തിരയുക

യേശു സൗഖ്യദായകൻ,  മൊസൈക് ചിത്രീകരണം ഫാദർ രൂപിനിക്. യേശു സൗഖ്യദായകൻ, മൊസൈക് ചിത്രീകരണം ഫാദർ രൂപിനിക്. 

മനസ്സാകുമെങ്കിൽ യേശുവേ, ഞങ്ങൾക്കു സൗഖ്യം നല്കണേ!

ആണ്ടുവട്ടം ആറാംവാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം – ശബ്ദരേഖയോടെ... വിശുദ്ധ മര്‍ക്കോസ് 1, 40-45.

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

ആണ്ടുവട്ടം 6-Ɔ൦വാരം ഞായർ വചനചിന്തകൾ


ആമുഖം

കൊറോണാ മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന, കോവിഡ് 19 രോഗബാധ ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുന്ന വേളയിൽ ആശ്വാസമേകുന്ന വചനഭാഗമാണ് തിരുസഭ ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. രോഗം എങ്ങനെയാണ് ഒരു മനുഷ്യ ജീവനെ പ്രതികൂലമായി ബാധിക്കുന്നതെന്നും, എന്നാൽ അതേ രോഗത്തെ യേശു എങ്ങനെയാണ് സൗഖ്യമാക്കുന്നതെന്നും ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും യഥാക്രമം വിവരിക്കുന്നുണ്ട്. വിശ്വസിക്കുന്നവർക്ക് പ്രത്യാശയോടെ മുന്നോട്ട് പോകുവാനുള്ള വഴിവിളക്കാണ് ഇന്നത്തെ വായനകൾ.

യേശുവിന്‍റെ സമീപനം

യേശു ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നതാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്. കുഷ്ഠരോഗം, അത് ചർമ്മത്തെയും അവയവങ്ങളെയും കാർന്നുതിന്നു പതുക്കെ ഒരാളെ മരണത്തിലേക്കാനയിക്കും. അതുകൊണ്ടാണ് ജോബിന്‍റെ പുസ്തകത്തിലെ ബിൽദാദ് എന്ന കഥാപാത്രം അതിനെ മരണത്തിന്‍റെ ആദ്യജാതൻ അഥവാ "ബെഹോർ മോത്ത്" എന്ന് വിളിക്കുന്നത്. യഹൂദ പാരമ്പര്യത്തിൽ കുഷ്ഠം ബാധിച്ചവൻ ജഡത്തിനു തുല്യമാണ്. സഞ്ചരിക്കുന്ന ജഡമാണവൻ. യഹൂദരുടെ നിയമമനുസരിച്ച് ശവശരീരമാണ് ഏറ്റവും അശുദ്ധമായത്. ജഡത്തിനുശേഷം ഏറ്റവും അശുദ്ധമായി അവർ കരുതുന്നത് കുഷ്ഠരോഗികളെയാണ്. അതുകൊണ്ടാണ് ലേവ്യരുടെ പുസ്തകത്തിലെ 13,14 അധ്യായങ്ങൾ കുഷ്ഠരോഗത്തെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നത്. ഈയൊരു സാമൂഹിക-സാംസ്കാരിക-ആത്മീയ പശ്ചാത്തലം മനസ്സിലാക്കിയാൽ യേശുവിന്‍റെ വാക്കുകളിലേയും പ്രവർത്തികളിലേയും വിപ്ലവാത്മകത മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. യേശുവിന്‍റെ വൈകാരികതയെ വിവരിക്കാൻ സുവിശേഷകൻ ചില പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി "കരുണ തോന്നുക", "സ്പർശിക്കുക" "കർശനമായി താക്കീതു ചെയ്യുക". മർക്കോസ് സുവിശേഷകന്‍റെ ഒരു പ്രത്യേകതകൂടിയാണിത്. നോക്കുക, സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും വിപരീത ദിശയിലൂടെ യേശു സഞ്ചരിക്കുന്നു. കുഷ്ഠരോഗിയെ സ്പർശിച്ചുകൊണ്ട് സൗഖ്യം നൽകുന്നു. എന്നിട്ടവനെ പുറംതള്ളിയ അതേ സമൂഹത്തിലേക്ക് തന്നെ തിരിച്ചയക്കുന്നു. വ്യത്യസ്തമായ ഒരു കൽപ്പനയും നൽകുന്നില്ല. നീ ഏതു സമൂഹത്തിൽനിന്നും വരുന്നുവോ ആ സമൂഹത്തിലേക്ക് തന്നെ തിരികെ പോകുക. ആ സമൂഹത്തിന്‍റെയും മതത്തിന്‍റെയും നിയമങ്ങൾ പാലിച്ച് ഒരു നിശബ്ദ ജീവിതം നയിക്കുക. ഓർക്കുക, യേശുവിനെപ്പോലെ ആർദ്രതയുള്ളവരാകാനാണ് നമ്മളും വിളിക്കപ്പെട്ടിരിക്കുന്നത്. അവശരോടും ആർത്തരോടുമുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വേണം. നമ്മുടെ സമൂഹത്തിൽ അവർ ഇനി ഒറ്റപ്പെട്ടവരാകരുത്. നമ്മുടെ കരുണയും സ്പർശനവും അവർക്കും ലഭിക്കണം. നമ്മൾ ഓരോരുത്തരിലൂടെയും അവർ ദൈവസാന്നിധ്യം അനുഭവിച്ചറിയണം.

രണ്ട് അത്ഭുതങ്ങൾ

സൗഖ്യപ്പെടുത്തലിലേയ്ക്ക് തിരികെവരാം. യഥാർത്ഥത്തിൽ ഇവിടെ ഒരത്ഭുതമല്ല, മറിച്ച് രണ്ട് അത്ഭുതങ്ങളാണ് സംഭവിക്കുന്നത്.

ഒന്നാമത്തെ അത്ഭുതം: "ഒരു കുഷ്ഠരോഗി യേശുവിന്‍റെ അടുത്തെത്തുന്നതാണ്". യേശുവിന്‍റെ കാലത്തും, അതിനു മുമ്പുമുള്ള കുഷ്ഠരോഗികളുടെ അവസ്ഥയെകുറിച്ച് ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിച്ചു. സാമൂഹ്യമായി പിന്തള്ളപ്പെട്ട് മരിച്ചതിന് തുല്യമായി ജീവിക്കുന്ന രോഗി തന്‍റെ രോഗവും സമൂഹവും തീർത്ത പരിമിതികളെയും വിലക്കുകളെയും തരണംചെയ്തുകൊണ്ട് യേശുവിന്‍റെ മുൻപിൽ വരികയും, അവന്‍റെ ആഴമേറിയ വിശ്വാസത്തിലും ആ വിശ്വാസത്തിന്‍റെ ഫലമായുണ്ടായ പ്രത്യാശയിലും ധൈര്യത്തിലും യേശുവിനോട് സൗഖ്യം അപേക്ഷിക്കുകയാണ്. അന്നത്തെക്കാലത്തെ കുഷ്ഠരോഗം പാപത്തിന്‍റെ ഫലമായ ദൈവശിക്ഷയായികണ്ടിരുന്നു. ഈ കുഷ്ഠരോഗിയും താൻ പാപിയാണെന്നും തന്‍റെ രോഗം ദൈവശിക്ഷയാണെന്നും കരുതി. അതുകൊണ്ടാണ് "നിനക്ക് മനസ്സുണ്ടങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും" എന്നപേക്ഷിക്കുന്നത്.

രണ്ടാമത്തെ അത്ഭുതം: യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു. മോശയുടെ നിയമപ്രകാരം അശുദ്ധനായവനെ "എനിയ്ക്ക് മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ" എന്ന് പറഞ്ഞുകൊണ്ടാണ് യേശു സ്പർശിക്കുന്നത്. ഈ സൗഖ്യത്തിന് മൂന്ന് വ്യത്യസ്ത തലങ്ങളുണ്ട്.
ഒന്നാമതായി - വൈദ്യശാസ്ത്രതലമാണ് കാരണം, അവന്‍റെ കുഷ്ഠരോഗം പൂർണ്ണമായിമാറുന്നു. അവൻ രോഗവിമുക്തനാകുന്നു.
രണ്ടാമതായി - സാമൂഹ്യ തലമാണ്. സമൂഹത്തിൽനിന്ന് പുറംതള്ളപ്പെട്ടവൻ വീണ്ടും സമൂഹത്തിലേയും കുടുംബത്തിലേയും അംഗമാകുന്നു.
മൂന്നാമതായി - ദൈവശാസ്ത്ര തലമാണ്. ഈ അത്ഭുതത്തിലൂടെ അവൻ യേശുവിൽ പിതാവായ ദൈവത്തെ കാണുന്നു സ്പർശിക്കുന്നു. അവൻ പാപിയാണെന്ന് കരുതിയിരുന്ന മതസമൂഹത്തിൽ അവന്‍റെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു.

എന്തുകൊണ്ട് അത്ഭുതത്തെക്കുറിച്ച് ആരോടും പറയരുത്?

സൗഖ്യമാക്കപ്പെട്ടവനെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി അയക്കുമ്പോൾ അവനു ലഭിച്ച സൗഖ്യത്തെക്കുറിച്ച് ആരോടും സംസാരിക്കരുതെന്ന് യേശു താക്കീത് ചെയ്യുന്നു. ഇത്തരത്തിൽ യേശുവിന്റെ അത്ഭുതപ്രവർത്തനത്തിന് പാത്രീഭവിച്ചവരോടും അതിന് സാക്ഷ്യം വഹിച്ചവരോടും അതിനെകുറിച്ച് മറ്റാരോടും പറയരുതെന്ന് യേശു വിലക്കുന്നത് വിശുദ്ധ മർക്കോസിന്‍റെ സുവിശേഷത്തിലെ വിവിധഭാഗങ്ങളിൽ നാം കാണുന്നു. എന്താണ് കാരണം? യേശുവിന്‍റെ അത്ഭുതങ്ങളെക്കുറിച്ച് മാത്രം പ്രഘോഷിക്കുന്നവനും, അത് മാത്രം കേൾക്കുന്നവനും ഒരിക്കലും യേശുവിനെ പൂർണ്ണമായി മനസിലാക്കുവാൻ സാധിക്കില്ല. മറിച്ച് അത്ഭുങ്ങളോടൊപ്പം യേശുവിന്‍റെ പീഡാനുഭവത്തെയും, മരണത്തെയും, ഉത്ഥാനത്തേയും കുറിച്ച് പ്രഘോഷിക്കപ്പെടുമ്പോൾ മാത്രമെ യേശുവിനെ പൂർണ്ണമായി മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.

പേരു സൂചിപ്പിക്കാതെയാണ് സുവിശേഷകൻ യേശു നൽകുന്ന സൗഖ്യത്ത നമ്മോട് പങ്കുവെയ്ക്കുന്നത്. ആ പേരില്ലാത്തവന് നാം പേര് നൽകേണ്ടിയിരിക്കുന്നു. ഒരു പക്ഷെ അവനിൽ നമ്മെത്തന്നെ ആവഹിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് യേശുവിന്‍റെ മുന്നിൽ ചെന്ന് നാമും പറയണം: "മനസ്സാകുമെങ്കിൽ അങ്ങേയ്ക്കെന്നെ ശുദ്ധനാക്കാൻ കഴിയു"മെന്ന്. അപ്പോൾ അവൻ കൈനീട്ടി സ്പർശിച്ചുകൊണ്ട് പറയും; "എനിക്ക് മനസ്സുണ്ട്: നിനക്കു ശുദ്ധിയുണ്ടാകട്ടെ".

ഉപസംഹാരം

ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന സന്ദേശം ഇതാണ് - സമൂഹവും ജീവിതവും തീർക്കുന്ന പരിധികൾക്കും പരിമിതികൾക്കുമപ്പുറം യേശുവിൽ വിശ്വസിക്കുകയും, യേശുവിനെ കാണുകയും വേണം. യേശുവിനോട് സംസാരിക്കാനും നാം ധൈര്യപ്പെടണം. നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയുമെന്ന പ്രത്യാശ നമുക്കുണ്ടാവണം. യേശു നമ്മെ സ്പർശിക്കുമ്പോൾ നമുക്കും പുതു ജീവിതം ലഭിക്കും. ആമേൻ.

ഗാനം ആലപിച്ചത് കെസ്റ്റര്‍, രചന ഫാദർ തദേവൂസ് അരവിന്ദത്ത്, സംഗീതം വയലിൻ ജേക്കബ്.

ആണ്ടുവട്ടം 6-Ɔ൦വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2021, 13:20