തിരയുക

ഫ്രാൻസീസ് പാപ്പായും ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയും (Sergio Mattarella) ഒരു പഴയ ചിത്രം ഫ്രാൻസീസ് പാപ്പായും ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയും (Sergio Mattarella) ഒരു പഴയ ചിത്രം 

പാപ്പായ്ക്ക് ഇറ്റലിയുടെ പ്രസിഡൻറിൻറെ ആശംസകൾ !

സാഹോദര്യരൂപിയിൽ വർത്തിക്കാനുള്ള പാപ്പായുടെ ക്ഷണം ഇന്നിൻറെ ആരോഗ്യപരമായ അനിശ്ചിതാവസ്ഥകൾക്കും അതിൻറെ ഫലമായ ഗുരുതരമായ സാമൂഹിക ബുദ്ധിമുട്ടുകൾക്കും അതീതമായ ചക്രവാളങ്ങൾ തുറന്നിടുമെന്ന് ഇറ്റലിയുടെ പ്രസിഡൻറ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ നിരന്തരവും അശ്രാന്തവുമായ സാക്ഷ്യത്തിൻറെ സമൃദ്ധമായ ഫലങ്ങൾ സന്മനസ്സുള്ള സകലർക്കും പിന്തുണയുടെയും സമാശ്വാസത്തിൻറെയും സ്രോതസ്സാണെന്ന് ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല (Sergio Mattarella).

2013 മാർച്ച് 13-ന് റോമിൻറെ മെത്രാനായും പത്രോസിൻറെ പിൻഗാമിയായും തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസീസ് പാപ്പാ സഭാഭരണം ആരംഭിച്ചതിൻറെ വാർഷികദിനമായിരുന്ന മാർച്ച് 19-ന് വെള്ളിയാഴ്‌ച അയച്ച ആശംസാസന്ദേശത്തിലാണ്  പ്രസിഡൻറിൻറെ ഈ പ്രസ്താവനയുള്ളത്.

കോവിദ് 19 മഹാമാരി ലോകമഖിലം വലിയൊരുവിഭാഗം ജനത്തെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നത് നിലവിലുള്ള അടിയന്തര ഘട്ടത്തെ നീതിപൂർവ്വകമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിൽ വ്യക്തിഗത രാജ്യങ്ങളുടെയും അന്താരാഷ്ട്രസമൂഹം മുഴുവൻറെയും അപ്രാപ്തി എടുത്തുകാട്ടുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പ്രസിഡൻറ് മത്തരേല്ല, ഇന്നിൻറെ പ്രതിസന്ധികളെ മറികടക്കാൻ സാഹോദര്യരൂപിയിൽ വർത്തിക്കണമെന്ന പാപ്പായുടെ ആഹ്വാനം ആവർത്തിക്കുന്നു.

പാപ്പായുടെ ഈ ആഹ്വാനം ഉത്തരാവദിത്വബോധമുള്ള പൗരന്മാരായിരിക്കാനുള്ള ശക്തമായ ക്ഷണവും വ്യവസ്ഥാപന-രാഷ്ട്രീയോത്തരവാദിത്വങ്ങൾ പേറുന്നവർക്ക് സുരക്ഷിത വഴികാട്ടിയുമാണെന്ന്  അദ്ദേഹം പ്രസ്താവിക്കുന്നു.

സാഹോദര്യരൂപിയിൽ വർത്തിക്കണമെന്ന പാപ്പായുടെ ഔന്നത്യമാർന്ന അഭ്യർത്ഥന ആരോഗ്യപരമായ അനിശ്ചിതാവസ്ഥകൾക്കും അതിൻറെ ഫലമായ ഗുരുതരമായ സാമൂഹിക ബുദ്ധിമുട്ടുകൾക്കും അതീതമായ ചക്രവാളങ്ങൾ തുറക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡൻറ് മത്തരേല്ല പറയുന്നു. 

വാസ്തവത്തിൽ, അത് സമാധാനപരവും കൂടുതൽ സമ്പന്നവും നീതിപൂർവകവുമായ സഹവർത്തിത്വത്തിലേക്ക് മനസ്സിനെയും ഹൃദയത്തെയും തുറക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

ഇറ്റലിയോടുള്ള പ്രത്യേക പരിഗണനയ്ക്കും ആത്മാർത്ഥമായ വാത്സല്യത്തിനും അഗാധമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ടും ഈ സ്ഥാനാരോഹണ വാർഷികത്തിൻറെയും ആസന്നമായിരിക്കുന്ന ഉയിർപ്പുതിരുന്നാളിൻറെയും ആശംസകൾ ഇറ്റിലിക്കാരുടെയും തൻറെയും നാമത്തിൽ നേർന്നുകൊണ്ടാണ് പ്രസിഡൻറ് മത്തരേല്ല തൻറെ സന്ദേശം ഉപസംഹരിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2021, 16:13