“ഷൊഹ” അനുസ്മരണം, ജനുവരി 27!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസിപ്പട കൂട്ടക്കുരുതി കഴിച്ചവരെ മാർപ്പാപ്പാ അനുസ്മരിച്ചു.
1941-1945 കാലയളവിൽ ജർമ്മൻ നാസികൾ യഹൂദരെ ഇല്ലായ്മ ചെയ്യുന്നതിനായി, അവരെ പീഢിപ്പിച്ചു കൊല്ലുന്നതിനു വേദിയാക്കിയ പോളണ്ടിലെ ഔഷ്വിറ്റ്സ് തടങ്കൽ പാളയം അന്നത്തെ സോവ്യറ്റ് യൂണ്യൻറെ സൈന്യം, “ചെമ്പട” അഥവാ “റെഡ് ആർമി” (Red Army) 1945 ജനുവരി 27-ന് മോചിപ്പിച്ചതിൻറെ ഓർമ്മ ദിനം “ഷൊഹ” (Shoah) അനുവർഷം ജനുവരി 27-ന് ആചരിക്കുന്നത് ഫ്രാൻസീസ് പാപ്പാ ബുധനാഴ്ച (27/01/2021) പ്രതിവാരപൊതുദർശന സന്ദേശം നല്കവെ അനുസ്മരിക്കുകയായിരുന്നു.
കൂട്ടക്കുരുതിക്ക് ഇരകളായവരെയും പീഢിപ്പിക്കപ്പെട്ടവരെയും നാടുകടത്തപ്പെട്ടവരെയും എല്ലാം നാം ഓർക്കുകയാണെന്ന് പറഞ്ഞ പാപ്പാ ഓർക്കുക എന്നത് മാനവികതയുടെ ഒരു ആവിഷ്ക്കാരവും നാഗരികതയുടെ അടയാളവും സമാധാനവും സാഹോദര്യവും വാഴുന്ന നല്ലൊരു നാളെയ്ക്കുള്ള വ്യവസ്ഥയുമാണെന്ന് പറഞ്ഞു.
ഒരു ജനതയെ രക്ഷിക്കുന്നതിന് ജനങ്ങളെ, നരകുലത്തെ ഇല്ലായ്മചെയ്യുന്നതിലെത്തിച്ചേരുന്ന പ്രത്യയശാസ്ത്രങ്ങൾ അവതരിപ്പിക്കുന്നതിൽ തുടങ്ങുന്ന ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ജാഗ്രത പുലർത്തുകയുമാണ് സ്മരണ എന്ന് പാപ്പാ കൂട്ടിച്ചേർത്തു.
മരണത്തിൻറെ, വംശനാശത്തിൻറെ, നിഷ്ഠുൂരതയുടെ ഈ സരണി എങ്ങനെയാണ് ആരംഭിച്ചതെന്നതിനെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കാനും പാപ്പാ എല്ലാവരെയും ഓർമ്മിപ്പിച്ചു.
60 ലക്ഷം യഹൂദരെയും 1 കോടി 10 ലക്ഷത്തോളം മറ്റുള്ളവരെയുമാണ് നാസിപ്പട 1941-1945 കാലഘട്ടത്തിൽ അന്നത്തെ അധിനിവേശ പോളണ്ടിലെ, പ്രധാനമായും, ഔഷ്വിറ്റ്സ് ബെയിത്സെച്ച്, കെയ്മ്നൊ, മജ്ദാനെക്ക്, സൊബിബോർ, ത്രെബ്ലിങ്ക എന്നീ തടങ്കൽ പാളയങ്ങളിലിട്ട് ക്രൂരമായി കൊലചെയ്തത്.