തിരയുക

കിന്നരം മീട്ടുന്ന മാലാഖ കിന്നരം മീട്ടുന്ന മാലാഖ  

ദുഃഖിതര്‍ക്കും പീഡിതര്‍ക്കും സമാശ്വാസമായ സങ്കീര്‍ത്തനം

63-Ɔο സങ്കീര്‍ത്തനം ഒരു വ്യക്തിഗത വിലാപഗീതത്തിന്‍റെ പഠനം നാലാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

63-Ɔο സങ്കീര്‍ത്തനപഠനം - ഭാഗം നാല്


1. ക്ലേശങ്ങളില്‍ ദൈവത്തിങ്കലേയ്ക്കു തിരിയുന്ന മനുഷ്യന്‍
സങ്കീര്‍ത്തനം 63-ന്‍റെ ആത്മീയ വിചിന്തനഭാഗമാണ് ഇന്നു ശ്രവിക്കുന്നത്. സങ്കീര്‍ത്തനങ്ങള്‍ എല്ലാംതന്നെ വിസ്മയകരമായ ചിന്തകളുമായി നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്, അല്ലെങ്കില്‍ നമ്മെ സ്പര്‍ശിക്കുന്നു. വിലാപത്തിന്‍റെ ഈ ഗീതവും ആത്മീയമായ വീക്ഷണത്തില്‍ ആരെയും ആശ്ചര്യപ്പെടുത്തും, സ്പര്‍ശിക്കും. വിലാപം എന്ന മനുഷ്യന്‍റെ ആത്മീയ വികാരത്തെ അനുഭവവേദ്യമാക്കാന്‍, കൂടുതല്‍ ഹൃദ്യമാക്കിത്തരുവാന്‍ സങ്കീര്‍ത്തകന്‍ അനുദിന ജീവിതത്തിലെ അനുഭവങ്ങളിലൂടെ അനുവാചകരെ നയിക്കുന്നു. ശാരീരിക ദാഹം ആത്മീയദാഹത്തിലേയ്ക്ക് നയിക്കും എന്നത് വളരെ സാധാരണമായ അനുഭവമാണ്. ബൈബിള്‍ പഴയനിയമത്തിന്‍റെ പശ്ചാത്തലത്തില്‍ മരുഭൂമിയില്‍ പശിയാല്‍ വലഞ്ഞ ഇസ്രായേല്‍ ജനം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, ദൈവത്തിങ്കലേയ്ക്കു തിരിയുന്നു. ക്ലേശങ്ങളില്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് അവിടുന്നു സമീപസ്ഥനാകുമെന്നത് ഇസ്രായേല്യരുടെ സാധാരണ അനുഭവമാണ്, ഈ സങ്കീര്‍ത്തനത്തിലെയും അനുഭവമാണ്! 

2. ദൈവസ്നേഹം അറിയാത്തവര്‍
എന്നാല്‍ തങ്ങള്‍ കാണുകയും കേള്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവയെ മാത്രം അംഗീകരിക്കുകയും അതില്‍ മതിമറന്നു ജീവിക്കുകയും ചെയ്യുന്നൊരു സംസ്കാരത്തില്‍ അല്ലെങ്കില്‍ ജനതയ്ക്ക് നിഷേധാത്മകമായ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉയരുമ്പോള്‍, ക്ലേശങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരും ദൈവത്തിങ്കലേയ്ക്ക് തിരിയണമെന്നില്ല.  ക്ലേശങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരും ദൈവത്തിങ്കലേയ്ക്ക് തിരിയണമെന്നില്ല. മരുഭൂമിയില്‍ ജലമില്ലാതെ ക്ലേശിച്ചു മരിക്കുന്നവര്‍ ദൈവത്തെ ശപിക്കുന്നതായുള്ള അനുഭവങ്ങള്‍ പുറപ്പാടു ഗ്രന്ഥം രേഖപ്പെടുത്തുന്നുണ്ട്. ഇത് വിശ്വാസമില്ലാത്ത, ദൈവത്തെക്കുറിച്ച് അവബോധമില്ലാത്ത ഒരു സമൂഹത്തിന്‍റെ അനുഭവമായിരിക്കാം. ദൈവത്തെ അറിയാത്ത ഒരു സമൂഹത്തിന്‍റെ അനുഭവമായിരിക്കാം.  എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ ജീവിതത്തിന്‍റെ സന്തോഷങ്ങളില്‍ ദൈവത്തെ ഓര്‍ത്ത് നന്ദിപറഞ്ഞ്, അവിടുത്തെ സ്തുതിക്കുന്നതുപോലെ, ജീവിതയാത്രയിലെ കണ്ണീരിന്‍റെയും വിലാപത്തിന്‍റെ അവസരങ്ങളെയും ദൈവത്തിങ്കലേയ്ക്കു തിരിയുവാനുള്ള ജീവിതാനുഭവങ്ങളാമാക്കി മാറ്റുന്നു.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം അനൂപും സംഘവും.


Recitation of Ps. 63 – Unit One :
ആത്മാവെന്നും ദാഹിപ്പൂ
അങ്ങേയ്ക്കായെന്‍ സകലേശാ (2).
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം
ജീവനെക്കാള്‍ അഭികാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
അങ്ങയെ എന്നും വാഴ്ത്തുന്നു.
- ആത്മാവെന്നും...

3. ദുഃഖിതര്‍ക്കും പീഡിതര്‍ക്കും
ദൈവം നല്കുന്ന സാമീപ്യം – അഷ്ടഭാഗ്യങ്ങളിലൂടെ
ക്ലേശിക്കുന്ന മനുഷ്യന് ദൈവം തുണയാകുന്നു. ജീവിതക്ലേശങ്ങളെ ദൈവം ഉള്‍ക്കൊള്ളുകയും മനുഷ്യരെ അവിടുന്നു മോചിക്കുകയും ചെയ്യുന്നുവെന്നാണ് നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 63 പഠിപ്പിക്കുന്നത്. ഈശോ പുതിയ നിയമത്തില്‍ പറയുന്ന അഷ്ടഭാഗ്യങ്ങളിലെ ധ്യാനം (മത്തായി 5) സങ്കീര്‍ത്തനം 63-ന്‍റെ പശ്ചാത്തലത്തില്‍ ആയിരിക്കാമെന്നും ചില നിരൂപകന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ ഈ ഗീതം എത്രത്തോളം ഈശോയുടെ അഷ്ടഭാഗ്യങ്ങള്‍ക്ക് പശ്ചാത്തലമായെന്നും അല്പം മനസ്സിലാക്കാന്‍ നമുക്കു തുടര്‍ന്നുള്ള ഭാഗത്തു പരിശ്രമിക്കാം.

Recitation of Mt. 5, 3-12 Beatitudes 
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍
ദൈവരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
അവര്‍ സമാശ്വസിപ്പിക്കപ്പെടും
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍
അവര്‍ ഭൂമി അവകാശമാക്കും.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കയും
ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു കരുണലഭിക്കും
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍
അവര്‍ ദൈവത്തെ കാണും.
സമാധാനസ്ഥാപകര്‍ ഭാഗ്യവാന്മാര്‍
അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും.

നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍
സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്.
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും
പീഡിപ്പിക്കുകയും
എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ
വ്യാജമായി ആരോപിക്കുകയും ചെയ്യുമ്പോള്‍
നിങ്ങള്‍ ഭാഗ്യവാന്മാര്‍
നിങ്ങള്‍ ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍
സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും
നിങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന പ്രവാചകന്മാരെയും
അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.

4. ക്രിസ്തു പഠിപ്പിക്കുന്ന ദൈവരാജ്യത്തിന്‍റെ ലാളിത്യം
ജീവിതക്ലേശങ്ങളില്‍ പതറരുത് നഷ്ടധൈര്യരാവരുത് എന്ന സന്ദേശം സങ്കീര്‍ത്തനവരികളില്‍ ഉരുവിടുന്നത് ക്രിസ്തുവിലേയ്ക്കും, പുതിയനിയമത്തിലേയ്ക്കും വഴിഞ്ഞൊഴുകുന്നെന്നാണ് സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങള്‍, ക്രിസ്തു നല്കുന്ന ‌ഈ സാരോപദേശങ്ങള്‍ പഠിപ്പിക്കുന്നത്. ഈ വചനങ്ങള്‍ സങ്കീര്‍ത്തനാലാപനംപോലെ ഇന്നും മാനവികതയ്ക്ക് പ്രത്യാശപകരുന്നതാണ്. സുവിശേഷത്തിന്‍റെ ഹൃദയം എന്നു പറയുന്നത് മലയിലെ പ്രസംഗമാണ്. എന്നാല്‍ മലയിലെ പ്രസംഗത്തിന്‍റെ മര്‍മ്മമോ, അഷ്ടഭാഗ്യങ്ങളും! അഷ്ടഭാഗ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതോ, അതില്‍ ഏറ്റവും ആദ്യത്തേതും. “ആത്മനാ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്” (മത്തായി 5, 1). ഇത് ക്രിസ്തുവിന്‍റേയും അവിടുത്തെ സുവിശേഷത്തിന്‍റേയും മര്‍മ്മ പ്രധാനമായ സന്ദേശമാണ്. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍.

Recitation of Ps. 63 – Unit Two :
3-4. അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്
എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും
എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ
നാമം വിളിച്ചപേക്ഷിക്കും.

5. അഷ്ടഭാഗ്യങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത
ദൈവരാജ്യവീക്ഷണം

ഒരിക്കല്‍ വിമാനത്തില്‍വച്ചുള്ള അഭിമുഖത്തില്‍ പാപ്പാ ഫ്രാന്‍സിസിനോടു രാജ്യാന്തര പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു. അങ്ങു സംസാരിക്കുമ്പോഴൊക്കെ ദാരിദ്ര്യം, ദാരിദ്ര്യം, ദാരിദ്ര്യം എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് അല്പം കൂടിപ്പോകുന്നില്ലേ? ഈ ചോദ്യത്തിന് പാപ്പാ മറുപടി പറഞ്ഞു. ശരിയാണ് ചിലപ്പോള്‍ ഇതല്പം കൂടിപ്പോകുന്നുണ്ട്. എന്നാല്‍ എനിക്കു പറയാനുള്ളത്, സഭ എന്നും പറയേണ്ടത്, സഭ ക്രിസ്തുവിന്‍റെ മണവാട്ടിയാണ് എന്ന ആശയമാണ്. എന്‍റെ ചോദ്യം, ക്രിസ്തു അപ്പോള്‍ എവിടെയാണ് ജനിച്ചത് എന്നാണ്. അവിടുന്നു ജനിച്ചത് ഒരു കന്നുകാലിക്കൂട്ടിലാണ്. അത് ഒരു സ്റ്റൈലിനുവേണ്ടി അങ്ങനെ ജനിച്ചതല്ല, മറിച്ച് നിവൃത്തിയില്ലാഞ്ഞിട്ടാണ്. നിവൃത്തിയില്ലാതെ അവിടുന്ന് ഒരു കന്നുകാലിക്കൂട്ടില്‍ ജനിച്ചു, മരിച്ചതോ? ഒരു മരക്കുരിശിലും! എന്നാല്‍ ഇതിനിടയ്ക്കുള്ള ജീവിതമോ? അതിനെക്കുറിച്ച് ക്രിസ്തുതന്നെ പറയുന്നത് മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ലെന്നാണ്.

6. ക്ലേശങ്ങളില്‍ തേടേണ്ട
ദൈവികസാന്നിദ്ധ്യത്തിന്‍റെ ആനന്ദം

അങ്ങനെ ജനനത്തിലും, മരണത്തിലും, ഇടയ്ക്കുമുള്ള ജീവിതത്തിലും ദരിദ്രനായിരുന്നു ക്രിസ്തു! എന്നാല്‍ അങ്ങനെ ദരിദ്രനായിരുന്ന ക്രിസ്തുവിന്‍റെ മണവാട്ടിക്ക് മണവാളനെക്കാള്‍ ഏറെ സമ്പന്നയാകാന്‍ പറ്റും എന്ന അവസ്ഥയാണ് നാം കാണുന്നത്. ഇതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതികരണം. സഭ ദരിദ്രരുടെകൂടെ നില്ക്കണം, ദരിദ്രരുടെ പക്ഷത്തു നില്ക്കണം, എന്നതായിരുന്നു. ഇക്കാലമൊക്കെയും ഏറ്റവും വിപ്ലവാത്മകമായ വീക്ഷണം അല്ലെങ്കില്‍ വിമോചനദൈവശാസ്ത്രം പറഞ്ഞുകൊണ്ടിരുന്നതും ഇതുതന്നെയാണ്. എന്നാല്‍ ഒരുപടികൂടി മുന്നിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സഭയെ കൊണ്ടുപോകാന്‍ പരിശ്രമിക്കുകയാണ്. സഭ ദരിദ്രരുടെ പക്ഷത്തു നില്കണമെന്നല്ല, സഭ ദരിദ്രയാവണമെന്ന്. The church must be poor, and the church must be for the poor! സുവിശേഷ സന്ദേശത്തിന്‍റെ മര്‍മ്മം ഇതാണ്. എന്നാല്‍ നാമൊന്ന് എത്തിനോക്കുമ്പോള്‍ ഇന്നു സഭ ക്രിസ്തു ദര്‍ശനത്തില്‍നിന്ന് എത്രകാതം അകന്നുപോയിരിക്കുന്നു? സഭയിന്ന് സമ്പന്നരുടെ കൂട്ടായ്മയായി മാറിന്നുണ്ടോയെന്ന സന്ദേഹം ഉയരുന്നുണ്ട്. അതിനാല്‍ ക്ലേശങ്ങളില്‍ വിലപിക്കുന്ന സങ്കീര്‍ത്തകന്‍ ആഗ്രഹിക്കുന്നത് ദൈവികസാന്നിദ്ധ്യത്തിന്‍റെ ആനന്ദം അനുഭവിക്കുവാനാണ്. അത് സ്നേഹത്തിന്‍റെയും ലാളിത്യത്തിന്‍റെയും ഒരു ദൈവിക ഉടമ്പടിയാണെന്ന് 63–Ɔο സങ്കീര്‍ത്തനം നമ്മെ പഠിപ്പിക്കുന്നു.

Musical Version : Psalm 63 Unit Three verses 8-9
കര്‍ത്താവേ, എന്‍റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു
അങ്ങയുടെ വലതുകൈ എന്നെ താങ്ങുന്നു
അങ്ങാണെന്‍റെ സഹായകന്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.

അടുത്തയാഴ്ചയില്‍ 63-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തനം തുടര്‍ന്നും ശ്രവിക്കാം. (ഭാഗം അഞ്ച്).
 

27 October 2020, 14:22