തിരയുക

ഗ്രേച്യോ ഗുഹയിലെ ചുവര്‍ചിത്രങ്ങള്‍ ഗ്രേച്യോ ഗുഹയിലെ ചുവര്‍ചിത്രങ്ങള്‍  

പുല്‍ക്കൂട് ദൈവസ്നേഹത്തിന്‍റെ “വിസ്മയകരമായ അടയാളം”

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “വിസ്മയകരമായ അടയാളം” (Admirabilis Signum) എന്ന പുല്‍ക്കൂടിനെ സംബന്ധിച്ച ചിന്താമലരുകള്‍ - ശബ്ദരേഖയോടെ...

-ഫാദര്‍ വില്യം നെല്ലിക്കല്‍

പുല്‍ക്കൂടിന്‍റെ വിസ്മയകരമായ അടയാളം


1. വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യ ക്രിബ്ബ്
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ് ചരിത്രത്തില്‍ ആദ്യമായി ബെതലഹേമിലെ തിരുപ്പിറവിയുടെ രംഗം പുനരാവിഷ്ക്കരിച്ചത്. അത് ഇറ്റലിയില്‍ ഗ്രേചോ എന്ന സ്ഥലത്തെ ഒരു ഗുഹയിലായിരുന്നു. 1123-ലെ ക്രിസ്തുമസ് രാത്രിയിലായിരുന്നു ഈ ചരിത്രസംഭവം. ഡിസംബര്‍ 1, 2019-ന്‍റെ ആഗമനകാലത്തെ ആദ്യവാരം ഞായറാഴ്ച വൈകുന്നേരം ഗ്രേചോ ഗുഹയില്‍ എത്തി പ്രാര്‍ത്ഥിച്ച പാപ്പാ ഫ്രാന്‍സിസ് അവിടെവച്ചു പുല്‍ക്കൂടിനെ സംബന്ധിച്ച അപ്പസ്തോലിക ലിഖിതത്തില്‍ ഒപ്പുവച്ചു. എന്നിട്ട് അടുത്തുള്ള തിരുപ്പിറവിയുട ദേവാലയത്തില്‍വച്ച് അത് ഔദ്യോഗികമായി പ്രബോധിപ്പിക്കുകയും ചെയ്തു. പാപ്പായുടെ പ്രബോധനത്തിന്‍റെ രണ്ടാം ഭാഗത്തു പറയുന്ന പുല്‍ക്കൂടിന്‍റെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തെ ചിന്താമലരുകളില്‍.

2. പുല്‍ക്കൂടിന്‍റെ പൊരുള്‍
പുല്‍ക്കൂടിന്‍റെ ആഴമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാന്‍ അതിന്‍റെ വ്യത്യസ്ത ഘടകങ്ങള്‍ അപഗ്രഥിക്കുന്നതു നല്ലതാണ്. ആദ്യത്തേത് രാത്രിയുടെ നിശ്ശബ്ദതയെ ആവരണംചെയ്തുകൊണ്ട് പുല്‍ക്കൂടിനു പശ്ചാത്തലമായ നക്ഷത്രങ്ങള്‍ മിന്നിനില്ക്കുന്ന ആകാശമാണ്.
സുവിശേഷത്തോടു വിശ്വസ്തരായിരിക്കുവാന്‍ വേണ്ടി മാത്രമല്ല നാം ഇത് ചിത്രീകരിക്കുന്നത്. മറിച്ച് ആകാശത്തിന്‍റെ പ്രതീകാത്മകമായ മൂല്യംകൂടി കണക്കിലെടുത്തുകൊണ്ടാണ്. രാത്രിയുടെ ഇരുട്ടും ഏകാന്തതയും അനുഭവിച്ചിട്ടുള്ള നാളുകള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാകും. ദൈവം നമ്മെ കൈവെടിയുന്നില്ല.
ജീവിതത്തില്‍ നമുക്ക് ചുറ്റും ഇരുട്ടു വ്യാപിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ സാമീപ്യം പ്രകാശമാണ്. അവിടുന്ന് യാതനകളുടെ കരിനിഴലില്‍ ജീവിക്കുന്നവര്‍ക്കായ് വഴിതെളിക്കുന്നു (ലൂക്കാ 1, 79).

3. പുല്‍ക്കൂടിന്‍റെ ഭൂപ്രദേശം
 പുല്‍ക്കൂട്ടില്‍ നാം ചിത്രീകരിക്കുന്ന ഭൂപ്രദേശത്തിനും  പ്രത്യേക അര്‍ത്ഥമുണ്ട്. പലപ്പോഴും അത് പഴയ കെട്ടിടങ്ങളുടെ ജീര്‍ണ്ണമായ അവശിഷ്ടങ്ങളാണ്. കാരണം ബെതലഹേമില്‍ തിരുക്കുടുംബത്തിന് അഭയമായതും ഇടിഞ്ഞുപൊളി‍ഞ്ഞൊരു കാലിത്തൊഴുത്തായിരുന്നു. എവിടെയും എപ്പോഴും വീണടിയുന്ന മാനവികതയുടെ പ്രതീകമാണ് ജീര്‍ണ്ണത. മനുഷ്യര്‍ വിനാശത്തിന് അടിമയാകുമ്പോള്‍ സകലതും അത്യന്താപേക്ഷിതമായ വിധത്തില്‍ തകരുകയും, നശിക്കുകയും, അവര്‍ നിരാശയില്‍ നിപതിക്കുകയും ചെയ്യുന്നു. അതിനാല്‍ പുല്‍ക്കൂട്ടിലെ ജീര്‍ണ്ണതയുടെ രംഗസംവിധാനം തകരുന്ന ലോകത്തിനു നല്കുന്ന നവീനതയുടെ സന്ദേശമാണ്. അവിടുന്നു വന്നത് തകര്‍ന്നതിനെ സമുദ്ധരിക്കുവാനും, സൗഖ്യപ്പെടുത്തുവാനും, ജീവിതങ്ങളെ അതിന്‍റെ പ്രഥമവും അടിസ്ഥാനവുമായ അന്തസ്സിന്‍റെ തെളിമയിലേയ്ക്ക് പുനരാവിഷ്ക്കരിക്കുവാനുമാണ്.

4. പുല്‍ക്കൂട്ടിലെ കൂടിക്കാഴ്ചകള്‍
ഏറെ വികാരത്തോടെയാണ് നാം മലയും, അരുവിയും, ആട്ടിന്‍പറ്റവും, ഇടയന്മാരെയുമെല്ലാം പുല്‍ക്കൂട്ടില്‍ സംവിധാനംചെയ്യുന്നത്! അങ്ങനെ നാം ചെയ്യുമ്പോള്‍ രക്ഷകന്‍റെ ആഗമനത്തില്‍ സകല സൃഷ്ടികളും ആനന്ദിക്കും എന്ന പ്രവാചക വാക്യങ്ങളാണ് അവിടെ പ്രതിഫലിപ്പിക്കുന്നത്. അതുപോലെ മാലാഖമാരും, വാല്‍നക്ഷത്രവും എല്ലാം ആവര്‍ത്തിച്ചു പറയുന്നത്, ആ ദിവ്യദൂതന്മാരെയും പൂജരാജാക്കന്മാരെയും പോലെ പുല്‍ക്കൂട്ടിലെ ഉണ്ണിയെ നാം ആരാധിക്കണമെന്നാണ്.

“ദൂതന്മാര്‍ അവരെ വിട്ട്, സ്വര്‍ഗ്ഗത്തിലേയ്ക്കു പോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരം പറഞ്ഞു : നമുക്ക് ബെതലേഹംവരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കും കാണാം” (ലൂക്കാ 2, 15). പാവപ്പെട്ട ആ മനുഷ്യരുടെ വാക്കുകളില്‍നിന്നും മനോഹരമായ ഒരു സന്ദേശം ഉരുവാകുന്നുണ്ട്. നാം എല്ലാവരും പല കാര്യങ്ങളില്‍ വ്യഗ്രത പൂണ്ടിരിക്കുന്നതിനാല്‍ ഏറെ പ്രധാനപ്പെട്ട പലതും വിട്ടുപോകുന്നു. എന്നാല്‍ ഏറ്റവും അടിയന്തിരമായവയില്‍ ശ്രദ്ധപതിപ്പിച്ചവര്‍   ഇടയന്മാരാണ് : ഇത് രക്ഷയുടെ ദാനമാണ്!  മനുഷ്യാവതാര സംഭവത്തെ വരവേറ്റത് എളിയവരും പാവങ്ങളുമായവരാണ്.

സ്നേഹത്തോടും, നന്ദിയോടും, എന്നാല്‍ ഭീതിയോടുംകൂടെ ഉണ്ണിയേശുവിനെ കാണുവാന്‍ പുറപ്പെട്ട ഇടയന്മാര്‍ തീര്‍ച്ചയായും നമ്മെ തേടിയെത്തിയ ദൈവത്തെയാണ് എതിരേറ്റത്. യേശുവിനു നന്ദിപറയാം. പുല്‍ക്കൂട്ടില്‍ വളരെ പ്രകടമായി ദൃശ്യമാകുന്നത് താഴ്മയില്‍ നമ്മിലേയ്ക്കു വന്ന ദൈവവും അവിടുത്തെ മക്കളും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. നമ്മുടെ വിശ്വാസത്തിനും അതിന്‍റെ അന്യൂനമായ സൗന്ദര്യത്തിനും രൂപംനല്കുന്ന കൂടിക്കാഴ്ചയാണിത്.

ഗാനമാലപിച്ചത് കെ. ജെ. യേശുദാസ്... രചന ഫാദര്‍ ജോസഫ് പാറാംങ്കുഴി നെയ്യാറ്റിന്‍കര, സംഗീതം ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍ ഓ.സി.ഡി.

5. പുല്‍ക്കൂട്ടിലെ മറ്റു ഘടകങ്ങള്‍
പ്രതീകാത്മകമായി മറ്റു പല ഘടകങ്ങളും നാം പുല്‍ക്കൂട്ടില്‍ ചേര്‍ക്കുന്ന പതിവുണ്ട്. അതില്‍ ആദ്യം ഓര്‍ക്കേണ്ടത് ഹൃദയത്തിലെ സമ്പത്തിനെക്കുറിച്ചു മാത്രം അറിയാവുന്ന യാചകരാണ് അല്ലെങ്കില്‍ പാവങ്ങളാണ്. ഉണ്ണിയേശുവിന്‍റെ ചാരത്ത് അണയാന്‍ തീര്‍ച്ചയായും അവര്‍ക്ക് അവകാശമുണ്ട്. ആര്‍ക്കും അവരെ തടയാനാവില്ല. കാരണം താല്ക്കാലിക ഉപയോഗത്തിന് എന്നപോലെ തട്ടിക്കൂട്ടിയിരിക്കുന്ന ഒരു കാലിത്തൊഴുത്തില്‍ അവരല്ലാതെ മറ്റാരാണ് പൂര്‍ണ്ണമായും താദാത്മ്യപ്പെടുക!  അതിനാല്‍ തീര്‍ച്ചയായും മനുഷ്യാവതാരമെന്ന ഈ ദൈവികരഹസ്യത്തിന്‍റെ സവിശേഷാവകാശമുള്ളവര്‍ പാവങ്ങളാണ്. നമ്മുടെ മദ്ധ്യേയുള്ള ദൈവികസാന്നിദ്ധ്യം ആദ്യം തിരിച്ചറിയാന്‍ ഭാഗ്യമുണ്ടാകുന്നതും പലപ്പോഴും സമൂഹത്തിലെ എളിയവര്‍ക്കാണ്.

പുല്‍ക്കൂട്ടിലെ പാവങ്ങളുടെയും എളിയവരുടെയും സാന്നിദ്ധ്യം അനുസ്മരിപ്പിക്കുന്നത്, തന്‍റെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരുടെയും, തന്‍റെ സാന്നിദ്ധ്യത്തിനായി കേഴുന്നവരുടെയും മദ്ധ്യേ ആയിരിക്കുവാനാണ് ദൈവം മനുഷ്യനായത് എന്ന സത്യമാണ്. ശാന്തശീലനും വിനീതഹൃദയനുമായ ക്രിസ്തു ദരിദ്രനായി ജനിച്ചുകൊണ്ടും, ലാളിത്യമാര്‍ന്ന ജീവിതം നയിച്ചുകൊണ്ടും ജീവിതത്തില്‍ ആവശ്യമായതും പ്രധാനപ്പെട്ടതും എന്താണെന്നും, അതനുസരിച്ച് ജീവിക്കണമെന്നും സകലരെയും പഠിപ്പിക്കുന്നു (മത്തായി 11 : 29). പുല്‍ക്കൂടിന്‍റെ പശ്ചാത്തലത്തില്‍ അങ്ങ് അകലെ ഹേറോദേശ് രാജാവിന്‍റെ കൊട്ടാരം ചിത്രീകരിക്കപ്പെടുന്നതു സാധാരണമാണ്. രക്ഷകന്‍റെ ആഗമനത്തെക്കുറിച്ചുള്ള സദ്വാര്‍ത്തയ്ക്ക് ചെവിയും കൊട്ടാര കവാടവും ഒരുപോലെ കൊട്ടിയടച്ച നാടുവാഴിയാണ് ഹേറോദേശ്.  പരിത്യക്തര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അന്തസ്സും പ്രത്യാശയും നല്കുന്ന യഥാര്‍ത്ഥ വിപ്ലവത്തിന് ദൈവം തുടക്കമിട്ടിരിക്കുന്നു : അത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വിപ്ലവമാണ്!  അതിനാല്‍ ആരും അവഗണിക്കപ്പെടാത്തതും പാര്‍ശ്വവത്ക്കരിക്കപ്പെടാത്തതുമായ മനുഷ്യത്വവും സാഹോദര്യവുമുള്ളതുമായ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ബൃഹദ് സംസ്ക്കാരം (An all inclusive culture, അന്യത്വരഹിത സംസ്കാരം) വളര്‍ത്തണമെന്ന് യേശു പുല്‍ക്കൂട്ടില്‍നിന്നും എളിമയോടെ, എന്നാല്‍ ശക്തമായി ആഹ്വാനംചെയ്യുന്നു.

6. പുല്‍ക്കൂട്ടിലെ അപൂര്‍വ്വകാഴ്ചകള്‍
സുവിശേഷത്തിലെ വിവരണവുമായി യാതൊരു ബന്ധവുമില്ലാത്തതെന്നു തോന്നിയേക്കാവുന്ന ചില രൂപങ്ങള്‍ കുട്ടികള്‍, എന്തിന് പ്രായപൂര്‍ത്തിയായവര്‍പോലും പുല്‍ക്കൂട്ടില്‍ ഇണക്കിവയ്ക്കാറുണ്ട്. അവയ്ക്കോരോന്നിനും യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ സൃഷ്ടിയായ സകലത്തിനോടും ബന്ധമുണ്ട്.  അങ്ങനെ കുട്ടികള്‍ ഇഷ്ടപ്പെട്ടു വയ്ക്കുന്ന വിചിത്രമായ രൂപങ്ങള്‍ക്കുപോലും ക്രിസ്തു ലോകത്തിനായി തുറന്നിരിക്കുന്ന നവമായ സാമൂഹികതയില്‍ പ്രസക്തിയുണ്ട്. കൊല്ലപ്പണിക്കാരന്‍ തുടങ്ങി ഇടയന്മാര്‍വരെയും, റൊട്ടിയുണ്ടാക്കുന്നയാള്‍ മുതല്‍ സംഗീതജ്ഞ‍ന്‍വരെയും, കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ വെള്ളം കോരി തലയില്‍ കുടവും വച്ചുകൊണ്ട് നീങ്ങുന്ന സ്ത്രീയുടെ ചിത്രീകരണവുമെല്ലാം അനുദിന ജീവിതത്തിന്‍റെ സാധാരണത്ത്വങ്ങളിലെ വിശുദ്ധിയുടെ അടയാളങ്ങളാണ്. യേശു നമ്മിലേയ്ക്ക് ഇറങ്ങിവന്നത് അവിടുത്തെ ദൈവിക ജീവന്‍ നാമുമായി പങ്കുവയ്ക്കുവാനും, അങ്ങനെ ജീവിതത്തിന്‍റെ സാധാരണ കാര്യങ്ങളെ അനിതരസാധാരണങ്ങളായി രൂപാന്തരപ്പെടുത്തുവാനുമാണ്.

7.  മേരിയും  യൗസേപ്പും
മേരിയുടെയും യൗസേപ്പിന്‍റെയും സാന്നിദ്ധ്യം  പുല്‍ക്കൂടിനെ ശ്രദ്ധേയമാക്കുന്നു. തന്‍റെ പുത്രനെ ധ്യാനപൂര്‍വ്വം വീക്ഷിക്കുകയും, അവിടെയെത്തുന്ന ഓരോ സന്ദര്‍ശകര്‍ക്കും യേശുവിനെ മേരി കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നസ്രത്തിലെ യുവതിയുടെ വിമലഹൃദയത്തിന്‍റെ കവാടത്തില്‍ ദൈവം മുട്ടിയപ്പോള്‍ ചുരുളഴിഞ്ഞ ദൈവിക രഹസ്യം ധ്യാനിക്കുവാന്‍ മറിയത്തിന്‍റെ പുല്‍ക്കൂട്ടിലെ രൂപം സകലരെയും സഹായിക്കുന്നു. ദൈവഹിതത്തോട് എപ്രകാരം നാം കീഴ്പ്പെട്ടു ജീവിക്കണമെന്ന് മറിയത്തിന്‍റെ പ്രതികരണം പഠിപ്പിക്കുന്നു. മാത്രമല്ല, അവിടുത്തെ വാക്കുകള്‍ അനുസരിക്കുവാനും, അവ ജീവിതത്തില്‍ പകര്‍ത്തുവാനുമായി എല്ലാവരെയും അവള്‍ യേശുവിന്‍റെ പക്കലേയ്ക്കു പറഞ്ഞയയ്ക്കുന്നു (യോഹ. 2:5).

8.  തിരുക്കുടുംബത്തിന്‍റെ  നിശ്ശബ്ദസേവകന്‍
ഉണ്ണിയേശുവിനും അമ്മയ്ക്കും സംരക്ഷകനായി അവരുടെ ചാരത്തു നില്ക്കുന്ന വിശുദ്ധ യൗസേപ്പിനെ നാം പുല്‍ക്കൂട്ടില്‍ കാണുന്നു. കൈയ്യില്‍ വടിയും വിളക്കുമായി പുല്‍ക്കൂട്ടില്‍ ചിത്രീകരിക്കപ്പെടുന്ന യൗസേപ്പിന്‍റെ രൂപം മനം കവരുന്നതാണ്. കുടുംബത്തിന്‍റെ അക്ഷീണനായ കാവല്‍ക്കാരനാണ് വിശുദ്ധ യൗസേപ്പ്! ഉണ്ണിയേശുവിന് എതിരായ രാജഭീഷണിയെക്കുറിച്ച് ദൈവം താക്കീതു നല്കിയപ്പോള്‍ സകുടുംബം ഈജിപ്തിലേയ്ക്കു പലായനംചെയ്യാന്‍ അദ്ദേഹം മടിച്ചില്ല (മത്തായി 2, 13-15). എന്നാല്‍ അപകടം തീര്‍ന്നെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം ഉടനെ കുടുംബത്തെ നസ്രത്തിലേയ്ക്കു തിരികെകൊണ്ടു പോരുകയും ചെയ്തു. ബാലനും യുവാവുമായ യേശുവിന്‍റെ പ്രഥമ അദ്ധ്യാപകനായിരുന്നു യൗസേപ്പ്.   നീതിമാനായ അദ്ദേഹം ദൈവഹിതത്തിന് കീഴ്വഴങ്ങിക്കൊണ്ടും അതിനൊത്തു ജീവിച്ചുകൊണ്ടും, യേശുവിനെയും തന്‍റെ വധുവായ മറിയത്തെയും ചൂഴ്ന്നുനിന്ന ദൈവികരഹസ്യങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു ജീവിച്ചു.

9.  പുല്‍ക്കൂട്ടിലെ ദിവ്യശിശു
അവസാനം ഉണ്ണിയേശുവിന്‍റെ രൂപം നാം പുല്‍ക്കൂട്ടില്‍ കിടത്തുമ്പോഴാണ് തിരുപ്പിറവിയുടെ രംഗചിത്രീകരണം അതിന്‍റെ പൂര്‍ണ്ണിമയില്‍ എത്തുന്നത്. നിങ്ങളും ഞാനും കൈകളില്‍ എടുക്കുവാനും ചുംബിക്കുവാനുമായി ദൈവം മനുഷ്യനായി പിറക്കുന്നു! പ്രത്യക്ഷമായ ലോലതയുടെയും ദൗര്‍ബല്യത്തിന്‍റെയും മറവില്‍ നാം കാണേണ്ടത്, സകലതും സൃഷ്ടിക്കുവാനും രൂപാന്തരപ്പെടുത്തുവാനും കരുത്തുള്ളതും ഒളിഞ്ഞിരിക്കുന്നതുമായ ദൈവികതയാണ്. യേശുവില്‍ ദൈവം മനുഷ്യനായി പിറന്നുവെന്നും, അങ്ങനെ പുഞ്ചിരിച്ചുകൊണ്ടും, സകലര്‍ക്കുമായി തന്‍റെ കരങ്ങള്‍ തുറന്നു നീട്ടിപ്പിടിച്ചുകൊണ്ടുമാണ് അവിടുത്തെ സ്നേഹത്തിന്‍റെ പാരമ്യം വെളിപ്പെടുത്തിയതെന്നുമുള്ള പുല്‍ക്കൂടിന്‍റെ സന്ദേശം അസാദ്ധ്യമായി തോന്നാമെങ്കിലും, സത്യം ഇതാണ്! “ദൈവിക ജീവന്‍ നമുക്കായ് വെളിപ്പെട്ടിരിക്കുന്നു!” (1 യോഹന്നാന്‍ 1, 2).

ഗാനമാലപിച്ചത് കെ. ജെ. യേശുദാസും കോറസും. രചന സിസ്റ്റര്‍ മേരി ആഗ്നസ്, സംഗീതം ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍ ഓ.സി.ഡി.

പാപ്പാ ഫ്രാന്‍സ് പ്രബോധിപ്പിച്ച പുല്‍ക്കൂടിനെ സംബന്ധിച്ച നവമായ ചിന്തകള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2020, 13:55