തിരയുക

ഓരോ ദിനത്തിലും പുതിയ സ്നേഹം... ഓരോ ദിനത്തിലും പുതിയ സ്നേഹം... 

അസ്തമിക്കാത്ത സ്നേഹം ഒരിക്കലും അസ്തമിക്കാത്ത സ്നേഹം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പരയില്‍ 103-Ɔο സങ്കീര്‍ത്തനത്തിന്‍റെ അവലോകനം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 103 - സമ്പൂര്‍ണ്ണസ്തുതിപ്പ്


1. ഒരു സമ്പൂര്‍ണ്ണസ്തുതിപ്പ്
സമ്പൂര്‍ണ്ണ സ്തുതിപ്പായ സങ്കീര്‍ത്തനം (A psalm of Praise) 103-നെക്കുറിച്ചാണ് നമ്മുടെ ഇന്നത്തെ പഠനം. ഒരു ആത്മഗതത്തിലൂടെ അല്ലെങ്കില്‍ തന്നോടുതന്നെയുള്ള സംഭാഷണ രീതിയിലൂടെ സങ്കീര്‍ത്തകന്‍ ദൈവത്തിന് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്നു. ഈ സങ്കീര്‍ത്തനം അനുവാചകര്‍ക്ക് പകര്‍ന്നുനല്കുന്ന പ്രത്യാശയുടെ അനുഭവം ഈ പഠനത്തില്‍ ഏറെ ശ്രദ്ധേയമാകുന്ന വസ്തുതയുമാണ്. അത് ഇങ്ങനെയാണ് സങ്കീര്‍ത്തകന്‍ വിവരിക്കുന്നത്. ദൈവികനന്മകള്‍ക്ക് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ തന്‍റെതന്നെ ബലഹീനതകളെയും പതനത്തെയും ജീവിത ദൗര്‍ഭാഗ്യങ്ങളെയും കുറിച്ച് അവബോധമുള്ളവനാകുന്നു. എന്നാല്‍ ദൈവം സകലത്തിന്‍റെയും സ്രഷ്ടാവാണ് എന്ന അറിവും അനുസ്മരണവും ജീവിതത്തിന്‍റെ നിസ്സാരതയിലും ദൈവത്തില്‍ ആശ്രയിച്ച് പ്രത്യാശയോടെ ജീവിക്കുവാനുള്ള പ്രചോദനം നല്‍കുന്നു. നമുക്ക് ആദ്യം സങ്കീര്‍ത്തനത്തിന്‍റെ മൂന്നുവരികളുടെ ഗാനാവിഷ്ക്കാരം ശ്രവിക്കാം.

Musical Version of 103 Verses 1, 2 & 3.
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).
എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങത്യുന്നതനാകുന്നു
അങ്ങു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു
വസ്ത്രമെന്നപോലെയങ്ങ് പ്രകാശമണിഞ്ഞിരിക്കുന്നു
കൂടാരമെന്നപോലെയങ്ങ് ആകാശം വിരിയിക്കുന്നു.
- എന്‍റെ ആത്മാവേ...

അങ്ങേ മന്ദിരത്തിന്‍റെ തൂണുകള്‍
ജലത്തിനുമീതെ സ്ഥാപിച്ചിരിക്കുന്നു
വാനമേഘങ്ങളെ അങ്ങു രഥമാക്കി അതില്‍ സഞ്ചരിക്കുന്നു
കാറ്റിന്‍ ചിറകില്‍ അവിടുന്നാനീതനായ് നീങ്ങുന്നു
കാറ്റിനെ ദൂതനും അഗ്നിയെ സേവകനും അങ്ങാക്കിയിരിക്കുന്നു..
- എന്‍റെ ആത്മാവേ...

എന്‍റെ സ്രഷ്ടാവായ ദൈവമേ, അങ്ങേ സൃഷ്ടികളെത്രയോ മനോഹരം
ജ്ഞാനത്താല്‍ അങ്ങയെ ഞങ്ങള്‍ക്കായ് ഈ ഭൂവില്‍ നിര്‍മ്മിച്ചിരിക്കുന്നു
ഈ ലോകമെങ്ങും അങ്ങേ സൃഷ്ടികളാലെന്നും നിറഞ്ഞിരിക്കുന്നു
ജലപ്പരപ്പില്‍ അങ്ങു ജീവികളാല്‍ നിറച്ചിരിക്കുന്നു.
- എന്‍റെ ആത്മാവേ...

2. ദൈവത്തിന്‍റെ കാരുണ്യാതിരേകം
കര്‍ത്താവിന്‍റെ കാരുണ്യാതിരേകത്തെക്കുറിച്ചാണ്, കൃപാതിരേകത്തെക്കുറിച്ചാണ് സങ്കീര്‍ത്തകന്‍ എല്ലാ വരികളിലും വളരെ സ്പഷ്ടമായി പ്രതിപാദിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഗായകന്‍ പ്രാര്‍ത്ഥനാ സമൂഹത്തിലേയ്ക്ക് തിരിഞ്ഞ് അവരെ ഉപദേശിക്കുന്നതുപോലെയോ, അവരോട് നിര്‍ദ്ദേശിക്കുന്നതു പോലെയോ ആണ് പദങ്ങളുടെ ഉള്ളടക്കം. കര്‍ത്താവ് തന്‍റെ പീഡിതര്‍ക്കായി പിന്നീട് എന്തെല്ലാം നന്മകള്‍ ചെയ്തുവെന്നാണ് ശ്രവിച്ച വരികള്‍ വ്യക്തമാക്കുന്നത്. ‘പീഡിതര്‍’ എന്ന് സങ്കീര്‍ത്തകന്‍ ഉദ്ദേശിക്കുന്നത് വിപ്രവാസകാലത്തെ ഇസ്രായേലിന്‍റെ പീഡനത്തെക്കുറിച്ചു മാത്രമല്ല, പിന്നെയും പിറകോട്ട് സഞ്ചരിച്ചുകൊണ്ട് പറയുന്നു... ഫറവോന്‍റെ കാലത്ത് ഈജിപ്തു ദേശത്ത് പീഡനത്തില്‍ കഴിഞ്ഞ ഇസ്രായേലിനെ മോശയുടെ നേതൃത്വത്തില്‍ കര്‍ത്താവ് മോചിപ്പിച്ച സംഭവത്തിലേയ്ക്കും സങ്കീര്‍ത്തകന്‍ വിരല്‍ചൂണ്ടുന്നതായി ഈ ഗാനത്തില്‍നിന്നും നമുക്കു മനസ്സിലാക്കാം.

3. അനന്തമായി ക്ഷമിക്കുന്ന സ്നേഹം
അനന്തമായി ക്ഷമിക്കുന്ന ദൈവത്തിന്‍റെ സ്നേഹമാണ് നാം വരികളില്‍ ശ്രവിക്കുന്നത്. God’s ever-forgiving love! അതായത്, നീതിനിഷ്ഠയോടെ എന്നതിനേക്കാള്‍, കര്‍ത്താവ് തന്‍റെ ജനത്തോട് കാരുണ്യാതിരേകത്തോടെയാണ് വര്‍ത്തിക്കുന്നതെന്നാണ് ഈ സങ്കീര്‍ത്തനപദം പഠിപ്പിക്കുന്നത്.
ബലഹീനരും പാപികളുമായ മനുഷ്യരുടെ ബുദ്ധിക്ക് അഗ്രാഹ്യമായ വിധത്തിലാണ് ചരിത്രത്തില്‍ ദൈവം മനുഷ്യരോട് വര്‍ത്തിക്കുന്നതെന്നും ഈ ചരിത്രസംഭവങ്ങള്‍ വെളിപ്പെടുത്തുന്നില്ലേ. ഏശയ്യാ പ്രവാചകന്‍റെ വാക്കുകള്‍ ഇത് വ്യക്തമാക്കിത്തരുന്നു, (55. 8) “എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ എത്രയോ ഉയര്‍ന്നുനില്ക്കുന്നു.” അവിടുത്തെ അതിരുകളില്ലാത്ത ആശ്ചര്യവഹമായ കൃപാതിരേകമാണ്, വാത്സല്യാതിരേകമാണ്, Amazing Grace കാരുണ്യാതിരേകമാണ് നമ്മെ നയിക്കുന്നതെന്ന് സങ്കീര്‍ത്തന പദങ്ങള്‍ സമര്‍ത്ഥിക്കുന്നു.

4. പതറാത്ത സ്നേഹം
കര്‍ത്താവിന്‍റെ പതറാത്ത സ്നേഹം എന്നു പറയുന്നത് അത്രയേറെ വിശ്വസ്തമായ സ്നേഹം എന്നാണ്, steadfast love, means utterly loyal love എന്നാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും മനുഷ്യരെ കൈവെടിയാത്ത സ്നേഹമാണതെന്നും നാം മനസ്സിലാക്കണം. മനുഷ്യന്‍റെ ബലഹീനതകളും പാപങ്ങളും ദൈവത്തിന്‍റെ അത്ഭുതാവഹമായ കൃപാതിരേകത്തെ വെല്ലുവിളിക്കുന്നതും, അതിനെ ചെറുത്തുനില്ക്കുന്നതുമാണ്, എന്നിട്ടും മനുഷ്യരോട് ദൈവം കാരുണ്യാതിരേകം പ്രകടമാക്കുന്നു. നമ്മെ ദൈവം ഇനിയും സ്നേഹിക്കുന്നുവെന്നാണ്, God still loves the world എന്നാണ് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നത്.

Musical Version of Ps. 103 verses 4 & 5.
ആഹാരിക്കാനീ ഭൂമിയില്‍ ജീവജാലങ്ങള്‍ അങ്ങെ
കാരുണ്യത്തിനായ് പാര്‍ത്തിരിക്കുന്നു.
അവിടുത്തെ പരിപാലന ഞങ്ങള്‍‍ക്കീ മന്നില്‍
എന്നും സമൃദ്ധമാകുന്നു
അങ്ങു കൈതുറന്നു നല്കുമ്പോള്‍ ഞങ്ങളീ മന്നില്‍ തൃപ്തരാകുന്നു.
അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും ശക്തിയും ജീവനും നല്‍കുന്നു.
- എന്‍റെ ആത്മാവേ...

അങ്ങു മുഖം മറയ്ക്കുമ്പോള്‍ ‍ഞങ്ങളീ മണ്ണില്‍
എപ്പോഴും പരിഭ്രാന്തരാകുന്നു
അങ്ങു ശ്വാസമെടുക്കുമ്പോള്‍ ഞങ്ങള്‍
പൂഴിയിലേയ്ക്കു മടങ്ങുന്നു.
അങ്ങു ജീവശ്വാസം നല്കുമ്പോള്‍ ഞങ്ങള്‍ ജീവന്‍ പ്രാപിക്കുന്നു
കര്‍ത്താവേ, അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും
ശക്തിയും ജീവനും നല്കുന്നു.
- എന്‍റെ ആത്മാവേ...

5. ഉടമ്പടി സ്നേഹം
ദൈവത്തിന് മനുഷ്യകുലത്തോടുള്ള ഉടമ്പടിപ്രകാരമുള്ള സ്നേഹമാണ് പദങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഉടമ്പടിസ്നേഹം ദൈവത്തിന്‍റെ മാതൃസ്നേഹമോ, പിതൃസ്നേഹമോ പോലെയാണെന്ന് വരികള്‍ വ്യക്തമാക്കുന്നു. അനശ്വരനായ ദൈവത്തിനും നശ്വരനായ മനുഷ്യനുംമദ്ധ്യേ തെളിഞ്ഞുവരുന്നത്, ഹീബ്രുഗ്രന്ഥകാരന്‍ പറയുന്ന ‘ഈനോഷ്,’ അല്ലെങ്കില്‍ പൗലോസ് അപ്പസ്തോലന്‍ വര്‍ണ്ണിക്കുന്ന ‘ദുര്‍ഭഗനായ മനുഷ്യ’നാണ്. ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍... എനിക്കാരു വിമോചനമേകും. കര്‍ത്താവേ, അനാദിമുതല്‍ അനന്തതവരെ അവിടുന്നു ദൈവമാണ്. മനുഷ്യനെ അവിടുന്നു പൊടിയിലേയ്ക്കു മടക്കി അയയ്ക്കുന്നു. ആയിരം സംവത്സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും, രാത്രിയിലെ യാമം പോലെയുമാണ്.

6. സഹോദരസ്നേഹം
ദൈവസ്നേഹത്തിന്‍റെ പ്രതിഫലനം

അവിടുന്നു മനുഷ്യജീവിതങ്ങളെ മാഞ്ഞുപോകുന്ന, മറഞ്ഞുപോകുന്ന സ്വപ്നംപോലെ തുടച്ചുമാറ്റുന്നു. പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്‍നാമ്പുപോലെയാണവന്‍. പ്രഭാതത്തില്‍ അതു തഴച്ചു വളരുന്നു, എന്നാല്‍ സായന്തനത്തില്‍ വാടിപ്പോകുന്നു, എന്ന് 90-Ɔο സങ്കീര്‍ത്തനം വിവരിക്കുന്ന ആശയവും ഇവിടെ അനുസ്മരണീയമാണ് (90, 3). ദൈവത്തിന്‍റെയും മനുഷ്യന്‍റെയും സ്നേഹം തമ്മിലുള്ള അകലം ഒരാഗാധഗര്‍ത്തം പോലെയാണ് – ദൈവത്തില്‍നിന്നും മനുഷ്യനിലേയ്ക്കുള്ള അകലം അപാരമാണ്. ഒരിക്കലും മറിച്ചല്ല - മനുഷ്യനില്‍നിന്നും ദൈവത്തിലേയ്ക്കുള്ള അകലമല്ലത്. വ്യക്തിക്ക് അവന്‍റേതായ, അവളുടേതായ നിലപാടുകളുണ്ടെങ്കിലും, ദൈവവുമായുള്ള ആത്മീയബന്ധത്തില്‍ മനുഷ്യന്‍റെ നൈമിഷികതയും നിസ്സാരതയും അംഗീകരിക്കണമെന്നു തന്നെയാണ് സങ്കീര്‍ത്തകന്‍ നമ്മോട് ആവശ്യപ്പെടുന്നത്. നമ്മിലേയ്ക്ക് സ്നേഹത്തോടെത്തുന്ന ദൈവത്തോട് ഉടമ്പടിയുടെ മനുഷ്യന്‍ പ്രതികരിക്കേണ്ടത്, കല്പനകള്‍ പാലിച്ചുകൊണ്ടും, അവിടുത്തെ നിയമങ്ങളോടുള്ള വിശ്വസ്തത പുലര്‍ത്തിക്കൊണ്ടും  സഹോദരസ്നേഹത്തില്‍ ജീവിച്ചുകൊണ്ടുമാണ്.

103-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്
ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും. ആലാപനം ഡാവിനയും സംഘവും.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര .

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 January 2021, 12:39