തിരയുക

Vatican News
കവിയും ഗാനരചയിതാവും ആര്‍. കെ. ദാമോദരന്‍ കവിയും ഗാനരചയിതാവും ആര്‍. കെ. ദാമോദരന്‍ 

മലയാളിത്തം നിറഞ്ഞൊരു ക്രിസ്തുമസ്സ്ഗാനം

തദ്ദേശീയതയുള്ള ക്രിസ്തുമസ്ഗീതത്തിന് 37 വയസ്സ്! “തുടികൊട്ടാം ശ്രുതിമീട്ടാം....” - രചന ആര്‍. കെ. ദാമോദരനും സംഗീതം ജെറി അമല്‍ദേവും

- ഫാദര്‍ വില്യം  നെല്ലിക്കല്‍
 

തുടികൊട്ടാം... ആര്‍. കെ. - അമല്‍ദേവ് ടീമിന്‍റെ കരോള്‍ഗീതം


1. തനിമയാര്‍ന്ന ക്രിസ്തുമസ് ഗീതം
അമല്‍ദേവിന്‍റെ സംഗീതശൈലിയില്‍ ആകൃഷ്ടരായി കൊച്ചിയിലെ കുറെ യുവകലാകാരന്മാര്‍ ചേര്‍ന്നു സി.എ.സി.യുടെ (Cochin Arts & Communications) ആഭിമുഖ്യത്തില്‍ 1983-ലെ ക്രിസ്തുമസ്കാലത്ത് നിര്‍മ്മിച്ച “കരോള്‍ ഗീതങ്ങള്‍” (Christmas Carols) എന്ന ശേഖരത്തിലെ ഗീതമാണിത്.   കവിയും മാധ്യമപ്രവര്‍ത്തകനുമായ ആര്‍. കെ ദാമോദരന്‍റെ കേരളീയത തിങ്ങുന്ന വരികളാണ് ഗാനത്തിന്‍റെ ശക്തി. കവിതയുടെ “തുടികൊട്ടില്‍…”നിന്നു ജെറി അമല്‍ദേവ് ക്രിസ്തുമസിന്‍റെ സാന്ദ്രലയം സൃഷ്ടിച്ചിരിക്കുന്നു. ഇന്നും പാടുമ്പോള്‍ പുതുമയും ക്രിസ്തുമസ് തരളിതയും, അതിലേറെ മലയാളിത്തവും മനസ്സില്‍ വിരിയിക്കുന്ന ഗാനത്തിന്‍റെ ജീവന്‍ ആര്‍.കെ.യുടെ കവിതയും അതില്‍നിന്നും ഒഴുകിയെത്തുന്ന അമല്‍ദേവിന്‍റെ സാന്ദ്രലയവുമാണ്.

2. കവിതയിലും ഈണത്തിലും തനിമ
ധാരാളം കവിതകളും ഹൈന്ദവ ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും രചിക്കുന്ന ആര്‍.കെ.-യെ ക്രിസ്തുമസ് ആല്‍ബത്തിലേയ്ക്കു ക്ഷണിച്ചത് ജെറി അമല്‍ദേവായിരുന്നു. ഗാനനിര്‍മ്മിതിയില്‍ കവികളെ തേടിയിറങ്ങുന്ന അമല്‍ദേവിന്‍റെ ശുഷ്ക്കാന്തി അറിയപ്പെട്ടതാണ്. ശ്രീയേശു, ശ്രീസൂനം എന്നിങ്ങനെയുള്ള ദൈവികത പുല്‍കുന്ന പദങ്ങളും, അനാഥനാഥന്‍ ഉണ്ണി, ത്രിലോക നാഥനാം ദിവ്യന്‍, ശുഭം തരും അനാദിരൂപം തുടങ്ങിയ ആര്‍.കെയുടെ അത്യപൂര്‍വ്വ പ്രയോഗങ്ങള്‍ ഈ ഗീതത്തിന് തനിമ നല്കുന്നു.   ഹിന്ദുസ്ഥാനി രാഗങ്ങള്‍ അടിത്തറയായുള്ള അമല്‍ദേവിന്‍റെ പാശ്ചാത്യസംഗീത പാടവവും ഈ ഗാനത്തിന്‍റെ നിര്‍മ്മിതിയില്‍ പ്രകടമാണ്. പടിഞ്ഞാറിന്‍റെ ബഹുസ്വന ആലാപന രീതിക്കൊപ്പം ഭാരതീയ നാദലയം ഉണര്‍ത്തുന്ന ഉപകരണങ്ങളുടെ വൈദഗ്ദ്ധ്യമുള്ള ഉപയോഗവും ഈ ഗാനത്തില്‍ തെളിഞ്ഞു കേള്‍ക്കാം.

3. ഗാനം

പല്ലവി
തുടികൊട്ടാം ശ്രുതി മീട്ടാം
കളിയാടാം സ്തുതിപാടാം -2

അനുപല്ലവി
പൊന്നണി പൂംചിറകിന്‍ തളിര്‍ വീശീ
മാലാഖ പാടുകയായ് താഴ്വരയില്‍ -2
ആ ഗാനം മനോഹരം അതിനീണം പ്രിയങ്കരം
ശ്രീയേശു തന്‍ വദനം ശ്രീസൂനം സനാതനം -2
- തുടി കൊട്ടാം.

ചരണം ഒന്ന്
വരൂ വരൂ വിനീതരായി
വരംതരുന്ന പുത്രനെ മുദാ വണങ്ങിടൂ (2)
അനാഥനാഥനാം ഉണ്ണിയെ
അനന്തരം നിരന്തരം സമാശ്രയിച്ചിടൂ (2)
ലോകമേ നാകമേ, ഈശനേ വാഴ്ത്തിടൂ (2)
വരൂ വരൂ വിനീതരായി
വരംതരുന്ന പുത്രനെ മുദാ വണങ്ങിടൂ (2)
- തുടി കൊട്ടാം.

ചരണം രണ്ട്
ശുഭം തരും അനാദിരൂപം
സുഖംതരാന്‍ സുമാനസം സദാനമിച്ചിടും (2)
ത്രിലോക നാഥനാം ദിവ്യനെ
നിരാമയം ദയാമയം ചിരം ജപിച്ചിടൂ (2)
ശുഭം തരും അനാദിരൂപം
സുഖംതരാന്‍ സുമാനസം സദാ നമിച്ചിടും (2)
- തുടി കൊട്ടാം.

4. Sing India ഗായകസംഘം
അമല്‍ദേവിന്‍റെ Sing India ഗായകസംഘം 2014-ല്‍ പുനര്‍സൃഷ്ടിചെയ്തതാണ് ആര്‍. കെ. -  അമല്‍ദേവ് കൂട്ടായ്മയുടെ ഈ ഗാനം.  മാസ്റ്ററുടെ ശിക്ഷണത്തില്‍  പാടുന്ന “സിങ് ഇന്ത്യാ” ഗായകസംഘം പത്തുവര്‍ഷം പിന്നിടുമ്പോള്‍,  അതിലെ ഗായകരായ അംഗങ്ങള്‍ക്ക്  പ്രത്യേക അഭിനന്ദനങ്ങള്‍ നേരുന്നു! ജെറി അമല്‍ദേവിനും ആര്‍. കെ. ദാമോദരനും, Sing India ഗായകസംഘത്തിനും,  ഈ നല്ലഗീതത്തിന്‍റെ നിര്‍മ്മിതിയില്‍ സഹകരിച്ച മറ്റെല്ലാ കലാകാരന്മാര്‍ക്കും നന്ദി!

 

05 December 2020, 14:23