ദൈവിക കാരുണ്യത്തെ പ്രകീർത്തിക്കുന്ന സങ്കീർത്തനം
- ഫാദർ വില്യം നെല്ലിക്കൽ
1. മനോഹരമായൊരു കൃതജ്ഞതാഗീതം
89-ാം സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്ത പഠനമാണ് ഈ പ്രക്ഷേപണത്തിൽ. വിശുദ്ധഗ്രന്ഥത്തിലെ സാമാന്യം ദൈര്‍ഘ്യമുള്ള സങ്കീര്‍ത്തനങ്ങളിൽ ഒന്നാണിത്. 52 വരികളുള്ള ഗീതമാണിത്. ഇസ്രായേലില്‍ രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് രൂപംകൊണ്ടതാണ് ഈ സങ്കീര്‍ത്തനമെന്നാണ് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നത്. വ്യക്തിയുടെ സ്തുതിപ്പായി രചിക്കപ്പെട്ടിട്ടുള്ള ഈ ഗീതത്തിന് മൂന്നു ഭാഗങ്ങളുള്ളതായി നിരൂപകന്മാര്‍ തരംതിരിച്ചു കാണിക്കുന്നു. സ്തുതിപ്പ്, അരുളപ്പാട്, വിലാപം എന്നിങ്ങനെ മൂന്നു തരത്തിലുള്ള വികാരങ്ങള്‍ പ്രകടമാക്കുന്ന ഈ സങ്കീര്‍ത്തനം മൊത്തമായി നോക്കുകയാണെങ്കിൽ വിശുദ്ധ ഗ്രന്ഥത്തിലെ മനോഹരമായ ഒരു കൃതജ്ഞതാഗീതമാണെന്നും മനസ്സിലാക്കുവാന്‍ നമുക്കു സാധിക്കും. ആദ്യ വരികള്‍തന്നെ സങ്കീര്‍ത്തനത്തിന്‍റെ ആന്തരിക സ്വഭാവം വെളിപ്പെടുത്തുന്നു. “കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും, കാരുണ്യം പ്രകീര്‍ത്തിക്കും...!” ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന സങ്കീര്‍ത്തനത്തിന്‍റെ ആദ്യത്തെ അത്യപൂര്‍വ്വമായ വരികള്‍, അതിമനോഹരമായ വരികൾ കൊച്ചുത്രേസ്യാ പുണ്യവതി തന്‍റെ ആത്മീയതയുടെ ആപ്തവാക്യമാക്കിയെടുത്തതില്‍ ആശ്ചര്യപ്പെടാനില്ല. നമുക്കീ ഗീതത്തിന്‍റെ ഗാനാവിഷ്ക്കാരം ശ്രവിച്ചുകൊണ്ട് പഠനം തുടരാം.
89-ാം സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും.
2. സങ്കീർത്തനത്തിന്‍റെ ഗാനരൂപം
Musical Version of Ps. 89
കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും
കാരുണ്യം പ്രകീര്‍ത്തിക്കും.
a) കര്‍ത്താവ് അരുൾചെയ്യുന്നു എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി
ഞനൊരു ഉടമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു
നിന്‍റെ സന്തതിയെ എന്നേയ്ക്കും ഞാന്‍ ഉറപ്പിക്കും
നിന്‍റെ സിംഹാസനം തലമുറതോറും നിലനില്‍ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
b) ജനതകളേ, കേള്‍ക്കുവിന്‍ ഉത്സവഘോഷത്താല്‍
കര്‍ത്താവിനെ സ്തുതിക്കുന്ന നിങ്ങള്‍ എന്നും ഭാഗ്യവാന്മാര്‍,
കര്‍ത്താവേ, അവര്‍ എന്നും അങ്ങയുടെ പ്രകാശത്തില്‍ ചരിക്കുന്നു,
അവരെന്നുമങ്ങേ നാമത്തില്‍ നിത്യം ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ അവരെന്നുമെന്നും പാടിപ്പുകഴ്ത്തും.
- കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
c) കര്‍ത്താവരുള്‍ ചെയ്യുന്നു എന്‍റെ പിതാവും ദൈവവും
രക്ഷാശിലയും അവിടുത്തെ ഞാന്‍ എന്‍റെ ആദ്യജാതനെന്നും അത്യുന്നതനെന്നും
എന്‍റെ കാരുണ്യം അവിടുത്തെമേല്‍ എന്നും ഉണ്ടായിരിക്കും
എന്‍റെ ഉടമ്പടി അവിടുത്തോടെന്നും അചഞ്ചലമായിരിക്കും.
- കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
3. ഗീതത്തിലെ സ്തുതിപ്പിന്‍റെ വികാരം
ആദ്യഭാഗം വരികൾ (1-13) ദൈവസ്തുതിയാണ്, സ്തുതിപ്പാണ്. സങ്കീര്‍ത്തനത്തിന്‍റെ ആദ്യപദത്തില്‍തന്നെ ഗായകന്‍ ദൈവത്തിന്‍റെ സ്നേഹ കാരുണ്യത്തെ സ്തുതിക്കുകയാണ്. രക്ഷാകര പ്രവൃത്തികള്‍ വഴി ദൈവം ചരിത്രത്തില്‍ തന്‍റെ സ്നേഹ-കാരുണ്യം പ്രകടമാക്കിയത്, സങ്കീര്‍ത്തന്‍ അനുസ്മരിക്കുന്നു. ദൈവത്തിന്‍റെ അനന്തമായ സ്നേഹം ഗാനാലാപനത്തിലൂടെ പ്രകീര്‍ത്തിക്കുമെന്നാണ് മൂലത്തില്‍ സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നത്. കര്‍ത്താവ് തന്‍റെ സ്നേഹവും വിശ്വസ്തതയും ഭംഗംകൂടാതെ, അഭംഗുരം തുടരുമെന്നും സങ്കീര്‍ത്തകന്‍ പറഞ്ഞിട്ടുണ്ട്.
ആകാശംപോലെയാണ് ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും, അത് വിശാലവും അനന്തവുമാണ്. അത് ശാശ്വതമാണ്. തീര്‍ച്ചയായിട്ടും ദൈവികകാരുണ്യം നിലനില്‍ക്കും. അതുപോലെ അവിടുന്നു ദാവീദിനോടു കാണിച്ച കാരുണ്യം, അവിടുത്തെ ഉടമ്പടി എല്ലാം വരികൾ അനുസ്മരിക്കുന്നു.
ദാവീദിന്‍റെ സിംഹാസനം എന്നും നിലനില്ക്കുമെന്നും ഗീതത്തിന്‍റെ പദങ്ങള്‍ വിവിരിക്കുന്നത് ക്രിസ്തുവില്‍ സ്ഥാപിതമായ ദൈവരാജ്യത്തെയും അതിന്‍റെ സ്ഥായീഭാവത്തെയും സൂചിപ്പിക്കുന്നു. അതിനാൽ ക്രിസ്തുവിന്‍റെ കരുണാര്‍ദ്രരൂപം ഈ സങ്കീര്‍ത്തന വരികളില്‍ ഒളിഞ്ഞിരിക്കുന്നുവെന്നും നമുക്കു പറയാം. അവിടുത്തെ ഭരണത്തിന്‍റെ ശക്തിയും നീതിയും ന്യായവും സങ്കീര്‍ത്തകന്‍ വിളിച്ചോതുമ്പോള്‍ പുതിയ നിയമത്തോടെ ക്രിസ്തുവില്‍ സ്ഥാപിതമായ ദൈവരാജ്യത്തിന്‍റെ നീതിയുടെയും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും രക്ഷാകര രൂപമാണ് ഇവിടെ സങ്കീര്‍ത്തന വരികളിൽ തെളിഞ്ഞുവരുന്നത്.
Musical Version of Psalm 89:
കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും
കാരുണ്യം പ്രകീര്‍ത്തിക്കും.
കര്‍ത്താവരുള്‍ ചെയ്യുന്നു എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി
ഞനൊരുടമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു
നിന്‍റെ സന്ത്തിയെ എന്നേയ്ക്കും ഞന്‍ ഉറപ്പിക്കും
നിന്‍റെ സിംഹാസനം തലമുറതോറും നിലനില്‍ക്കും.
4. ദൈവിക അരുളപ്പാടുകൾ
ഇനിയും ഈ സ്തുതിപ്പിന്‍റെ രണ്ടാം ഭാഗത്ത് ദൈവിക അരുളപ്പാടുകളിലൂടെ ഇസ്രായേലിലേയ്ക്കും അതിന്‍റെ രാജാവിലേയ്ക്കുമാണ് സങ്കീര്‍ത്തകന്‍ ശ്രദ്ധചെലുത്തുന്നത്. കാഹളധ്വനികള്‍ മുഴക്കിക്കൊണ്ടും ഉച്ചത്തില്‍ ആര്‍പ്പു വിളിച്ചുകൊണ്ടുമാണ് രാജാവായ കര്‍ത്താവിനെ ഇസ്രായേല്‍ ജനത ആരാധിച്ചിരുന്നത്. ദൈവത്തില്‍നിന്നാണ് സന്തോഷവും ശക്തിയും ബഹുമാനവും അവര്‍ ആര്‍ജ്ജിക്കുന്നത്, അനുഭവിക്കുന്നത്. അങ്ങയുടെ നന്മകൊണ്ട് ജനത്തിന്‍റെ കൊമ്പ് ഉയര്‍ത്തപ്പെടുന്നു. കൊമ്പ് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ശക്തിയും ബഹുമാനവുമുള്ള ജീവിതമെന്നാണ്. ഇസ്രായേലിന്‍റെ പരിശുദ്ധനായ കര്‍ത്താവിന്‍റെ ശക്തി ലോകം മുഴുവനിലുമുണ്ട്. ദാവീദിന്‍റെ പുത്രനായ ക്രിസ്തുവിന്‍റെ രക്ഷണീയ സ്വാതന്ത്ര്യവും അതിന്‍റെ ആത്മീയ വിജയവും, ആനന്ദവും സങ്കീര്‍ത്തനത്തിന്‍റെ വരികളില്‍ തെളിഞ്ഞു വരുന്ന അരുളപ്പാടുകളാണ്. ദൈവം ദാവീദിനെയും അവന്‍റെ പിന്‍തലമുറക്കാരെയും തിരഞ്ഞെടുത്തു എന്നതാണ് പ്രമേയം.
ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിലൂടെയാണ് ഇസ്രായേല്‍ രാജാവിനെ അഭിഷേകംചെയ്യുന്നത്. ദൈവം ഇസ്രായേലിന്‍റെ നായകനെ കൈപിടിച്ചു നടത്തുന്നതു വഴിയാണ് ദൈവിക അധികാരവും സാന്നിദ്ധ്യവും ഇസ്രായേലില്‍ യഥാര്‍ത്ഥമായത്. ആ അധികാരം ക്രിസ്തുവില്‍ സ്ഥാപിതമായ ദൈവരാജ്യത്തിലേയ്ക്ക് കൈമാറുന്നതുവഴിയാണ് നവഇസ്രായേലില്‍ ദൈവിക സംരക്ഷണത്തിന്‍റെയും സഹായത്തിന്‍റെയും വാഗ്ദാനം ലോകത്തിനു ലഭിക്കുന്നത്. രാജാവ് ക്രമരാഹിത്യത്തിന്മേല്‍ നീതിയും സമാധാനവും സ്ഥാപിക്കുന്നു. ദൈവം രാജാവിനെ ദത്തെടുക്കുന്നു. ഇവിടെ സങ്കീര്‍ത്തകന്‍ രാജാവില്‍ ദൈവികത ചാര്‍ത്തുകയാണ്. കര്‍ത്താവിന്‍റെ വാഗ്ദാനം എന്നും നിലനില്‍ക്കുന്നു. ദാവീദിന്‍റെ പിന്‍ഗാമികള്‍ക്കും ഇതു ബാധകമാണ്. അനുസരണക്കേടിനു ശിക്ഷയുണ്ടാകും. കര്‍ത്താവിന്‍റെ നന്മയും വിശ്വസ്തതയും ഭൂമിയില്‍ നിലനില്‍ക്കും, അത് തുടരും, അത് ക്രിസ്തുവില്‍ അനന്തമായിരിക്കും.
5. നന്ദിയായി പരിണമിക്കുന്ന മനുഷ്യന്‍റെ വിലാപം
മൂന്നാം ഭാഗത്ത് ജനത്തിന്‍റെ വിലാപമാണ് നന്ദിയുടെ വികാരവും ഗീതവുമായി പരിണമിക്കുന്നത്. ഇസ്രായേലിന്‍റെ തകർച്ചും ഉയർച്ചുമായി ബന്ധപ്പെട്ടതാണ് ഈ വിലാപവും നന്ദിപ്രകടനവും. ദൈവത്തിന്‍റെ മിശിഹാ നിന്ദിക്കപ്പെട്ടവനായി തീരുമ്പോള്‍ ശത്രുക്കളുടെ മുമ്പില്‍ നിലനില്‍ക്കേണ്ട രാജവംശവും അവസാനിക്കുമെന്ന ഭീതി സങ്കീര്‍ത്തനവരികള്‍ ഉയര്‍ത്തുന്നുണ്ട്. ദൈവത്തിന്‍റെ മിശിഹാ നിന്ദിക്കപ്പെട്ടവനായി ശത്രുക്കളുടെ മുമ്പില്‍ നില്ക്കുന്നു. എന്നിട്ടും ഇനിയുമൊരു ദൈവികകാരുണ്യത്തിന്‍റെ സ്തുതിപ്പോടെയാണ് സങ്കീര്‍ത്തനം അവസാനിക്കുന്നത്, കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും, കാരുണ്യം പ്രകീര്‍ത്തിക്കും! ദൈവം കാരുണ്യവാനാണെന്നും, അവിടുത്തെ കാരുണ്യവും സ്നേഹവും ക്രിസ്തുവിലും ക്രിസ്തുവിലൂടെയും നമുക്ക് ലഭ്യമാണെന്നും നമുക്ക് വിശ്വാസത്തോടും ബോധ്യത്തോടുംകൂടെ പ്രഖ്യാപിക്കാം.
Psalm 89 Musical version
കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും
കാരുണ്യം പ്രകീര്‍ത്തിക്കും.
കര്‍ത്താവരുള്‍ ചെയ്യുന്നു എന്‍റെ പിതാവും ദൈവവും
രക്ഷാശിലയും അവിടുത്തെ ഞാന്‍ എന്‍റെ ആദ്യജാതനെന്നും അത്യുന്നതനെന്നും
എന്‍റെ കാരുണ്യം അവിടുത്തെമേല്‍ എന്നും ഉണ്ടായിരിക്കും
എന്‍റെ ഉടമ്പടി അവിടുത്തോടെന്നും അചഞ്ചലമായിരിക്കും.
വത്തിക്കാൻ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.