തിരയുക

ദൈവിക പരിപാലനത്തിന്‍റെ പ്രതീകം ദൈവിക പരിപാലനത്തിന്‍റെ പ്രതീകം 

വിലാപസങ്കീർത്തനം : ദൈവത്തിൽ അർപ്പിക്കുന്ന പ്രത്യാശ

സങ്കീർത്തനം 80 – ഒരു വിലാപഗീതത്തിന്‍റെ പഠനം – ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

80-ാം സങ്കീര്‍ത്തനത്തിന്‍റെ പഠനം.


1. വിലാപം പ്രാർത്ഥനയുടെ ഭാവപ്രകടനം 
80-ാം സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്ത പഠനമാണിന്ന്. ഇതൊരു വിലാപ സങ്കീര്‍ത്തനമാണ്. പ്രത്യേകിച്ചും സമൂഹത്തിന്‍റെ വിലാപകീര്‍ത്തനമെന്നാണ് നിരൂപകന്മാര്‍ സ്ഥിരപ്പെടുത്തിയിട്ടുള്ളത്. സങ്കീര്‍ത്തനങ്ങളുടെ സാഹിത്യ ഘടനയെക്കുറിച്ചുള്ള പഠനത്തിൽ വിലാപ സങ്കീര്‍ത്തനം എന്നൊരു വിഭാഗം തന്നെയുണ്ട്. സാഹിത്യഘടനയില്‍ വിലാപം പ്രാര്‍ത്ഥനയുടെ ഒരു ഭാവവും ഭാവപ്രകടനവുമാണ്. അത് വ്യക്തിയുടേതാണെങ്കില്‍ വ്യക്തിഗത വിലാപമെന്നും, സമൂഹത്തിന്‍റേതാണെങ്കില്‍ സമൂഹവിലാപമെന്നും രണ്ടായി തരം തിരിക്കാം. ഇസ്രായേലിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും, ആരാധനയ്ക്ക് ഏറെ ഉപയോഗിക്കുന്നതുമായ വിഭാഗമാണ് വിലാപഗീതങ്ങള്‍, അല്ലെങ്കില്‍ യാചനാഗീതങ്ങള്‍.

2. സഹായത്തിനായുള്ള മനുഷ്യന്‍റെ നിലവിളി
വിലാപഗീതങ്ങളുടെ  ഘടന പരിശോധിച്ചാൽ, ഒരാമുഖവും, പിന്നെ പ്രധാനഭാഗവും, ഉപസംഹാരവുമാണ് പൊതുവെ വിലാപസങ്കീര്‍ത്തനങ്ങളുടെ ഘടന. അത് വ്യക്തിയുടെ വിലാപമായാലും സമൂഹത്തിന്‍റെ വിലാപമായാലും എല്ലാം ഒരൂപോലെയാണ്. ആമുഖത്തില്‍ സങ്കീര്‍ത്തകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള നിലവിളി പലപ്പോഴും ആജ്ഞാരൂപത്തിലോ, യാചനാരൂപത്തിലോ, ആവലാതി അല്ലെങ്കില്‍ പരാതിയായിട്ടോ പ്രത്യക്ഷപ്പെടാം. അതിന്‍റെ ആവര്‍ത്തനങ്ങളും വിലാപ സങ്കീര്‍ത്തനങ്ങളുടെ പ്രത്യേകതയായി നാം മനസ്സിലാക്കേണ്ടതാണ്. ഇതുവഴി വിലപിക്കുന്നവന്‍ തന്‍റെ ജീവിതത്തില്‍ ദൈവത്തിനുള്ള പ്രഥമസ്ഥാനവും, വിശ്വാസവും വെളിപ്പെടുത്തുകയാണ്.

വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, എന്ന് പുതിയ നിയമത്തില്‍ ക്രിസ്തു ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ. വിലപിക്കുന്നവര്‍, അത് ആരുതന്നെയായാലും അവര്‍ ദൈവത്തിങ്കലേയ്ക്കാണ് തിരിയുന്നതെന്നതെന്ന സത്യം സുവ്യക്തമാണ്. വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്‍റെ ആവലാതിയും വേവലാതിയുമൊക്കെ ദൈവസന്നിധിയിലാണ് വാക്കുകളിലും വരികളിലും, ഈണത്തിലും താളത്തിലും സമര്‍പ്പിക്കപ്പെടുന്നത്. നമുക്ക് സങ്കീർത്തനത്തിന്‍റെ ഗാനരൂപം ശ്രവിച്ചുകൊണ്ട് പഠനം തുടരാം.

80-ാം സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ഇത് ആലപിച്ചത് ‍ഡാവിനയും സംഘവുമാണ്.

Musical Version of Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)

a) ഇസ്രയേലിന്‍റെ ഇടയനേ, ഞങ്ങളെ ശ്രവിക്കേണമേ
കെറൂബുകളുടെ മേല്‍ വസിക്കുന്നവേ, ഞങ്ങളെ പ്രകാശിപ്പിക്കേണമേ
ഉണര്‍ന്നു ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരേണമേ.
ദൈവമേ, ഞങ്ങളേ പുനരുത്ഥരിക്കേണമേ.
- ദൈവമേ, നിന്‍ സന്നിധി...

b) സൈന്ന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ
അങ്ങേ വലതുകരം നീട്ടിയീ മുന്തിരിച്ചെടിയെ എന്നും പരിഗണിക്കേണമേ.
അങ്ങു വിളിച്ചയീ പുത്രനെ പരിപാലിക്കാന്‍ വേഗംവരേണമേ
ദൈവമേ, ഞങ്ങളെ കടാക്ഷിക്കേണമേ.
- ദൈവമേ, നിന്‍ സന്നിധി...

3. വരികൾ വിവരിക്കുന്ന ദൈവികസംരക്ഷണം
സങ്കീര്‍ത്തനങ്ങളിലൂടെ മനുഷ്യന്‍ വിലപിക്കുമ്പോഴും അതില്‍ ഉള്‍ച്ചേരുന്ന ഉപമയിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും ദൈവിക നന്മയും സംരക്ഷണവും അവൻ പ്രകീര്‍ത്തിക്കുകയാണ്. ആരാധകന്‍ ദരിദ്രനും ക്ലേശിതനുമായിട്ടാണ് വിലാപ സങ്കീര്‍ത്തനങ്ങളില്‍ സ്വയം വിശേഷിപ്പിക്കപ്പെടുന്നത്, അല്ലെങ്കില്‍ ചിത്രീകരിക്കപ്പെടുന്നത്. കൂടാതെ ഗീതത്തിന്‍റെ പ്രധാന ഭാഗത്ത് വിലാപം, യാചന അല്ലെങ്കില്‍ അപേക്ഷ തുടങ്ങിയ ആശയങ്ങള്‍ കൂടുതല്‍ വിസ്തരിക്കപ്പെടുന്നതായി നമുക്കു കാണാം. ഇവിടെ ആരാധകന്‍ തന്‍റെ ആവലാതി ദൈവത്തിന്‍റെ മുമ്പാകെ ചൊരിയുകയാണ്, വിലപിക്കുകയാണ്. അതുവഴി ഹൃദയത്തിന് ആശ്വാസം ലഭിക്കുന്നു. കൂടാതെ, അപേക്ഷിക്കുന്നവരു‌ടെ യാചനയോട് പ്രതികരിക്കാന്‍ ദൈവം പ്രേരിതനായിത്തീരുന്നു എന്നുവേണം അനുമാനിക്കുവാന്‍, വിശ്വസിക്കുവാന്‍...!

4. ഇസ്രായേലിന്‍റെ ഇടയനായ ദൈവം
വിലാപത്തിന്‍റെ ഈ സവിശേഷതകള്‍ നാം ഇന്ന് പഠനവിഷയമാക്കിയിരിക്കുന്നു. ഇസ്രായേലിന്‍റെ ഇടയനേ, എന്ന അഭിസംബോധന 80-ാം സങ്കീര്‍ത്തനത്തിന്‍റെ പ്രത്യേകതയാണ്. സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ഇസ്രായേലിന്‍റെ ഇടയനെ വിളിച്ചപേക്ഷിച്ചുകൊണ്ടാണ്... ദൈവം നല്ല ഇടയന്‍, എന്നത് ഇസ്രായേല്യരുടെ മാത്രം ദൈവത്തെക്കുറിച്ചുള്ള തനിമയാര്‍ന്ന വിശേഷണവും, പ്രതിബിംബവുമാണ്. ഇടയനായ ദൈവം ഇസ്രായേലിലെ പിതാക്കന്മാരെ തിന്മകളില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. കൈയ്യിലെ ഇടയവടികൊണ്ട് ദൈവം തന്‍റെ ജനത്തെ ആട്ടിന്‍പറ്റത്തെപ്പോലെ നയിച്ചിട്ടുണ്ട്. നല്ലിടയനായ അവിടുന്ന് കണ്ണിമയ്ക്കാതെ ഇസ്രായേലിനെ കാത്തുപാലിച്ചിട്ടുണ്ട്. തന്‍റെ ജനത്തെ ഇന്നും കാത്തുപാലിക്കുന്നുണ്ട്. ഇസ്രായേലും ദൈവവുമായുള്ള ഉറ്റബന്ധം, ആത്മബന്ധം കര്‍ത്താവിന് അവരുടെമേലുള്ള ആധിപത്യം, ജനത്തോടുള്ള സ്നേഹവാത്സല്യം, ജനത്തിനു നല്കുന്ന സംരക്ഷണം തുടങ്ങിയവ സങ്കീര്‍ത്തനം 80 വരച്ചുകാട്ടുന്ന ഇടയരൂപം, അല്ലെങ്കില്‍ ഇടയന്‍റെ ഉപമ വെളിവാക്കുന്നു.

5. ജനമദ്ധ്യത്തിൽ വസിക്കുന്ന ദൈവം
ജോസഫ്, ഈജിപ്തിലെ ഇസ്രയേലിനെയും ഇസ്രായേല്‍ ജനത്തെയുമാണ് സൂചിപ്പിക്കുന്നത്. കാനാന്യരുടെ ഇടയില്‍ ഉണ്ടായിരുന്ന “സിംഹാസനസ്ഥനായ ദൈവം” എന്ന ആശയമാണ് ഗീതത്തിലെ “കെറൂബുകളുടെ ഇടയിൽ വസിക്കുന്നവനേ...” അത് ദൈവത്തിന്‍റെ സ്വര്‍ഗ്ഗീയ സ്ഥാനമാണ് വ്യക്തമാക്കുന്നതെന്നാണ് പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നത്. “മേഘങ്ങളില്‍ സിംഹാസനസ്ഥനായ ദൈവ”മെന്നും ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളില്‍ പ്രയോഗമുള്ളത് മറ്റു സങ്കീർത്തനങ്ങളിലും കാണാവുന്നതാണ്. സങ്കീര്‍ത്തനത്തിന്‍റെ ആമുഖ പദങ്ങളില്‍ ഈ പ്രയോഗം വളരെ സ്പഷ്ടമാണ്.

Musical Version of Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)

ഇസ്രായേലിന്‍റെ രക്ഷകനേ, ഞങ്ങളെ അങ്ങു സഹായിക്കേണമേ
അങ്ങേശുശ്രൂഷകനാം മനുഷ്യപുത്രനേ, അങ്ങു സദാ തുണയ്ക്കേണമേ
അങ്ങേ നാമം വിളിച്ചപേക്ഷിക്കുന്ന ഞങ്ങളിൽ
അങ്ങേ ജീവൻ ചൊരിയേണമേ,
ദൈവമേ, ഞങ്ങളെ അങ്ങു കൈവെടിയരുതേ....!

6. രക്ഷയ്ക്കായുള്ള വിലാപം
ഇസ്രായേലിന്‍റെ പുറപ്പാടിലും പ്രയാണത്തിലും അവര്‍ തോറ്റുപോയ ചെറുഗോത്രങ്ങള്‍ക്ക് മുമ്പില്‍ കര്‍ത്താവ് സാഹസികമായ ശക്തിയോടെ പ്രത്യക്ഷപ്പെടണം, രക്ഷിക്കാന്‍ വേഗം വരണം ഇതാണ് സങ്കീര്‍ത്തകന്‍റെ യാചന, ജനത്തിന്‍റെ അപേക്ഷ. സഹായത്തിനും രക്ഷയ്ക്കുമായുള്ള വിലാപമാണ് സങ്കീര്‍ത്തന പദങ്ങളില്‍ ഉടനീളം വെളിപ്പെട്ടു കിട്ടുന്നത്. ഇസ്രയേലിന്‍റെ പുനരുദ്ധാരണത്തിനുവേണ്ടിയാണ് മൂന്നാമത്തെ വാക്യത്തില്‍ പ്രാര്‍ത്ഥിക്കുന്നത്. പ്രകാശിക്കുന്ന മുഖം ദൈവത്തിന്‍റെ അനുഗ്രഹത്തിന്‍റെയും കടാക്ഷത്തിന്‍റെയും അടയാളമാണ്.
ദൈവകോപം ജനത്തിന്‍റെ മേല്‍ വിന വരുത്തിവച്ചിരിക്കുന്നു. അതു തുടങ്ങിയിട്ട് ഏറെക്കാലമായി. നിരന്തരമായ പ്രാര്‍ത്ഥനകള്‍ ഫലരഹിതമായിരുന്നു. ഇസ്രയേലിലെ ഗോത്രങ്ങള്‍ വലിയ ദുരിതത്തിലാണ്.

ക്രിസ്തുവിന് 500, 550 വര്‍ങ്ങള്‍ക്കുമുന്‍പ് നെബുക്കദനേസര്‍ രാജാവിന്‍റെ കാലത്തുണ്ടായ വിപ്രവാസമാകാം ഇവിടെ വിവക്ഷിക്കുന്നത്. അല്ലാതെ മറ്റൊരു ദേശീയ പ്രതിസന്ധിയൊ കെടുതിയോ ഇസ്രായേലിന്‍റെ ചരിത്രത്തില്‍ നാം കാണുന്നില്ല. അത് സാമാന്യം നീണ്ടുനിന്ന വിപ്രവാസമാണ്, 50 .നീണ്ട വര്‍ഷക്കാലം. പിന്നെ നഷ്ടപ്പെട്ട ആധിപത്യം കൈക്കലാക്കാന്‍ ഇസ്രയേലിന്‍റെ അയല്‍ക്കാര്‍ അസീറിയാക്കാര്‍ പരിശ്രമിച്ചു. ഇവരുടെയെല്ലാം മുന്നില്‍ ഇസ്രയേല്‍ പരിഹാസപാത്രമായിരിക്കുകയാണ്. അപ്പോഴും യാവേയിലുള്ള പ്രത്യാശ കൈവെടിയാതെ ഇസ്രായേല്‍ ദൈവത്തിങ്കലേയ്ക്കു തിരിയുന്നു, വിലപിക്കുന്നു, രക്ഷയ്ക്കായ് കേഴുന്നു... അതാണ് ഈ യാചനാഗീതം, വിലാപഗീതം - സങ്കീര്‍ത്തനം 80 നമുക്ക് പകര്‍ന്നു നല്കുന്ന സന്ദേശവും പ്രചോദനവും. പ്രതിസന്ധികളിൽ ദൈവത്തിൽ ശരണപ്പെട്ട്, ദൈവത്തോടു കരഞ്ഞപേക്ഷിച്ച് രക്ഷയുടെ വെളിച്ചത്തിലേയ്ക്കു തിരിയാം.

Musical Version of Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)

a) ഇസ്രയേലിന്‍റെ ഇടയനേ, ഞങ്ങളെ ശ്രവിക്കേണമേ
കെറൂബുകളുടെ മേല്‍ വസിക്കുന്നവേ, ഞങ്ങളെ പ്രകാശിപ്പിക്കേണമേ
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരേണമേ.
ദൈവമേ, ഞങ്ങളേ പുനരുത്ഥരിക്കേണമേ.
- ദൈവമേ, നിന്‍ സന്നിധി...

b) സൈന്ന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ
അങ്ങേ വലതുകരം നീട്ടിയീ മുന്തിരിച്ചെടിയെ എന്നും പരിഗണിക്കേണമേ.
അങ്ങു വിളിച്ചയീ പുത്രനെ പരിപാലിക്കാന്‍ വേഗംവരേണമേ
ദൈവമേ, ഞങ്ങളെ കടാക്ഷിക്കേണമേ.
- ദൈവമേ, നിന്‍ സന്നിധി...

വത്തിക്കാന്‍ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയിൽ 80-ാം സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്ത പഠനം.
 

22 February 2021, 15:57