തിരയുക

കിഴക്കിന്‍റെ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ കിഴക്കിന്‍റെ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ 

തപസ്സിന്‍റെ സത്ത ഉപവാസവും ക്ഷമാദാനവും

കിഴക്കിന്‍റെ പാത്രിയാർക്കിസ് ബർത്തലോമ്യോ പ്രഥമന്‍റെ തപസ്സുകാല സന്ദേശത്തിലെ ചിന്തകൾ...

- ഫാദർ വില്യം  നെല്ലിക്കൽ

കിഴക്കിന്‍റെ ഓർത്തഡോക്സ് ക്രൈസ്തവർ മാർച്ച് 15-മുതൽ മെയ് 1-വരെ തിയതികളിൽ ആചരിക്കുന്ന വലിയ നോമ്പിനോട് അനുബന്ധിച്ച് ഓർത്തഡോക്സ് സമൂഹങ്ങൾക്ക്  പാത്രിയാർക്കിസ് ബർത്തലോമ്യോ അയച്ച സന്ദേശത്തിലെ പ്രസക്തഭാഗങ്ങളാണിത് :

1. ക്രിസ്ത്വാനുകരണം ആവശ്യപ്പെടുന്ന
ക്രൈസ്തവന്‍റെ ത്യാഗജീവിതം

ക്രിസ്തു രക്ഷകനാണ്, അവിടുന്ന് വെറും കുരിശുവാഹകനല്ല എന്ന ബോധ്യത്തിൽ ഓരോ ക്രൈസ്തവനും തന്‍റെ വ്യക്തിഗത കുരിശും വഹിച്ചുകൊണ്ട് അവിടുത്തെ അനുഗമിക്കുവാനും, സ്വജീവൻ സമർപ്പിച്ച യേശുവിന്‍റെ കുരിശുയാത്രയിൽ  ഈ തപസ്സിലെ ഓരോ ദിനങ്ങളിലൂടെയും പിൻചെല്ലുവാനുമാണ് പാത്രിയാർക്കിസ് വിശ്വാസികളെ ആഹ്വാനംചെയ്തത്.  ക്രിസ്തുവിലൂടെ കുരിശ് നമ്മുടെ വിധിയും വിധിവാചകവുമായി മാറിക്കഴിഞ്ഞുവെന്ന് പാത്രിയാർക്കിസ് വിശ്വാസികളെ അനുസ്മരിപ്പിച്ചു. ഇതുവഴി ചരിത്രത്തിന്‍റെ ഗതിവിഗതികളെ നയിക്കുന്നത് തിന്മയല്ല, ദൈവിക നന്മയായ രക്ഷയുടെ വാഗ്ദാനമാണെന്നും, അതിനാൽ സ്വജീവൻ സമർപ്പിക്കുന്ന ത്യാഗം ക്രൈസ്തവരിൽനിന്നും വിശ്വാസംവഴി ആവശ്യപ്പെടുന്നുണ്ടെന്നും, ഉപവസിക്കുകയും പ്രത്യേകമായി പ്രാർത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം അനുരഞ്ജനപ്പെടുവാനും അന്വോന്യം ക്ഷമിക്കുവാനും ഈ നാളുകൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ക്രിസ്തുവിന്‍റെ കുരിശ് ക്രൈസ്തവ മക്കളോട് ഈ നാളുകളിൽ ആവശ്യപ്പെടുന്നത്.

2. ക്ലേശങ്ങൾ സഹിക്കുന്നവർ പരാജിതരല്ല
മാനവികതയുടെ മദ്ധ്യസ്ഥനും നമ്മുടെ പരിശ്രമങ്ങളെ ബലപ്പെടുത്തുകയും നമ്മെ ആശീർവ്വദിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ ഈ തപസ്സിലൂടെ ഉറ്റുനോക്കിക്കൊണ്ട് നമ്മുടെ ജീവിത സമരമാകുന്ന നല്ലയുദ്ധം തപസ്സിലൂടെ തീവ്രമായി തുടരണമെന്ന് പാത്രിയാർക്കിസ് ക്രൈസ്തവ മക്കളെ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവർ എല്ലാ തലങ്ങളിലും പീഡിപ്പിക്കപെടുന്നുണ്ടെങ്കിലും അടിച്ചമർത്തപ്പെട്ട ജനതയല്ലെന്നും, നാം പ്രലോഭിതരാണെങ്കിലും നിരാശരല്ലെന്നും, പീഡിതരാണെങ്കിലും പരിത്യക്തരല്ലെന്നും, ക്ലേശങ്ങൾ സഹിക്കുന്നുവെങ്കിലും പരാജിതരല്ലെന്നും, അടിച്ചമർത്തപ്പെട്ടവരാണെങ്കിലും മൃതരല്ലെന്നും പൗലോസ് അപ്പസ്തോലന്‍റെ വാക്കുകൾ ഉദ്ദരിച്ചുകൊണ്ട് പാത്രിയാർക്കിസ് ബർത്തലോമ്യോ വിശ്വാസികളെ തപസ്സിലേയ്ക്ക് ആഹ്വാനംചെയ്തു (2 കൊറി. 4, 8-9).
മാർച്ച് 14-ന് ഓർത്തഡോക്സ് ദേവാലയങ്ങളിൽ വായിച്ച സന്ദേശത്തിൽ കോൺസ്റ്റാന്‍റിനോപ്പിളിലെ പാത്രിയാർക്കിസ് കോവിഡ്-19 മഹാവ്യാധിയെക്കുറിച്ചും, അതു കാരണമാക്കുന്ന അടച്ചുപൂട്ടലിനെക്കുറിച്ചും പരാമർശിക്കുകയും, തപസ്സുകാലം ജീവിതത്തിന്‍റെ ആത്മീയതയുടേയും ആത്മനിയന്ത്രണത്തിന്‍റേയും നാളുകളാകയാൽ അവ ശ്രദ്ധയോടും കരുതലോടുംകൂടെ ചെലവഴിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

3. തപസ്സ് ലോകത്തോടുള്ള വെറുപ്പല്ല
തപസ്സാചരണം ചില ഭക്ഷ്യവസ്തുക്കളുടെ വർജ്ജനം മാത്രമായി കാണരുതെന്നും, മറിച്ച് നമ്മെ ജഡീകതയിൽ പിടിച്ചുകെട്ടുന്ന ദുശ്ശീലങ്ങളിൽനിന്നുള്ള മോചനം പ്രാപിക്കുവാനും  ആത്മനിയന്ത്രണം പാലിക്കുവാനും അത് ആർജ്ജിച്ചെടുക്കുവാനുമുള്ള സമയമാണിതെന്ന് പാത്രിയാർക്കിസ് ബർത്തലോമ്യോ ചൂണ്ടിക്കാട്ടി. എന്നാൽ തപസ്സ് ഈ ലോക ജീവിതത്തോടുള്ള വെറുപ്പല്ലെന്നും, മറിച്ച് ഈ ലോകത്തോടു – നാം ജീവിക്കുന്ന പരിസ്ഥിതിയോടും ചുറ്റുമുള്ള സഹോദരങ്ങളോടും നല്ലബന്ധം വളർത്തുവാനുള്ള ക്രിയാത്മകമായ ദിനങ്ങളായി ഇതിനെ മാറ്റണമെന്നും പാത്രിയാർക്കിസ് ബർത്തലോമ്യോ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2021, 08:58