നമ്മെ തഴുകിയെത്തുന്ന ദൈവസ്നേഹത്തിന്‍റെ സങ്കീർത്തനം
- ഫാദർ വില്യം നെല്ലിക്കൽ
1. ഒരു സമ്പൂർണ്ണസ്തുതിപ്പ്
സാഹിത്യരൂപത്തില്‍ ഇതൊരു സമ്പൂര്‍ണ്ണ സ്തുതിപ്പാണ്. ദൈവത്തിന്‍റെ സ്നേഹത്തിനും കാരുണ്യത്തിനും അനുഗ്രഹങ്ങള്‍ക്കും അവിടുത്തേയ്ക്കു നന്ദിപറയുകയും, സ്തുതിക്കുകയും ചെയ്യുന്ന ഗീതമാണിത്. സ്തുതിക്കുവാനുള്ള ആഹ്വാനത്തിനുശേഷം ദൈവത്തിന്‍റെ രക്ഷാകര ചെയ്തികള്‍ ഒന്നൊന്നായ്‍ ഓര്‍ത്തുകൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തിനു നന്ദിപറയുന്നതും ശ്രദ്ധേയമാണ്. വളരെ ഹൃദയസ്പര്‍ശിയാണീ ഗീതം. ബാബിലോണ്‍ വിപ്രവാസകാലത്തിനു ശേഷമുള്ളതാണ് ഈ സങ്കീര്‍ത്തനം രചിക്കപ്പെട്ടതെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നുണ്ട്. കൂടുതല്‍ ശാസ്ത്രീയ വശങ്ങളിലേയ്ക്ക് കടക്കുന്നതിനു മുന്നെ നമുക്ക് മനോഹരമായ ഈ പ്രാര്‍ത്ഥനാഗീതത്തിന്‍റെ സംഗീതാവിഷ്ക്കാരം ശ്രവിക്കാം.
103-Ɔο സങ്കീര്‍ത്തനത്തിന്‍റെ സംഗീതാവിഷ്ക്കാരത്തില്‍ 11-Ɔമത്തെ വരിയാണ് ചരണം, അല്ലെങ്കില്‍ പ്രഭണിതമായി ഉപയോഗിച്ചിരിക്കുന്നത്. ‘കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമത്രേ.’
2. സങ്കീർത്തനത്തിന്‍റെ ഗാനരൂപം
സങ്കീർത്തനം ഗാനാവിഷ്ക്കാരംചെയതത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും.
Musical version of Psalm 103 :
കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
കാരുണ്യവാനുമത്രേ.
a. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക
എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക
എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും
മറക്കരുതേ, അങ്ങ് മറക്കരുതേ.
- കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
b. എന്‍റെ ആത്മാവേ,
കർത്താവു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു
നിന്‍റെ രോഗങ്ങൾ അവിടുന്നു സുഖപ്പെടുത്തുന്നു
അവിടുന്നു നിന്‍റെ ജീവനെ പാതാളത്തിൽനിന്നും ഉയർത്തുന്നു
അവിടുത്തെ സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
- കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
c. എന്‍റെ ആത്മാവേ,
കർത്താവു നിന്നെ ശാസിക്കുന്നില്ല
അവിടുത്തെ കോപമെന്നേയ്ക്കും നിലനില്‍ക്കുന്നില്ല
പാപങ്ങൾക്കൊത്ത് അവിടുന്നു നമ്മെ ശാസിക്കുന്നില്ല.
നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തു നമ്മോട് പകരംചെയ്യുന്നില്ല.
- കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
3. ഗീതത്തിന്‍റെ ഘടന
സങ്കീര്‍ത്തനത്തിന്‍റെ വരികളുമായി പരിചയപ്പെടാന്‍ നിരൂപകന്മാര്‍ അതിനെ 4 ഭാഗങ്ങളായി തിരിച്ചിരിക്കുന്നത് നമുക്ക് ശ്രദ്ധിക്കാം.
a. ദൈവിക കാരുണ്യത്തെക്കുറിച്ച് ധ്യാനിക്കുവാനുള്ള ആഹ്വാനം
b. സങ്കീര്‍ത്തകന്‍റെ രക്ഷാകരമായ അനുഭവങ്ങള്‍
c. ഇസ്രായേലിന്‍റെ ചരിത്രത്തിലെ രക്ഷാകര സംഭവങ്ങളുടെ അനുസ്മരണം
d. അവസാനമായി അത്യുന്നതനായ യാഹ്വേയെ സ്തുതിച്ചുകൊണ്ട്, മംഗളം പാടിക്കൊണ്ട് സങ്കീര്‍ത്തകന്‍ ഉപസംഹരിക്കുന്നു.
4. ദൈവികകാരുണ്യത്തിന്‍റെ ധ്യാനം
ആദ്യ ഭാഗം – ദൈവത്തിന്‍റെ രക്ഷാകര ചെയ്തികളെ അനുസ്മരിക്കുവാനുള്ള ആഹ്വാനമാണ്(1-2).
ഈ വരികളില്‍ ശ്രദ്ധേയമാകുന്നൊരു കാര്യം, സങ്കീര്‍ത്തകന്‍ തന്നോടുതന്നെ, തന്‍റെ ആത്മാവിനോട് കര്‍ത്താവിനെ സ്തുതിക്കുവാന്‍ ആഹ്വാനംചെയ്യുന്നതാണ്. ആത്മാവിന്‍റെ അര്‍ത്ഥം ഇവിടെ എന്താണ്? എന്നിലുള്ള ആന്തരികത, ആന്തരിക മനുഷ്യന്‍, എന്‍റെ ജീവന്‍, എന്‍റെ അന്തഃസത്തയുടെ മര്‍മ്മപ്രധാനവും വൈകാരികവും, പവിത്രവുമായ ആന്തരിക ചൈതന്യം എന്നൊക്കെ അര്‍ത്ഥം കല്പിക്കാറുണ്ട്. ഇവിടെ സ്തുതിപ്പിന് ഉപയോഗിക്കുന്ന ഹെബ്രായ പദം ‘ബാറക്ക്’ എന്നാണ്. അതിന്‍റെ അര്‍ത്ഥം, സ്തുതിക്കു യോഗ്യനായവന്‍ ശക്തനാണ്, ബഹുമാന്യനാണ് എന്നത്രേ! അതില്‍ സ്തുതിയുടേയും കൃതജ്ഞതയുടേയും ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ രക്ഷാകര ചെയ്തികളെ വിസ്മരിക്കുന്നത് അപകടകരമാണെന്നും സങ്കീര്‍ത്തകന്‍ വ്യക്തിപരമായി നമ്മെ ഉദ്ബോധിപ്പിക്കുന്നു.
Musical version of Psalm 103 :
കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
കാരുണ്യവാനുമത്രേ.
എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക
എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക
എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും
മറക്കരുതേ, അങ്ങ് മറക്കരുതേ.
- കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
5. സ്നേഹിക്കുന്ന ദൈവം
ഇനി രണ്ടാം ഭാഗത്ത് 3-5, സങ്കീര്‍ത്തകന്‍റെ രക്ഷാകരമായ അനുഭവങ്ങളാണ് ഇവിടെ.... വ്യക്തിപരമായ രക്ഷാകരാനുഭവങ്ങളാണ് സങ്കീര്‍ത്തകന്‍ പങ്കുവയ്ക്കുന്നത്. ദൈവം തന്‍റെ പാപങ്ങള്‍ ക്ഷമിക്കുകയും രോഗങ്ങള്‍ സുഖമാക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ പാപവും, രോഗവും ബന്ധപ്പെടുത്താറുണ്ട്. അകൃത്യങ്ങള്‍ മരണത്തിന്‍റെ തലത്തിലേയ്ക്ക്, കുഴിയിലേയ്ക്ക് സങ്കീര്‍ത്തകനെ കൊണ്ടുവരുന്നു.
ദൈവം മരണത്തില്‍നിന്നും അദ്ദേഹത്തെ രക്ഷിച്ചു. ദൈവത്തിന്‍റെ കരുണ സങ്കീര്‍ത്തകന് ആഭരണവും കിരീടവും പോലെയാണ്. അങ്ങനെ അദ്ദേഹം പുതുജീവനും ശക്തിയും നന്മകളും സ്വീകരിച്ച് സംതൃപ്തിനായി, എന്നു പറയുമ്പോള്‍ നമ്മുടെ ജീവിതക്ലേശങ്ങളുമായി സങ്കീര്‍ത്തകന്‍റെ ഈ രക്ഷയുടെ അനുഭവങ്ങളെ ബന്ധപ്പെടുത്താവുന്നതാണ്.
Musical version of Psalm 103 :
കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
കാരുണ്യവാനുമത്രേ .
എന്‍റെ ആത്മാവേ,
കർത്താവു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു
നിന്‍റെ രോഗങ്ങൾ അവിടുന്നു സുഖപ്പെടുത്തുന്നു
അവിടുന്നു നിന്‍റെ ജീവനെ പാതാളത്തിൽനിന്നും ഉയർത്തുന്നു
അവിടുത്തെ സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
- കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
6. രക്ഷിക്കുന്ന ദൈവം
മൂന്നാം ഭാഗത്ത് 6-18 ഇസ്രായേലിന്‍റെ ജീവിതത്തില്‍ ദൈവം എങ്ങനെ ബന്ധപ്പെട്ടുവെന്നും രക്ഷയുടെ ചരിത്രത്തില്‍ ദൈവം തന്‍റെ ജനത്തോടു കാണിച്ച കൃപാതിരേകങ്ങള്‍ വരികളില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
കര്‍ത്താവിന്‍റെ രക്ഷാകര ചരിത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഗീതകം സ്തുതി പറയുന്നത്. അവ അവിടുത്തെ വിശ്വസ്തതയുടെ അടയാളങ്ങളാണ്. അവയുടെ ആരംഭം മോശയ്ക്കു നല്കിയ വെളിപാടാണ്. വാക്യങ്ങളില്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തനങ്ങളെയും അവിടുത്തെ വ്യക്തിത്വത്തെയും വിവരിക്കുന്നു. കാരുണ്യവും ക്ഷമയും നന്മയും അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. അവിടുന്ന് നമ്മെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല, വൈരം കാത്തു സൂക്ഷിക്കുന്നുമില്ല. വീഴ്ചകളില്‍ ശിക്ഷിക്കുന്നില്ല. അവിടുത്തെ നന്മയും സ്നേഹവും കാരുണ്യവും സീമാതീതമാണ്. അവിടുന്ന് കരുണാമയനും സ്നേഹനിധിയുമായ പിതാവാണ്. പഴയനിയമത്തില്‍ ‘ദൈവപുത്രന്‍’ എന്ന പ്രയോഗം പ്രധാനമായും സൂചിപ്പിക്കുന്നത് രാജാവിനെയാണ്. ഇസ്രായേല്‍ ദൈവത്തിന്‍റെ മകനാണ്. എഫ്രേം ദൈവത്തിന്‍റെ ഓമനക്കുട്ടനാണ്. ഇസ്രായേല്‍ ജനം അവിടുത്തെ ‘പിതാവേ,’ എന്നു വിളിച്ചപേക്ഷിക്കുന്നു.
7. ഉപസംഹാരം
മനുഷ്യജീവിതത്തിന്‍റെ വ്യര്‍ത്ഥതയും ദൗര്‍ബല്യവും ഈ സങ്കീര്‍ത്തന പദങ്ങള്‍ വിവിരിക്കുന്നുണ്ട്. മനുഷ്യനില്‍നിന്ന് എന്തു പ്രതീക്ഷിക്കാമെന്ന് ദൈവത്തിനറിയാം. ചുടുകാറ്റില്‍ ഉണങ്ങുന്ന പുല്ലുപോലെയാണ് മനുഷ്യജീവിതം. അത് നൈമിഷികമാണ്, കടന്നുപോകുന്നതാണ്. ദൈവത്തിന്‍റെ വചനമാണ് എന്നും നിലനില്ക്കുന്നത്. എന്നാല്‍ ഇവിടെ ദൈവത്തിന്‍റെ നിത്യമായ രക്ഷാകര ശക്തി, അവിടുത്തെ സ്നേഹകാരുണ്യം മനുഷ്യന്‍റെ മര്‍ത്ത്യതയെ അതിജീവിക്കുന്നതായി സങ്കീർത്തകൻ നമ്മെ പഠിപ്പിക്കുന്നു. അവിടുത്തെ അനുസരിക്കുന്ന ഉടമ്പടിയുടെ ജനത്തിനുള്ളതാണ് ഈ ദൈവികകാരുണ്യം നമ്മെ ഉദ്ബോധിപ്പുന്നു, അനുസ്മരിപ്പിക്കുന്നു.
Musical version of Ps. 103, verse 3 :
കർത്താവേ, അങ്ങ് ആർദ്രഹൃദയനും
കാരുണ്യവാനുമത്രേ.
എന്‍റെ ആത്മാവേ,
കർത്താവു നിന്നെ ശാസിക്കുന്നില്ല
അവിടുത്തെ കോപമെന്നേയ്ക്കും നിലനില്‍ക്കുന്നില്ല
പാപങ്ങൾക്കൊത്ത് അവിടുന്നു നമ്മെ ശാസിക്കുന്നില്ല.
നമ്മുടെ അകൃത്യങ്ങൾക്ക് ഒത്തു നമ്മോട് പകരംചെയ്യുന്നില്ല.
- കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും
വത്തിക്കാന്‍ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയിൽ 103-Ɔο സങ്കീര്‍ത്തനത്തിന്‍റെ ഒരു സംക്ഷിപ്ത പഠനം.