തിരയുക

രൂപാന്തരീകരണത്തിന്‍റെ കഥ പറയുന്ന ഗോതമ്പുമണി. രൂപാന്തരീകരണത്തിന്‍റെ കഥ പറയുന്ന ഗോതമ്പുമണി. 

രൂപാന്തരീകരണം : ദൈവികജീവന്‍റെ മുന്നാസ്വാദനം

തപസ്സുകാലം രണ്ടാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകൾ - ശബ്ദരേഖയോടെ...

- ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

തപസ്സുകാലം രണ്ടാംവാരം ചിന്തകൾ


1. ആമുഖം:
കൊറോണാ മഹാമാരിയിൽ ഈ തപസ്സുകാലത്തും ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ, "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമുക്ക് എതിരുനിൽക്കും" എന്ന രണ്ടാം വായനയിലെ തിരുവചനത്തോടുകൂടിയാണ് തിരുസഭ തപസ്സുകാലത്തിലെ രണ്ടാം ഞായറാഴ്ച നമ്മെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നത്. നമ്മുടെ വിശ്വാസ ജീവിതത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന വാക്കുകളാണ് പൗലോസ്  അപ്പസ്തോലനിൽനിന്നും നമുക്കു ലഭിക്കുക. അതേസമയം, തന്‍റെ അചഞ്ചലമായ വിശ്വാസത്തേയും അനുസരണത്തേയുംപ്രതി ഏകമകനെ ബലിയർപ്പിക്കുവാൻ തയ്യാറായ അബ്രഹാമിനെ ദൈവം അനുഗ്രഹിക്കുന്നതാണ് ഇന്നത്തെ ഒന്നാം വായന. സുവിശേഷത്തിലാകട്ടെ യേശുവിന്‍റെ രൂപാന്തരീകരണ വേളയിൽ "ഇവൻ എന്‍റെ പ്രീയപുത്രൻ, ഇവന്‍റെ വാക്ക് ശ്രവിക്കുവിൻ" എന്ന് പിതാവായ ദൈവം അരുൾ ചെയ്യുന്നത് നാം ശ്രവിക്കുന്നു.

2. താബോർ:
യേശു മലമുകളിലേക്ക് കയറുന്നു. സ്വർഗത്തിലേക്കുള്ള ഭൂമിയുടെ ചൂണ്ട് വിരലുകളാണ് മലകൾ. ആ വിരലുകൾ ദൈവികതയുടെ രഹസ്യാത്മകതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവിതമെന്നാൽ പ്രകാശത്തിലേക്കും, പുതിയ ചക്രവാളത്തിലേക്കും, സ്വർഗ്ഗീയ തനിമയിലേക്കുമുള്ള നിശബ്ദമായ കയറ്റമാണെന്നാണ് മലകൾ നമ്മെ പഠിപ്പിക്കുന്നത്. പ്രാർത്ഥനയും ഒരു മലകയറ്റമാണ്. അതിന്‍റെ ലക്ഷ്യം താബോറാണ്. നിശബ്ദതയിലും പ്രകാശത്തിലും രൂപാന്തരീകരണം സംഭവിക്കേണ്ട ഇടം. ഏതു സഹനത്തെയും എങ്ങനെയുള്ള ഭാവിയെയും അഭിമുഖീകരിക്കാൻ ശക്തി സംഭരിക്കാനുള്ള ഇടം. നമുക്കും ഉണ്ടായിരിക്കണം ഇത്തരത്തിലുള്ള താബോർ ഇടങ്ങൾ.

3. രൂപാന്തരീകരണത്തിൽ സംഭവിച്ചത്:
യേശുവിന്‍റെ രൂപാന്തരീകരണ വേളയിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു.  ഒന്നാമതായി: മോശയും ഏലിയായും യേശുവിനോടൊപ്പം ആയിരുന്നു. യേശുവിനു മുമ്പുള്ള യഹൂദ ചരിത്രത്തിൽനിന്ന്, എന്തുകൊണ്ട്‌ ഇവർ രണ്ടുപേരും യേശുവിനോടൊപ്പം ആയിരിക്കുന്നു? യേശു ഏലിയയാണോ എന്ന് സംശയിച്ചിരുന്ന ഒരു സമൂഹത്തിന് യേശു ഏലിയയല്ലെന്ന് കാണിക്കുവാനാണിത്. അതോടൊപ്പം യഹൂദ ചരിത്രത്തിലെ സുപ്രധാനങ്ങളായ രണ്ട് ആത്മീയ യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് മോശയും ഏലിയായും ദൈവത്തിൽനിന്ന് നേരിട്ട് നിയമങ്ങൾ സ്വീകരിച്ച മോശ നിയമത്തിന്‍റെ പ്രതിനിധിയായി നിലകൊള്ളുന്നു. ഏലിയയാകട്ടെ ദൈവത്തിന്‍റെ ആത്മാവിനെ സ്വീകരിച്ച് ദൈവസ്വരം മനുഷ്യരെ അറിയിച്ച പ്രവാചകന്മാരെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് യോഹന്നാന്‍റെ സുവിശേഷത്തിൽ പീലിപ്പോസ് നഥാനിയേലിനോട് പറയുന്നത് "മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്‍റെ മകൻ, നസ്രത്തിൻ നിന്നുള്ള യേശുവിനെ ഞങ്ങൾ കണ്ടു". ചുരുക്കത്തിൽ, രൂപാന്തരീകരണ വേളയിൽ യേശു ദൈവപുത്രനാണെന്ന് നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തുന്നു.

4. രണ്ടാമത്തെ പ്രധാനകാര്യമിതാണ്:
"ഒരു മേഘം വന്ന് അവരെ ആവരണംചെയ്തു. മേഘത്തിൽ നിന്ന് ഒരു സ്വരം പുറപ്പെട്ടു; ഇവൻ എന്‍റെ പ്രീയപുത്രൻ ഇവന്‍റെ വാക്ക് ശ്രമിക്കുവിൻ". പഴയ നിയമത്തിൽ പ്രധാനമായും പുറപ്പാട് പുസ്തകത്തിൽ മലമുകളിൽ ദൈവത്തിന്‍റെ സാന്നിധ്യം ഉണ്ടാകുമ്പോൾ ആ മലയെ മേഘം ആവരണംചെയ്യുന്നതായി പറയുന്നുണ്ട്. ഇതാണ് രൂപാന്തരീകരണ സമയത്തും സംഭവിക്കുന്നത്. മലമുകളിൽ ഇറങ്ങിവന്ന പിതാവായ ദൈവം യോഹന്നാനിൽനിന്നും യേശു സ്നാനം സ്വീകരിച്ചപ്പോൾ നല്കിയ സാക്ഷ്യം ഇവിടെ ആവർത്തിക്കുന്നു. "ഇവൻ എന്‍റെ പ്രിയപുത്രൻ ഇവന്‍റെ വാക്ക് ശ്രവിക്കുവിൻ". പഴയ നിയമത്തിൽ എല്ലാവരും മോശയെ ശ്രവിച്ചതുപോലെ, പുതിയ നിയമത്തിലെ വിശ്വാസികൾ യേശുവിനെ ശ്രവിക്കുവാനാണിത്. ചുരുക്കത്തിൽ, യേശു ദൈവത്തിന്‍റെ പുത്രനാണെന്ന് ഈ ലോകത്തിന് വെളിപ്പെടുത്തുകയാണ് വി.മാർക്കോസിന്‍റെ ലക്ഷ്യം. തന്‍റെ സുവിശേഷത്തിന്‍റെ തുടക്കത്തിൽ യേശുവിന്‍റെ ജ്ഞാനസ്നാന സമയത്തും, സുവിശേഷ മദ്ധ്യത്തിൽ ഇന്ന് നാം ശ്രവിച്ച യേശുവിന്‍റെ രൂപാന്തരീകരണ സമയത്തും, സുവിശേഷത്തിന്‍റെ അവസാനം യേശുവിന്‍റെ കുരിശു മരണ സമയത്ത് ശതാധിപനും വിളിച്ചു പറയുന്നു: "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു".

5. രൂപാന്തരീകരണവും ഉത്ഥാനവും തമ്മിലുള്ള ബന്ധം:
കുരിശു മരണമാണ് രൂപാന്തരീകരണത്തിന്‍റെ പശ്ചാത്തലം. യേശു തന്‍റെ പീഡാനുഭവ -മരണത്തെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകുന്ന അവസരമാണിത്. അവൻ പറയുന്നു; "മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും എല്ലാവരാലും തിരസ്ക്കരിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു" (8:31). ഈ തമസ്സിന്‍റെ നിമിഷത്തിൽനിന്നും സുവിശേഷകൻ പെട്ടെന്ന് ചിത്രീകരിക്കുന്നത് പ്രകാശപൂരിതമായ യേശുവിന്‍റെ ചിത്രമാണ്. നൊമ്പരങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവരുടെയും നേത്രങ്ങൾ പതിയേണ്ടത് ആ പ്രഭാപൂരിതമായവന്‍റെ മുഖത്ത് ആയിരിക്കണമെന്ന സന്ദേശവും ഈ അവതരണത്തിൽ അടങ്ങിയിട്ടുണ്ട്.

മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർക്കുന്നതുവരെ അവർ കണ്ടകാര്യങ്ങൾ ആരോടും പറയരുതെന്ന് യേശു ആ മൂന്ന് ശിഷ്യന്മാരോടും കല്പിക്കുന്നു. കാരണം ഉത്ഥാനം എന്ന താക്കോൽ ഉപയോഗിച്ചു മാത്രമേ രൂപാന്തരീകരണത്തെ മനസ്സിലാക്കാൻ സാധിക്കുകയുള്ളു. ഉത്ഥാനത്തിന്‍റേയും സ്വർഗ്ഗത്തിന്‍റേയും മുന്നാസ്വാദനമാണ് രൂപാന്തരീകരണം. അതായത്, പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം വരുന്ന ഉയിർപ്പിനെ മുൻപേ ആസ്വദിക്കുന്നു, മുൻകൂട്ടി രുചിച്ചറിയുന്നു എന്നർത്ഥം. ഇത് തന്നെയാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന സന്ദേശവും. നമ്മുടെ ഉത്ഥാനത്തിനും നിത്യജീവനും മുൻപ് നാം യേശുവിനെ അനുഗമിച്ച് കരിശുമെടുത്ത് ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളിലൂടെയും, പ്രയാസങ്ങളിലൂടെയും, ഞെരുക്കങ്ങളിലൂടെയും കടന്ന്പോകണം.

6. ഉപസംഹാരം:
രൂപാന്തരീകരണത്തിൽ സംഭവിച്ചതുപോലെ നമുക്കും, നമ്മുടെ ജീവിതത്തിലും സ്വർഗ്ഗത്തിന്‍റെ മുന്നാസ്വാദനം സാധ്യമാണോ? തീർച്ചയായും നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരല്പസമയം പ്രാർത്ഥനയെന്ന മലമുകളിൽ കയറുമ്പോൾ, ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ  ഈ മുന്നാസ്വാദനം സാധ്യമാണ്. യേശുവും ശിഷ്യന്മാരും ആ മലയിൽ സ്ഥിരമായി താമസിക്കുന്നില്ല. അവർ മലയിറങ്ങി ജറുസലേം ലക്ഷ്യമാക്കി യാത്ര തുടരുന്നു. നമുക്കും ഓരോ പ്രാർത്ഥനയ്ക്കു ശേഷവും നമ്മുടെ ജീവിതയാത്ര തുടരാം.   ആമേൻ.

ഗാനം ആലപിച്ചത്, ബിജു നാരായണൻ, രചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതം സണ്ണിസ്റ്റീഫൻ.

തപസ്സുകാലം രണ്ടാം വാരത്തിലെ സുവിശേഷചിന്തകൾ.
 

27 February 2021, 13:57