തിരയുക

രാജൻ ആന്‍റെണി സാർ രാജൻ ആന്‍റെണി സാർ 

വ്യതിരിക്തമായ നാദഭാവത്തോടെ രാജൻ ആന്‍റെണി

സംഗീതാദ്ധ്യാപകനും സംവിധായകനുമായ രാജൻ ആന്‍റെണിയുടെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി. ശബ്ദരേഖയോടെ...

- ഫാദർ വില്യം നെല്ലിക്കൽ 

രാജൻ ആന്‍റെണിയുടെ ഭക്തിഗാനങ്ങൾ


1. ശബ്ദസൗന്ദര്യത്താൽ ശ്രദ്ധേയനായ  കലാകാരൻ
സംഗീതാദ്ധ്യാപകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, എഴുത്തുകാരൻ, സംഗീതസംവിധായകൻ, ഗായകൻ എന്നീ നിലകളിൽ തന്നിലെ ബഹുമുഖപ്രതിഭയെ തെളിയിച്ചുകൊണ്ടാണ് പോളിയോ തളർത്തിയ തന്‍റെ അംഗപരിമിതികളെ രാജൻ ആന്‍റെണി സാർ മറികടന്നത്.  കുഞ്ഞിലേ ഇരുകാലുകളുടെയും സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹം ഒരു ഊന്നുവടിയുമായിട്ടാണ് ഇന്നും പതറാതെ ജീവിതപ്പടവുകൾ നടന്നു കയറുന്നത്.

2. ചാവറയച്ചന്‍റെ പുണ്യഭൂമിയിൽനിന്നും...
എറണാകുളം നഗരപ്രാന്തത്തിൽ വിശുദ്ധ ചാവറയച്ചന്‍റെ കർമ്മഭൂമിയെന്നു പേരുകേട്ട കൂനമ്മാവിലാണ് രാജൻ ആന്‍റെണി ജനിച്ചത്. വീടിനു സമീപത്തുള്ള കർമ്മലീത്ത ആശ്രമത്തിലെ വൈദികരുടെ പ്രോത്സാഹനത്തിൽ ഹാർമ്മോണിയം അഭ്യസിച്ച രാജൻ പിന്നീട് കുനമ്മാവിലെ ലോനപ്പൻഭാഗവതരുടെ പക്കലും സംഗീതം അഭ്യസിച്ചു. പഠിക്കുന്ന കാലത്ത് ഗാനാലാപനത്തിലും ഹർമ്മോണിയം വായനയിലും ലഭിച്ച സമ്മാനങ്ങൾ സംഗീതവഴികളിലെ വളർച്ചയ്ക്കു പ്രോത്സാഹനമായി.   തരംഗിണിയുടെ ആരംഭകാലത്ത് ഗന്ധർവ്വഗായകൻ ഡോ. കെ. ജെ. യേശുദാസ് ഉദ്യോഗവും പിയാനോ പരിശീലനവും വാഗ്ദാനംചെയ്തെങ്കിലും മാതാപിതാക്കൾ മകൻ രാജനെ കൈവിടാൻ തയ്യാറായിരുന്നില്ല.  തുടർന്ന് തൃപ്പൂണിത്തുറ ആർ.എൽ.വി. അക്കാഡമിയിൽ ചേർന്നു  ഗാനഭൂഷണം ബിരുദം കരസ്ഥമാക്കി. ആകാശവാണിയുടെ ചെറിയ നാടകങ്ങൾക്ക് ശബ്ദംപകർന്നും ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തിയും, ബൈബിൾ, ഖുറാൻ, ഭഗവത്ഗീത എന്നീ വേദഗ്രന്ഥങ്ങൾ പാരായണംചെയ്തും ഒരു വിവരണകലാകാരനും സംഗീതജ്ഞനുമായി രാജൻ ആന്‍റെണി  തന്‍റെ തനിമയാർന്ന ശബ്ദഭംഗിയിലൂടെ  കേരളത്തിനു  സുപരിചിതനായി.

3. ഗുരുസ്ഥാനീയനായ വിനീതഭാവൻ
വരാപ്പുഴ ഇൻഫന്‍റ് ജീസസ് ഹൈസ്കൂളിൽ 28 വർഷക്കാലം ഒരു  സംഗീതാദ്ധ്യാപകനായി ജോലിചെയ്തപ്പോഴും സംഗീതരചനയിലും പൊതുപരിപാടികളിലും മുഴുകിയതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. കഴിഞ്ഞ 44 വർഷങ്ങളായി തന്‍റെ വീടിന് അനുബന്ധമായി നടത്തിപ്പോരുന്ന "സാക്സ്" എന്ന   (St. Antony’s Sangeetha Vidhyalayam) സ്ഥാപനത്തിലൂടെ രാജൻ ആന്‍റെണി പിന്നെയും ആയിരങ്ങൾക്ക് ഗുരുസ്ഥാനീയനായി.

ഭാര്യ ലാലിയും മൂന്നുമക്കളും അടങ്ങിയതാണ് കുടുംബം. ദുബായിൽ ജോലിചെയ്യുന്ന മൂത്തമകനും, ദന്തഡോക്ടറായ രണ്ടാമനും, ബി.ടെക്  ബിരുദധാരായിയായ മൂന്നാമനും ഒരുപോലെ സംഗീതാഭിരുചിയുള്ളവരാണ്.

4. ഗാനങ്ങള്‍
a) മനസ്സാകുമോ...

മഞ്ജരിയിലെ ആദ്യഗാനം രാധിക തിലക് ആലപിച്ചതാണ്. രചന തോമസ് അന്തിക്കാട്ട്, സംഗീതം രാജൻ ആന്‍റെണി.

b) നാഥാ നിന്‍റെ തിരുവചനം...
രാജൻ ആന്‍റെണി സാർ എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചത്  ശിഷ്യൻ... മനോജാണ്.

c) നന്മയല്ലാതെന്തു തന്നൂ ദൈവം
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം ഫാദർ ജോസഫ് മണവാളൻ രചിച്ച്, രാജൻ ആന്‍റെണി സാർ ഈണംപകർന്നതാണ്. ആലാപനം സാറിന്‍റെ ശിഷ്യ... ബിൻഹാ റോസ്
.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയിൽ രാജൻ ആന്‍റെണിസാർ ഈണംനല്കിയ ഭക്തിഗാനങ്ങൾ.

26 March 2021, 13:22