താരങ്ങൾക്കിടയിലും ഒളിചിതറുന്ന ഉണ്ണിമേനോൻ
- ഫാദർ വില്യം
1. താരങ്ങൾക്കിടയിലെ ഗായകൻ
യേശുദാസും പി. ജയചന്ദ്രനും, എസ്. പി. ബാലസുബ്രഹ്മണ്യവും വിരാജിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്ത് തന്‍റെ വ്യതിരിക്തമായ ശൈലിയിലൂടെ സാന്നിദ്ധ്യമുറപ്പിച്ച ഗായകനാണ് ഉണ്ണിമേനോന്‍. ഭക്തിഗാനങ്ങളും ആല്‍ബങ്ങളും ചലച്ചിത്രഗാനങ്ങളുമായി 3500-ല്‍പ്പരം ഗാനങ്ങള്‍ക്ക് ഉയിരേകിയ ശബ്ദമാണ് ഉണ്ണിമേനോന്‍റേത്.
2. തമിഴകത്തിനും മലയാളത്തിനും ഒരുപോലെ
ഗാനഗന്ധര്‍വ്വനുവേണ്ടി ഉണ്ണിമേനോന്‍ ട്രാക്ക് പാടിയിരുന്ന 'കടത്ത്' എന്ന സിനിമയിലെ ഗാനം കേട്ടിട്ട് അത് നേരിട്ടെടുത്ത് ഉപയോഗിക്കാൻ സംഗീതസംവിധായകന്‍ ശ്യാമിനോട് യേശുദാസ്തന്നെ നിര്‍ദ്ദേശിച്ചത് ഒരു വഴിത്തിരിവായിരുന്നു. എ. ആര്‍. റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച 'റോജ'യിലെ 'പുതുവെള്ളൈ മഴൈ' എന്ന തമിഴ്ഗാനത്തിലൂടെ ഉണ്ണിമേനോന്‍ ഇന്ത്യയിലെങ്ങും പ്രശസ്തനായി. മലയാളത്തിലേക്കാൾ ഏറെ തമിഴിലും ഇതരഭാഷകളിലും ശ്രദ്ധേയനായ അദ്ദേഹത്തിന്‍റെ 'ശരണമന്ത്രം', 'രാഗഗീതി', 'രാഗലഹരി' തുടങ്ങിയ ആല്‍ബങ്ങള്‍ ഏറെ ജനപ്രീതി നേടി. 1996-ല്‍ 'മിന്‍സാര കനവി'ലൂടെയും 2002-ല്‍ 'വര്‍ഷമെല്ലാം വസന്തം' എന്ന ചിത്രത്തിലൂടെയും തമിഴ്‌നാട് സര്‍ക്കാരിന്‍റെ മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം ഉണ്ണിമേനോന്‍ നേടി. 2017-ല്‍ അദ്ദേഹത്തിന് തമിഴ്‌നാടിന്‍റെ 'കലൈമാമണി' പട്ടവും ലഭിച്ചു.
3. പാലക്കാടിന്‍റെ പുത്രൻ
1957 ഡിസംബര്‍ 2-ന് ഗുരുവായൂരില്‍ ജനിച്ച ഉണ്ണിമേനോന്‍ പാലക്കാട് വിക്‌ടോറിയാ കോളേജില്‍നിന്ന് ബിരുദം നേടിയശേഷം ഉദ്യോഗാര്‍ത്ഥം ചെന്നൈയിലേക്ക് കുടിയേറി. 80-കളുടെ ആദ്യപകുതി മുതല്‍ സംഗീതരംഗത്ത് സ്വയം പ്രതിഷ്ഠിച്ച ഉണ്ണിമേനോന്‍ 'സ്ഥിതി' എന്ന മലയാള സിനിമയുടെ സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. എറണാകുളത്ത് 'ആലാപ്', ചെന്നയിൽ 'സൗണ്ട് ഓഫ് മ്യൂസിക്' എന്നീ റെക്കോഡിങ്ങ് സ്റ്റുഡിയോകള്‍ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന മൂന്നു ക്രൈസ്തവ ഭക്തിഗാനങ്ങളാണ് ഈ ഗാനമഞ്ജരിയില്‍ ചേർത്തിരിക്കുന്നത്.
4. ഗാനങ്ങള്‍
a) ഞാൻ ജീവന്‍റെ വാതിൽ...
ഫാദർ തദേവൂസ് അരവിന്ദത്ത് രചിച്ച് ജെർസൺ ആന്‍റെണി ഈണംപകർന്നതാണ് മഞ്ജരിയിലെ ആദ്യഗാനം. ആലാപനം ഉണ്ണിമേനോൻ.
b) ഭാവനാതീതമാം വിശ്വത്തിൻ കർത്താവാം ...
അടുത്ത ഗാനം ഉണ്ണിമേനോൻ ആലപിച്ചതാണ്. ഡോ. സെബാസ്റ്റ്യൻ മാങ്കൂട്ടത്തിലിന്‍റെ വരികൾക്ക് കെ. ജെ. സ്റ്റാൻലിയാണ് ഈണംപകർന്നത്.
c) സ്വർഗ്ഗം തേടി മിന്നിപ്പാഞ്ഞ ലോകം, യുവലോകം...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം ഉണ്ണമേനോൻ ആലപിച്ചതാണ്. സംഗീതം വയലിൻ ജേക്കബ് എന്നറിയപ്പെട്ട വിനോദ് ജേക്കബ്, രചന ഫാദർ തദേവൂസ് അരവിന്ദത്ത്.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ഉണ്ണിമേനോൻ ആലപിച്ച ഭക്തിഗാനങ്ങൾ.