തിരയുക

പ്രത്യാശയുടെ കിരണങ്ങള്‍ - സ്പെയിനിലെ  "പീനാസ് ദെ ആയിയ"  മലമുകളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ - സ്പെയിനിലെ "പീനാസ് ദെ ആയിയ" മലമുകളില്‍ 

ദൈവം സ്നേഹപാലകനും വിലപിക്കുന്നവര്‍ക്ക് പ്രത്യാശയും

63-Ɔο സങ്കീര്‍ത്തനം ഒരു വ്യക്തിഗത വിലാപഗീതത്തിന്‍റെ പഠനം - മൂന്നാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

63-Ɔο സങ്കീര്‍ത്തനപഠനം - ഭാഗം മൂന്ന്


1. ദൈവിക കാരുണ്യത്തിനായി
വിലപിക്കുന്ന മനുഷ്യന്‍റെ ഗീതം
സങ്കീര്‍ത്തനം 63 – ഈ വിലാപസങ്കീര്‍ത്തനത്തിന്‍റെ പഠനത്തില്‍  വരികളുടെ പരിചയപ്പെടല്‍ ഈ ആഴ്ചയിലും നമുക്കു തുടരാം.  കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നാം 1-മുതല്‍ 8-വരെയുളള വരികളുമായി പരിചയപ്പെടുകയുണ്ടായി. വ്യക്തിഗത വിലാപഗീതത്തില്‍ സങ്കീര്‍ത്തകന്‍ തന്‍റെ ജീവിതക്ലേശങ്ങളില്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു.  വരികള്‍ വിശേഷിപ്പിക്കുന്നതു പ്രകാരം ഉണങ്ങിവരണ്ട നിലംപോലെ  വ്യക്തി ദൈവിക ദര്‍ശനത്തിനായി, അല്ലെങ്കില്‍ തന്‍റെ ക്ലേശങ്ങളില്‍നിന്നുള്ള രക്ഷയുടെ സമാശ്വാസത്തിനായി കേഴുന്നു. സ്നേഹംനിറഞ്ഞ ദൈവത്തിന്‍റെ കാരുണ്യത്തിനായിട്ടാണ് സങ്കീര്‍ത്തകന്‍ വിലപിക്കുന്നത്. ഈ വരികളുടെ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ നമുക്കു പറയാം പീഡിതനെ ദൈവവുമായി ഐക്യപ്പെടുത്തുന്നത് അവന്‍റെ ജീവിത വ്യഥകളും അതിന്‍റെ വിങ്ങിപ്പൊട്ടുന്ന നൊമ്പരങ്ങളുമാണ്.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും.  ആലാപനം അനൂപും സംഘവും.

Recitation of Ps. 63 – Versified lines 1&2 : പ്രഭണിതം
ആത്മാവെന്നും ദാഹിപ്പൂ
അങ്ങേയ്ക്കായെന്‍ സകലേശാ (2).

2. ദൈവികസാമീപ്യം തേടുന്ന ക്ലേശിതന്‍
സങ്കീര്‍ത്തനത്തിന്‍റെ ആരംഭത്തില്‍ തന്‍റെ ജീവിതചുറ്റുപാടില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന്‍ വിലാപത്തോടും കണ്ണീരോടുംകൂടെ ദേവാലയത്തില്‍, ദൈവിക സാന്നിദ്ധ്യത്തില്‍ എത്തിച്ചേരുന്നതായി നമുക്കു മനസ്സിലാക്കാം. കാരണം ജീവിതത്തില്‍ അയാളുടെ ഏറ്റവും വലിയ നന്മ ദൈവിക സാന്നിദ്ധ്യമാണ്. അതിനാല്‍ ഭൗതിക നന്മയെക്കാള്‍ വിലപ്പെട്ട ആത്മീയ നന്മയുടെ യാഥാര്‍ത്ഥ്യത്തിലാണ് – ദേവാലയത്തില്‍, ദൈവസന്നിധിയില്‍ സങ്കീര്‍ത്തകന്‍ എത്തിനില്ക്കുന്നത്.

ഇന്നത്തെ മഹാമാരിയുടെ കെടുതിയില്‍ ഒരു വിശ്വാസി  ശാരീരിക ക്ലേശങ്ങളെക്കാള്‍ വലിയ മനഃക്ലേശം അനുഭവിക്കുന്നുണ്ട്.  ആഴ്ചയില്‍ ഒരിക്കല്‍പ്പോലും ദേവാലയത്തില്‍ ബലിയര്‍പ്പണത്തിനോ, മറ്റു പ്രാര്‍ത്ഥനയ്ക്കോ സമ്മേളിക്കുവാന്‍ സാധിക്കില്ലല്ലോ എന്ന ചിന്ത സത്യവിശ്വാസിയായ മനുഷ്യന് മനോവ്യഥയുണര്‍ത്തുന്നതാണ്.  ജീവിതം ക്ലേശകരമാണെങ്കിലും ദൈവസന്നിധിയിലെ നിമിഷങ്ങള്‍ ആത്മീയ സാഫല്യമാണ്, അയാള്‍ക്ക്  സന്തോഷവും സമാശ്വാസം പകരുന്നതാണ്. അതിനാല്‍ ഭക്തന്‍ അല്ലെങ്കില്‍ വിശ്വാസി എത്രയേറെ ക്ലേശങ്ങളും കഷ്ടതകളുമുണ്ടായാലും അയാള്‍ എന്നും ദൈവോന്മുഖനായിത്തന്നെ ജീവിക്കും. അയാള്‍ ദൈവത്തില്‍ ആശ്രയിച്ചുതന്നെ മുന്നോട്ടുപോകും.

ആകെ 11 വരികള്‍ മാത്രമാണ് ഈ ഹെബ്രായ ഗീതത്തിലുളളത്.  ഇന്നു നമുക്ക് സങ്കീര്‍ത്തനത്തിന്‍റെ
9-മുതല്‍ 10-വരെയുള്ള വരികള്‍ പരിചയപ്പെടാം.

Recitation of Ps. 63, 9-11.
എന്‍റെ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍
ഭൂമിയുടെ അഗാധ ഗര്‍ത്തങ്ങളില്‍ പതിക്കും
അവര്‍ വാളിന് ഇരയാകും
അവര്‍ കുറുനരികള്‍ക്കു ഭക്ഷണമാകും
എന്നാല്‍, രാജാവു ദൈവത്തില്‍ സന്തോഷിക്കും.

3. പഴയനിയമത്തിലെ
ശത്രുസംഹാരകനായ ദൈവം

ശത്രുക്കള്‍ അകാരണമായി സങ്കീര്‍ത്തകനെ പീഡിപ്പിച്ചു എന്നാണ് വരികള്‍ വ്യക്തമാക്കുന്നത്. അസത്യം പറയുന്നവരും വ്യാജാരോപണക്കാരുമായ ശത്രുക്കള്‍ തന്നെ ഉപദ്രവിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍റെ പരാതി.  എന്നാല്‍ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്ന താന്‍ നശിച്ചുപോകുവാന്‍ അവിടുന്ന് അനുവദിക്കുകയില്ല എന്ന ബോധ്യം അയാള്‍ക്കുണ്ട്.  താന്‍ ദൈവത്തിന്‍റെ സംരക്ഷണയുടെ വലയത്തിലാണെന്നും, അവിടുന്നു തന്നെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നുമുള്ള ഉറപ്പോടെ ജീവിക്കുകയാണ് സങ്കീര്‍ത്തകന്‍.  മാത്രമല്ല, അകാരണമായി തന്നെ വ്യഥയില്‍ ആഴ്ത്തുന്ന ശത്രുക്കളെ ദൈവം വെറുതെവിടില്ല, ശിക്ഷിക്കുമെന്നും സങ്കീര്‍ത്തകന്‍ വിശ്വസിക്കുകയും വരികളില്‍ പ്രസ്താവിക്കുകയും ചെയ്യുന്നു.

അവര്‍ പാതാളത്തില്‍ നിപതിക്കും, അവര്‍ വാളിന് ഇരയാകും എന്നെല്ലാമുള്ള പദപ്രയോഗങ്ങളാണ് നാം വരികളില്‍ കാണുന്നത്. സങ്കീര്‍ത്തകനോടുള്ള ദൈവത്തിന്‍റെ സ്നേഹകാരുണ്യം തന്‍റെ രക്ഷയും, ശത്രുക്കളുടെ സംഹാരവുമായി കരുതുന്ന സങ്കീര്‍ത്തനത്തിലെ ചിന്തകള്‍ അക്കാലഘട്ടത്തിലേതാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്നവര്‍ക്ക് എതിരെ തിരിയുന്നവരെ ദുഷ്ടജനമായും ശത്രുക്കളായും ഇസ്രായേല്‍ കരുതിയിരുന്നു.  വിശ്വാസിയോടുള്ള സ്നേഹകാരുണ്യത്തില്‍ ദൈവം ശത്രുവിനെ ശിക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുമെന്നതും അക്കാലഘട്ടത്തില്‍ ഇസ്രായേല്‍ ജനത്തിന്‍റെ വിശ്വാസമായിരുന്നു. അവസാനം ശത്രുവിനെ തന്നോടുള്ള സ്നേഹകാരുണ്യത്താല്‍ സംഹരിക്കുമെന്നാണ് ഗായകന്‍ വരികളില്‍ ഉറപ്പിച്ചുപറയുന്നത്.

Musical Version : Psalm 63 Unit One
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം
ജീവനെക്കാള്‍ അഭികാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
അങ്ങയെ എന്നും വാഴ്ത്തുന്നു.

4. ക്രിസ്തു പഠിപ്പിക്കുന്ന
ശത്രുസ്നേഹത്തിന്‍റെ പാഠം

ശത്രുസംഹാരത്തിന്‍റെ ചിന്തയെ പുതിയ നിയമത്തില്‍  ക്രിസ്തു നവീകരിക്കുകയും ശത്രുസ്നേഹത്തിന്‍റെ പാഠം പഠിപ്പിക്കുകയും ചെയ്യുന്നു.  അതിരുകള്‍ ലംഘിച്ചും അന്യരെ സഹായിക്കുവാന്‍ പോകുന്ന കാരുണ്യത്തിന്‍റെയും ഹൃദയവിശാലതയുടെയും പാഠമാണ് ക്രിസ്തു പ്രബോധിപ്പിച്ചത്.  തനിക്ക് അറിയുകപോലുമില്ലാത്ത ദൗര്‍ഭാഗ്യവാനായ വ്യക്തിയെ അനുകമ്പയാല്‍ പ്രേരിതനായി പരിചരിച്ച നല്ല സമറിയാക്കാരനെപ്പോലെ  (ലൂക്ക 10, 33-34) അനുകമ്പയുള്ളവര്‍ ആവശ്യത്തിലായിരിക്കുന്നവന്‍റെ സഹായം സ്വയം ഏറ്റെടുക്കുന്നു. ഫലപ്രദവും ക്രിയാത്മകവുമായ ഇത്തരം സ്നേഹപ്രവൃത്തികളാണ് ലോകത്തിന് ഇന്നു വേണ്ടത്, കാഴ്ചക്കാരായിനിന്നുകൊണ്ട് അഭിപ്രായം പറയുന്ന ആളുകളെയല്ല. അപമാനം തുടച്ചുനീക്കി അന്തസ്സ് വീണ്ടെടുക്കുവാന്‍ അപരനുവേണ്ടി കൈകള്‍ അഴുക്കാക്കുവാന്‍ സന്നദ്ധരായവരെയാണ് ഇന്നാവശ്യം. 

എല്ലാ മനുഷ്യരും ദൈവമക്കളാണ്. അതിനാല്‍ ഏതു മതത്തില്‍പ്പെട്ടവരായിരുന്നാലും അവരെ നാം സഹോദരങ്ങളായി കാണണമെന്നത് സഭയുടെ പ്രബോധനവും അടിസ്ഥാന വീക്ഷണവുമാണ്. നാം ചിന്തിച്ചും അറിഞ്ഞുകൊണ്ടും ചെയ്യുന്ന ധാരാളം തിന്മകളുണ്ടെങ്കിലും,  ദൈവം നമ്മെ എല്ലായ്പ്പോഴും തന്‍റെ മക്കളായി കാണുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അവിടുന്ന് കാണുന്നത് വ്യക്തികളെയല്ല, മക്കളെയാണ്.  പൊതുഭവനമായ ഭൂമിയില്‍ വസിക്കുന്ന ഒരൊറ്റ കുടുംബത്തിലെ സഹോദരീ സഹോദരന്മാരെയാണ് അവിടുന്നു കാണുന്നത്.  അവിടുത്തെ ദൃഷ്ടിയില്‍ നാമൊരിക്കലും അപരിചിതരോ അന്യരോ അല്ല, മക്കളാണ് (അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ സമൂഹങ്ങളോട് പാപ്പാ, 12 സെപ്തംബര്‍ 2020).

Musical Version : Psalm 63 Unit Two 5-6
കര്‍ത്താവേ, കിടക്കയില്‍ ഞാനങ്ങയെ ഓര്‍ക്കുമ്പോള്‍
രാത്രിയാമങ്ങളില്‍ ഞാനങ്ങയെ ധ്യാനിക്കുമ്പോള്‍
മജ്ജയും മേദസ്സും കൊണ്ടെന്നപോലെ ഞാന്‍ തൃപ്തിയടയുന്നു
എന്നും ഞാന്‍ തൃപ്തിയടയുന്നു.

6. വിലപിക്കുന്നവര്‍ക്കു 
ദൈവം തരുന്ന സാന്ത്വനസാമീപ്യം

ഈ സങ്കീര്‍ത്തനത്തിന്‍റെ അവസാന വരിയാണ് തുടര്‍ന്നു നാം പഠിക്കുന്നത്. അത് 11-Ɔമത്തെ വരിയാണ്. ദേവാലയത്തിന്‍റെ നാഥനും ദൈവത്തിന്‍റെ പ്രതിനിധിയുമായ രാജാവാണ് ഈ വരിയുടെ കേന്ദ്രസ്ഥാനത്ത്.  ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും ഇടയിലെ മദ്ധ്യസ്ഥനാണ് ഈ രാജാവ്. സങ്കീര്‍ത്തകന്‍ ഈ രാജാവിനെ നോക്കി പ്രാര്‍ത്ഥിക്കുന്ന വരി ശ്രവിച്ചുകൊണ്ട് ഉള്ളടക്കം മനസ്സിലാക്കാം.

Recitation of Ps. 63 Verse 11 :
രാജാവു ദൈവത്തില്‍ സന്തോഷിക്കും
അവിടുത്തെ നാമത്തില്‍ സത്യം ചെയ്യുന്നവര്‍ അഭിമാനംകൊള്ളും
അസത്യം പറയുന്നവരുടെ അധരം അടഞ്ഞുപോകും,
അവര്‍ മൂകരായിത്തീരും.

ഭരണകര്‍ത്താവായ രാജാവിന്‍റെ നാമത്തില്‍ സത്യംപറയുന്നതും, ശപഥംചെയ്യുന്നതും ഇസ്രായേലില്‍ പതിവായിരുന്നു. ഇസ്രായേലില്‍ മാത്രമല്ല, രാജഭരണം നിലനിന്നിരുന്ന എല്ലാ നാടുകളിലും ഈ പതിവു നിലനിന്നിരുന്നതായി കാണാം. രാജാവിനെ സത്യത്തിന്‍റെ ഉറവിടവും സത്യം തന്നെയുമായ സമുന്നതസ്ഥാനികനുമായി  ജനം കല്പിച്ചിരുന്നുവെന്ന് ഈ വരിയില്‍നിന്നും നാം മനസ്സിലാക്കേണ്ടതാണ്.  അങ്ങനെ സങ്കീര്‍ത്തനം 63-ല്‍ പീഡിതനും സഹിക്കുന്നവനുമായ ഗായകന്‍ ദൈവത്തിന്‍റെ സഹായത്തിനായി  കേഴുന്നു. അവിടുത്തെ ശക്തിക്കും ദയാവായ്പിനുമായി അയാള്‍ ദാഹിക്കുന്നു. അതിനാല്‍ വരികളില്‍ നന്ദിയുടെയും ശരണത്തിന്‍റെയും വികാരങ്ങള്‍ തെളിഞ്ഞു കാണാം. കാരണം, ദൈവത്തിന്‍റെ ചിറകിന്‍ കീഴില്‍ കഴിയുന്നവന്‍ മോചനത്തെപ്പറ്റി സംശയിക്കേണ്ടതില്ലെന്നത് ഗായകന്‍റെ ബോധ്യമാണ്. സങ്കീര്‍ത്തകന് ദൈവത്തോട് ആഴമായ ബന്ധവും ദൈവത്തിന്‍റെ സ്നേഹകാരുണ്യത്തില്‍ അതിയായ മതിപ്പുമുണ്ട്. അങ്ങനെയുള്ളൊരു മനുഷ്യന്, ദൈവത്തോടുളള സംസര്‍ഗ്ഗമാണ്, ആത്മീയ സാമീപ്യമാണ് ഏറ്റവും അഭികാമ്യവും, ജീവനെക്കാള്‍ വലിയ നന്മയും, സംതൃപ്തിയും ജീവിതസാഫല്യവുമെന്ന് വിലാപഗീതത്തിന്‍റെ അവസാന വരി നമ്മെ പഠിപ്പിക്കുന്നു.

Musical Version : Psalm 63 Unit Three verses 8-9
കര്‍ത്താവേ, എന്‍റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
അങ്ങയുടെ വലതുകൈ എന്നെ താങ്ങുന്നു
അങ്ങാണെന്‍റെ സഹായകന്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.

അടുത്തയാഴ്ചയില്‍ 63-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തനം ശ്രവിക്കാം.
 

20 October 2020, 13:02