അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാനഗീതം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. സെബാസ്റ്റ്യന്‍ ടെംപിളിന്‍റെ ആദ്യകാല സംഗീതം
ഒന്നും രണ്ടും ലോകമഹായുദ്ധകാലത്താണ് ഈ പ്രാര്‍ത്ഥന പ്രശസ്തമായത്. 1967-ല്‍ തെക്കേ ആഫ്രിക്കയിലെ സംഗീതജ്ഞനും ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവുമായിരുന്ന സെബാസ്റ്റ്യന്‍ ടെംപിള്‍ പ്രശസ്തമായ ഈ പ്രാര്‍ത്ഥന (Make me a channel of your peace!) ഫ്രഞ്ച് ഭാഷയില്‍നിന്നും ഇംഗ്ലിഷിലേയ്ക്കു പരിഭാഷചെയ്ത് സംഗീതരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയതോടെ ഫ്രാന്‍സിസിന്‍റെ സമാധാന പ്രാര്‍ത്ഥനയ്ക്ക് ആധുനികകാലത്ത് പ്രചുരപ്രചാരം സിദ്ധിച്ചു. 12-Ɔο നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ച ഈ പുണ്യവാന്‍റെ പ്രാര്‍ത്ഥനയും രചനയുമായ ഗീതം ഇന്ന് ലോകത്തെ ഒട്ടുമിക്ക ഭാഷകളിലേയ്ക്കും പരിഭാഷചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രാര്‍ത്ഥന മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തത് ഫാദര്‍ ജോസഫ് മനക്കിലാണ്. അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായി സേവനംചെയ്തിരുന്ന കാലത്ത് (1963-67) ഈ പ്രാര്‍ത്ഥന പരിഭാഷപ്പെടുത്തി വൈദികാര്‍ത്ഥികളുടെ അനുദിന പ്രാര്‍ത്ഥന പുസ്തകത്തിന്‍റെ അനുബന്ധത്തില്‍ ചേര്‍ത്തിരുന്നു.
2. മലയാളത്തില്‍ അമല്‍ദേവിന്‍റെ ഈണം
1982-ല്‍ ജെറി അമല്‍ദേവ് - ഫാദര്‍ മനക്കില്‍ കൂട്ടുകെട്ട് “ക്യാരിസ്മാറ്റിക്ക് ഗാനങ്ങള്‍” ആദ്യമായി മലയാളത്തില്‍ ചിട്ടപ്പെടുത്തിയത് കേരളത്തില്‍ ഒരു നവതരംഗമായിരുന്നു. വരുവിന്‍ മഹേശരനായ്, പാപികളെ തേടിവന്ന, അദ്ധ്വാനിപ്പവരേ... ജീവന്‍റെ അപ്പമാണു ഞാന്‍, എത്രയും ദയയുള്ള മാതാവേ, നിര്‍മ്മലമായൊരു ഹൃദയമെന്നില്‍... എന്നിങ്ങനെ പുറത്തുവന്ന ഗാനങ്ങള്‍ ഭക്തിഗാനരംഗത്ത് വേറിട്ട ഒരു സംഗീതശാഖപോലെ ഇന്നും തെളിഞ്ഞുനില്ക്കുന്നു! സാധാരണ സിനിമപ്പാട്ടുകളുടെ പല്ലവി-ചരണം ഘടന വിട്ട്, പദങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രാര്‍ത്ഥനാശൈലിക്കും ഊന്നല്‍നല്കിക്കൊണ്ട്, വളരെ സാധാരണക്കാര്‍ക്കും സമൂഹത്തിനും പാടാവുന്ന ലളിതസുന്ദരമായ 100-ല്‍ അധികം ഗാനങ്ങള്‍, 6 വാല്യങ്ങളായി മനക്കിലച്ചന്‍റെ രചനാപാടവത്തില്‍ അമല്‍ദേവിന്‍റെ തനിമയാര്‍ന്ന സംഗീതശൈലിയിലും പുറത്തുവന്നു. അക്കൂട്ടത്തിലാണ് വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാനപ്രാര്‍ത്ഥന അമല്‍ദേവിന്‍റെ ഈണത്തില്‍ കേരളസഭയ്ക്ക് ലഭ്യമായത്.
3. മൂലരചനയില്‍ ഭംഗംവരാതെ
സിനിമാപാട്ടിന്‍റെയോ ഭക്തിഗാനത്തിന്‍റെയോ ഘടനയിലേയ്ക്കു വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാന പ്രാര്‍ത്ഥനയെ വളച്ചൊടിക്കാതെ മൂലകൃതിയുടെ വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും പ്രാധാന്യംകൊടുത്തുകൊണ്ട് അമല്‍ദേവും മനക്കിലച്ചനുകൂടി അസ്സീസിയിലെ സിദ്ധന്‍റെ പുരാതനമായ പ്രാര്‍ത്ഥന തനിമയോടെ സൃഷ്ടിചെയ്തിരിക്കുന്നത് മനസ്സിലാക്കേണ്ടതും മാതൃകയാക്കാവുന്നതുമാണ്! 36 വര്‍ഷങ്ങള്‍ക്കുമുന്‍പ് “ക്യാരിസ്മാറ്റിക് ഗാനങ്ങള്‍ വാല്യം 1”-ല്‍ പുറത്തുവന്ന ഈ ഗീതം തനിമവിടാതെ അമല്‍ദേവ്തന്നെയാണ് ഈയിടെ പുനര്‍സൃഷ്ടിചെയ്തത്. ഈ നല്ല സംഗീതനിര്‍മ്മിതിക്ക് കാരണഭൂതനായ ജെറി അമല്‍ദേവിനെയും മറ്റ് കലാകാരന്മാരെയും, പ്രത്യേകിച്ച് ഒത്തിരി നല്ലഗാനങ്ങള്‍ മലയാളത്തിനു നല്കി കടുന്നുപോയ മനക്കിലച്ചനെയും സ്നേഹത്തോടും നന്ദിയോടുംകൂടെ ഓര്‍ക്കുന്നു!
4. ഗാനത്തിന്‍റെ വരികള്‍
a) ദിവ്യമാം ശാന്തിതന്‍ ദൂതനായ് എന്നെ നീ
നിത്യം അയയ്ക്കേണമേ
ദിവ്യസന്ദേശങ്ങളെങ്ങും പരത്തുവാന്‍
എന്നെ അയയ്ക്കേണമേ.
വിദ്വേഷത്തിന്നിരുള്‍ നീക്കുവാന്‍ സ്നേഹത്തില്‍
ദീപം കൊളുത്തീടുവാന്‍
സത്യം പുലര്‍ത്തി അനീതിയകറ്റുവാന്‍
എന്നെ അയയ്ക്കേണമേ (2).
b) ദ്രോഹികളായോര്‍ക്കു മാപ്പുനല്കീടുവാന്‍
സൗഹൃദം പങ്കുവയ്ക്കാന്‍
ആശയറ്റുള്ളവര്‍ക്കാശ നല്കീടുവാന്‍
എന്നെ അയയ്ക്കേണമേ.
സംശയാലുക്കള്‍ തന്‍ ശങ്കയകറ്റുവാന്‍
വിശ്വാസം ചിന്തിടുവാന്‍
കൂരിരുള്‍ തന്നില്‍ പ്രകാശംപരത്തുവാന്‍
എന്നെ അയയ്ക്കേണമേ
c) ദുഃഖിതമാനസര്‍ക്കാശ്വാസമേകുവന്‍
വേദനയാറ്റീടുവാന്‍
ഭാരംവഹിപ്പവര്‍ക്കത്താണിയാകുവാന്‍
എന്നെയയ്ക്കേണമേ.
ആശ്വാസം തേടാതെ ആശ്വസിപ്പിക്കുവാന്‍
ആശയുണര്‍ത്തേണമേ
സ്നേഹം തേടാതെന്നും സ്നേഹം കൊടുക്കുവാന്‍
എന്നെ അയയ്ക്കേണമേ (2).
d) നല്കിയാലത്രേ ലഭിപ്പതെന്നോര്‍ക്കുവാന്‍
നല്‍വരം നല്കേണമേ
കാരുണ്യം കാട്ടിയാല്‍ കാരുണ്യം കിട്ടിടും
എപ്പോഴും ഓര്‍ത്തീടുമേ!
മൃത്യുവിലൂടെ താന്‍ നിത്യമാം ജീവിതം
കൈവരിച്ചീടും ദൃഢം
നിസ്തുല കാന്തിയില്‍ സൗഭഗ ശാന്തിയില്‍
ശാശ്വതം ഞാന്‍ മേവിടും (2).
5. ആലാപനം
ആലാപനം വില്‍സണ്‍ പിറവവും സംഘവുമാണ്. ഗാനാവിഷ്ക്കാരം ഫാദര്‍ ജോസഫ് മനക്കില്‍. സംഗീതം ജെറി അല്‍ദേവ്. അസ്സീസിയിലെ സിദ്ധനോടുചേര്‍ന്ന് സമാധാനത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം. നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും, ലോകമെമ്പാടും സമാധാനം വളരട്ടെ, “ദൈവമേ, ഞങ്ങളെ അങ്ങേ സമാധാനത്തിന്‍റെ ദൂതരാക്കണേ!”