തിരയുക

Vatican News
വെനെസ്വേലക്കാരായ ഒരു സംഘം കുടിയേറ്റക്കാർ കൊളൊമ്പിയായുടെ അതിർത്തിയിൽ, ദേശീയ പാതയോരത്ത് വെനെസ്വേലക്കാരായ ഒരു സംഘം കുടിയേറ്റക്കാർ കൊളൊമ്പിയായുടെ അതിർത്തിയിൽ, ദേശീയ പാതയോരത്ത്  (AFP or licensors)

കുടിയേറ്റക്കാരോടുള്ള കൊളംബിയായുടെ നയത്തിന് കൃതജ്ഞതയുമായി പാപ്പാ

പലവിധ പ്രശ്നങ്ങൾക്കു നടുവിലും കൊളംമ്പിയ കുടിയേറ്റക്കാരോടു കരുതൽ കാട്ടാനും അവർക്കുവേണ്ടി താല്ക്കാലിക പരിരക്ഷണ ചട്ടം നടപ്പാക്കാനും ധൈര്യം പ്രകടിപ്പിച്ചുവെന്ന് മാർപ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെ അമേരിക്കൻ നാടായ കൊളൊമ്പിയ കുടിയേറ്റാക്കരോടു കാട്ടുന്ന സമീപനത്തിൽ മാർപ്പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തുന്നു.

അയൽരാജ്യമായ വെനെസ്വേലയിൽ നിന്നെത്തുന്ന കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും 10 വർഷത്തേക്ക് സംരക്ഷണം ഉറപ്പേകുന്ന താൽക്കാലിക പരിരക്ഷണ ചട്ടം (Temporary Protection Statute) നടപ്പാക്കുമെന്ന് കൊളൊമ്പിയായുടെ പ്രസിഡൻറ് ഇവാൻ ദുക്വെ (Iván Duque) ഇക്കഴിഞ്ഞ എട്ടാം തീയതി (08/02/21) പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഫ്രാൻസീസ്  പാപ്പാ ഞായറാഴ്ച (14/02/21) മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ ഇതെക്കുറിച്ച് സൂചിപ്പിച്ചത്.

വെനെസ്വേലക്കാരായ കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവർക്ക് സംരക്ഷണം ഉറപ്പാക്കുകയും സാമൂഹജീവിതത്തിൽ ഉൾച്ചേർക്കുകയും ചെയ്യുന്നതിന് കൊളംബിയയുടെ അധികാരികൾ താല്ക്കാലിക പരിരക്ഷണ നിയമം നടപ്പാക്കാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നതിൽ അന്നാട്ടിലെ മെത്രാന്മാരോടൊപ്പം താനും ചേരുന്നുവെന്നും പാപ്പാ പറഞ്ഞു.

അതിസമ്പന്നമായ ഒരു നാടല്ല, മറിച്ച്, വികസനം, ദാരിദ്ര്യം, സമാധാനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുള്ളതും, 7 പതിറ്റാണ്ടായി സംഘർഷവേദിയുമായ ഒരു നാടാണ് കുടിയേറ്റക്കാരുടെ കാര്യത്തിൽ ഈ നിലപാടു സ്വീകരിച്ചിരിക്കുന്നതെന്ന് പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.

ഈ പ്രശ്നങ്ങൾക്കു നടുവിലും കൊളംമ്പിയ കുടിയേറ്റക്കാരോടു കരുതൽ കാട്ടാനും അവർക്കുവേണ്ടി താല്ക്കാലിക പരിരക്ഷണ ചട്ടം നടപ്പാക്കാനും ധൈര്യം പ്രകടിപ്പിച്ചുവെന്ന് പാപ്പാ പ്രകീർത്തിക്കുകയും അന്നാടിന് നന്ദിയർപ്പിക്കുകയും ചെയ്തു.   

 

16 February 2021, 09:28