തിരയുക

ബീജിങ്ങിലെ കത്തോലിക്കാ ദേവാലയം ബീജിങ്ങിലെ കത്തോലിക്കാ ദേവാലയം  

തീര്‍ത്ഥാടന ഗീതത്തിലെ കൂട്ടായ്മയുടെ സന്ദേശം

122-Ɔο സങ്കീര്‍ത്തനം - തീര്‍ത്ഥാടകരുടെ ഗീതത്തെക്കുറിച്ചുള്ള പഠനം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

സങ്കീര്‍ത്തനം 122 - തീര്‍ത്ഥാടകരുടെ ഗീതം


1. തീര്‍ത്ഥാടകരുടെ സങ്കീര്‍ത്തനം
മനുഷ്യജീവിതത്തില്‍ ശക്തമായ ദൈവികസാന്നിദ്ധ്യത്തിന്‍റെ പ്രതീകമാണ് ദേവസ്ഥാനങ്ങള്‍. ഹെബ്രായ ചരിത്രം പരിശോധിക്കുമ്പോള്‍ പുറപ്പാടിനുശേഷം മരുപ്രദേശത്ത് അലഞ്ഞുനടന്ന ഇസ്രായേല്‍ ജനതയ്ക്ക് ദൈവികസാന്നിദ്ധ്യം അനുഭവവേദ്യമാകുന്നത് കര്‍ത്താവിന്‍റെ കല്പനകള്‍ അടങ്ങിയ വാഗ്ദത്ത പേടകം സൂക്ഷിച്ചിരുന്ന  കൂടാരത്തിലായിരുന്നു. വാഗ്ദത്ത നാട്ടില്‍ എത്തിയ ഇസ്രായേലിന് ദാവീദ് രാജാവാണ്, പലസ്തീനായില്‍ ദേവാലയം പണിതീര്‍ത്തത്. അത് സോളമന്‍ രാജാവ് പൂര്‍ത്തീകരിക്കുകയും, മോടിപിടിപ്പിക്കുകയും ചെയ്തുവെന്നും നമുക്കറിയാം. ഏശയാ പ്രവാചകന്‍ കര്‍ത്താവിന്‍റെ ആലയത്തെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. “അവസാന നാളുകളില്‍ കര്‍ത്താവിന്‍റെ ആലയം സ്ഥിതിചെയ്യുന്ന പര്‍വ്വതം സകല പര്‍വ്വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നുനില്‍ക്കും. എല്ലാ ജനതകളും അതിലേയ്ക്ക് ഒഴുകും. അന്ന് അവര്‍ പറയും,  "വരുവിന്‍, നമുക്ക് കര്‍ത്താവിന്‍റെ ഗിരിയിലേയ്ക്ക്, യാക്കോബിന്‍റെ ദൈവത്തിന്‍റെ ഭവനത്തിലേയ്ക്ക് പോകാം. തന്‍റെ മാര്‍ഗ്ഗങ്ങള്‍ അവിടുന്ന് നമ്മെ പഠിപ്പിക്കും. ആ പാതകളില്‍ നാം ചരിക്കും” (ഏശയ 2, 2-3). നാം ഉന്നംവയ്ക്കുന്ന ലക്ഷൃത്തെക്കുറിച്ച് ഏശയ്യാ പറയുന്നത് ഇപ്രകാരമാണ്. 122-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആമുഖചിന്തകള്‍ തന്നെയാണ് ഏശയയ്യായുടെ പ്രവചനവാക്യങ്ങളില്‍ നാം കാണുന്നത്.

122-Ɔο സങ്കീര്‍ത്തനത്തിന്‍റെ മലയാളത്തിലുള്ള ഗാനാവിഷ്ക്കാരം നിര്‍വ്വഹിച്ചത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം, ബന്ദു ആന്‍റെണിയും സംഘവും.

Musical version of Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചു
ഞാന്‍ സന്തോഷിച്ചു.

a) കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു
ജരൂസലേമേ, ഇതാ, ഞങ്ങള്‍ നിന്‍റെ കവാടത്തില്‍
എത്തിയിരിക്കുന്നു, ഞങ്ങള്‍ എത്തിയിരിക്കുന്നു.
- കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക്

b) ശരിയായ പണിതീര്‍ത്ത നഗരമാണ് ജരൂസലേം
അതിലേയ്ക്ക് കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍ കടന്നുവരുന്നൂ
ഇസ്രായേലിനോടും കല്പിച്ചതുപോലെ നന്ദിയര്‍പ്പിക്കാന്‍
അവര്‍ വരുന്നു, അവര്‍ വരുന്നു.
- കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക്

2. സങ്കീര്‍ത്തനം പ്രതിഫലിപ്പിക്കുന്ന
ക്രിസ്തുവിലുള്ള കൂട്ടായ്മ

കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്കു നമുക്കു പോകാം എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ഞാന്‍ സന്തോഷിച്ചു എന്ന പ്രയോഗം  ചിലപ്പോള്‍ സങ്കീര്‍ത്തകന്‍റെ സ്വാര്‍ത്ഥസന്തോഷ ലക്ഷൃമാണെന്ന് നാം തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. ‘ഞാന്‍,’ എന്നാണ് പ്രയോഗിക്കുന്നതെങ്കിലും, ദൈവജനത്തിന്‍റെ കൂടെയായിരിക്കുവാനുള്ള വ്യക്തിയുടെ തീക്ഷ്ണതയും, വിശ്വാസ തീവ്രതയുമാണ് അത് പ്രകടമാക്കുന്നത്. ഇവിടെ ക്രിസ്തുവിന്‍റെ വാക്കുകള്‍ അന്വര്‍ത്ഥകമാണ്. ‘സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങള്‍ക്കു നല്കും, എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുമ്പോഴെല്ലാം അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും.’ (മത്തായി 18, 20...). വ്യക്തികള്‍ ഒന്നുചേര്‍ന്നെടുക്കുന്ന തീരുമാനമാണ് തീര്‍ത്ഥാടനം ഒരുമിച്ചു നടത്താമെന്നുള്ളത്. അവര്‍ പരസ്പരം പറയുന്നതുപോലെയാണ്.

3. ദൈവികൈക്യത്തിന്‍റെ ആനന്ദം
‘നമുക്കു കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് പോകാം, നമുക്ക് ഒരുമിച്ചുപോകാം.’ അങ്ങനെയാണ് അവര്‍ കൂട്ടമായും കുടുംബമായും ജരൂസലേമില്‍ എത്തുന്നത്. പിന്നെ അവര്‍ വളരെ വികാരാധീനരും അത്ഭുത പരവശരുമായിട്ടാണ് വിശുദ്ധനഗരത്തെ നോക്കിക്കാണുന്നത്.
എന്നിട്ട് ഇങ്ങനെ പ്രഘോഷിക്കുന്നു, ‘ജരൂസലേമേ,  ഇതാ, ഞങ്ങളുടെ പാതങ്ങള്‍, അതായത് ഞങ്ങള്‍തന്നെ അങ്ങേ കവാടത്തിങ്കല്‍ എത്തിയിരിക്കുന്നു.’ ഏറെ ആകാംക്ഷയോടും വിശ്വാസത്തോടും കൂടിയാണ് തീര്‍ത്ഥാടകര്‍ കൂട്ടമായി ഈ വരികള്‍ ഉരുവിടുന്നതെന്നു കാണാം. യാവേയുടെ സാന്നിദ്ധ്യത്തില്‍ എത്തിയ വികാരം മാത്രമല്ല, ഏറെ ഓര്‍മ്മകളുമായിട്ടാണ് അവര്‍ ഇനി തങ്ങളുടെ നാടുകളിലേയ്ക്കും, ഭവനങ്ങളിലേയ്ക്കും, സ്വന്തം ജനങ്ങളുടെ മദ്ധ്യത്തിലേയ്ക്കും തിരിച്ചെത്തുന്നത്. അങ്ങനെ അവരുടെ സന്തുഷ്ടിയുടെയും സംതൃപ്തിയുടെയും വികാരങ്ങളാണ് വരികളില്‍ പ്രതിഫലിക്കുന്നത്.

4. നന്മയില്‍ ജീവിക്കേണ്ട വിശ്വാസം
തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ഇതാ, അവരുടെ പാപങ്ങളും ബലഹീനതകളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് മാപ്പപേക്ഷിച്ച്  ജനം നവീകൃതരാവുകയാണ്. തങ്ങളുടെ കുറവുകളും കഴിവുകളുമെല്ലാം ദൈവത്തിന്‍റെ പാദപീഠത്തില്‍ സമര്‍പ്പിച്ചാണ് അവര്‍ നവീകൃതരാകുന്നത്, ബലപ്പെടുന്നത്. കര്‍ത്താവിന്‍റെ സന്നിധിയില്‍ നില്ക്കുന്നതിലും, അവിടുത്തെ പാടിസ്തുതിക്കുന്നതിലും തങ്ങളെത്തന്നെ യാവേയ്ക്കു സമര്‍പ്പിക്കുന്നതിലും തീര്‍ത്ഥാടകര്‍ അര്‍ത്ഥംകണ്ടെത്തുന്നു, അതില്‍നിന്നും നവോന്മേഷം പ്രാപിക്കുന്നു. അതിനാല്‍ പ്രായോഗികമായി നാം മനസ്സിലാക്കേണ്ടൊരു കാര്യം, വിശ്വാസം നിശ്ശബ്ദമായ ആത്മീയതയില്‍ ഒതുങ്ങി നില്ക്കുന്നതല്ല. മറിച്ച് അത് പ്രവൃത്തിയില്‍ പ്രതിഫലിക്കേണ്ടതാണ്. ശാരീരികമായ അദ്ധ്വാനം, ചലനം, പ്രവൃത്തികള്‍, സ്തുതിപ്പുകള്‍, തീര്‍ത്ഥാടനം, ദാനധര്‍മ്മം എല്ലാം ഇതിന്‍റെ ഭാഗമാണ്. പ്രത്യേകിച്ച്, പഴയനിയമത്തിലെ ബലിയര്‍പ്പണത്തിന്‍റെ നടപടിക്രമങ്ങള്‍ ഇന്ന് പ്രസക്തമല്ലെന്ന് നമുക്കറിയാം. എങ്കില്‍ത്തന്നെയും ത്യാഗത്തിന്‍റേതായ സല്‍ക്കര്‍മ്മങ്ങള്‍ക്കും, സല്‍പ്രവൃത്തികള്‍ക്കും മനുഷ്യജീവിതത്തില്‍, മതാത്മകജീവിതത്തില്‍ ഇന്നും എന്നും പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കണം.

5. തായ്ത്തണ്ടിനോടു ചേര്‍ന്നു നില്ക്കുന്നവര്‍
പഴയതിന്‍റെ പൂര്‍ത്തീകരണമായ പുതിയതില്‍ ക്രിസ്തുവിന്‍റെ കുരിശുയാഗം ചരിത്രത്തിലെ ആത്മബലിയും പരിത്യാഗവുമാണ്. അവിടുന്ന് തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്. ‘ഇത് നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍" എന്നാണ് ആഹ്വാനംചെയ്യുന്നത്.   ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്, ബലിയുടെ ആത്മീയാചരണത്തിനും ഉപരിയായി ശാരീരികമായും, പ്രവൃത്തിപദത്തിലും അതിന്‍റെ പ്രകടനങ്ങള്‍ ഉണ്ടെന്നുതന്നെയാണ്. 12 ഗോത്രങ്ങളായി ഇസ്രായേല്‍ വിഭജിക്കപ്പെട്ടിരുന്നു, അതുപോലെ പുതിയ നിയമത്തില്‍ 12 അപ്പസ്തോലന്മാരായിരുന്നു. അവര്‍ വ്യത്യസ്ത പാരമ്പര്യങ്ങള്‍ക്കാണ് സഭയില്‍ തുടക്കമിട്ടത്. എന്നാല്‍ അവരോട് ക്രിസ്തു പ്രസ്താവിച്ചത്, ‘നിങ്ങള്‍ ഒന്നായിരിക്കണം,’ എന്നാണ്. മാത്രമല്ല, മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമ പറഞ്ഞിട്ട്, ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. ‘താഴ്ച്ചെടിയോട് ചേര്‍ന്നു നില്ക്കണ’മെന്നാണ്.. ‘എന്‍റെ സ്നേഹത്തില്‍ വസിക്കണ’മെന്നും, ‘തായ്ത്തണ്ടിനോട് ഒട്ടിനില്ക്കുന്ന ശാഖളാണ് നിലനില്ക്കുന്നത്, അവയ്ക്ക് ജീവനുണ്ട്, അവ സമൃദ്ധമായ ഫലം പുറപ്പെടുവിക്കുകയും ചെയ്യുമെന്നാണ് (യോഹ. 14, 27). സങ്കീര്‍ത്തനം വിവരിക്കുന്ന സമഗ്രമായ സമാധാനം ദൈവികവും, നീതിനിഷ്ഠവുമാണ്. യഥാര്‍ത്ഥത്തില്‍ ജാരൂ-ശാലോം... എന്ന രണ്ടു ഹെബ്രായ പദങ്ങളാണ് ജരൂസലേം എന്ന നാമത്തിന്‍റെ മൂലരൂപം. പഴയനിയമത്തില്‍ സമൂഹത്തിന്‍റെ അല്ലെങ്കില്‍ കുടുംബങ്ങളുടെ സകല ആവശ്യങ്ങള്‍ക്കും - ശാരീരികവും ആത്മീയവുമായ എല്ലാ ക്രമങ്ങള്‍ക്കും ദേവാലയം പ്രതിവിധിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്, പ്രത്യേകിച്ച് തിരുനാളുകളുടെ അവസരങ്ങള്‍.

Muscial version of Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചു
ഞാന്‍ സന്തോഷിച്ചു.

ജരൂസലേമിന്‍റെ സമാധാനത്തിനായ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
നിന്നെ സ്നേഹിക്കുന്നവര്‍ക്കെന്നും ഐശ്വര്യമുണ്ടാകും
നിന്‍റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും, നിന്‍റെ ഗോപുരത്തില്‍
സുരക്ഷയും നിലനില്ക്കുന്നു (2). 

6. ക്രിസ്തു – ദൈവമായ കര്‍ത്താവിന്‍റെ ആലയം
ജരൂസലേമിലേയ്ക്കുള്ള പ്രയാണം ജനതകളുടെ ആഗോള തീര്‍ത്ഥാടനമാണ്. കാരണം ജരൂസലേമിലാണ്, വിശുദ്ധനഗരത്തില്‍ മാത്രമാണ് അക്കാലത്ത് കര്‍ത്താവിന്‍റെ ആലയം എന്നു ഇസ്രായേല്‍ വിശ്വസിച്ചു പോന്നു. അവിടെനിന്നുമാണ് ദൈവത്തിന്‍റെ മുഖകാന്തിയും കല്പനകളും മനുഷ്യര്‍ക്കു വെളിപ്പെട്ടു കിട്ടുന്നത്. അത് പുതിയ നിയമത്തില്‍ ക്രിസ്തുവിലാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും നമുക്കറിയാം. കാരണം, വെളിപാടിന്‍റെ പൂര്‍ത്തീകരണം ക്രിസ്തുവാണ്. അവിടുന്നു തന്നെയാണ് ദൈവമായ കര്‍ത്താവിന്‍റെ ആലയം. അവിടുന്നാണ് മാംസംധരിച്ച വചനം. ദൈവജനത്തിന്‍റെ ജീവിതത്തിലെ തീര്‍ത്ഥാടന ലക്ഷൃവും, ഒപ്പം മാര്‍ഗ്ഗവും - ക്രിസ്തുവാണ്. അവിടുന്നു തെളിയിക്കുന്ന പ്രകാശധാരയില്‍ സകലജനങ്ങള്‍ക്കും ദൈവരാജ്യത്തിന്‍റെ നീതിയുടെയും സമാധാനത്തിന്‍റെയും പാതയില്‍ ചരിക്കാനാകുമെന്നാണ് നാം മനസ്സിലാക്കേണ്ടത്. അതിനെക്കുറിച്ച് ഏശയ്യാ ഇങ്ങനെ പ്രവചിച്ചിരിക്കുന്നു: “അവിടുന്ന് ജനതകളുടെ മദ്ധ്യത്തില്‍ വിധികര്‍ത്താവായിരിക്കും. ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവിടുന്ന് അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും, അവരുടെ കുന്തം വാക്കത്തിയുമായി കര്‍ത്താവ് അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ പിന്നെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയുമില്ല” (ഏശയ്യ 2, 4).

പ്രാവചക ചിന്തകള്‍ നമുക്ക് ആവര്‍ത്തിക്കാം. ‘നിങ്ങളുടെ വാളും പരിചയും കുന്തവുമെല്ലാം ഇല്ലാതാക്കപ്പെടും. ഇനി യുദ്ധമുണ്ടാവില്ലെന്ന്.’ എന്നാല്‍ എന്നാണ് ഇതെല്ലാം സംഭവിക്കുക. നമ്മുടെ ആയുധങ്ങള്‍ അടിയറവച്ച്, നിരായുധീകരണം യാഥാര്‍ത്ഥ്യമാക്കുന്ന ദിനങ്ങള്‍, സമാധാനത്തിന്‍റെ ദിനങ്ങള്‍ എത്ര സുന്ദരമായിരിക്കും! ഇതു സാധ്യമാണ്. നാം പ്രത്യാശ കൈവെടിയരുത്. സമാധാനത്തിനായുള്ള ദിനങ്ങളാണിത്! പ്രത്യാശയുടെ കാലമാണിത്, അതിനായി പരിശ്രമിക്കാം, സങ്കീര്‍ത്തകനോടുചേര്‍ന്ന് പ്രാര്‍ത്ഥിക്കാം.

Musical version of Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചു 
ഞാന്‍ സന്തോഷിച്ചു.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.

 

19 January 2021, 13:32