കോവിഡ് പ്രതിരോധ കുത്തിവയ്പ് വിതരണത്തിന് “യൂണിസെഫ്” മുന്‍പന്തിയില്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. മരുന്നുകള്‍ 92 രാജ്യങ്ങളിലേയ്ക്ക്
രാജ്യാന്തര തലത്തില്‍ 350 വിതരണ പങ്കാളികളുമായി (logistics partners) കൈകോര്‍ത്തുകൊണ്ടാണ്
92 രാജ്യങ്ങളിലേയ്ക്ക് 2 കോടിയില്‍ അധികം ജനങ്ങള്‍ക്കുള്ള കുത്തിയവയ്പിന്‍റെ പ്രതിരോധ മരുന്നു ഡോസുകള്‍ വായുമാര്‍ഗ്ഗം അതിശീഘ്രം എത്തിക്കുവാന്‍ യുണിസെഫ് വിതരണപങ്കാളികളെ കണ്ടെത്തിയിരിക്കുന്നത്. പാന്‍ അമേരിക്കന്‍ ആരോഗ്യ സംഘടന (PanHO), രാജ്യാന്തര വ്യോമഗതാഗത ഏജെന്‍സി (IATA) എന്നീ കമ്പനികളുടെ സഹായത്തോടെയായിരിക്കും മരുന്നു ലഭ്യമായാല്‍ ഉടന്‍ വിതരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് യുണിസെഫിന്‍റെ വിതരണ വിഭാഗം ഡയറക്ടര്‍, എത്ലീവ കാദിലി പ്രസ്താവനയിലൂടെ അറിയിച്ചു. അതാതു രാജ്യങ്ങളില്‍ ലഭ്യമായ സിറിഞ്ചുകള്‍ കൂടാതെ 92 രാജ്യങ്ങളിലേയ്ക്കുമായി ഒരു കോടിയിലധികം സിറിഞ്ചുകളും എത്തിക്കുവാന്‍ കടല്‍മാര്‍ഗ്ഗം ക്രമീകരണങ്ങള്‍ ആയിക്കഴിഞ്ഞുവെന്ന് നവംബര്‍ 24-ന് ചൊവ്വാഴ്ച പുറത്തുവിട്ട യുണിസെഫിന്‍റെ പ്രസ്താവന വ്യക്തമാക്കി.
2. യൂണിസെഫിന്‍റെ സേവന പാരമ്പര്യത്തിലുള്ള വിശ്വാസ്യത
അംഗീകൃത മരുന്നു കമ്പനികള്‍ വിതരണം ആരംഭിച്ചാല്‍ ഉടന്‍ വ്യോമഗതാഗതം, ചരക്കു ഗതാഗതക്കമ്പനികള്‍, ഷിപ്പിങ് കമ്പനികള്‍, മറ്റു വിതരണക്കാര്‍ എന്നിവരോടു സഹകരിച്ചായിരിക്കും ജീവന്‍ രക്ഷിക്കുവാന്‍ കെല്പുള്ള ഈ മരുന്നുകള്‍ 92 രാജ്യങ്ങളില്‍ എത്തിക്കുവാന്‍ യൂണിസെഫ് സംവിധാനങ്ങള്‍ (Covax Facility) ഒരുക്കിയിരിക്കുന്നതെന്ന് എത്ലീവ കാദിലി വ്യക്തമാക്കി. ഔഷധകമ്പനികളില്‍നിന്നും കോവിഡ്-19-ന്‍റെ പ്രതിരോധ കുത്തിവയ്പുകള്‍ വാങ്ങുവാനും വിതരണംചെയ്യുവാനുമുള്ള വ്യക്തമായ കരാറുകള്‍ സൃഷ്ടിക്കുവാന്‍ മുന്‍കൂറായും കൃത്യമായും സാധിച്ചതു യുണിസെഫിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള അംഗീകാരത്തിന്‍റെയും വിശ്വാസ്യതയുടെയും വിജയമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. സാമ്പത്തിക വരുമാന നിരക്കില്‍ ഏറെ താഴെത്തട്ടിലും ഇടത്തട്ടിലും നില്ക്കുന്ന 92 രാജ്യങ്ങളിലെ ജനതകളുടെ ചികിത്സയ്ക്ക് ഉതകത്തക്കവിധത്തില്‍ യുണിസെഫ് വിതരണക്കരാറുകള്‍ സംവിധാനം ചെയ്തുകഴിഞ്ഞുവെന്നും എത്ലീവ കാതിലി വിശദീകരിച്ചു.
3. യുഎന്‍ നല്കുന്ന പിന്‍തുണ
മുഖത്ത് അണിയുവാനുള്ള മാസ്ക്, പൂര്‍ണ്ണകായ ഗൗണുകള്‍, ഓക്സിജന്‍ സംവിധാനങ്ങള്‍, വെന്‍റിലേറ്ററുകള്‍, പ്രാഥമിക മരുന്നുകള്‍ മുതലായവ എത്തിച്ചുകൊടുക്കുന്നതിലും കോവിഡ് കാലത്ത് യുഎന്നിന്‍റെ പിന്‍തുണ പിന്നോക്ക രാഷ്ട്രങ്ങള്‍ക്കു നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: