തിരയുക

ഈശോ കാനായില്‍ -  ഫാദര്‍ റൂപ്നിക്കിന്‍റെ മൊസൈക് ചിത്രീകരണം ഈശോ കാനായില്‍ - ഫാദര്‍ റൂപ്നിക്കിന്‍റെ മൊസൈക് ചിത്രീകരണം 

ദൈവസ്നേഹത്തിന്‍റെ പ്രകാശംപരത്തിയ കാനായിലെ കല്യാണം

ജപമാലയിലെ പ്രകാശത്തിന്‍റെ രണ്ടാമത്തെ രഹസ്യത്തെക്കുറിച്ച് ഫാദര്‍ സണ്ണി പുല്‍പ്പറമ്പിലിന്‍റെ ചിന്താമലരുകള്‍ - ശബ്ദരേഖയോടെ...

ഫാദര്‍ സണ്ണി സി.എം.ഐ. സഭയിലെ മൂവ്വാറ്റുപുഴ പ്രോവിന്‍സ് അംഗമാണ്. ദൈവശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ഇപ്പോള്‍ വാഴക്കുളം കാര്‍മ്മല്‍ ആശ്രമസമൂഹം കേന്ദ്രീകരിച്ച്, Rosary Hermitage Counselling Center-ല്‍ പ്രഭാഷകനും, ആത്മീയ ഉപദേഷ്ടാവുമായി അജപാലന ശുശ്രൂഷ ചെയ്യുന്നു. പ്രകാശത്തിന്‍റെ രഹസ്യങ്ങളിലെ രണ്ടാമത്തെ – കാനായിലെ കല്യാണവിരുന്നിനെക്കുറിച്ചുള്ള ചിന്താമലരുകള്‍ ശ്രവിക്കാമിന്ന്.

പ്രകാശത്തിന്‍റെ ദിവ്യരഹസ്യം - രണ്ട്


ജപമാലയുടെ സമര്‍പ്പണ പ്രാര്‍ത്ഥന സംഗീതരൂപം - ഗാനമാലപിച്ചത് സിസ്റ്റര്‍ ജൂലി ജോസ്, രചന ഡോ. പ്രീമൂസ് പെരിഞ്ചേരി, സംഗീതം എല്‍ഡ്രിഡ്ജ് ഐസക്സ്.

രണ്ടാം രഹസ്യം - കാനായിലെ കല്യാണവിരുന്ന്
യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രം പ്രതിപാദിക്കുന്നതാണ് കാനായിലെ കല്യാണവിരുന്ന് (യോഹ: 2:110). യേശുവിന്‍റെ ആദ്യ അടയാളമാണ്- അത്ഭുതമാണ് - കാനായില്‍ വെള്ളം വീഞ്ഞാക്കി മാറ്റിയത്. പ്രകാശത്തിന്‍റെ രഹസ്യങ്ങളില്‍ രണ്ടാമത്തെ ഈ രഹസ്യത്തില്‍, സമയമായില്ലെങ്കിലും പരിശുദ്ധ മറിയത്തിന്‍റെ സമയോജിതമായ ഇടപെടലിലൂടെ ഒരു കുടുംബത്തെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയാണ് ഈ അത്ഭുതത്തിലൂടെ - ഈ അടയാളത്തിലൂടെ.

രഹസ്യത്തിന്‍റെ സംഗീതരൂപം ആലപിച്ചത്, കെസ്റ്ററും, സിസ്റ്റര്‍ ജൂലി ജോസും സംഘവും, രചന ഡോ. പ്രീമൂസ് പെരിഞ്ചേരി, സംഗീതം, ബേര്‍ണി & ഇഗ്നേഷ്യസ്.

രണ്ടാം രഹസ്യത്തെക്കുറിച്ച് ആഴത്തില്‍ ധ്യാനിക്കുമ്പോള്‍ 3 കാര്യങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥനയുടെ വിഷയമാവുകയാണ്.

1. മറിയത്തിന് ബന്ധമുള്ള ഭവനമാണ് കാനായിലെ ഭവനം.
മറിയത്തിന് കാനായിലെ ഭവനവുമായി ഏത് തരത്തിലുള്ള ബന്ധമാണെന്ന് സുവിശേഷകന്‍ പറയുന്നില്ല. മറിയം അവിടെ ഉണ്ടായിരുന്നു എന്നാണ് വിവരിക്കുന്നത്. അവിടെ കല്യാണ വിരുന്നിന് യേശുവിനെയും ശിഷ്യന്‍മാരെയും ക്ഷണിച്ചിരുന്നു. മറിയവും യേശുവും ബന്ധമുള്ള കുടുംബത്തില്‍, യേശുവിന്‍റെ മുഖം മറിയം പ്രത്യേകമായി കാണുകയാണ്. തിരുസഭ പല കുടുംബങ്ങളുടെ സമുച്ചയമാണ്. പരിശുദ്ധ പിതാവിലൂടെ ഇന്ന് എല്ലാ കുടുംബങ്ങളെയും മറിയം തിരുപുത്രന് കാണിച്ചുകൊടുക്കുകയാണ്. യേശുവിന്‍റെ സജീവ പ്രവര്‍ത്തനത്തിന് പരിശുദ്ധ മറിയവുമായിട്ടുള്ള ബന്ധത്തിലൂടെ യേശുവിന്‍റെ മുഖം ദര്‍ശിക്കാനും അവിടുത്തേക്ക് വിധേയപ്പെട്ട് ജീവിക്കാനുമുള്ള ഒരു ആഹ്വാനമാണ് കാനായിലെ കല്യാണവിരുന്നിലെ സംഭവം.

2. അവന്‍ പറയുന്നത് ചെയ്യുവിന്‍ (യോഹ. 2:6)
കാനായിലെ കല്യാണവിരുന്നില്‍ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ മറിയത്തിന്‍റെ ഇരുമൊഴികള്‍, അവര്‍ക്ക് വീഞ്ഞില്ലായെന്ന് 30 വയസായ സ്വപുത്രനായ യേശുവിനോടും; അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്ന് പരിചാരകരോടുമാണ്. ഈ രണ്ടുവചനങ്ങളും ഈ രഹസ്യത്തില്‍ പരിചിന്തനം ചെയ്യുമ്പോള്‍ വചനം മാംസമായ പുത്രനായ യേശുവിന്‍റെ മുഖം 30 വര്‍ഷമായി കാണുന്ന മറിയത്തിന് ഉറച്ച ബോദ്ധ്യമുണ്ട് യേശു ദൈവപുത്രനാണ്; അവന് എല്ലാം സാധ്യമാണെന്ന്. മംഗലവാര്‍ത്തയില്‍ ഗബ്രിയേല്‍ മാലാഖയില്‍നിന്നും ശ്രവിച്ച ആ തിരുവചനം ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്ന മൊഴി ഇന്ന് സര്‍വ്വജനത്തോടും മറിയം പറയുകയാണ്. ഫാത്തിമായിലും, ലൂര്‍ദ്ദിലുമെല്ലാം മാതാവിന്‍റെ പ്രത്യക്ഷത്തില്‍ പറയുന്നതും ഈ വചനം തന്നെയാണ്. കാനായിലെ കല്യാണവിരുന്നില്‍ യേശുവിന്‍റെ മുഖം കുടുംബങ്ങളെ രക്ഷിയ്ക്കുന്ന മുഖമാണ്. ആ മുഖം കണ്ടുകൊണ്ടാണ് രണ്ടാം രഹസ്യം ലോകം മുഴുവനും പ്രാര്‍ത്ഥിക്കുന്നത്-ജപിക്കുന്നത്.

3. യേശുവിന്‍റെ വചനം പ്രാവര്‍ത്തികമാക്കുന്നത് പരിചാരകര്‍
കാനായിലെ പരിചാരകര്‍ ഇന്ന് തിരുസഭയിലെ അംഗങ്ങള്‍ ആണ്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയോട് ചേര്‍ന്ന് ഇന്ന് പ്രവര്‍ത്തിക്കുന്ന കര്‍ദ്ദിനാളന്‍മാരും, മെത്രാന്‍മാരും, പുരോഹിതരും, സന്യാസിസന്യാസിനികളും, ആത്മായരുമാണ്. ഇവരുടെ കടമ സ്വജീവിതത്തില്‍ യേശുവിന്‍റെ മൊഴിമുത്തുകള്‍ ക്രിയാത്മകമാക്കുക യും, നല്ല വിതക്കാരനെപോലെ വചനമാകുന്ന വിത്ത് വിതയ്ക്കുകയും, സമരിയാക്കാരിയെപ്പോലെ വചന പ്രഘോഷകയാവുക എന്നതുമാണ്. സുവിശേഷവത്ക്കരണത്തിന്‍റെ ശക്തമായ സന്ദേശമാണ് കാനായിലെ കല്യാണ വിരുന്നില്‍ മറിയം ഈ വചനത്തിലൂടെ പ്രദാനം ചെയ്യുന്നത്. ഈ പരിചാരകരെപ്പോലെ പ്രാര്‍ത്ഥനകൊണ്ടും സഹായ സഹകരണ ങ്ങള്‍കൊണ്ടും സഹായിക്കുകയെന്നത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. ജപമാലയില്‍ ഈ രഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മിഷന്‍ സ്ഥലങ്ങളില്‍ തിരുസഭയ്ക്കുവേണ്ടി യത്നിക്കുന്ന എല്ലാവരെയും ഓര്‍ക്കാം. ഇന്ന് ക്രിസ്ത്യാനികള്‍ ലോകത്തിന്‍റെ പലയിടങ്ങളിലും വധിക്കപ്പെടുകയും ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍ക്കുകയും ചെയ്യപ്പെടുന്നു എന്നത് വസ്തുതയാണ്.

ഈ പ്രകാശരഹസ്യത്തിന്‍റെ രണ്ടാം രഹസ്യത്തില്‍ നമ്മള്‍ ചിന്തിക്കുമ്പോള്‍ അവിടെയുള്ള പരിചാരകര്‍ 5 കല്‍ഭരണികളില്‍ വെള്ളം നിറച്ചതുപോലെ പ്രാര്‍ത്ഥനയുടെ കൂട്ടായ്മയില്‍ 7 ഭൂഖണ്ഡങ്ങളിലും സുവിശേഷ സദ്വാര്‍ത്ത നിറയാന്‍ നമുക്ക് പ്രാര്‍ത്ഥിയ്ക്കാം, യത്നിക്കാം. യേശു നല്‍കുന്ന ജലം പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കാം. കാനായിലെ വിവിധ മുഖങ്ങള്‍ ഉണ്ട്, മറിയത്തിന്‍റെ മുഖം, ശിഷ്യന്‍മാരുടെ മുഖം, നവദമ്പതിമാരുടെ മുഖം, പരിചാരകരുടെ മുഖം, കുടുംബത്തിന്‍റെ മുഖം, മുഖകൂട്ടായ്മയില്‍ യേശു പറയുന്നത് ഇനി പകര്‍ന്നു നല്‍കുക. ജപമാല കൈയില്‍ പിടിച്ച് യേശു പഠിപ്പിച്ച ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും പത്ത് നന്മനിറഞ്ഞ മറിയവും ഒരു ത്രിത്വസ്തുതിയും പരിശുദ്ധപിതാവിനോട് ചേര്‍ന്ന് മിഷനറിമാര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ശൂന്യമായ കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കാം.
പകര്‍ന്നു നല്‍കുകയെന്ന യേശുവിന്‍റെ വചനത്തിനായി കാത്തിരിക്കാം. തിരുവചനം  ഉള്‍ക്കൊള്ളാം. മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാം.  പ്രകാശത്തിന്‍റെ  രണ്ടാമത്തെ ഈ രഹസ്യം പ്രാര്‍ത്ഥനയോടെ നമുക്ക് ആരംഭിക്കാം.

പരിപാടിയിലെ സംഗീതശകലങ്ങള്‍ സ്റ്റീഫന്‍ ദേവസ്സിയുടേതാണ്.
തുടര്‍ന്നുള്ള ഗാനം കേരളത്തില്‍ വരാപ്പുഴ അതിരൂപതയിലെ വല്ലാര്‍പാടത്തമ്മയുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിനുവേണ്ടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി  രചിച്ച് ജെറി അമല്‍ദേവ് ഈണംപകര്‍ന്നതാണ്. ദൈവമാതാവിന്‍റെ ജീവിതത്തിലെ സുപ്രധാനഘട്ടങ്ങള്‍ ഇതു വര്‍ണ്ണിക്കുന്നു. ആലാപനം വില്‍സണ്‍ പിറവവും സംഘവും.

ഫാദര്‍ സണ്ണിപുല്‍പ്പറമ്പില്‍ പങ്കുവച്ച ജപമാലയിലെ പ്രകാശത്തിന്‍റെ രണ്ടാമത്ത രഹസ്യത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍ 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2020, 14:47