നന്മയില്‍ തെളിഞ്ഞുനില്ക്കുവാനും സാക്ഷ്യമേകുവാനും
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. അണയാത്ത നന്മയുടെ വിളക്ക്
റോമും വത്തിക്കാനും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ പ്രതിമാസ പ്രസിദ്ധീകരണത്തിന്‍റെ 170-Ɔο വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ആശംസാസന്ദേശം കോണ്‍സാറ്റാന്‍റിനോപ്പിളിലെ സഭാസ്ഥാനത്തുനിന്നും ഡിസംബര്‍ 3-ന് അയച്ചത്. സഭയെയും സഭാദ്ധ്യക്ഷനായ പാപ്പായെയും പിന്‍തുണയ്ക്കുന്ന മാധ്യമമാണ് ദൈവശാസ്ത്രപരമായും ഭാഷാപരമായും സമുന്നത നിലവാരം പുലര്‍ത്തുന്ന മാധ്യമമെന്നും പാത്രിയാര്‍ക്കിസ് പറഞ്ഞു. അണയാത്ത വിളക്കുപോലെ നന്മയുടെ പ്രകാശംപരത്തിക്കൊണ്ടു നിലകൊള്ളുന്ന പ്രസിദ്ധീകരണത്തിനും അതിന്‍റെ പിന്നിലെ പ്രത്രാധിപ സമിതിക്കും ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ചുകൊണ്ടാണ് പാത്രിയാര്‍ക്കിസ് സന്ദേശം ആരംഭിച്ചത്.
2. ക്രിസ്തുവിലേയ്ക്ക് ഉറ്റുനോക്കിയുള്ള പ്രയാണം
പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ പതറാത്ത സേവനപാതയില്‍ ഭാവിയില്‍ ലഭിക്കുമെന്നു വിശ്വസിച്ചു മുന്നേറുന്ന നിത്യതയുടെ സമ്മാനം ലക്ഷ്യംവച്ചുകൊണ്ടുള്ള ത്യാഗസമര്‍പ്പണമാണ് ഈ മാധ്യമ പ്രേഷിതത്വമെന്നും അദ്ദേഹം വിശേഷിപ്പിച്ചു (ഫിലി 3, 20). അതിനാല്‍ ഭാവിയുടെ വാഗ്ദാനമായ ക്രിസ്തുവിലേയ്ക്കു തന്നെ ഉറ്റുനോക്കിയും പ്രത്യാശയോടെയും ക്രൈസ്തവസാക്ഷ്യത്തിന്‍റെയും സുവിശേഷവത്ക്കരണത്തിന്‍റെയും ഈ ഓട്ടം തുടരണമെന്നും പാത്രിയാര്‍ക്കിസ് ആഹ്വാനംചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസം ഭൗമികമായതെങ്കിലും ക്രിയാത്മകമായ പ്രവൃത്തിയാണത്. ഭൂമിയില്‍ ജീവിതം സമര്‍പ്പിച്ചുകൊണ്ട് തെളിഞ്ഞു നില്ക്കുവാനും സുവിശേഷപ്രഭയാല്‍ ലോകത്തെ നന്മയില്‍ രൂപാന്തരപ്പെടുത്തുവാനും ആശയവിനിമയ ലോകത്തെ ഈ വചനസമര്‍പ്പണത്തിനു സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
3. ദൈവസ്നേഹത്തിന്‍റെയും
സഹോദരസ്നേഹത്തിന്‍റെയും പാതയില്‍
മാനുഷിക പ്രവര്‍ത്തനങ്ങളുടെ നന്മയ്ക്കും ക്രിയാത്മകതയ്ക്കും ഫലപ്രാപ്തിക്കും ക്രിസ്തുവാണ് പ്രചോദനത്തിനുള്ള സ്രോതസ്സ്. പ്രതിസന്ധികള്‍ നേരിട്ട് ജീവിതവഴികള്‍ പലതും അടയുമ്പോള്‍ അവിടുത്തെ തേജസ്സാര്‍ന്ന മുഖകാന്തി മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നയിക്കുകയും ചെയ്യും. ജീവിത ലക്ഷ്യത്തിലുള്ള വിശ്വാസം മങ്ങുകയും നിത്യതയുടെ വീക്ഷണം അവന് ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ ദൈവസ്നേഹത്തിന്‍റെ വഴികള്‍ വിട്ടുപോകുന്നതെന്ന് പാത്രിയാര്‍ക്കിസ് സന്ദേശത്തില്‍ കുറിച്ചു. സുവിശേഷം വ്യക്തമാക്കിത്തരുന്നതുപോലെ ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും പാതയില്‍ സകലരെയും നയിക്കുവാന്‍ കത്തോലിക്കാ സംസ്കാരം പ്രകാശമായി തെളിയട്ടെ എന്ന ആശംസയോടെയാണ് സഭൈക്യ ശ്രമങ്ങളുടെ ഉപജ്ഞാതാവായ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ സന്ദേശം ഉപസംഹരിച്ചത്.