തിരയുക

പിയൂസ് 11-Ɔമൻ പാപ്പാ മുതൽ പാപ്പാ ഫ്രാൻസിസ് വരെ.... പിയൂസ് 11-Ɔമൻ പാപ്പാ മുതൽ പാപ്പാ ഫ്രാൻസിസ് വരെ.... 

ഫെബ്രുവരി 12-ന് വത്തിക്കാൻ റേഡിയോയ്ക്ക് 90 വയസ്സ്

ഇറ്റലിക്കാരനായ ഗുലിയേൽമോ മാർക്കോണി വത്തിക്കാൻ തോട്ടത്തിൽ സ്ഥാപിച്ചതാണ് വത്തിക്കാൻ റേഡിയോ നിലയം.

- ഫാദർ  വില്യം നെല്ലിക്കൽ 

1. പിയൂസ് 11-Ɔമൻ പാപ്പായുടെ താല്പര്യം
റേഡിയോ തരംഗങ്ങളുടെ ഉപജ്ഞാതാവായ വില്യം മാർക്കോണി 11-Ɔ൦ പിയൂസ് പാപ്പായുടെ അഭ്യർത്ഥന പ്രകാരം 1931 ഫെബ്രുവരി 12-നാണ് വത്തിക്കാൻ തോട്ടത്തിൽ ഒരു റേഡിയോ നിലയം സ്ഥാപിച്ചത്. ലോക മഹായുദ്ധത്തിന്‍റെ കെടുതിൽ കഴിഞ്ഞിരുന്ന മാനവികതയ്ക്ക് സമാധാനത്തിന്‍റെ സന്ദേശം പങ്കുവയ്ക്കുവാനും സത്യസന്ധമായി വാർത്തകൾ കൈമാറുന്നതിനും ക്രിസ്തുവിന്‍റെ സുവിശേഷം സഭയുടെ ആസ്ഥാനത്തുനിന്നും പങ്കുവയ്ക്കപ്പെടണം എന്ന ലക്ഷ്യത്തോടെയുമാണ് പിയൂസ് 11-Ɔമൻ പാപ്പാ അന്നത്തെ ആധുനിക ആശയവിനിമയോപാധിയായ റേഡിയോ പ്രക്ഷേപണത്തിന് വത്തിക്കാനിൽ തുടക്കമിട്ടത്.

2. പ്രധാനപ്പെട്ട 41 ഭാഷകളിൽ
ആദ്യം ഇറ്റാലിയൻ ഭാഷാ പരിപാടികളുമായി തുടങ്ങിയ വത്തിക്കാൻ റേഡിയോ ഇംഗ്ലിഷ് ഉൾപ്പെടെ സഭയുടെ ആസ്ഥാനത്തുനിന്നും പാപ്പായുടെ പ്രഭാഷണം, പരിപാടികൾ, സന്ദേശങ്ങൾ, വാർത്തകൾ, പ്രബോധനങ്ങൾ എന്നിവയുമായി വളർന്ന് ഇന്ന് മലയാളം ഉൾപ്പെടെ 41 ഭാഷകളിൽ വത്തിക്കാൻ റേഡിയോ പരിപാടികൾ ലോകത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുന്നുണ്ട്. 50 വർഷമായി പ്രവർത്തിക്കുന്ന മലയാളം പരിപാടികൾക്കൊപ്പം ദേശീയ ഭാഷയായ ഹിന്ദിയിലും, തമിഴിലും വത്തിക്കാൻ റേഡിയോ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

സാറ്റലൈറ്റ് സംവിധാനത്തിലൂടെ ലോകമെമ്പാടും എത്തുന്ന ഭാരതത്തിന്‍റെ മലയാളം, ഹിന്ദി, തമിഴ് പരിപാടികൾ കൂടാതെ, അൽബേനിയൻ, അമാറിക്, അറാബിക്, അർമേനിയൻ, ബെലറൂസിയൻ, ബ്രസീലിയൻ, ബൾഗേറിയൻ, ചെക്ക്, ചൈനീസ്, ക്രൊയേഷ്യൻ, ഇംഗ്ലിഷ്, എസ്പെരാന്തോ, എവോന്തോ, ഫ്രഞ്ച്, ജെർമ്മൻ, ഹങ്കേറിയൻ, ഇറ്റാലിയൻ, കിക്കോങ്കോ, കിന്യർവാന്ത, കിറൂന്തി, ലാറ്റിൻ, ലിത്വിയൻ, ലിങ്കാലാ, ലിത്വാനിയൻ, മലഗാസി, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, റഷ്യൻ, സ്ലൊവാക്, സ്ലൊവേനിയൻ, സൊമാ വിയറ്ലി, സ്പാനിഷ്, സ്വാഹിലി, ടിഗ്രീനിയ, ഷിലൂബാ, ഉക്രേനിയൻ വിയറ്റ്‌നാമീസ് ഉക്രേനിയൻ എന്നിവയാണവ.

3. കാലികമായ മാറ്റങ്ങളോടെ...
സാങ്കേതികതയിലും ഉള്ളടക്കത്തിലും കാലികമായി വിവിധ പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുള്ള വത്തിക്കാൻ റേഡിയോ ഇന്ന് വെബ്, പോഡ്കാസ്റ്റ്, ലൈവ് സ്ട്രീമിങ്, മറ്റു സാമൂഹ്യശ്രൃംഖലാ  ലിങ്കുകൾ എന്നിവയിലേയ്ക്കു വത്തിക്കാന്‍റെ വാർത്തകൾ, പാപ്പായുടെ സന്ദേശങ്ങൾ, പ്രഭാഷണങ്ങൾ ആരാധനക്രമ പരിപാടികൾ, സഭാപ്രബോധനങ്ങൾ എന്നിവ അനുദിനം പങ്കുവയ്ക്കുന്നുണ്ട്.

4. വത്തിക്കാൻ മാധ്യമ വകുപ്പ്
1931-മുതൽ 2017-വരെ ഈശോസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന വത്തിക്കാൻ റേഡിയോ ഇപ്പോൾ വത്തിക്കാൻ മാധ്യമ വകുപ്പിന്‍റെ (Vatican’s Dicastery for Communications) കീഴിലാണ് പ്രവർത്തിക്കുന്നത്. വത്തിക്കാന്‍റെ ടെലിവിഷൻ, റേഡിയോ, പത്ര-മാസികകൾ, ലൊസർവത്തോരെ റൊമാനോ ദിനപത്രം എന്നീ പ്രസിദ്ധീകരണങ്ങളും, വത്തിക്കാൻ വെബ്സൈറ്റ്, ഫോട്ടോഗ്രാഫി, മുദ്രണാലയം, പ്രസാധകശാല എന്നിവയെല്ലാം വത്തിക്കാൻ മാധ്യമങ്ങൾ എന്ന ഒരു വകുപ്പിന്‍റെ കുടക്കീഴിൽ നീണ്ട പഠനങ്ങൾക്കും പരിചിന്തനത്തിനുംശേഷം 2015-മുതൽ കൊണ്ടുവന്നത് പാപ്പാ ഫ്രാൻസിസിന്‍റെ സഭാനവീകരണ പദ്ധതിയുടെ ഭാഗമായിരുന്നു. ഇപ്പോൾ വത്തിക്കാൻ റേഡിയോയുടെ മേൽനോട്ടം വഹിക്കുന്നത് മാക്സ്മില്യാനോ മനിക്കേത്തിയാണ്.

5. വത്തിക്കാന്‍ വാര്‍ത്തകള്‍ (Vaican News)
“വത്തിക്കാന്‍ ന്യൂസ്” വത്തിക്കാന്‍റെ നവീകരിച്ച വാര്‍ത്താവിതരണ സംവിധാനമാണ്. പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട നവീകരണോദ്യമത്തിന്‍റെ ഭാഗമാണ് ഈ മൊഴിമാറ്റം. മാറ്റത്തിന്‍റെ ഭാഗമായി വത്തിക്കാന്‍റെ എല്ലാ മാധ്യമ സംവിധാനങ്ങളും ഒരു കുടക്കീഴിലാക്കിക്കൊണ്ട് വത്തിക്കാന്‍ മാധ്യമ വകുപ്പ് (Dycastery for Communications) രൂപീകരിക്കപ്പെട്ടു. പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വാധികാര പ്രബോധനത്തില്‍ 2015 ജൂണ്‍ 27-നാണ് മാധ്യമവകുപ്പ് പിറവിയെടുത്തത്.

വത്തിക്കാന്‍ ന്യൂസ് അല്ലെങ്കില്‍ വാര്‍ത്താവിഭാഗം ഒരു ഡിജിറ്റല്‍ സംവിധാനത്തിലേയ്ക്കുള്ള മാറ്റം മാത്രമല്ല, ആശയവിനിമയ ലോകത്ത് മാറിമറിഞ്ഞുണ്ടാകുന്ന ഇന്നിന്‍റെ മാറ്റങ്ങള്‍ക്കൊത്ത് കാര്യക്ഷമമായും നിരന്തരമായും പ്രതികരിക്കാനുള്ള ഒരു ശ്രമവുമാണ്. ഇതുപ്രകാരം വത്തിക്കാന്‍റെ “സമുന്നത പത്രാധിപ വിഭാഗ”മായി (Super Editorial) പരിഗണിക്കപ്പെടുന്ന ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷാവിഭാഗങ്ങളോട് മലയാളം ഉള്‍പ്പെടെയുള്ള മറ്റ് 33 ഭാഷകളും സമന്വയിപ്പിക്കപ്പെടുന്നു. ഇതുവഴി സുവിശേഷം പ്രഘോഷിക്കപ്പെടുക മാത്രമല്ല, അത് ദേശീയ പ്രാദേശീയ തലങ്ങളില്‍ ആധികാരികതയുള്ള വ്യാഖ്യാന വെളിച്ചമായി എത്തിച്ചേരുകയാണ്. അതിനാല്‍ “സഭാദൗത്യത്തിന്‍റെ സമകാലീന ആവശ്യങ്ങളോട് എന്നും മെച്ചമായി” പ്രതികരിക്കുക എന്നതാണ് വാര്‍ത്താവിഭാഗത്തിന്‍റെ വെല്ലുവിളി.

6. അൽമായ നേതൃത്വം
“ഇന്നിന്‍റെ സാമൂഹിക പ്രതിസന്ധികളായ ദാരിദ്ര്യം, കുടിയേറ്റം എന്നിവപോലുള്ള നിരവധിയായ പ്രശ്നങ്ങള്‍ക്ക് അപ്പസ്തോലികവും അജപാലനപരവുമായ പ്രത്യേക മുന്‍ഗണന നല്കിക്കൊണ്ട് സമൂഹത്തിന് ദിശാബോധം നല്കുന്ന മാനദണ്ഡമായി പ്രവര്‍ത്തിക്കുക” വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്‍റെ ദൗത്യമാണ് (cf. Plenary of Communications Secretariat, Pope Francis address). വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ മേധാവി (Prefect) ഇറ്റലിക്കാരനായ ഡോ. പാവൂളോ റുഫീനിയാണ് 90-Ɔ൦ പിറന്നോളിനോട് അനുബന്ധിച്ച് ഇങ്ങനെ പ്രസ്താവിച്ചത്.

 

10 February 2021, 14:07