തിരയുക

 ശൈത്യകാലത്തെ   ഒളിമങ്ങിയ പ്രകൃതി ശൈത്യകാലത്തെ ഒളിമങ്ങിയ പ്രകൃതി 

ക്ലേശങ്ങളിൽ ഉഴലുന്ന മനുഷ്യന്‍റെ വിലാപം

85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ സംക്ഷിപ്ത പഠനവും – സങ്കീർത്തനത്തിന്‍റെ ഗാനരൂപവും ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

സങ്കീര്‍ത്തനം 85 - സംക്ഷിപ്തപഠനം

1. ഒരു വിലാപഗീതത്തിന്‍റെ പഠനം
സാഹിത്യരൂപത്തില്‍ ഇതൊരു വിലാപ സങ്കീര്‍ത്തനമാണ്. ഒപ്പം സമൂഹവിലാപവുമാണെന്ന് നിരൂപകന്മാര്‍ തരംതിരിച്ചിട്ടുണ്ട്. വിലാപത്തിന്‍റെ സാഹചര്യം വിപ്രവാസമാണ്. ക്രിസ്തുവിന് ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഇസ്രായേലിന്‍റെ അടിമത്വത്തിന്‍റെ ചരിത്രമാണത്. ഇസ്രായേലിലെ ജൂദയ ഗോത്രത്തില്‍പ്പെട്ടവരെയാണ് ബാബിലോണിയന്‍ രാജാവായ നെബുക്കദനേസര്‍ അടിമകളാക്കിയത്. 60 വര്‍ഷങ്ങളിലേറെ നീണ്ടുനിന്ന ബാബിലോണ്‍ വിപ്രവാസത്തിനുശേഷം ജരൂസലേമിലേയ്ക്കുള്ള ഇസ്രായേല്യരുടെ, ജൂദയാ ഗോത്രക്കാരുടെ തിരിച്ചുവരവാണ് നാം പഠനവിഷയമാക്കുന്ന സങ്കീര്‍ത്തനത്തിന്‍റെ പശ്ചാത്തലവും പ്രതിപാദ്യവിഷയവും. വിപ്രവാസത്തില്‍നിന്നുമുള്ള തിരിച്ചു വരവിലാണ് വിലാപമെന്ന് നാം മനസ്സിലാക്കണം. അപ്പോള്‍ എന്തിനെക്കുറിച്ചാണ് വിലാപമെന്നു ചോദിക്കാം. നിരൂപകന്മാര്‍ സങ്കീര്‍ത്തനത്തെ മൂന്നു ഖണ്ഡങ്ങളായി, 3 ഭാഗങ്ങളായി തിരിച്ചിരിക്കുന്നത് പരിശോധിച്ചാല്‍ മതിയാകും.

2. വിലാപഗീതത്തിന്‍റെ ഗാനരൂപം
ഗീതത്തിന്‍റെ ആദ്യഭാഗത്തിന്‍റെ ഗാനാവിഷ്ക്കാരം ശ്രവിച്ചുകൊണ്ട് നമുക്കീ പഠനം തുടരാം.
85-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം പ്രിന്‍സിയും സംഘവുമാണ്.

Musical version of Psalm 85
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ
നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

a. കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു
തന്‍റെ ജനത്തിന് അവിടുന്ന് സമാധാനം അരുളുന്നു.
അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്.
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളുന്നു,
കുടികൊള്ളുന്നു.

b. കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കുന്നു.
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കുന്നു,
കടാക്ഷിക്കുന്നു.

c. കര്‍ത്താവു നന്മ ഭൂമിയില്‍ പ്രദാനംചെയ്യുന്നു.
നമ്മുടെ ദേശത്തു സമൃദ്ധമായ് വിള നല്‍കുന്നു.
നീതി അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കുന്നു.
കര്‍ത്താവിന്‍റെ രക്ഷ മന്നില്‍ ആഗതമാകുന്നു,
സമാഗതമാകുന്നു.
- കര്‍ത്താവേ, അങ്ങേ കാരുണ്യം

3. ഘടനയിലേയ്ക്കൊരു എത്തിനോട്ടം
85-ാം സങ്കീര്‍ത്തനത്തിന്‍റെ ശാസ്ത്രീയമായ വശങ്ങളിലേയ്ക്കോ, വ്യാഖ്യാനത്തിലേയ്ക്കൊ കടക്കുംമുന്‍പ് വരികൾ നമുക്കു പരിചയപ്പെടാം. സങ്കീര്‍ത്തനത്തിന്‍റെ സാഹിത്യ രൂപത്തിലേയ്ക്കും അതിന്‍റെ സ്വഭാവത്തിലേയ്ക്കും ആത്മീയ ഭാവത്തിലേയ്ക്കും പ്രവേശിക്കുവാൻ ഈ പഠനം നമ്മെ സഹായിക്കും.ഘടനയിൽ മൂന്നു ഭാഗങ്ങളാണ്.
a. 1-3 വരെ പദങ്ങള്‍ ദൈവത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനത്തെ അനുസ്മരിക്കുന്നു.
b. 4-7 വരെ വാക്യങ്ങള്‍ ജനങ്ങളുടെ ഞെരുക്കത്തിന്‍റെ വിവരണവും, അവരുടെ മനസ്സില്‍ ഉയരുന്ന അപേക്ഷയുമാണ്.
c. 8-13-വരെ വാക്യങ്ങള്‍ സങ്കീര്‍ത്തകന്‍ കുറിക്കുന്ന പ്രവചനാത്മകമായ രക്ഷയുടെ അരുളപ്പാടാണ്
കര്‍ത്താവിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്ന ഘടനയുടെ ആദ്യഭാഗം സുക്ഷ്മമായി പരിശോധിക്കുമ്പോൾ വിപ്രവാസത്തില്‍നിന്നുള്ള തിരിച്ചുവരവ് ജനം കാണുന്നത് കര്‍ത്താവിന്‍റെ വലിയ രക്ഷാപ്രവര്‍ത്തനമായിട്ടാണ് സങ്കീര്‍ത്തന പദങ്ങളില്‍ രചയിതാവ് വിവരിക്കുന്നതും, അനുസ്മരിക്കുന്നതും.

4. ദൈവം തരുന്ന തിരിച്ചുവരവ്
കര്‍ത്താവ് ഇസ്രായേലിനു വസിക്കാന്‍ കൊടുത്തതാണ് അവിടുത്തെ ദേശം, വാഗ്ദത്തഭൂമി, ജരൂസലേം. എന്നാല്‍ പിന്നീട് തങ്ങളുടെ അവിശ്വസ്തതമൂലം ദൈവം അത് ശത്രുക്കള്‍ക്ക് ഏല്പിച്ചു കൊടുക്കുന്നു. അങ്ങനെ ദൈവജനത്തിന് തങ്ങളുടെ ഭാഗധേയം നഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ അത് തിരിച്ചു ലഭിച്ചിരിക്കുന്നു. അവിടുന്ന് അവരുടെ പാപം പൊറുക്കുന്നു. അവിടുന്നു തന്‍റെ കോപം മറയ്ക്കുന്നു. ഇസ്രായേല്‍ വിപ്രവാസത്തില്‍നിന്നും തിരിച്ചുവരുന്നു. തന്‍റെ ജനത്തിന് കര്‍ത്താവ് വീണ്ടും ശ്രേയസ്സും, സമാധാനവും നല്‍കുന്നു. അവിടുന്ന് അവരെ പുനഃപ്രതിഷ്ഠിക്കുന്നു. അതിനാൽ തങ്ങളുടെ വീഴ്ചകൾ കാരണമാക്കിയ കെടുതികൾ ഓർത്ത് സങ്കീര്‍ത്തനവരികളിൽ ഗായകന്‍ വിലപിക്കുകയാണ്.

5. പിന്നെയും തുടരുന്ന ജീവിതവ്യഥകൾ
തീര്‍ച്ചയായും, വരികൾ ശ്രവിക്കുന്ന മാത്രയിൽ നമുക്കു മനസ്സിലാക്കാം പ്രയാസങ്ങളുടെയും ക്ലേശങ്ങളുടെയും വിവരണവും, ദൈവിക കാരുണ്യത്തിനായുള്ള യാചനയുമാണിതെല്ലാം. വിപ്രവാസം അവസാനിച്ച് ജനം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അവിടെയും ഞെരുക്കങ്ങളാണ്. അതുകൊണ്ടാണ്, ഞങ്ങളെ പുനരുദ്ധരിക്കണമേ, പരിത്യജിക്കരുതേ, കോപിക്കരുതേ, കൃപകാണിക്കണമേ... എന്നെല്ലാം പ്രാര്‍ത്ഥിക്കുന്നത്. ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും – വിലാപം ചില ചോദ്യങ്ങളിലേയ്ക്കു തിരിയുന്നുണ്ട്. കര്‍ത്താവിലുള്ള സന്തോഷത്തിനുവേണ്ടി സമൂഹം കാത്തിരിക്കുന്നു. ദൈവത്തിന്‍റെ നന്മയ്ക്കും രക്ഷയ്ക്കുംവേണ്ടി അവര്‍ ദാഹിക്കുന്നു.

Musical version of Psalm 85
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ
നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

b. കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കുന്നു.
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കുന്നു,
കടാക്ഷിക്കുന്നു.

c. കര്‍ത്താവു നന്മ ഭൂമിയില്‍ പ്രദാനംചെയ്യുന്നു.
നമ്മുടെ ദേശത്തു സമൃദ്ധമായ് വിള നല്‍കുന്നു.
നീതി അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കുന്നു.
കര്‍ത്താവിന്‍റെ രക്ഷ മന്നില്‍ ആഗതമാകുന്നു,
ആഗതമാകുന്നു.
- കര്‍ത്താവേ, അങ്ങേ കാരുണ്യം

6. രക്ഷയുടെ വാഗ്ദാനം
മൂന്നാമത്തെ ഭാഗത്തേയ്ക്ക് കടക്കുമ്പോള്‍  8-13 വരെ വാക്യങ്ങള്‍ സങ്കീര്‍ത്തകന്‍റെ രക്ഷയുടെ അരുളപ്പാടാണ്. അതായത് പ്രാര്‍ത്ഥിക്കുന്ന ജനം കര്‍ത്താവിന്‍റെ ഉത്തരത്തിനായി കാത്തിരിക്കുന്നു. ദൈവിക രക്ഷണത്തിനായി കേഴുന്നു. ദൈവം തന്‍റെ ജനത്തിനു നല്കുന്ന പ്രത്യാശയുടെ വാഗ്ദാനങ്ങളും, ജീവിത പ്രതിസന്ധികള്‍ക്ക് നല്കുന്ന ഉത്തരവുമാണ് അവയെന്നു നമുക്കു മനസ്സിലാക്കാം. ഈ ഉത്തരം പ്രവാചകന്‍റെ അരുളപ്പാടായിട്ടാണു പലപ്പോഴും പഴയ നിയമത്തിൽ നാം കാണുന്നത്. ഇവിടെ പതിവുള്ള പ്രവാചക ശൈലിയിലല്ല, ഉത്തമപുരുഷനിലല്ല ഗായകൻ സംസാരിക്കുന്നത്, മറിച്ച് പ്രഥമ പുരുഷനിലാണ്. ഞാന്‍, നമ്മുടെ എന്നിങ്ങനെയാണ്... കാര്യങ്ങള്‍ അറിയിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രവാചകനാണ്. കര്‍ത്താവിന്‍റെ സഹായം സമീപസ്ഥമാണ്. കര്‍ത്താവിന്‍റെ മഹത്വം ദേശത്തു വസിക്കും. വിപ്രവാസകാലത്ത് കര്‍ത്താവിന്‍റെ തേജസ്സാര്‍ന്ന സാന്നിദ്ധ്യം, ഇസ്രായേലില്‍നിന്നും മാറിപ്പോയി. വിപ്രവാസത്തിനുശേഷം ജനം കര്‍ത്താവിന്‍റെ മഹത്വം തങ്ങളിലേയ്ക്ക് വീണ്ടും പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുകയും, അതിനായി കേണപേക്ഷിക്കുകയും ചെയ്യുന്നു. ദൈവിക സാന്നിധ്യത്തിന്‍റെ പ്രകാശമാണ് അത് രക്ഷാകര ശക്തികളായ നന്മയും വിശ്വസ്തതയും നീതിയും സമാധാനവും പ്രത്യക്ഷപ്പെടുന്നു. പഴയ നിയമത്തിലെ രക്ഷയെപ്പറ്റിയുള്ള സജീവ വിവരണ ശൈലിയാണിത്. കര്‍ത്താവിന്‍റെ ശക്തികള്‍കൊണ്ട് ഭൂമി നിറയുന്നു. വിളവു വര്‍ദ്ധിക്കുന്നു. അവിടുത്തെ നീതി ജനത്തിനു മുമ്പില്‍ നടന്നു നീങ്ങുന്നു. ദൈവത്തിന്‍റെ കാലടികളില്‍നിന്ന് രക്ഷ മുളച്ചുവരുന്നു.   ഒരു മഹാമാരിയുടെ ഭീതിയിൽ ജീവിക്കുന്ന നമുക്കും ദൈവസന്നിധിയിൽ ഗായകനോടു ചേർന്നു വിലപിക്കുകയും, അവിടുത്തെ രക്ഷയുടെ വാഗ്ദാനങ്ങൾക്ക് കാതോർക്കുകയും ചെയ്യാം.

Musical version of Psalm 85
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ
നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

1. കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു
തന്‍റെ ജനത്തിന് അവിടുന്ന് സമാധാനം അരുളുന്നു.
അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്.
കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളുന്നു,
കുടികൊള്ളുന്നു.

വത്തിക്കാന്‍ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.

 

09 February 2021, 11:51