“യൗസേപ്പിതാവിന്‍റെ വര്‍ഷ”ത്തില്‍ പാടുവാന്‍ ഒരു സ്തുതിപ്പ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഗാനത്തിന്‍റെ ശബ്ദരേഖയുടെ ലിങ്ക് :
https://www.vaticannews.va/ml/world/news/2021-01/hymn-to-saint-joseph-amaldev-manakil.html
സഭയില്‍ യൗസേപ്പിതാവിന്‍റെ വര്‍ഷം
2020 ഡിസംബര്‍ 8-ന് അമലോത്ഭവ മഹോത്സവത്തില്‍ ആരംഭിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷം 2021 ഡിസംബര്‍ 8-ന് സമാപിക്കും.
ആഗോള സഭയുടെ മദ്ധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ 9-Ɔο പിയൂസ് പാപ്പാ 1870 ഡിസംബര്‍ 8-ന് പ്രഖ്യാപിച്ചതിന്‍റെ 150-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുക്കുടുംബത്തിന്‍റെ പാലകനായ വിശുദ്ധന്‍റെ മാതൃക അനുകരിക്കണമെന്നും, നാം ഇന്ന് അഭിമുഖീകരിക്കുന്ന ജീവിതക്ലേശങ്ങളില്‍നിന്നും സമാശ്വാസവും രക്ഷയും പ്രാപിക്കുവാന്‍ യൗസേപ്പിതാവിന്‍റെ വര്‍ഷം സകല വിശ്വാസികള്‍ക്കും സഹായകമാകുമെന്നും പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്യുന്നു.
ഗാനം - “യൗസേപ്പു താതനേ...”
പല്ലവി
യൗസേപ്പു താതനേ, തിരുക്കുടുംബ നാഥനേ
നീതമാനായ ധന്യനേ,
ഉണ്ണിയെ വളര്‍ത്തുവാന്‍ മേരിയെ തുണയ്ക്കുവാന്‍
സ്നേഹദൂതേറ്റ സിദ്ധനേ.
അനുപല്ലവി
വന്ദനം നിനക്കു വന്ദനം
ദേവദൂതരൊത്തു സന്തതം (2).
ചരണം ഒന്ന്
കൈവേല ചെയ്തു നീ നിസ്വനായി മേവി നീ
അദ്ധ്വാന മഹിമ കാട്ടി നീ
രാജവംശ ജാതനെന്നതാകവേ മറച്ചു നീ
വിനയശാലിയായി വാണു നീ.
വന്ദനം...
ചരണം രണ്ട്
ക്ലേശംവരിച്ചു നീ ത്യാഗം സഹിച്ചു നീ
മൗനസേവനത്തിനുടമയായ്
പാതതെറ്റിടാതെ മക്കളായ ഞങ്ങളൊടുവിലായ്
സ്വര്‍ഗ്ഗമെത്തിടാന്‍ തുണയ്ക്ക നീ.
വന്ദനം...
ഒ. എസ്. ജെ നിര്‍മ്മിതി
ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് (Congregation of Oblates of St. Joseph) എന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള രാജ്യാന്തര സന്ന്യാസസമൂഹത്തിന്‍റെ കേരളത്തില്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോവിന്‍സിലെ അംഗങ്ങള്‍ ഒരുക്കിയ സിഡിയില്‍നിന്നും എടുത്തതാണീ ഗാനം. സഭാസ്ഥാപനകനായ ബിഷപ്പ് ജോസഫ് മരേല്ലോയുടെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2001- നവംബറിലാണ് അമല്‍ദേവ് ഈണംപകര്‍ന്ന “വാഴ്ത്തുവിന്‍” എന്ന ഗാനശേഖരം പുറത്തുവന്നത്. ആല്‍ബത്തിലെ ആദ്യഗാനമാണ് “യൗസേപ്പു താതനേ...” എന്ന സ്തുതിപ്പ്. സന്ന്യാസസമൂഹത്തിന്‍റെ ആത്മീയ രക്ഷാധികാരിയായ വിശുദ്ധ യൗസേപ്പിതാവിനു സമര്‍പ്പിതമാണ് ഈ ഗാനം.
മലയാളത്തിന് ഒത്തിരി നല്ല ഭക്തിഗാനങ്ങളും ക്യാരിസ്മാറ്റിക്ക് ഗാനങ്ങളും സമ്മാനിച്ചിട്ടുള്ള അമല്‍ദേവ്-മനക്കില്‍ കൂട്ടുകെട്ടിലെ ലളിതസുന്ദരമായൊരു സൃഷ്ടിയാണിത്. സംഗീതജ്ഞരെയും നിര്‍മ്മാതാക്കളെയും നന്ദിയോടെ അനുസ്മരിക്കുന്നു!