദാർഢ്യത്തോടുകൂടിയതുമായ ഒരു പരിശ്രമം അന്താരാഷ്ട്രസമൂഹത്തിൻറെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

പീഡിതമായ പ്രിയപ്പെട്ട സിറിയയുടെ കടുത്ത യാതനകൾ വിസ്മരിക്കപ്പെടാതിരിക്കുന്നതിനും നമ്മുടെ ഐക്യദാർഢ്യം പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

 

14 March 2021, 13:45