വിലാപഗീതം : ദൈവിക കാരുണ്യത്തിനായുള്ള ശരണംവിളി
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ഒരു വ്യക്തിഗത വിലാപഗീതം
ഇന്നു സങ്കീര്‍ത്തനം 63-ന്‍റെ പഠനം നാം ആരംഭിക്കുകയാണ്. ഇതൊരു വിലാപഗീതമാണ്, വിശിഷ്യാ, ഒരു വ്യക്തിഗത വിലാപഗീതമാണ്. ഈ സങ്കീര്‍ത്തനത്തിന്‍റെ ആമുഖത്തില്‍തന്നെ ഗായകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള നിലവിളി പലപ്പോഴും ആജ്ഞാരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. വിലപിക്കുന്നവന്‍ ദൈവത്തിന്‍റെ പ്രാധാന്യം ജീവിതത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉപമയിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും യാവേയുടെ നന്മയും സംരക്ഷണവും പ്രകീര്‍ത്തിക്കുന്നതായിട്ട് ഗീതത്തിന്‍റെ വരികള്‍ വ്യക്തമാക്കുന്നു. ആരാധകന്‍ ദരിദ്രനും ക്ലേശിതനുമായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ സങ്കീര്‍ത്തനത്തിന്‍റെ പ്രധാന ഭാഗത്ത് വിലാപം, യാചന തുടങ്ങിയ ആശയങ്ങളും കണ്ടെത്തിയെന്നു വരാം. ആരാധകന്‍ തന്‍റെ ആവലാതി ദൈവത്തിന്‍റെ മുമ്പാകെ ചൊരിയുകയാണ്. അങ്ങനെ അയാള്‍ക്ക് സമാശ്വാസം ലഭിക്കുന്നു. വ്യക്തിയുടെ വിലാപഗീതത്തിന്‍റെ തന്നെ സാഹിത്യഘടനകളുള്ള സമൂഹത്തിന്‍റെ വിലാപഗീതങ്ങളും ഉണ്ടെന്ന കാര്യം ഇവിടെ പ്രസ്താവിക്കുക മാത്രം ചെയ്യുകയാണ്.
വ്യക്തിയുടെ ഈ വിലാപം ദൈവിക സാന്നിദ്ധ്യത്തിനും ഐക്യത്തിനുമായുള്ള തീവ്രമായ ആഗ്രഹമായിട്ടാണ് വരികളില്‍ ആദ്യഭാഗത്ത് പ്രതിപാദിക്കുന്നത്. എന്നാല്‍ രണ്ടാം ഭാഗത്ത് ശത്രുക്കളുടെ വിനാശത്തിനായും ഗായകന്‍ വിലപിക്കുന്നു. ഇസ്രായേല്‍ ജനത്തിന്‍റെ വിപ്രവാസത്തിനു മുന്‍പേ രചിക്കപ്പെട്ടതായിരിക്കണം ഈ ഗീതമെന്നാണ് നിരൂപകന്മാരുടെ നിഗമനം. എന്നാല്‍ ഹെബ്രായമൂലത്തില്‍ ദാവീദു രാജാവിന്‍റെ നാമത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ഗീതമാണ്.
ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം അനൂപും സംഘവും.
Musical Version of Ps 63 Antiphon
ആത്മാവെന്നും ദാഹിപ്പൂ
അങ്ങേയ്ക്കായെന്‍ സകലേശാ (2).
2. വരികളുടെ പരിചയപ്പെടല്‍
ആമുഖപഠനത്തില്‍ നമുക്ക് ഈ ഗീതത്തിലെ വരികള്‍ പരിചയപ്പെടാം.
ആദ്യത്തെ രണ്ടു വരികളില്‍ ഗായകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുകയാണ്.
Recitation of Ps. 63, 1-2.
ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം,
ഞാനങ്ങയേ തേടുന്നു.
എന്‍റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു
ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ
എന്‍റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.
അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍
വിശുദ്ധ മന്ദിരത്തില്‍ വരുന്നു.
സങ്കീര്‍ത്തകന്‍ ദൈവത്തെ വിളിക്കുകയാണ്. ദൈവത്തിനുവേണ്ടിയുള്ള അന്വേഷണം വ്യക്തിയെ സന്തോഷിപ്പിക്കുന്ന ദൈവിക സാമീപ്യത്തിനായുള്ള ദാഹമാണ്. ഉണങ്ങിവരണ്ട ഭൂമി ജലത്തിനുവേണ്ടി ദാഹിക്കുന്നതുപോലെയാണിതെന്നും സങ്കീര്‍ത്തന വരികള്‍ വിവരിക്കുന്നു. മനുഷ്യന്‍ ശരീരവും ആത്മാവും കൂടിയവനാണല്ലോ, രക്ഷാകരമായ ദൈവിക ദര്‍ശനമാണ് മനുഷ്യന്‍റെ വിലാപത്തിനുള്ള കാരണവും ലക്ഷ്യവും. ദൈവത്തിന്‍റെ ശക്തിയും മഹത്ത്വവും തീര്‍ച്ചയായും ഗായകന് ആശ്വാസം പകരേണ്ടതാണ്. ദൈവത്തിനായുള്ള ദാഹം തീര്‍ച്ചയായും ആശ്ചര്യംപകരുന്ന ഒരു കാര്യമാണ്. എന്നാല്‍ നാം മനസ്സിലാക്കേണ്ടത് മനുഷ്യന്‍റെ ശാരീരികമായ ദാഹം, അല്ലെങ്കില്‍ ക്ലേശങ്ങള്‍ അയാളെ ദൈവത്തിങ്കലേയ്ക്കു നയിക്കാമെന്നു നമുക്ക് മനസ്സിലാക്കാവുന്നതാണ്.
യാത്രികര്‍, സഞ്ചാരികള്‍ മരുപ്രദേശത്ത് നാവുവരണ്ടു ക്ലേശിക്കുമ്പോള്‍, വിശ്വാസിയായൊരു മനുഷ്യനു മാത്രമേ ദൈവത്തിങ്കലേയ്ക്കു തിരിയാനാവൂ. അല്ലെങ്കില്‍ വരള്‍ച്ചയില്‍ ക്ലേശിച്ച് നാവുവരണ്ടു മരിക്കുന്നയാള്‍, ദൈവത്തെ പഴിച്ചുകൊണ്ടു മരിക്കുവാനാണു സാദ്ധ്യത. എന്നാല്‍ സങ്കീര്‍ത്തകന്‍ ജരൂസലേമില്‍നിന്നും വിദൂരത്ത്, വിജാതീയരുടെ മദ്ധ്യത്തില്‍, വിഗ്രഹങ്ങളുടെ ഇടയില്‍, ദൈവത്തെ കാണാതെയും കേള്‍ക്കാതെയും ജീവിക്കുന്നവരുടെ മദ്ധ്യത്തിലായിരിക്കുമ്പോള്‍ അനുഭവിക്കുന്ന മനോവ്യഥയാണിത്. ജരൂസലേമിനും യാഹ്വായ്ക്കുമായുള്ള ഒരു വിശ്വാസിയുടെ ആത്മീയ ദാഹം ഈ വിലാപഗീതത്തിന്‍റെ ആദ്യവരിയില്‍ത്തന്നെ നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കേണ്ടതാണ്. അതുകൊണ്ട് “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും,” എന്ന ക്രിസ്തുവിന്‍റെ അഷ്ടഭാഗ്യങ്ങളുടെ പ്രബോധനത്തിന് പശ്ചാത്തലമാണ് 63-Ɔο സങ്കീര്‍ത്തനം എന്നു പറയാവുന്നതാണ്.
Musical Version : Psalm 63 Unit One, verses 3-4.
1 കര്‍ത്താവേ, അങ്ങയുടെ കാരുണ്യം
ജീവനെക്കാള്‍ അഭികാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
അങ്ങയെ എന്നും വാഴ്ത്തുന്നു.
5. വിലാപം - ദൈവിക കാരുണ്യം തേടല്‍
ദൈവത്തിന്‍റെ കാരുണ്യവും വിശ്വസ്തതയും സ്നേഹവും നിറഞ്ഞ നന്മയാണ് സങ്കീര്‍ത്തകന്‍ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് ഗീതത്തിന്‍റെ തുടര്‍ന്നുള്ള വരികളില്‍നിന്നും നമുക്കു മനസ്സിലാക്കാം.
Recitation : Psalm 63 Unit One verses 3-4.
അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും
എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ
നാമം വിളിച്ചപേക്ഷിക്കും.
പീഡിതനെ ദൈവവുമായി ഐക്യപ്പെടുത്തുന്നത്, അല്ലെങ്കില്‍ ഐക്യപ്പെടുത്തുവാന്‍ സഹായിക്കുന്നത് അവിടുത്തെ കാരുണ്യത്തിലും സ്നേഹത്തിലും വിശ്വസ്തതയിലുമുള്ള പ്രത്യാശയാണ് . ഇതാണ് ഗായകനെ ദേവാലയത്തില്‍ അഭയം തേടുന്നതിനു ക്ഷണിക്കുന്നത്. ജീവിതത്തിന്‍റെ സന്തോഷവും ദൈര്‍ഘ്യവുമല്ല, ദൈവവുമായുള്ള ഐക്യമാണ് ഏറ്റവും വലിയ നന്മയായി സങ്കീര്‍ത്തകന്‍ വിലമതിക്കുന്നത്. ദൈവാനുഗ്രഹം നിറഞ്ഞ ജീവിതമാണ് ഇസ്രായേലിന്‍റെ ഏറ്റവും വലിയ നന്മ. ഭൗതിക അനുഗ്രഹങ്ങളെക്കാള്‍ വിലപ്പെട്ട ആത്മീയ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് ഇവിടെ സങ്കീര്‍ത്തകന്‍ എത്തി നില്ക്കുന്നത്. കര്‍ത്താവിന്‍റെ സ്നേഹ കാരുണ്യത്തിന്‍റെ പാട്ടുകള്‍ പാടാന്‍ സങ്കീര്‍ത്തകന്‍ സന്നദ്ധനാണ്. അതും തന്‍റെ ജീവിതകാലം മുഴുവനും. യാചനകളിലും പ്രാര്‍ത്ഥനകളിലും അയാള്‍ കൈകള്‍, അധരങ്ങള്‍ ഉയര്‍ത്താറുണ്ട്. അപ്പോള്‍ കര്‍ത്താവിന്‍റെ നാമം മാദ്ധ്യസ്ഥംവഹിക്കുകയും പ്രാര്‍ത്ഥന ഫലവത്താക്കുകയും ചെയ്യുന്നു. ദൈവിക സാന്നിദ്ധ്യത്തിന്‍റെ നവീകരിക്കുന്ന ശക്തിയെ മജ്ജയോടും മേദസ്സോടുമാണ് വരികളില്‍ സങ്കീര്‍ത്തകന്‍ ഉപമിച്ചിരിക്കുന്നത്. മേദസ്സാണ് നല്ല സമ്പൂര്‍ണ്ണമായ ആഹാരം. ബലികളില്‍ അത് ദൈവത്തിനു സമര്‍പ്പിക്കുന്നതാണ്. ഈ സമര്‍പ്പണം അര്‍പ്പകനും വിശ്വാസിക്കും സമൃദ്ധിയും സന്തോഷവും ഉളവാക്കുന്നു.
Musical Version : Psalm 63 Unit Two
5-6 കര്‍ത്താവേ, കിടക്കയില്‍ ഞാനങ്ങയെ ഓര്‍ക്കുമ്പോള്‍
രാത്രിയാമങ്ങളില്‍ ഞാനങ്ങയെ ധ്യാനിക്കുമ്പോള്‍
മജ്ജയും മേദസ്സും കൊണ്ടെന്നപോലെ ഞാന്‍ തൃപ്തിയടയുന്നു
എന്നും ഞാന്‍ തൃപ്തിയടയുന്നു.
3. നമുക്കും ദൈവത്തിങ്കലേയ്ക്കു തിരിയാം
വ്യക്തി പൂര്‍ണ്ണമായും ദൈവത്തിങ്കലേയ്ക്കു തിരിയുന്നു എന്നതിന്‍റെ പ്രതീകമാണ്, ആദ്യ വരിയില്‍ത്തന്നെയുള്ള... എന്‍റെ ആത്മാവ് എന്ന പ്രയോഗം. ഗായകന്‍ ദൈവത്തോടു പറയുകയാണ് എന്‍റെ ശരീരം ദുര്‍ബലമായിരിക്കുന്നു. അതായത്, മൂലരചനയിലെ ഹീബ്രുവാക്ക് അര്‍ത്ഥമാക്കുന്നത്... ജീവിതക്ലേശങ്ങളാല്‍ സങ്കീര്‍ത്തകന്‍ അന്ധനായിരിക്കുന്നുവെന്നും, ഈ അന്ധതയില്‍ താന്‍ ദൈവത്തെ തേടുന്നുവെന്നും, ദൈവത്തെ വിളിച്ചപേക്ഷിക്കുന്നുവെന്നും, ദേവാലയത്തില്‍ ദൈവസന്നിധിയില്‍ എത്തിച്ചേരുന്നുവെന്നുമാണ്.
ഇന്ന് ഒരുമഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വ്യക്തിഗത വിലാപഗീതത്തിന്‍റെ പഠനത്തിന് ഏറെ പ്രസക്തിയുണ്ട്. ഒരു വൈറസ് ബാധ തുടങ്ങിയിട്ട് ഇന്ന് ലോകം മുഴുവനും ക്ലേശിക്കുകയാണ്. മാനവകുലം മുഴുവനും! ഈ മഹാമാരിക്ക് ഒരു പ്രതിവിധി കണ്ടെത്താനാവാതെ മനുഷ്യര്‍ വലയുകയാണ്. എത്രയോ പേരാണ് അനുദിനം മരണമടയുന്നത്. നമുക്ക് ദൈവസന്നിധിയിലേയ്ക്ക് വിലാപത്തോടെ തിരിയാം. സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍... നിദ്രാധീനമായ രാത്രിയില്‍ പ്രഭാതത്തിന്‍റെ പൊന്‍വെളിച്ചത്തിനായി കാത്തിരിക്കുന്ന ഒരു മനുഷ്യന്‍റെ മനോവ്യഥയോടെ... നമുക്ക് ദൈവത്തിങ്കലേയ്ക്കും അവിടുത്തെ രക്ഷാകിരണത്തിനായും പ്രാര്‍ത്ഥിക്കാം, വിളിച്ചപേക്ഷിക്കാം. സ്രഷ്ടാവായ ദൈവം ഈ ലോകത്തെ സുഖപ്പെടുത്തുകയും രക്ഷയിലേയ്ക്കു നയിക്കുകയും ചെയ്യട്ടെയെന്ന് സങ്കീര്‍ത്തകനോടൊപ്പം വിലാപത്തോടെ യാചിക്കാം.
Musical Version : Psalm 63 Unit Three, verses 8-9
കര്‍ത്താവേ, എന്‍റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
അങ്ങയുടെ വലതുകൈ എന്നെ താങ്ങുന്നു
അങ്ങാണെന്‍റെ സഹായകന്‍.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.
അടുത്തയാഴ്ചയിലും 63-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആമുഖപഠനം തുടരും.