പ്രത്യാശപകരുന്ന വിലാപത്തിന്‍റെ സങ്കീര്‍ത്തനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ദൈവസന്നിധിയില്‍ വിലപിക്കുന്ന മനുഷ്യന്സങ്കീര്ത്തനം 63 - ഒരു വിലാപഗീതത്തിന്‍റെ പഠനം കഴിഞ്ഞ ആഴ്ചിയില്‍ ആരംഭിച്ചു. രണ്ടുതരത്തിലുള്ള വിലാപഗീതങ്ങള്‍ ഉണ്ടെന്നു നാം മനസ്സിലാക്കി - സമൂഹത്തിന്‍റെയും വ്യക്തിയുടെയും. എന്നാല്‍ നാം പഠനവിഷയമാക്കിയിരിക്കുന്നത് ഒരു വ്യക്തിയുടെ വിലാപഗീതമാണല്ലോ. ആകെ 11 വരികളുള്ള ഗീതത്തിന്‍റെ ആദ്യത്തെ അഞ്ചുവരികള്‍ കഴിഞ്ഞ ഭാഗത്ത് പരിചയപ്പെടുകയുണ്ടായി. മനുഷ്യന്‍റെ ശാരീരിക ദാഹം ആത്മീയ ദാഹത്തിലേയ്ക്കു നയിക്കുമെന്ന് ഗുരുക്കന്മാര്‍ പറയാറുണ്ട്. “വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ അനുഗ്രഹീതന്മാര്‍,” എന്ന് ഈശോ പഠിപ്പിക്കുന്നത് നാം സുവിശേഷത്തില്‍ വായിക്കുന്നു (മത്തായി 5, 6). ജീവിതക്ലേശങ്ങളുടെയും ഞെരുക്കങ്ങളുടെയും മദ്ധ്യത്തില്‍ വിലപിക്കുന്ന വ്യക്തി ദൈവിക ചിന്തകളിലേയ്ക്കു തിരിയുന്നതാണ് ഈ സങ്കീര്‍ത്തനത്തിന്‍റെ ഉള്ളടക്കം. മരുഭൂമിയിലൂടെ യാത്രചെയ്യുന്ന ഒരു മനുഷ്യന്‍ ദാഹിച്ചുവരളുമ്പോള്‍ ദൈവത്തെ ഓര്‍ക്കാം, അവിടുത്തെ വിളിച്ചപേക്ഷിക്കാം. പ്രപഞ്ചസൃഷ്ടിയില്‍ മനുഷ്യന് ദാനമായി ജലം നല്കിയ ദൈവത്തെ ഓര്‍ക്കാം, അവിടുത്തേയ്ക്ക് നന്ദിപറയാം.
2. പ്രത്യാശ പകരുന്ന ഗീതം
എന്നാല്‍ ക്ലേശങ്ങളില്‍ ദൈവത്തെ പഴിക്കുന്നവരുമുണ്ടാകാം... വിരളമാണ്. അത് വിരോധാഭാസവും മൗഢ്യവും ബാലിശവുമാണ്. ദൈവത്തില്‍നിന്ന് അകന്നു ജീവിച്ച വ്യക്തി, അല്ലെങ്കില്‍ പിതൃസ്നേഹത്തില്‍നിന്നും അകന്ന് ധൂര്‍ത്തനായി ജീവിച്ച മകന് സുബോധമുണ്ടായി പിതാവിനെ ഓര്‍ക്കുമാത്രമല്ല, ആ പിതൃഗേഹത്തില്‍ സന്തുഷ്ടരായും സന്തോഷത്തോടെയും ജീവിക്കുന്നവരെക്കുറിച്ചും ഓര്‍ത്താണ് തന്‍റെ തിരിച്ചുപോക്ക് ഉറപ്പുവരുത്തുന്നത്. അതിനാല്‍ ജീവിത വൈഷമ്യത്തിന്‍റെ വിലാപത്തില്‍നിന്നും ഉയരുന്ന പ്രത്യാശയുടെ വികാരമാണ് സങ്കീര്‍ത്തനത്തിന്‍റെ പ്രഭണിതവും ആദ്യവരികളും നമുക്കു നല്കുന്നത്.
ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും. ആലാപനം അനൂപും സംഘവും.
Musical Version of Ps 63 Antiphon
ആത്മാവെന്നും ദാഹിപ്പൂ
അങ്ങേയ്ക്കായെന്‍ സകലേശാ (2).
3. വേദനയില്‍ ദൈവത്തെ ഓര്‍ക്കുന്ന മനുഷ്യന്‍
അമേരിക്കയില്‍ കോവിഡ് പിടിപെട്ട് ചികിത്സയിലായ ഒരു ഡോക്ടര്‍ സന്ദേശം അയച്ചത് ഇപ്രകാരമായിരുന്നു. “എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിന് നന്ദി. ഭേദപ്പെട്ടുവരുന്നു. ഇപ്പോഴും ആശുപത്രിയിലാണ്. പ്രാര്‍ത്ഥിക്കണം. Salus Populi Romani…” എന്നായിരുന്നു സന്ദേശം! ചിന്തകള്‍ ദൈവത്തിങ്കലേയ്ക്കാണ് ഉയരുന്നത്. അദ്ദേഹം റോമില്‍ വന്നപ്പോള്‍ മേരി മേജര്‍ ബസിലിക്കയില്‍, പാപ്പാ ഫ്രാന്‍സിസ് പതിവായി പ്രാര്‍ത്ഥിക്കുന്ന കന്യകാനാഥയുടെ ചിത്രത്തിരുനടയെ ഓര്‍ത്താണ് ആശുപത്രി കിടക്കയില്‍നിന്നും പ്രത്യാശയുള്ള ഈ വാക്കുകള്‍ കുറിച്ചത്. ഗീതത്തിന്‍റെ ആദ്യത്തെ 5 വരികളില്‍ നാം കണ്ടത് ദൈവത്തിനായി ദാഹിക്കുന്ന മനുഷ്യന്‍റെ ചിത്രമാണ്. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍, അല്ലെങ്കില്‍ ചുറ്റും നിഷേധാത്മകമായ ചുറ്റുപാടില്‍ ആയിരിക്കുന്ന മനുഷ്യന്‍ ദൈവത്തെ ഓര്‍ക്കുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ, മനുഷ്യന്‍റെ ചിത്രമാണിത്. ആ വ്യക്തിയുടെ ഹൃദയവികാരങ്ങളിലേയ്ക്കും പ്രാര്‍ത്ഥനയിലേയ്ക്കും കുറെക്കൂടെ ആഴമായി കടക്കുന്ന 6-മുതല്‍ 8-വരെയുള്ള വരികള്‍ നമുക്കു പരിശോധിക്കാം.
Recitation of Ps. 63, 6-8.
രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ചു ധ്യാനിക്കുമ്പോള്‍
മജ്ജയും മേദസും കൊണ്ടെന്നപോലെ ഞാന്‍ സംതൃപ്തിയടയുന്നു.
എന്‍റെ അധരങ്ങള്‍ അങ്ങേയ്ക്ക് ആനന്ദഗാനം ആലപിക്കും.
അവിടുന്ന് എന്‍റെ സഹായമാണ്.
അങ്ങയുടെ ചിറകിന്‍ കീഴില്‍
എന്‍റെ ആത്മാവ് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
അങ്ങയുടെ വലതുകൈ എന്നെ താങ്ങിനിര്‍ത്തുന്നു.
4. ദൈവത്തിന്‍റെ കാരുണ്യവും വിശ്വസ്തതയും
വിശ്വസ്തതയും സ്നേഹവും കാരുണ്യവും നിറഞ്ഞ ദൈവത്തിന്‍റെ സാന്ത്വന സാമീപ്യമാണ് സങ്കീര്‍ത്തകന്‍ വരികളില്‍ അനുസ്മരിക്കുന്നത്. പീഡിതനും ക്ലേശിതനുമായ മനുഷ്യനെ ദൈവവുമായി ഐക്യപ്പെടുത്തുന്നത് അവിടുത്തെ സ്നേഹവും കാരുണ്യവും വിശ്വസ്തതയുമാണ്. ഈ വിശ്വസ്ത ഇന്നും നിങ്ങളെയും എന്നെയും സകലരെയും ക്ഷണിക്കുന്നുണ്ട്. രാത്രിയുടെ ഏകാന്തതയിലാണ് ഗായകന്‍റെ മനസ്സില്‍ ദൈവികചിന്ത ഉണരുന്നത്. അത് അയാള്‍ക്കു തൃപ്തിയും സമാശ്വാസവും പകരുന്നു. ദൈവമാണ് തന്‍റെ സഹായകന്‍ എന്ന ചിന്ത അയാള്‍ക്ക് ഏറെ സമാശ്വാസം പകരുന്നു.
ജരൂസലേം ദേവാലയത്തില്‍ - ദൈവസന്നിധിയില്‍ ഹോമിക്കുന്ന വിശിഷ്ടമായ നൈവേദ്യത്തിന്‍റെ സംതൃപ്തി സങ്കീര്‍ത്തന വരികള്‍ രേഖപ്പെടുത്തുന്നു. അതിനാല്‍ സങ്കീര്‍ത്തനം 63-ന്‍റെ വരികള്‍ രാത്രി യാമങ്ങള്‍ ജരൂസലേത്ത് ചെലവഴിക്കുന്ന ഒരു തീര്‍ത്ഥാടകന്‍റെ വികാരമാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം സങ്കീര്‍ത്തന വരികള്‍ പ്രതിപാദിക്കുന്ന മജ്ജയുടെയും മേദസ്സിന്‍റെയും സമര്‍പ്പണവും, ആനന്ദഗാനാലാപനവുമെല്ലാം സൂചിപ്പിക്കുന്നത് ജരൂസലേം ദേവാലയ പശ്ചാത്തലമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ ദൈവിക സംരക്ഷണത്തിന്‍റെ ചിറകിന്‍കീഴില്‍ വസിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ ദൈവത്തിനായി വിലപിക്കുന്നു, കേഴുന്നു. കേഴുന്നവന്‍റെ ആഗ്രഹംപോലെതന്നെ ദൈവവും അയാളെ തന്നോടു ചേര്‍ത്തുനിര്‍ത്തുകയും, നിസ്സഹായനായ മനുഷ്യന്‍ കണ്ണീരോടും വിലാപത്തോടുംകൂടി ദൈവത്തോട് അടുത്തിരിക്കുന്നതാണ് 63–Ɔο സങ്കീര്‍ത്തനത്തിന്‍റെ ഉള്‍പ്പൊരുള്‍.
Musical Version : Psalm 63 Unit Two 5-6
കര്‍ത്താവേ, കിടക്കയില്‍ ഞാനങ്ങയെ ഓര്‍ക്കുമ്പോള്‍
രാത്രിയാമങ്ങളില്‍ ഞാനങ്ങയെ ധ്യാനിക്കുമ്പോള്‍
മജ്ജയും മേദസ്സും കൊണ്ടെന്നപോലെ ഞാന്‍ തൃപ്തിയടയുന്നു
എന്നും ഞാന്‍ തൃപ്തിയടയുന്നു..
5. ബലിയല്ല കരുണയാണ്!
മനുഷ്യന്‍ അര്‍പ്പിക്കുന്ന നൈവേദ്യങ്ങള്‍ ദൈവത്തിന് ആവശ്യമില്ലെങ്കിലും, അത് സ്നേഹത്തിന്‍റെയും നന്ദിയുടെയും പ്രതീകമാണ്, അടയാളങ്ങളാണ്. പഴയനിയമത്തില്‍ ലേവ്യരുടെ പുസ്തകം അതു പ്രതിപാദിക്കുന്നുണ്ട്. പുരോഹിതന്‍ കോലാടിന്‍റെ മാംസവും മേദസ്സും ബലിപീഠത്തില്‍ സമര്‍പ്പിച്ചിരുന്നു. അത് അവിടുത്തേയ്ക്കു പ്രീതികരമായ സൗരഭ്യമായ് അഗ്നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണെന്നും, സമാധാനബലിയാണെന്നും ലേവ്യരുടെ ഗ്രന്ഥത്തില്‍ വായിക്കുന്നു (ലേവ്യര്‍ 3, 16). എന്നാല്‍ പുതിയ നിയമത്തില്‍ ക്രിസ്തു ഈ ബലികളെയെല്ലാം നവകരിക്കുന്നതു നാം കാണുന്നു. അവിടുന്നു പഠിപ്പിച്ചത്, “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” (മത്തായി 9, 13). സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ സാമീപ്യത്തെ അവിടുത്തെ കാരുണ്യവും കൃപയുമായി ആസ്വദിക്കുന്നുവെന്നാണ് വരികള്‍ വ്യക്തമാക്കുന്നത്. ജനത്തിന്‍റെ അര്‍ച്ചനകള്‍ ദൈവം സ്വീകരിക്കുകയും, അതില്‍ പ്രസാദിക്കുകയും ചെയ്യുന്നതുപോലെ തന്‍റെ വിലാപത്തിന്‍റെ അര്‍ത്ഥനകള്‍ അവിടുത്തേയ്ക്ക് സ്വീകാര്യമാകുമെന്ന പ്രത്യാശയാണ് ഈ സങ്കീര്‍ത്തനത്തിന്‍റെ ഉച്ചസ്ഥായി.
ഗായകന്‍ അതിനാല്‍ ദൈവത്തെ ആദ്യമായി, സ്തുതിക്കുന്നു. തുര്‍ന്ന്, അവിടുത്തെ ധ്യാനിക്കുന്നു. അതായത് കാര്യങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുകയും ദൈവിക സാന്നിദ്ധ്യത്തെയും അവിടുത്തെ നന്മകളെയും ജീവിതത്തില്‍ അംഗീകരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൈവം വര്‍ഷിച്ചിട്ടുള്ള നന്മകളും, തന്‍റെ ജീവിതചുറ്റുപാടുകളിലെ ദൈവാനുഗ്രഹത്തിന്‍റെ അടയാളങ്ങളും അംഗീകരിക്കുകയും അത് ഏറ്റുപറയുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും ദൈവികാനുഭവം ഉള്‍ക്കൊള്ളുകയും അതു പ്രഘോഷിക്കുകയുമാണ് ചെയ്യുന്നത്.
Musical Version: Psalm 63 Unit One vs 1-2.
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം
ജീവനെക്കാള്‍ അഭികാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
അങ്ങയെ എന്നും വാഴ്ത്തുന്നു..
6. സ്തുതിപ്പായി പരിണമിക്കുന്ന വിലാപം
ക്ലേശിക്കുന്ന മനുഷ്യന്‍ ഒരു ദിവസത്തെ രാവും പകലും ഉള്‍ക്കൊള്ളുന്ന വേദനയാണ് സങ്കീര്‍ത്തന വരികളില്‍ വെളിവാക്കുന്നത്. തന്‍റെ വിലാപം ദൈവത്തിനുള്ള ഒരു സ്തുതിപ്പായി മെല്ലെ പരിണമിക്കുന്നതായും ഗീതത്തിന്‍റെ വരികളുടെ ആരോഹണത്തില്‍നിന്നും മനസ്സിലാക്കാം. എന്നാല്‍ തന്‍റെ ജീവിത ക്ലേശങ്ങളില്‍ ദൈവത്തിങ്കലേയ്ക്കു തിരിയാനാവാത്ത മനുഷ്യന്‍റെ ജീവിതം ഭീതിദമാകുമെന്നും സങ്കീര്‍ത്തന വരികള്‍ സൂചിപ്പിക്കുന്നു. ദൈവത്തോടു ചേര്‍ന്നുനില്ക്കുന്ന മനുഷ്യന്‍, കഷ്ടപ്പാടിന്‍റെ കാലത്തും അവിടുന്നു രക്ഷിക്കുന്നവനാണെന്നു മനസ്സിലാക്കുകയും, അവിടുത്തെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വിശ്വസ്തചെയ്തികള്‍ അനുസ്മരിച്ചുകൊണ്ട് ദൈവസഹായത്തിനായി വീണ്ടും കേഴുകയും ചെയ്യുന്നത് സങ്കീര്‍ത്തനം
63-ല്‍ നമുക്കു കാണാം. ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന് അവിടുന്നില്‍ ആശ്രയിച്ചു മാത്രമേ മുന്നോട്ടു പോകുവാന്‍ സാധിക്കൂ എന്നുള്ള സന്ദേശവും ഈ ഗീതം നമ്മെ പഠിപ്പിക്കുന്നു!
Musical Version : Psalm 63 Unit Three Vs. 8-9
കര്‍ത്താവേ, എന്‍റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
അങ്ങയുടെ വലതുകൈ എന്നെ താങ്ങുന്നു
അങ്ങാണെന്‍റെ സഹായകന്‍.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.
ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍. അടുത്തയാഴ്ചയിലും 63-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആമുഖപഠനം തുടരും.