തിരയുക

പ്രകാശത്തിന്‍റെ അമ്മ - ഗ്വാദലൂപെയിലെ കന്യകാനാഥ പ്രകാശത്തിന്‍റെ അമ്മ - ഗ്വാദലൂപെയിലെ കന്യകാനാഥ 

മറിയത്തിന്‍റെ സ്കൂളില്‍നിന്നൊരു പ്രകാശത്തിന്‍റെ പാഠം

ജപമാലയില്‍ ധ്യാനിക്കുന്ന പ്രകാശത്തിന്‍റെ രഹസ്യത്തെക്കുറിച്ച് ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ.-യുടെ ചിന്താമലരുകള്‍ - ശബ്ദരേഖയോടെ....

 - ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി. എം. ഐ.

പ്രകാശത്തിന്‍റെ ദിവ്യരഹസ്യം - ഒന്ന്


സി.എം.ഐ. സഭയിലെ മൂവ്വാറ്റുപുഴ പ്രോവിന്‍സ് അംഗമാണ് ഫാദര്‍ സണ്ണി. ദൈവശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദധാരിയായ ഫാദര്‍ സണ്ണി, ഇപ്പോള്‍ വാഴക്കുളം കാര്‍മ്മല്‍ ആശ്രമസമൂഹം കേന്ദ്രീകരിച്ച്, Rosary Hermitage Counselling Center-ല്‍ പ്രഭാഷകനും, ആത്മീയ ഉപദേഷ്ടാവുമായി അജപാലന ശുശ്രൂഷ ചെയ്യുന്നു. പ്രകാശത്തിന്‍റെ രഹസ്യങ്ങളിലെ ആദ്യത്തേത് – യേശുവിന്‍റെ ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍ ശ്രവിക്കാമിന്ന്.

1. പ്രഭ മങ്ങിയ ഭൂമിയില്‍ ഒരു പ്രകാശ ധ്യാനം
പരിശുദ്ധ മറിയത്തോടു ചേര്‍ന്ന് യേശുവിന്‍റെ മുഖം ധ്യാനിക്കാന്‍ തിരുസഭ ഒക്ടോബര്‍ മാസം ജപമാല മാസമായി നല്‍കിയിരിക്കു കയാണ്. 2020 ഒക്ടോബര്‍ മാസത്തില്‍ നമ്മള്‍ ജപമാല പ്രാര്‍ത്ഥിക്കു മ്പോള്‍ വേദനയോടെ ഓര്‍ക്കുകയാണ്, 10 ലക്ഷത്തില്‍പരം ജനങ്ങള്‍ കൊറോണാ വൈറസ് മൂലം മരിച്ചുകഴിഞ്ഞിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങള്‍ ഈ മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ജനങ്ങള്‍ ഈ രോഗികളെ ശുശ്രൂഷിക്കുന്നുണ്ട്. വേദനാജനകമായ 2020-ല്‍ ജപമാല ചൊല്ലുമ്പോള്‍ കൊറോണ രോഗികളെയും, ശുശ്രൂഷകരെയും ഈ രോഗത്തിന് മരുന്ന് കണ്ടുപിടിയ്ക്കാന്‍ യത്നിക്കുന്നവരെയും യേശു മുഖത്തോടു ചേര്‍ത്ത്, മറിയത്തോടു ചേര്‍ത്ത് സമര്‍പ്പിക്കാം.

2. വിശുദ്ധനായ പാപ്പായുടെ പൈതൃകം - പ്രകാശത്തിന്‍റെ രഹസ്യം
2002 ഒക്ടോബര്‍ 16, കത്തോലിക്കാ സഭയെ സംബന്ധിച്ച് പരിശുദ്ധ പിതാവ് ജോണ്‍പോള്‍ രണ്ടാമൻ പാപ്പാ പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ (The Mystery of Light) ജപമാലയില്‍ കൂട്ടിചേര്‍ക്കുകയും 2002 ~ഒക്ടോബര്‍ 16 മുതല്‍ 2003 ഒക്ടോബര്‍ 16 വരെ മരിയന്‍ വര്‍ഷമായി ആചരിക്കുകയും ചെയ്തു. പരമ്പരാഗതമായി ജപമാലയില്‍, സന്തോഷത്തിന്‍റെ രഹസ്യങ്ങള്‍, ദുഃഖത്തിന്‍റെ രഹസ്യങ്ങള്‍, മഹിമയുടെ രഹസ്യങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. വലിയ മരിയ ഭക്തനായ വി.ജോണ്‍പോള്‍ രണ്ടാമൻ പാപ്പാ, യേശുവിന്‍റെ പരസ്യ ജീവിതത്തിന്‍റെ മര്‍മ്മപ്രധാനമായ 5 സംഭവങ്ങള്‍ (1) യേശുവിന്‍റെ ജ്ഞാനസ്നാനം (2) കാനായിലെ കല്യാണവിരുന്ന് (3)യേശുവിന്‍റെ സ്വര്‍ഗ്ഗരാജ്യ പ്രഘോഷണവും മാനസാന്തരവും (4) യേശുവിന്‍റെ രൂപാന്തരീകരണം (5) പരിശുദ്ധ കുര്‍ബ്ബാനയുടെ സ്ഥാപനം.  ഈ രഹസ്യങ്ങള്‍ വ്യാഴാഴ്ച ജപമാലയില്‍ ധ്യാനിക്കാന്‍, യേശുവിന്‍റെ മുഖം ദര്‍ശിക്കാന്‍ കൂട്ടിചേര്‍ത്തു.

പരിശുദ്ധ  പിതാവ് ഈ രഹസ്യങ്ങള്‍ കൂട്ടിചേര്‍ക്കുന്നതിന് ആമുഖത്തില്‍ ജപമാലയുടെ ചരിത്രപശ്ചാത്തലത്തിലൂടെയും, പരിശുദ്ധ മാര്‍പ്പാപ്പമാരിലൂടെയും, വിശുദ്ധരിലൂടെയും വളരെ വിശേഷമായി അവതരിപ്പിക്കുന്നുണ്ട്. ഒന്നാം അദ്ധ്യായത്തില്‍ ക്രിസ്തുവിനോടുകൂടി മറിയത്തെ ധ്യാനിക്കുകയെന്ന ശീര്‍ഷകത്തിന്‍റെ കീഴില്‍, മറിയം ധ്യാനത്തിന്‍റെ മാതൃകയാണെന്ന് ജോണ്‍ പോള്‍ രണ്ടാമൻ പാപ്പാ പറയുകയാണ്. ഈ ഒന്നാം അദ്ധ്യായത്തില്‍ മറിയത്തിന്‍റെ ഓര്‍മ്മകള്‍, ജപമാല ഒരു ധ്യാനാത്മക പ്രാര്‍ത്ഥന, Rosary a contemplative prayers, മറിയത്തില്‍ നിന്നും ക്രിസ്തുവിനെ പഠിക്കുക, മറിയത്തോടുകൂടി ക്രിസ്തുവിനെ പ്രഘോഷിക്കുക തുടങ്ങിയ വിഷയങ്ങള്‍ പരിശുദ്ധ പിതാവ് അവതരിപ്പിച്ചതിനുശേഷം രണ്ടാം അദ്ധ്യായത്തിലാണ് പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ (The Mysteries of Light) അവതരിപ്പിക്കുന്നത്.

3. സുവിശേഷാധിഷ്ടിതമായ പ്രാര്‍ത്ഥന
സമാന്തര സുവിശേഷങ്ങളില്‍ സവിശേഷമായി പരിശുദ്ധാത്മാവിന്‍റെ നിറവില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് യേശു സ്നാപക യോഹന്നാനില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിക്കുന്നത്. ഇത് മത്തായിയുടെ സുവിശേഷം മൂന്നാം അദ്ധ്യായം 13 മുതല്‍ 17 വരെയും, മാര്‍ക്കോസിന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 9 മുതല്‍ 11 വരെയും ലൂക്കായുടെ സുവിശേഷം മൂന്നാം അദ്ധ്യായം 21 മുതല്‍ 22 വരെയും വിരചിതമായിരിക്കുന്നതാണ്. വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ പ്രകാശത്തിന്‍റെ രഹസ്യങ്ങളില്‍ ഒന്നാമതായി ജനപക്ഷം സമര്‍പ്പിക്കുന്ന ഈ രഹസ്യത്തില്‍ യേശുവിന്‍റെ മുഖവും, സ്നാപകയോഹന്നാന്‍റെ മുഖവും പരിശുദ്ധാത്മാവിനോട് ചേര്‍ത്ത് മറിയത്തിന്‍റെ സ്കൂളില്‍ ധ്യാനിക്കുകയാണ്; പ്രാര്‍ത്ഥിക്കുകയാണ്. ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും പത്ത് നന്മനിറഞ്ഞമറിയവും ഒരു ത്രിത്വസ്തുതിയും ചൊല്ലുമ്പോള്‍ 4 കാര്യങ്ങള്‍ പ്രധാനമായി അനുസ്മരിക്കുകയാണ്; ധ്യാനിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.

പുതിയ നിയമത്തിലേയ്ക്ക്...
a) ഇത് സമ്മതിക്കുക സര്‍വ്വനീതിയും പൂര്‍ത്തീകരിക്കുക (മത്തായി 3:15). പഴയനിയമം അവസാനിച്ചു. പുതിയനിയമം പരസ്യമായി ആരംഭിക്കുന്നതാണ് യേശുവിന്‍റെ മാമ്മോദീസ. യേശുവിന്‍റെ കാലത്ത് രണ്ട് സന്യാസസമൂഹങ്ങള്‍ ഉണ്ടായിരുന്നു. യെസ്സന്‍ സന്യാസ സമൂഹവും, കുമറാന്‍ സന്യാസ സമൂഹവും. ഇതിലേയ്ക്ക് അംഗങ്ങളെ സ്വീകരിച്ചി രുന്നത് സ്നാനത്തിലൂടെയാണ്, ശുദ്ധീകരണത്തിലൂടെയാണ്. യേശുവിന്‍റെസ്നാനത്തിലൂടെ പുതിയ സ്വര്‍ഗ്ഗരാജ്യ ചിന്തകളും രക്ഷയുടെ വാതായനങ്ങളും തീര്‍ക്കുകയാണ്, തുറക്കുകയാണ് ചെയ്യുന്നത്. ഓരോ ജപമാലയര്‍പ്പണങ്ങളും പുതിയ ആത്മീയ പടവുകള്‍ കയറുകയാണ്, യേശുമുഖം കാണുകയാണ്.

ഇത് സമ്മതിക്കുകയെന്നത്- വേറെ ഒരു തലത്തില്‍ ചിന്തിച്ചാല്‍ എനിയ്ക്കു തരികയെന്ന രീതിയില്‍ മനസ്സിലാക്കാന്‍ കഴിയും. യേശു പ്രഘോഷണത്തില്‍ പറയുന്നതും ഈ ചോദിക്കലാണ്. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും. മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും. യേശുവിനോട് ചോദിച്ച കുഷ്ഠരോഗിയ്ക്ക് സൗഖ്യവും, കുരുടന് കാഴ്ചയും ബധിരന് കേള്‍വിയും നല്‍കി. അതായത് ഏശയ്യാ പ്രവാചകന്‍റെ പുസ്തകം 61-Ɔο അദ്ധ്യായം ഒന്നും രണ്ടും വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് യേശുവിന്‍റെ നയപ്രഖ്യാപനവും ഈ രഹസ്യത്തില്‍ ധ്യാനിക്കുകയാണ്, പ്രാര്‍ത്ഥിക്കുകയാണ്.

പരിശുദ്ധാത്മ സാന്നിദ്ധ്യം
b) പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ ആഗതമായി തിരുസഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ആഴമായി ചിന്തിയ്ക്കാന്‍ അവസരം തരുന്നതാണ്. യേശുവിന്‍റെ ജ്ഞാനസ്നാനം- യേശുവിന്‍റെ മാമ്മോദീസായില്‍ കാണപ്പെടാത്ത പരിശുദ്ധാത്മാവ്, കാണപ്പെടുന്ന അടയാളമായ പ്രാവിന്‍റെ രൂപത്തില്‍ പ്രത്യക്ഷപെടുന്നു. പരിശുദ്ധാത്മാവിന്‍റെ മറ്റ് അടയാളങ്ങളാണ് കാറ്റ്, അഗ്നി, വെള്ളം, എണ്ണ, മുദ്ര. ഇവയെക്കുറിച്ച് ധ്യാനിക്കുകയെന്നാല്‍ 7 കൂദാശകളെക്കുറിച്ചുള്ള അനുസ്മരണംകൂടിയാണ് പ്രകാശത്തിന്‍റെ രഹസ്യത്തിലൂടെ, ധ്യാനത്തിലൂടെ സംലഭ്യമാകുന്നത്.

വചനസാന്നിദ്ധ്യം
c) വചന സാക്ഷാത്ക്കാരവും വചന മുദ്രയും "ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു" എന്ന സ്വര്‍ഗ്ഗമൊഴിയിലൂടെ പിതാവായ ദൈവത്തിന്‍റെ സാക്ഷിപത്രമാണ് ഇത്. വചന സാക്ഷ്യത്തിലേക്കും വചന പഠനത്തി ലേക്കും മറിയത്തെപ്പോലെ നിശബ്ദമായി ഹൃദയത്തില്‍ വചനം സൂക്ഷി ക്കാന്‍, സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ഈ രഹസ്യത്തിലൂടെ.

പുതിയ നിയമത്തിലെ മോശ
d) മോശ ചെങ്കടല്‍ കടക്കുന്നു; യേശു ജോര്‍ദാന്‍ നദി കടക്കുന്നു. പുറപ്പാടിന്‍റെ പുസ്തകത്തില്‍ 14-ാം അദ്ധ്യായത്തില്‍ മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനത ചെങ്കടല്‍ കടക്കുകയാണ്. ഈ ജനതയെ ഫറവോയില്‍ നിന്നും മോശ രക്ഷിക്കുകയാണ്. മത്തായിയുടെ സുവിശേഷപ്രകാരം യേശു പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്. യേശു പുതിയ നിയമത്തിലെ പുതിയ മോശയാണ്. മോശ ചെങ്കടല്‍ കടന്നത് ഇസ്രായേല്‍ ജനതയെ രക്ഷിയ്ക്കാനാണ്. യേശു ജോര്‍ദാന്‍ നദിയില്‍ നിന്നും കയറുന്നതും സ്വര്‍ഗ്ഗം തുറന്ന മൊഴിയും "ഇവന്‍ എന്‍റെ പ്രിയ പുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു" എന്ന് വചനവും മാനവകുലത്തിലുള്ള പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും രക്ഷയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. ജപമാല രഹസ്യത്തിന്‍റെ Contemplative അവസ്ഥയിലേക്ക്, ആഴമായ ധ്യാനത്തിലേക്ക് ജപമാലയിലൂടെ നയിക്കുവാന്‍ സഹായിക്കുമെന്ന് പരിശുദ്ധ വിശുദ്ധ പിതാവ് പോള്‍ മാര്‍പാപ്പ നമ്മളെ ഉദ്ബോദിപ്പിക്കുകയാണ്.

പ്രകാശത്തിന്‍റെ രഹസ്യങ്ങളില്‍ ഒന്നാമത്തെ രഹസ്യം നമ്മെ നയിക്കുന്നത് Contemplative mystical experience ലേക്കും, ആഴമായ ധ്യാനത്തിലേക്കും മിസ്റ്റിക്കല്‍ അനുഭവത്തിലേക്കുമാണ്. മറിയത്തിന്‍റെ സ്കൂളിലൂടെ യേശുമുഖം ദര്‍ശിച്ച് നമുക്ക് ഈ രഹസ്യം ആഴമായി പ്രാര്‍ത്ഥിക്കാം. ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും പത്ത് നന്മനിറഞ്ഞമറിയവും ഒരു ത്രിത്വസ്തുതിയും ചൊല്ലി കാഴ്ചവയ്ക്കാം.

പരിപാടിയിലെ സംഗീതശകലങ്ങള്‍ സ്റ്റീഫന്‍ ദേവസ്സിയുടേതാണ്.

ഗാനമാലപിച്ചത് സെലിന്‍ ജോഫിയാണ്. രചന ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ., സംഗീതം ജെറി അമല്‍ദേവ്.

ഫാദര്‍ സണ്ണിപുല്‍പ്പറമ്പില്‍ പങ്കുവച്ച ജപമാലയിലെ പ്രകാശത്തിന്‍റെ ആദ്യരഹസ്യത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2020, 14:12