തിരുപ്പിറവിയുടെ പുണ്യസ്ഥാനം പുനരുദ്ധാരണം പൂര്‍ത്തിയായി
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. നീണ്ട 7 വര്‍ഷക്കാലത്തെ പണികള്‍
പല്സ്തീന്‍ അധികൃതരുടെ ആവശ്യപ്രകാരം ഇറ്റാലിയന്‍ യൂണിവേഴ്സിറ്റിയും യൂറോപ്പിലെ "സ്പാ" (Spa) നിര്‍മ്മാണക്കമ്പനിയും വളരെ ശ്രദ്ധാപൂര്‍വ്വവും സാവകാശവും നടത്തിയ 7 വര്‍ഷക്കാലം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഏതാണ്ട് ജീര്‍ണ്ണതയിലെത്തിയ ഈശോ പിറന്ന പുണ്യസ്ഥാനത്തിന് അതിരടയാളമായ ബെതലഹേം ബസിലിക്കയും ഗുഹയും പരിസരങ്ങളും നവീകരിക്കപ്പെട്ടത്.
2. തിരുപ്പിറവിയുടെ ബസിലിക്ക – ഒരു യുനേസ്ക്കൊ
സാംസ്കാരിക പൈതൃകം
ക്രിസ്താബ്ദം 330-ല്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ഈ മികച്ച വാസ്തുസൃഷ്ടിയും യുനേസ്കോയുടെ സാംസ്കാരിക പൈതൃക സമ്പത്തുമാണ് പലസ്തീന്‍ അധികൃതര്‍ നേതൃത്വംനല്കിയ നീണ്ടകാല പുനരുദ്ധാരണ പ്രവര്‍ത്തനത്തിലൂടെ മനോഹരമായി ഉയര്‍ന്നു നില്ക്കുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇറ്റലിയിലെ ഫെറാറാ യൂണിവേഴ്സിറ്റിയുടെ വാസ്തുശില്പ വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠനമാണ് തിരുപ്പിറവിയുടെ ബസിലിക്കയുടെ കേടുപാടുകള്‍ ശാസ്ത്രീയമായി നിരീക്ഷിച്ചു പഠിച്ചത്. തുടര്‍ന്ന് പലസ്തീന ദേശീയ അധികൃതരുടെ സഹായത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കിയത് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. ഇറ്റലിയിലെ “പിയച്ചേന്തി സ്പാ കമ്പനി”യാണ് നവീകരണ പണികളുടെ ചുക്കാന്‍പിടിച്ചത്.
3. പുനരുദ്ധരിക്കപ്പെട്ട ഭാഗങ്ങള്‍
ബസിലിക്കയുടെ ഹൃദയമായ ഈശോ പിറന്ന സ്ഥാനമെന്നു വിശ്വസിക്കുന്ന ബെതലഹേം ഗുഹ, വര്‍ഷങ്ങളായി തകര്‍ച്ചയിലെത്തിയ മേല്‍ക്കൂര, വിള്ളല്‍ വീണു ചെരിഞ്ഞുനിന്ന മുഖപ്പ്, കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ താല്പര്യപ്രകാരം ഏറെ മനോഹരമായും കലാമൂല്യത്തോടെയും പണിതീര്‍ത്ത ഭീമന്‍ മൊസൈക്കു ചിത്രങ്ങള്‍ ചുവര്‍ചിത്രങ്ങള്‍ എന്നിവയും പുനരുദ്ധരിക്കപ്പെട്ടു.
കൂടാതെ പ്രകൃതിഭംഗിയുള്ളതും മനോഹരവുമായ കല്ലുപതിച്ച പുണ്യസ്ഥാനത്തിന്‍റെ തറയും ഭിത്തിയും മിനുക്കി ഭംഗീയുള്ളതാക്കി. പുനരുദ്ധാരണപ്പണികള്‍ക്കിടയില്‍ ബസിലിക്കയുടെ ഉമ്മറത്തെ തറയില്‍ നടത്തിയ ഉദ്ഖനനം (excavation) അവിടെ സുരക്ഷിതമായി കുഴിച്ചിട്ടിരുന്ന സ്ഫടിക നിര്‍മ്മിതവും പുരാതനവുമായ വലിയ 12 വിളക്കുകളും, രണ്ടു മൊസൈക്ക് ചിത്രീകരണങ്ങളും കണ്ടെത്തുവാന്‍ സഹായകമായെന്ന് വത്തിക്കാനു ലഭിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തി.