തിരയുക

ആദ്യം കൂടെ നടന്നവര്‍... ആദ്യം കൂടെ നടന്നവര്‍... 

ക്രിസ്ത്വാനുകരണ പാതയിലെ വെല്ലുവിളികള്‍

ആണ്ടുവട്ടം 2-Ɔ൦വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ - വിശുദ്ധ യോഹന്നാന്‍ 1, 35-42. - ശബ്ദരേഖയോടെ....

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര

ആണ്ടുവട്ടം 2-Ɔ൦വാരം സുവിശേഷചിന്തകള്‍


1. സ്നാപകൻ കാട്ടിത്തന്ന ക്രിസ്തുവിനെ ഇന്ന് കാട്ടിക്കൊടുക്കേണ്ടത് നമ്മളാണ്

ആണ്ടുവട്ടം രണ്ടാം ഞായറിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുവാനുള്ള ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഇന്നത്തെ സന്ദേശം. "വന്നു കാണുക" എന്ന ക്ഷണത്തോടെ തന്‍റെ ആദ്യശിഷ്യൻമാരെ സ്വാഗതം ചെയ്യുന്ന യേശുവിനെ സുവിശേഷത്തിൽ നാം കാണുന്നു. സാമുവലിനെ വിളിക്കുന്ന ദൈവത്തേയും, ആ വിളിയ്ക്ക് പ്രത്യുത്തരം നൽകുന്ന ബാലനായ സാമുവലിനെയും ഒന്നാംവായന നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദൈവീകസ്വരത്തിന് മറുപടി നൽകുവാനും, യേശുവിന്‍റെ ശിഷ്യരായി സാക്ഷ്യം നൽകുവാനും തിരുസഭ നമ്മെ ഓരോരുത്തരേയും ക്ഷണിക്കുകയാണ്.

2. ദൈവവചന പ്രഘോഷണകർമ്മം

യേശു, തന്‍റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷ ഭാഗം വൈദികരുടെയും, സന്യസ്തരുടെയും മാത്രം ദൈവവിളിയെപ്പറ്റിയല്ല പരാമർശിക്കുന്നത്. മറിച്ച്, യേശുവിനെ അനുഗമിക്കുന്ന ഓരോ വിശ്വാസിക്കും നൽകുന്ന മാതൃകയാണ് ഇന്നത്തെ സുവിശേഷം. ഇന്നത്തെ ലോകത്തിൽ എങ്ങനെയാണ് നാം യേശുവിന് സാക്ഷ്യം നൽകേണ്ടതെന്നും, പ്രേക്ഷിത ദൗത്യം എന്താണന്നും, എങ്ങനെയാണെന്നും സുവിശേഷത്തിലെ രണ്ട് ഘട്ടങ്ങളിലൂടെ വിശുദ്ധ യോഹന്നാൻ സുവിശേഷകൻ നമുക്ക് വ്യക്തമാക്കിത്തരികയാണ്.

3. ശിഷ്യര്‍ - യേശുവിനെ മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുന്ന ചൂണ്ടുപലക

ഒന്നാമത്തെ ഘട്ടത്തിൽ യേശുവിനെ നോക്കി സ്നാപക യോഹന്നാൻ തന്‍റെ ശിഷ്യന്മാരോട് "ഇതാ ദൈവത്തിന്റെ കുഞ്ഞാട്" എന്നുപറയുകയാണ്. പെസഹാ തിരുനാൾ ആഘോഷിക്കുന്ന ഏതൊരു യഹൂദനും മനസ്സിലാകുന്ന ഭാഷയിലാണ് സ്നാപകൻ തന്‍റെ ശിഷ്യരോട് സംസാരിക്കുന്നത്. പ്രവാസകാലം മുതൽ തന്നെ യഹൂദജനത്തെ വീണ്ടും ദൈവവുമായി രമ്യതപ്പെടുത്തുന്ന, എല്ലാ പാപങ്ങളും നീക്കുന്ന ദൈവകുഞ്ഞാടിനെ അവർ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് സ്നാപകന്‍റെ വാക്കുകൾ കേട്ടയുടനെ ശിഷ്യന്മാർ യേശുവിനെ അനുഗമിക്കുന്നത്. വിശ്വാസ ജീവിതത്തിന്‍റെയും, പ്രേക്ഷിത പ്രവർത്തനത്തിന്‍റെയും വലിയ പാഠം സ്നാപകൻ നമ്മെ പഠിപ്പിക്കുന്നു. ഓരോ ക്രിസ്ത്യാനിയും മറ്റുള്ളവർക്ക് യേശുവിനെ കാണിച്ച് കൊടുക്കുന്ന ചൂണ്ടുപലകയാണ്.

4. അന്വേഷണമെന്ന സങ്കല്പം

"നിങ്ങൾ എന്തന്വേഷിക്കുന്നു?" യോഹന്നാന്‍റെ സുവിശേഷത്തിലെ യേശുവിന്‍റെ ആദ്യ വാക്കുകളാണിത്. സ്നാപകന്‍റെ സാക്ഷ്യം കേട്ട് പിന്നാലെ കൂടിയിരിക്കുന്ന രണ്ട് യുവാക്കളോടാണ് അവന്‍റെ ഈ ചോദ്യം. ആ ചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു. മറിച്ച് മറുചോദ്യമാണ്. ആദ്യമായിട്ടാണ് ഗുരുവിന്‍റെ ചോദ്യത്തിന് മറുചോദ്യമുയരുന്നത്: "ഗുരോ, അങ്ങ് എവിടെയാണ് താമസിക്കുന്നത്?" നമുക്ക് അവരുടെ സംഭാഷണത്തെ വേറൊരു രീതിയിൽ ചിത്രീകരിച്ചു നോക്കാം.
- "നിങ്ങൾ എന്തന്വേഷിക്കുന്നു?"
- ഞങ്ങൾ നിന്‍റെ വാസസ്ഥലം അന്വേഷിക്കുന്നു.
- എന്തിന്?
- നിന്നോടൊപ്പം ആയിരിക്കാൻ.
അതെ, അവർ അവനോടൊപ്പം വസിച്ചു. അത് വളരെ കൃത്യതയുള്ള കാര്യമാണ്. അതുകൊണ്ടാണ് സുവിശേഷകൻ ആ സമയത്തെക്കുറിച്ച് പോലും പ്രതിപാദിക്കുന്നത്: "അപ്പോൾ ഏകദേശം പത്താം മണിക്കൂർ ആയിരുന്നു" (v.39).
അന്വേഷണം എന്ന സങ്കല്പം യോഹന്നാന്‍റെ സുവിശേഷത്തിൽ ഒരു പ്രധാന വിഷയമാണ്. ഏകദേശം 34 പ്രാവശ്യം അന്വേഷിക്കുക എന്ന പദം ആവർത്തിക്കുന്നുണ്ട്. അതിൽ 11 പ്രാവശ്യം ക്രിസ്തുവിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. സുവിശേഷത്തിന്‍റെ അവസാന താളിൽ ഉത്ഥിതനും ഏകദേശം ഇതേ ചോദ്യം തന്നെ ചോദിക്കുന്നുണ്ട്. അവൻ മഗ്ദലേനയോട് ചോദിക്കുന്നു: "സ്ത്രീയെ, നീ ആരെയാണ് അന്വേഷിക്കുന്നത്? യേശു അങ്ങനെയാണ്. വിസ്മയിപ്പിച്ചു കൊണ്ടോ, സംഭ്രമിപ്പിച്ചു കൊണ്ടോ, ഉപദേശിച്ചു കൊണ്ടോ ഒന്നുമല്ല നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. നീ എന്താണ് അന്വേഷിക്കുന്നത് ആ അന്വേഷണത്തിലെ മാർഗ്ഗവും ലക്ഷ്യവുമാണവൻ. അവൻ എല്ലാ അന്വേഷണത്തിനുള്ളിലെ രാസത്വരകമാണ്. നിന്‍റെ മുന്നേ നടക്കുക എന്നതല്ല അവന്‍റെ അഭിരുചി. നിന്നോടൊപ്പം ആയിരിക്കുകയെന്നതാണ്. ഒരു സഹയാത്രികനായി നിന്‍റെ ഹൃദയാന്വേഷണത്തിന്‍റെ ഭാഗമാകുന്നു.

5. യേശു വസിക്കുന്ന, കൂടെ വസിക്കുവാൻ കഴിയുന്ന ഇടം

യേശുവിനെ കാണുന്ന ശുഷ്യർ അവനെ അനുഗമിക്കുകയും, യേശുവിന്‍റെ കൂടെ പോകുകയും അവനോടൊപ്പം വസിക്കുകയും ചെയ്യുന്നു. വി.യോഹന്നാന്റെ സുവിശേഷത്തിൽ "വസിക്കുക" എന്നുപറഞ്ഞാൽ വെറുതെ കൂടെ താമസിക്കുക എന്ന അര്‍ത്ഥത്തെക്കാളുപരി പരസ്പരമുള്ള ആഴമേറിയ ബന്ധത്തേയും, അറിവിനെയും കാണിക്കുന്നു. യേശുവിനെ കാണുമ്പോൾ ഈ ശിഷ്യന്മാർ ചോദിക്കുന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. "റബ്ബീ, അങ്ങ് എവിടെയാണ് വസിക്കുന്നത്?". യേശു എവിടെയാണ് വസിക്കുന്നതെന്ന ചോദ്യം അന്നും ഇന്നും പ്രസക്തമാണ്. തിരുവചനത്തിൽ നാം അതിന് പല ഉത്തരങ്ങളും കാണുന്നുണ്ട്. യേശു നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്നു. രണ്ടോ മൂന്നോ പേർ യേശുവിന്‍റെ നാമത്തിൽ എവിടെ ഒരുമിച്ച് കൂടുന്നുവോ അവൻ അവിടെയുണ്ടെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. വചനം പങ്ക് വയ്ക്കുമ്പോഴും, പുണ്യപ്രവർത്തികൾ ചെയ്യുമ്പോഴും അവിടെയും യേശു വസിക്കുന്നു. എന്നാൽ ഇതിന് എല്ലാറ്റിനും ഉപരിയായി യേശു വസിക്കുന്ന സ്ഥലം നമ്മുടെ ഇടവക ദേവാലയമാണ്. ഇവിടെയാണ് യേശുവിന്‍റെ ബലിയുടെ ഓർമ്മ പുതുക്കപ്പെടുന്നത്. ഇവിടെയാണ് നാം ദിവ്യകുഞ്ഞാടിന്‍റെ തിരുശരീര രക്തങ്ങൾ കാണുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ദേവാലയത്തിലാണ് നാം ഉറപ്പായും യേശുവിനോട് കൂടെ വസിക്കുന്നത്. എല്ലാ വചന കൂട്ടായ്മകളുടെയും, പ്രാർത്ഥനാ യോഗങ്ങളുടെയും, ഉപവി പ്രവർത്തികളുടെയും അടിസ്ഥാനം ദേവാലയത്തിലെ ദിവ്യസക്രാരിയിലെ യേശുവിന്‍റെ വാസമാണ്. ശിഷ്യത്വത്തിന്‍റെ ഒന്നാമത്തെ ഘട്ടം ഇടവക ദേവാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ നാം പോകുന്നു യേശുവിനെ കാണുന്നു, അവനൊപ്പം വസിക്കുന്നു. ഇത് നമ്മെ പ്രേക്ഷിത ഭൗത്യത്തിന്‍റെ രണ്ടാമത്തെ ഘട്ടത്തിലേയ്ക്ക് ഒരുക്കുന്നു.

6. മാതൃകാപൂർണ്ണമായ ജീവിതമാണ് ഏറ്റവും വലിയസാക്ഷ്യം

എന്താണ് രണ്ടാമത്തെ ഘട്ടം? നാം കാണുകയും, കേൾക്കുകയും, കൂടെവസിച്ച് മനസിലാക്കുകയും ചെയ്ത യേശുവിനെക്കുറിച്ച് മറ്റുള്ളവരോടും പങ്കുവയ്ക്കുക. ശിഷ്യനായ അന്ത്രയോസ് ചെയ്യുന്നതും അതാണ്. "ഞങ്ങൾ മിശിഹായെ കണ്ടു" എന്ന് പറഞ്ഞ് കൊണ്ട് തന്‍റെ സഹോദരനായ ശിമയോനെ യേശുവിന്‍റെ അടുക്കലേയ്ക്ക് കൊണ്ടുവരുന്നു. പിൽക്കാലത്ത് എടുത്തുചാട്ടക്കാരനും, അൽപ്പവിശ്വാസിയുമാണെന്ന് നാം മനസ്സിലാക്കുന്ന ശിമയോനെ ആദ്യമേ "പാറ" എന്ന് വിളിച്ചുകൊണ്ട് ശിഷ്യ പ്രമുഖനായി യേശു സ്വീകരിക്കുന്നു.

യോഹന്നാൻ തന്‍റെ ശിഷ്യന്മാർക്ക് യേശുവിനെ കാട്ടിക്കൊടുക്കുന്നു. ആ യേശുവിനെ അനുഭവിച്ചറിഞ്ഞ ശിഷ്യന്മാർ മറ്റൊരുവനെ അവിടുത്തെ അടുക്കലേയ്ക്ക് കൊണ്ടുവരുന്നു. ഇങ്ങനെ ഒരു ചങ്ങലപോലെ തുടരുന്നതാണ് ക്രിസ്തുവിന്‍റെ അനുയായികൾ - ക്രിസ്ത്യാനികൾ - അതാണ് നമ്മൾ. നമ്മിലൂടെ ഈ ദൗത്യം തുടരണം. പ്രേക്ഷിത പ്രവർത്തനത്തിനായി എല്ലാവിധ ആധുനിക സംവിധാനങ്ങളും, നവമാധ്യമങ്ങളും ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തിലും, തിരുസഭയോട് ചേർന്ന് നിൽക്കുന്ന മാതൃകാപൂർണ്ണമായ ക്രൈസ്തവ ജീവിതമാണ് ഏറ്റവും വലിയസാക്ഷ്യം എന്നോർമിച്ചുകൊണ്ട് നമുക്കീ ദൗത്യം തുടരാം.
ആമേൻ.

ഗാനമാലപിച്ചത് കെ. ജി. മാര്‍ക്കോസ്, രചന ഫാദര്‍ ജോസഫ് മനക്കില്‍, സംഗീതം സണ്ണി സ്റ്റീഫന്‍.

ആണ്ടുവട്ടം 2-Ɔ൦വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍.

.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2021, 13:35