പുല്‍ക്കൂട്ടിലെ വിസ്മയം : ക്രിസ്തുമസ്സിന്‍റെ ശ്രാവ്യാവിഷ്ക്കാരം
അവതാരകര്‍ : ജോളി അഗസ്റ്റിന്‍, ജോയ്ക്കുമാര്‍, ബ്രദര്‍ സൂരജ് ഓഎസ്ജെ, ബ്രദര്‍ എബിന്‍ ഓഎസ്ജെ, വിന്‍സെന്‍റ് രാജ്, സുമേഷ്, നാസര്‍, ജോര്‍ജ്ജ് സുന്ദരം, ഫാദര്‍ വില്യം നെല്ലിക്കല്‍.
(ബെതലഹേം പട്ടണപ്രാന്തത്തിലെ ഒരു പുല്‍മേടും അതിനടുത്തൊരു കുടിലുമാണ് പശ്ചാത്തലം… അകലെ ഇടയന്മാരും അവരുടെ ആട്ടിന്‍പറ്റങ്ങളും...)
സാമുവല്‍ : ഓ! കാലം കടന്നുപോകുന്നത് എത്ര പെട്ടന്നാണ്...
ഈ ദിവസങ്ങളിലൊക്കെ പകല്‍ നല്ല ചൂടും രാത്രിയില്‍ നല്ല തണുപ്പുമാണ്. ജീവിക്കാന്‍വേണ്ടി ആടുകളുടെ പിന്നാലെ ഓടിയോടി... ഇതാ, വീണ് ഇരുപ്പായിട്ട് ഇപ്പം മാസം ഒന്നായി. പിന്നെ ഇന്നലെ ഒരു സംഭവമുണ്ടായി. എന്‍റെ ഭാര്യ റെയ്ചല്‍ അടുക്കളയിലാണ്. തിരക്കിട്ട് മുന്തിരിയടയുണ്ടാക്കുകയായിരുന്നു. അവള്‍ക്കും കുറെ നാളായി നല്ല ക്ഷീണമാണ്. എങ്കിലും മടുപ്പു കൂടാതെ വീട്ടിലെ പണിയൊക്കെ എടുക്കുന്നുണ്ട്... എന്‍റെ ജോലികള്‍ പോലും...!
എന്‍റെ മക്കള്‍ തോബിയാസും റൂബനും ആടിനെ മേയിക്കാ൯ പോയിട്ട് നേരം ഇരുണ്ടിട്ടും തിരിച്ചെത്തിയിരുന്നില്ല. പാലും പാല്‍ക്കട്ടിയും വാങ്ങാനെത്തുന്ന ചെക്കനും വരാന്‍ വൈകുന്നത് എന്താണെന്നുമെല്ലാം വിചാരിച്ചു ഞാനിരിക്കുകയായിരുന്നു.
അപ്പോള്‍ പെട്ടെന്നു വഴിയില്‍ ഒരു ബഹളം കേട്ടു.... പുറത്തിറങ്ങി നോക്കാന്‍ പറ്റാത്ത അവസ്ഥയായായിരുന്നതിനാല്‍ ഞാന്‍ ഭാര്യയെ വിളിച്ചു.
...............
സാമുവേല്‍ (വിളിക്കുന്നു.. ) : റെയ്ചല്‍, റെയ്ചല്‍! .അതെന്താ... പുറത്തിത്ര ബഹളം..നീ ഒന്നു ചെന്നു നോക്കിയേ..!
റെയ്ചല്‍ : അതേതോ യാത്രാ സംഘമാണെന്നു തോന്നുന്നു... (Pause) ങാ..അല്ലല്ല...!! ഏതോ റബ്ബിയും ശിഷ്യന്മാരുമാണ്... അവ൪ ഇങ്ങോട്ടാണല്ലോ...
സാമുവേല്‍ : കുടിനീരിനാവും... നീ അവ൪ക്ക് എന്തെങ്കിലും കുടിക്കാ൯ കൊടുക്ക്...!
റെയ്ചല്‍ : അവരോട് ഞാന്‍ അകത്തു കയറി ഇരിക്കാന്‍ പറയട്ടെ?
പാലു വാങ്ങുന്ന ചെക്ക൯ വരാഞ്ഞത് നന്നായി... നമുക്കവ൪ക്ക് പാലും പാല്‍ക്കട്ടിയും, അല്പം മുന്തിരിയടയും കൊടുക്കാമല്ലേ!
സാമുവേല്‍ : നന്നായി...! എനിക്കവരെ കാണുകയുമാവാമല്ലോ....
..........................
(ചെറിയൊരു ആള്‍ക്കൂട്ടം അടുത്തുവരുന്ന ബഹളം കേള്‍ക്കുന്നു)
ഒരാള്‍ : കുടിക്കാ൯ ഇത്തിരി വെള്ളം തരുമോ..... ഇത് ഞങ്ങളുടെ ഗുരുവാണ്... ഞങ്ങള്‍ ജറുസലേമിലേയ്ക്കുള്ള യാത്രാവഴിയിലാണ്....
റെയ്ചല്‍ : അതിനെന്താ, കയറിയിരിക്കൂ....
സാമൂവല്‍ : ങ്... ഇരിക്കൂ... ഇരിക്കൂന്നേ...!
ശിഷന്‍... ഇരിക്കണമെന്നില്ല... അല്പം വെള്ളം കിട്ടിയാല്‍ മതി...
ഞങ്ങള്‍ ഗുരുവിന്‍റെ കൂടെ ജരൂസലേമിലേയ്ക്ക് പോകും വഴിയാണ്!
പിന്നെ അവ൪ ഓരോരുത്തരായി അകത്തേയ്ക്ക് കയറി വന്നു.
ഉള്ള സ്ഥലത്തൊക്കെയായി ഇരുന്നു. റെയ്ചല്‍ അവ൪ക്ക് പാലും പാല്ക്കട്ടിയും മുന്തിരിയടയും ഉണക്കിവെച്ചിരുന്ന കുറെ അത്തിപ്പഴവും കൊടുത്തു.
(പാത്രങ്ങളുടെ സ്വരം...വെള്ളം.. ഒഴിക്കുന്നു........)
റെയ്ചല്‍ : ഇതാ..! വേണ്ടുവോളം കുടിച്ചോളൂ....
നിങ്ങള്‍ ദൂരെ നിന്നാണോ…?!
മറ്റൊരാള്‍ : അതേ.... അല്പം ദൂരെനിന്നാണ്...! അങ്ങ് ഗലീലിയയില്‍നിന്നാണ്.
........................
വിവരണം സാമുവേല്‍ : അവ൪ ഭക്ഷിച്ചതിനുശേഷം ഒരു സ്തോത്രഗാനമാലപിച്ചു പ്രാ൪ത്ഥിച്ചു. അതിനിടയില്‍ റെയ്ചല്‍ എന്‍റെ ശാരീരികാസ്വാസ്ഥ്യത്തെക്കുറിച്ച് അവരോട് പറയുന്നുണ്ടായിരുന്നു.
ഞാ൯ അവരെ ഓരോരുത്തരെയും വീക്ഷിച്ചു കൊണ്ടിരുന്നു. എന്‍റെ കണ്ണുകള്‍ കൂടുതല്‍ സമയവും ഉടക്കി നിന്നത് ആ റബ്ബിയിലാണ്... അവന്‍റെ കണ്ണുകള്‍ക്ക് വല്ലാത്ത തിളക്കമായിരുന്നു... അവനെന്‍റെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോഴൊക്കെ ഞാ൯ വല്ലാതെയായി....അവന്‍റെ കണ്ണുകളില്‍ ശക്തിയും സ്നേഹവുമുണ്ടായിരുന്നു....പിന്നെ ഞങ്ങളുടെ ഓ൪മ്മകളെ ഉണ൪ത്തിക്കൊണ്ട് അവ൯ ചോദിച്ചു.
റബ്ബി : ഏകദേശം മുപ്പത് വ൪ഷങ്ങള്‍ക്കുമു൯പ് ഇവിടെയടുത്തുള്ളൊരു പുല്‍ത്തൊഴുത്തില്‍ ഒരു ഉണ്ണി പിറന്നിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.... ആ പുല്‍ത്തൊഴുത്ത് എവിടെയാണെന്ന് അറിയാമോ...?
സാമുവേല്‍ : ഓ... തീ൪ച്ചയായും... ഇന്നലെയെന്നതുപോലെ അത് ഞങ്ങളുടെ സ്മരണകളില്‍ ജ്വലിച്ചു നില്ക്കുന്നുണ്ട്....
റബ്ബി : അതൊന്നു കാട്ടിത്തന്നാല്‍ വളരെ ഉപകാരമായിരുന്നു...!
സാമുവേല്‍ : റെയ്ചല്‍, നീ അത് ഇവ൪ക്കൊന്നു കാട്ടിക്കൊടുക്കുമോ....? (ആത്മഗതമായി..) വയ്യ...! അല്ലെങ്കില്‍ ഞാനും വരുമായിരുന്നു......ഞങ്ങളാരും ഇപ്പോള്‍ അത് പുല്‍ത്തൊഴുത്തായി ഉപയോഗിക്കാറില്ല....അവിടെ ആ ഉണ്ണിയുടെ കരച്ചിലും ചിരിയും കേള്‍ക്കാ൯, ആ സ്മരണകള്‍ അയവിറക്കാ൯ ഞങ്ങളെപ്പോഴും അവിടെ പോയി ഇരിക്കാറുണ്ട്.....
എല്ലാവരും പറയുന്നത്... ആ ഉണ്ണിയാണ് ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍, എന്നാണ്! അവനിപ്പോള്‍ വലിയൊരു ഗുരുവും പ്രവാചകനുമാണത്രേ...! ഇവിടെ എല്ലാവരും അവനെക്കുറിച്ച് പറയാറുമുണ്ട്...!!
റബ്ബി : ഉവ്വോ...!
റെയ്ചല്‍ : ഞങ്ങളാണവന്‍റെ കരച്ചില്‍ കേട്ട് ആദ്യം ഓടിയെത്തിയത്.....
സാമുവേല്‍ : അന്ന് ഞങ്ങളുടെ മൂത്ത മക൯ തോബിയാസിന് കഷ്ടിച്ച് ഒന്നര വയസ്സ് പ്രായം വരും. ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാ൯ കഴിയാത്ത ദിനമായിരുന്നു അത്....!
റബ്ബി : അതെന്താ...?
റെയ്ചല്‍ : ഒന്നര വയസ്സു കഴിഞ്ഞിട്ടും തോബിയാസ് നടന്നു തുടങ്ങിയിരുന്നില്ല...അത് ഞങ്ങളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു....
സാമുവേല്‍ : അന്ന് തോബിയാസിനെയും എടുത്തുകൊണ്ടാണ് ഞങ്ങള്‍ ആ ഉണ്ണിയെ കാണാ൯ പോയത്... കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട്, ഞങ്ങള്‍ ആദ്യം വിചാരിച്ചത്... ഒരു കുഞ്ഞിനെ ആരോ വഴിയില്‍ ഉപേക്ഷിച്ചുപോയെന്നാണ്..!
പിന്നെയാണ് പുല്ക്കൂടിനുള്ളില്‍ ദരിദ്രരായ ആ മാതാപിതാക്കളെയും ഉണ്ണിയെയും കണ്ടത്... ഉണ്ണിയുടെ കരച്ചില്‍ കണ്ട് സങ്കടം തോന്നി. കാരണം, മാമരം കോച്ചുന്ന തണുപ്പായിരുന്നു ആ രാത്രയില്‍... അപ്പോഴും മഞ്ഞു പെയ്യുന്നുണ്ടായിരുന്നു!
പിന്നെ റെയ്ചല്‍, കുറച്ച് പാലും പാല്ക്കട്ടിയുമെടുക്കാ൯ വീട്ടിലേയ്ക്ക് തിരിച്ചോടി. അപ്പോള്‍ തോബിയാസ് എന്‍റെ കയ്യിലായിരുന്നു...അവ൯ പെട്ടെന്ന് കയ്യില്‍നിന്നും ഊ൪ന്നിറങ്ങിയത് ഞാന്‍ അറിഞ്ഞില്ല. അവന്‍ ഉണ്ണിയുടെ അടുത്തേയ്ക്ക് നടന്നുപോയത്...! അപ്പോള്‍ ഞാനതൊന്നും ശ്രദ്ധിച്ചിച്ചതേയില്ല. സത്യം പറഞ്ഞാല്‍, എന്‍റെ ശ്രദ്ധ മുഴുവ൯ ആ ഉണ്ണിയിലായിരുന്നു.
അപ്പോഴേയ്ക്കും റെയ്ചല്‍ പാലും, കുറച്ചു പാല്‍ക്കട്ടിയുമായി തിരിച്ചെത്തി. പന്നെ അവള്‍ പറഞ്ഞപ്പോഴാണ്...മനസ്സിലായത്.
ഉണ്ണി കരയുന്നത് വിശന്നിട്ടല്ല തണുത്തിട്ടാണെന്ന് മനസ്സിലായി. പിന്നെ തോബിയാസിന്‍റെ മേല്ക്കുപ്പായം ഊരി ഉണ്ണിയെ പുതപ്പിച്ചു.
റെയ്ചല്‍ : അപ്പോഴേയ്ക്കും സമീപത്തുള്ള ഏതാനും ഇടയന്മാരും അവിടെയെത്തി. പിന്നെ കുറച്ച് ദിവസം ഞങ്ങളുടെ വീട്ടിലാണ് ആ കുടുംബത്തെ ഞങ്ങള്‍ താമസിപ്പിച്ചത്.
സാമുവേല്‍ : ആ തൊഴുത്തില്‍പ്പോയ നാള്‍മുതലായിരുന്നു മുടന്തനായിരുന്ന എന്‍റെ മകന്‍, തോബിയാസ് നടന്നു തുടങ്ങിയത്. അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി, ആ പുല്‍ത്തൊട്ടിയില്‍വച്ചു അന്ന് നടന്ന ഒരത്ഭുതമായിരുന്നു അതെന്ന്! ഞങ്ങള്‍ക്കു മനസ്സിലായി....!
റെയ്ചല്‍ : ആ ശിശു ഒരു ദിവ്യശിശുവായിരുന്നു എന്നും ഞങ്ങള്‍ അറിഞ്ഞു... അവന്‍റെ പുഞ്ചിരി സൂര്യനുദിക്കുന്നതുപോലെയായിരുന്നു. പിന്നെ ആ കുടുംബത്തെ ശുശ്രൂഷിക്കാ൯ ഞങ്ങള്‍ അയല്ക്കാ൪ തമ്മില്‍ മത്സരമായിരുന്നു.... മൂന്നു ദിവസമേ, അവര്‍ ഞങ്ങള്‍ക്കൊപ്പം പാര്‍ത്തുള്ളൂ. എന്നിട്ട് അവര്‍ പുറപ്പെട്ടുപോയി.
സാമുവേല്‍ : അതേ, അതേ...! അവ൪ പോയപ്പോള്‍.... ഞങ്ങള്‍ വല്ലാതെ സങ്കടപ്പെട്ടു....
(പിന്നെ ശിഷ്യന്മാരോടായി).
ആരെങ്കിലും എന്‍റെ കൈ ഒന്നു പിടിക്കുമോ.... സ്ഥലം കാട്ടാ൯ ഞാനും കൂടെ വരാം.
സാമുവേല്‍ : പക്ഷേ ശിഷ്യന്മാ൪ക്കുംമു൯പേ ആ റബ്ബി എന്‍റെ കരം പിടിച്ചു. എന്നിട്ട്, വിഷമിച്ച് പടിയിറങ്ങി ഞാനും നടന്നു. നടക്കുമ്പോള്‍ അവരുടെയൊക്കെ മനസ്സില്‍ ഒരു പ്രാ൪ത്ഥന നിറഞ്ഞു നിന്നിരുന്നതുപോലെ തോന്നി. ഉണ്ണിപിറന്ന സ്ഥലം കണ്ട് അവരെല്ലാവരും നിശ്ശബ്ദമായി കുറച്ചു സമയം നിന്നു. പിന്നെ യാത്ര പറഞ്ഞു പോയി. പോകുമ്പോള്‍ ആ റാബായ് എന്‍റെ കണ്ണുകളിലേയ്ക്ക് ഒന്നു നോക്കി... ഒരു ദിവ്യദര്‍ശനം പോലെ!!! പിന്നെയും കുറെ സമയം ഞാനും റെയ്ചലും അവിടെയിരുന്നു.
കുറെക്കഴിഞ്ഞ്, തിരിച്ചു വീട്ടിലേയ്ക്ക് നടക്കാന്‍ തുടങ്ങുമ്പോഴാണ് ഞാ൯ സുഖം പ്രാപിച്ചിരിക്കുന്നെന്ന് മനസ്സിലായത്. എനിക്ക് നടക്കാന്‍ ഒരു പ്രയാസവുമില്ല. പിന്നെ ഞാന്‍ കുറെ ചെറുപ്പമായതുപോലെയും... എന്‍റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു. മനസ്സിലും എന്തെന്നില്ലാത്ത ഒരു ആനന്ദം നിറഞ്ഞുനിന്നു!
എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്, അവിടുന്നായിരുന്നു... രക്ഷകന്‍! അവനിവിടെ നിലത്തിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ വലിയവനായി കാണപ്പെട്ടില്ല. അവനോട് മുഴുവ൯ കഥയും പറഞ്ഞപ്പോഴും ആ ഉണ്ണി താനായിരുന്നെന്നും അവന്‍ വെളിപ്പെടുത്തിയില്ല. ഇപ്പോള്‍ എനിക്കു മനസ്സിലായി! അവ൯ ശരിക്കും “ഇമ്മാനുവേല്‍…!” തന്നെയാണെന്ന്...
ദൈവം നമ്മോടുകൂടെ...!! കാരണം, ഇവിടന്നു പോയിട്ടും, അസാന്നിദ്ധ്യത്തിലും അവിടുന്നിതാ... ഇവിടെ നിറഞ്ഞുനില്ക്കുന്നു