തിരയുക

പ്രത്യക്ഷീകരണം - ഒരു മൊസൈക് ചിത്രീകരണം പ്രത്യക്ഷീകരണം - ഒരു മൊസൈക് ചിത്രീകരണം 

കൂട്ടായ്മയുടെ യാത്രാന്ത്യത്തില്‍ ദൈവത്തെ ദര്‍ശിച്ചവര്‍

ക്രിസ്തുമസ് കഴിഞ്ഞുവരുന്ന രണ്ടാംവാരം ഞായര്‍, പ്രത്യക്ഷീകരണ മഹോത്സവത്തിലെ സുവിശേഷ വിചിന്തനം... ശബ്ദരേഖയോടെ... വിശുദ്ധ മത്തായിയുടെ സുവിശേഷം 2, 1-12.

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര

പ്രത്യക്ഷീകരണ മഹോത്സവം


ദൈവത്തിലേക്ക് നയിക്കുന്ന അടയാളങ്ങളെ 
തിരിച്ചറിഞ്ഞു പിന്തുടരുക

1. ആമുഖം

തിരുപ്പിറവിക്കാലത്തെ സുപ്രധാനമായ  പ്രത്യക്ഷീകരണ തിരുനാൾ  നാമിന്ന് ആചരിക്കുകയാണ്. റോമൻ കത്തോലിക്കാ ആരാധനാക്രമമനുസരിച്ച് ജനുവരി ആറാം തീയതിയാണ് പൂജരാജാക്കന്മാരുടെ തിരുനാൾ അല്ലെങ്കിൽ പ്രത്യക്ഷീകരണ തിരുനാൾ കടന്നുവരുന്നതെങ്കിലും, ഞായറാഴ്ചകളിലല്ലാ ഈ തിരുനാൾ ദിനം വരുന്നതെങ്കിൽ, പ്രാദേശിക സഭകൾക്ക് അജപാലന സൗകര്യമനുസരിച്ച് ഈ തിരുനാൾ ക്രമീകരിക്കാൻ അനുവാദമുണ്ട്. അത്തരത്തിൽ മറ്റുപല രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും ഈ ഞായറാഴ്ചയാണ് പ്രത്യക്ഷീകരണ തിരുനാൾ ആഘോഷിക്കുന്നത്.

എപ്പിഫനിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'പ്രത്യക്ഷീകരണ തിരുനാൾ' എന്ന പേര് കടന്നുവരുന്നത്. "എപ്പിഫനിയ" എന്ന പദത്തിനർത്ഥം 'സ്വയം പ്രത്യക്ഷനാകുക, സ്വയം വെളിപ്പെടുത്തുക' എന്നൊക്കെയാണ്. യേശു ഈ ലോകത്തിന്‍റെ മുഴുവൻ പ്രകാശമായും, ജനതകളുടെ മുഴുവൻ രക്ഷകനായും സ്വയം വെളിപ്പെടുത്തുകയാണ്. ജനതകളുടെയും രാജ്യങ്ങളുടെയും പ്രതിനിധിയായി ജ്ഞാനികൾ ഉണ്ണിയായ യേശുവിനെ കണ്ട് വണങ്ങുന്നു. യേശുവിന്‍റെ ജ്ഞാനസ്നാനവും, കാനായിൽ പ്രവർത്തിക്കുന്ന ആദ്യത്തെ അത്ഭുതവും യേശുവിന്‍റെ പ്രത്യക്ഷീകരണത്തിന്‍റെ ഭാഗമാണെങ്കിലും, പ്രവചനങ്ങളുടെ പൂർത്തീകരണം സംഭവിക്കുന്നതിന്‍റെ അതിപ്രാധാന്യം ഈ തിരുനാളിനുണ്ട്. യേശുവിനെ അന്വേഷിക്കുന്ന ജ്ഞാനികളുടെ അതേ തീഷ്ണതയോടു കൂടി നമ്മുടെ അനുദിന ജീവിതത്തിൽ ദൈവത്തിലേക്ക് നയിക്കുന്ന അടയാളങ്ങളെ തിരിച്ചറിഞ്ഞു പിന്തുടരുവാനുള്ള ആഹ്വാനവും ഇന്നത്തെ തിരുനാൾ നമുക്ക് നൽകുന്നുണ്ട്.

2. സുവിശേഷകന്‍റെ ലക്‌ഷ്യം

നാല് സുവിശേഷകരിൽ വി.മത്തായി മാത്രമെ ജ്ഞാനികളുടെ സന്ദർശനത്തെപ്പറ്റി വിവരിക്കുന്നുള്ളു. ഈ വിവരണത്തിന്‍റെ ഉദ്ദേശം വളരെ വ്യക്തമാണ്: യേശു യഹൂദരുടെ മാത്രമല്ല, മറിച്ച് ലോകത്തിനും മുഴുവനും വേണ്ടിയുള്ള ജനതകളുടെ രക്ഷകനാണ്. യഹൂദ ജനം മാത്രമല്ല പരോക്ഷമായി ഈ ലോകം മുഴുവൻ യേശു എന്ന രക്ഷകനെ കാത്തിരുന്നു, അന്വേഷിച്ചിരുന്നു എന്ന് വ്യക്തമാക്കുകയാണ് സുവിശേഷകൻ.

3. ആരായിരുന്നു മൂന്നു ജ്ഞാനികൾ

തിരുവചന സന്ദേശത്തിലേയ്ക്ക് കടക്കുന്നതിനുമുൻപ് ഈ മൂന്ന് ജ്ഞാനികളെകുറിച്ച് സുവിശേഷത്തിന് പുറമെ പാരമ്പര്യത്തിലും, വ്യാഖ്യാനങ്ങളിലും, ചരിത്രത്തിലും എന്താണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. ഈ മൂന്ന് ജ്ഞാനികളെ രാജാക്കന്മാർ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും മധ്യപൂർവ്വദേശത്തെ പഴയ ബാബിലോണിയൻ, പേർഷ്യൻ പ്രദേശങ്ങളിലെ വാനനിരീക്ഷകരൊ, പണ്ഡിതന്മാരൊ ആയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ചില പാരമ്പര്യങ്ങളിൽ ഈ മൂന്ന് പേർക്കും ഗാസ്പർ, മെൽത്തിയോർ, ബൽത്തസാർ എന്നീ പേരുകൾ നൽകുന്നുണ്ട്. നോഹയുടെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരുമായി ബന്ധപ്പെടുത്തി പ്രളയത്തിനു ശേഷമുള്ള സെമിറ്റിക്, ഹമിറ്റസ്, യാഫെറ്റിറ്റിസ് എന്നീ മനുഷ്യവംശങ്ങള ഇവർ പ്രതിനിധാനം ചെയ്യുന്നതായും വ്യാഖ്യാനമുണ്ട്. ഇവർ ഏതു ദേശത്തുനിന്നു വന്നു എന്നതിനേക്കാളുപരി വി.മത്തായി പ്രാധാന്യം നൽകുന്നത് ഇവരുടെ "അന്വേഷിക്കുന്ന വിശ്വാസമാണ്".

ചരിത്രത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഈ ജ്ഞാനികളെ വ്യത്യസ്ത വർണ്ണത്തിലും ഭാവത്തിലും ചിത്രീകരിച്ചിട്ടുണ്ട്:
ഗാസ്പറിനെ പൗരസ്ത്യ-ഏഷ്യൻ വംശത്തിലെ വ്യക്തിയായും,
മെൽക്കിയോറിനെ യൂറോപ്പുകാരനായും,
ബാൽത്തസാറിനെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ യുവാവായുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. കാലത്തിനും, വർണ്ണത്തിനും, ദേശത്തിനും, ഭാഷകൾക്കുമപ്പുറമായി യേശു ഈ ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള രക്ഷകനാണെന്ന് കാണിക്കുവാനാണിത്. ഈ ജ്ഞാനികളുടെ തിരുശേഷിപ്പ് ഇന്ന് ജർമ്മനിയിലെ കൊളോൺ കത്തീഡ്രലിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.

4. മൂന്നു ജ്ഞാനികൾ കാഴ്ചവച്ചത്

ഗാസ്പർ "പൊന്ന് അഥവാ സ്വർണ്ണം" യേശുവിന് സമർപ്പിക്കുന്നു. സ്വർണ്ണം അമർത്യതയെയും പരിശുദ്ധിയെയും കാണിക്കുന്നു. പ്രതിഫലമായി ഗാസ്പർ യേശുവിൽനിന്ന് 'ഉപവിയും ആത്മീയപൈതൃകവും' അനുഗ്രഹമായി സ്വീകരിക്കുന്നു.
മെൽക്കിയോൾ മർത്യതയേയും, മൃതസംസ്കാരത്തേയും സൂചിപ്പിക്കുന്ന "മീറ" ഉണ്ണിയേശുവിന് സമർപ്പിക്കുന്നു. അനുഗ്രഹമായി യേശുവിൽനിന്ന് 'എളിമ', 'സത്യസന്ധത' എന്നീ പുണ്യങ്ങൾ സ്വീകരിക്കുന്നു.
ബൽത്തസാറാകട്ടെ പ്രാർത്ഥനയെയും ബലിയെയും പ്രതിനിധാനംചെയ്യുന്ന "കുന്തിരിക്കം" സമർപ്പിക്കുന്നു. അനുഗ്രഹമായി യേശുവിൽനിന്നു 'വിശ്വാസം' എന്ന മഹാദാനം സ്വീകരിക്കുന്നു.

5. ഇന്നത്തെ സുവിശേഷം പറയുന്നത്

ഇന്നത്തെ സുവിശേഷം പ്രധാനമായും അഞ്ച് സന്ദേശങ്ങൾ നമുക്ക് നൽകുന്നുണ്ട്.

ഒന്ന്: ജീവിതത്തിൽ തെളിഞ്ഞ് വരുന്ന അടയാളങ്ങളെ തിരിച്ചറിയുക, ദൈവത്തിലേയ്ക്ക് അടുപ്പിക്കുന്ന അടയാളങ്ങളെ ധൈര്യപൂർവ്വം പിൻതുടരുക എന്നതാണ്. ഏശയ്യാ പ്രവാചകൻ പറയുന്നതുപോലെ "ഉണർന്നു പ്രശോഭിക്കുക... കണ്ണുകളുയർത്തി ചുറ്റുംനോക്കി കാണുക" (ഏശ 60:1,4). ആത്മീയ ജീവിതത്തിന്‍റെ ആദ്യപടി കണ്ണുകൾ തുറക്കുക എന്നത് തന്നെയാണ്. ഉണ്ടാകാനിടയുള്ള ആലസ്യത്തിന്‍റെ അറയിൽനിന്നും പുറത്തുവരുവാൻ സാധിക്കും എന്നറിയുവാൻ ശ്രമിക്കുക. സ്വപ്നങ്ങളുടെയും അന്തർജ്ഞാനങ്ങളുടെയും പിന്നാലെ എങ്ങനെ സഞ്ചരിക്കാൻ സാധിക്കും എന്നറിയുക. ഒരു നക്ഷത്രം നിനക്കായി മാത്രം തെളിഞ്ഞു നിൽക്കുന്നുണ്ട്. അതേസമയം നാം ഓർമ്മിക്കേണ്ടത് എല്ലാ നക്ഷത്രങ്ങളും ദൈവത്തിലേയ്ക്കുള്ള അടയാളമല്ല എന്നാണ്.

രണ്ട്: ദൈവത്തെ അന്വേഷിച്ച് ഇറങ്ങി പുറപ്പെടുക. ആത്മീയ ജീവിതത്തിലെ അലസതയെ അകറ്റി ചലനാത്മകമാക്കുക. കർത്താവിനെ കണ്ടെത്തണമെങ്കിൽ നിന്‍റെ മനസ്സുകൊണ്ടും, ഹൃദയം കൊണ്ടും നീ ഒരു യാത്ര ചെയ്യണം, പുസ്തകങ്ങളിലൂടെയും വ്യക്തികളിലൂടെയുമെല്ലാം അന്വേഷണം നടത്തണം. ജ്ഞാനികൾ ഒറ്റയ്ക്കല്ലായിരുന്നു. അവർ ഒരു കൂട്ടമായിരുന്നു. അവർ മൂന്നു പേരായിരുന്നുവെന്ന് സുവിശേഷത്തിൽ ഒരു സ്ഥലത്തും പറയുന്നുമില്ല. എങ്കിലും അവരുടെ സഞ്ചാരം ഒരേ ദിശയിലേയ്ക്കായിരുന്നുവെന്ന് വ്യക്തം. ഓർക്കുക, കണ്ണുകൾ ആകാശത്തിലെ നക്ഷത്രത്തിലായിരുന്നുവെങ്കിലും പരസ്പരം അവർ ചേർന്നുനടന്നു. അതായത്, അപരനെ അവഗണിച്ചുകൊണ്ട് ആർക്കും ദൈവത്തെ കണ്ടെത്തുവാൻ സാധിക്കില്ല എന്ന സാരം.

മൂന്ന്: ഉണ്ണിയേശുവിന് കാഴ്ചവെയ്ക്കാൻ നമ്മുടെ ജീവിതസമ്മാനങ്ങളും കരുതുക.

നാല്: ജ്ഞാനികളെപ്പോലെ യേശുവിനെ കുമ്പിട്ടാരാധിക്കുക. "അവർ ഭവനത്തിൽ പ്രവേശിച്ചു ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കണ്ടു" (v.11). അവർ പ്രതീക്ഷിച്ച അതിശക്തനായ ഒരു ദൈവത്തെയല്ല. മറിച്ച് അവരെപ്പോലെ തന്നെ ബലഹീനനായ ഒരു ദൈവത്തെയായിരുന്നു. ഇതിന്‍റെ അർത്ഥം നമ്മുടെ ജീവിതത്തെ പൂർണ്ണമായും ദൈവതിരുമുമ്പിൽ സമർപ്പിക്കുക എന്നതാണ്.

അഞ്ച്: കണ്ടുമുട്ടലിൽ നിന്ന് ഉരിത്തിരിയേണ്ടത് നേരിലേയ്ക്ക് തിരികെ നടക്കുകയെന്നതാണ്. തെറ്റുകളെയും അബദ്ധങ്ങളെയും ഭയപ്പെടരുത്. ജ്ഞാനികളുടെ യാത്രയിൽ ഒത്തിരി തെറ്റുകൾ സംഭവിക്കുന്നുണ്ട്. അവർ ആദ്യം എത്തിയത് വലിയൊരു കൊട്ടാരത്തിലാണ്. ശിശുവിനെ കുറിച്ച് കൊലപാതകികളോടാണ് അവർ സംസാരിച്ചത്. അവരുടെ വഴികാട്ടിയായ നക്ഷത്രം പോലും നഷ്ടപ്പെട്ട അവസ്ഥ അവർക്കുണ്ടായി. അവർ അന്വേഷിച്ചത് ഒരു രാജാവിനെയാണ്, പക്ഷേ കണ്ടെത്തിയത് ഒരു കുഞ്ഞിനെയും. അവർ അവരുടെ തെറ്റുകളുടെ മുൻപിൽ അവരെ തന്നെ അടിയറവുവച്ചില്ല. മറിച്ച് ക്ഷമയോടെ അവർ യാത്ര തുടർന്നു, അവർ ഉണ്ണിയേശുവിനെ കണ്ടുമുട്ടുന്നു. ഓർക്കേണ്ടത്, തിരികെ പോകുന്ന ജ്ഞാനിമാർ പുതിയ വഴികൾ തിരഞ്ഞെടുക്കുന്നതുപോലെ, യേശുവിനെ കാണുന്ന നമ്മുടെ ജീവിതത്തിലും അപകടം നിറഞ്ഞ പഴയ വഴികൾ ഉപേക്ഷിച്ച് പുതിയ വഴികളും, ശൈലികളും സ്വീകരിക്കൽ സംഭവിക്കണമെന്നതാണ്.

6. ഉപസംഹാരം

ദൈവത്തിലേക്കു നയിക്കുന്ന ഒരു നക്ഷത്രം എപ്പോഴും നമ്മുടെ ജീവിതത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. നിറം മങ്ങിയ നമ്മുടെ ദിനങ്ങളിലെ ഇല്ലായ്മയ്ക്കും ദാഹത്തിനും ഇടയിലായി ഒരു നക്ഷത്രമുണ്ട്. വെറുപ്പിന്‍റെ കവചം ധരിച്ച ഹൃദയത്തിനുള്ളിലും, അദൃശ്യ മതിലുകൾ തീർത്ത സ്വാർത്ഥതയ്ക്കകത്തും, ദുരാഗ്രഹത്തിന്‍റെ ചങ്ങലയിൽ ബന്ധിച്ച നിദ്രാടനത്തിലും ഒരു നക്ഷത്രം തെളിഞ്ഞു നിൽക്കുന്നുണ്ട്. അന്ധമായ എല്ലാ ന്യായീകരണത്തിനും, അസന്തുലിതമായ എല്ലാ ഉപേക്ഷകളിലും, നീതിയും സമാധാനവും ഒഴിവാക്കിയ നേരങ്ങളിലും ഒരു നക്ഷത്രം മുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഭയത്തിനെ മൂടിവയ്ക്കാൻ നമ്മൾ സ്വീകരിച്ച നിരർത്ഥകമായ യുക്തിവാദങ്ങൾക്കു മുകളിലും ഒരു നക്ഷത്രമുണ്ട്. മരുഭൂവായി മാറിയ ബന്ധങ്ങളുടെ ഉള്ളിലും, ചുവടു നഷ്ടപ്പെട്ട നടനത്തിലും, വായമൂടപ്പെട്ട രോദനത്തിലും, കടിച്ചിറക്കിയ ഒറ്റപ്പെടലിന്‍റെ കയ്പ്പുലായനികളിലും, വഴിതെറ്റിയ നമ്മുടെ തീർത്ഥാടനങ്ങളിലും, ലക്ഷ്യം കാണാതെ പോയ ചില യാത്രകളിലും, വാഗ്ദാനങ്ങളുടെ അസാധ്യതകളിലും, അപൂർണമായ പ്രാർത്ഥനകളിലും ഒരു നക്ഷത്രം തെളിഞ്ഞു നിൽക്കുന്നുണ്ട്. മറക്കാതിരിക്കാം ആ നക്ഷത്രം വഴികാട്ടുന്നത് ബത്‌ലഹേമിലെ ശിശുവിന്‍റെ ഭവനത്തിലേക്കാണ്. ആദ്യം നമ്മൾ തിരിച്ചറിയേണ്ടത് ആ നക്ഷത്രത്തെയാണ്.  ആമേൻ.

ഗാനമാലപിച്ചത് ഡോ. കെ. ജെ. യേശുദാസ് രചനയും സംഗീതവും എ. ജെ. ജോസഫ്.

ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര പങ്കുവച്ച പ്രത്യക്ഷീകരണ മഹോത്സവത്തിലെ സുവിശേഷചിന്തകള്‍.
 

02 January 2021, 14:56