തിരയുക

കാര്‍ളോ തന്‍റെ പിറന്നാള്‍ ദിനത്തില്‍ കാര്‍ളോ തന്‍റെ പിറന്നാള്‍ ദിനത്തില്‍  

യുവതലമുറയ്ക്ക് മാതൃകയായി വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂസിസ്

“വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആത്മീയതയുടെ നറുമണം ആസ്വദിച്ച യുവാവാണ് കാര്‍ളോ അക്യൂസിസ്,” : അസ്സീസി പട്ടണത്തിലെ മെത്രാന്‍, ബിഷപ്പ് ദൊമേനിക്കൊ സൊറന്തീനൊ.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വാഴ്ത്തപ്പെട്ടപദം ചൂടിയ കാര്‍ളോ അക്യൂസിസ്
അസ്സീസി പട്ടണത്തിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയില്‍ ഒക്ടോബര്‍ 10-ന് കാര്‍ലോ അക്യൂസിസ് വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം എല്ലാവര്‍ക്കും നന്ദി പറയവെ ബിഷപ്പ് സൊറന്തീനോ  കാര്‍ളോയുടെ ആത്മീയതയെക്കുറിച്ചു സംസാരിച്ചു.  ചെറുപ്രായത്തിലെ തന്നെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ കാല്പാടുകളെ പിന്‍ചെല്ലുകയും, അവസാനം അസ്സീസിയില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത ഈ യുവാവ് വിശുദ്ധ ഫ്രാന്‍സിസുമായി അഭേദ്യമായ ആത്മീയ ഐക്യം പ്രാപിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ പ്രഖ്യാപനച്ചടങ്ങുകളില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്ത അസ്സീസി പട്ടണവാസികള്‍ക്കും, മിലാന്‍ അതിരൂപതാ പ്രതിനിധികള്‍ക്കും, തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വംവഹിച്ച കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനിയ്ക്കും ബിഷപ്പ് സൊറന്തീനോ നന്ദിയര്‍പ്പിച്ചു.

2. വിശുദ്ധിയുടെ വഴിയില്‍ ഒരു കംപ്യൂട്ടര്‍ വിദഗ്ദ്ധന്‍
ഇറ്റലിക്കാരനായ  റോമന്‍ കത്തോലിക്ക യുവാവായിരുന്നു കാര്‍ലോ അക്യൂസിസ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രം കണ്ണിചേര്‍ത്ത ‘വെബ് സൈറ്റാ’യിരുന്നു (Website Eucharistic miracles) ഹ്രസ്വമായ അവന്‍റെ ജീവിതത്തില്‍ (1991-2006) ഏറ്റവും കൂടുതല്‍ അറിയപ്പെട്ട പ്രവൃത്തി. ലൂക്കേമിയ അല്ലെങ്കില്‍ രക്താര്‍ബുദം പടിപെട്ട് കിടപ്പിലായി 15-Ɔο വയസ്സില്‍ മരണമടയുന്നതിനു മുന്‍പ് ചെയ്തുതീര്‍ത്ത അവന്‍റെ കരവിരുതിനൊപ്പം ആത്മീയതയും വെളിപ്പെടുത്തിയ പദ്ധതിയായിരുന്നു ഈ ദിവ്യകാരുണ്യ സൈറ്റ്.

3. ജീവിതരേഖ
ലണ്ടനിലും ജര്‍മ്മനിയിലും ജോലിചെയ്ത അവന്‍റെ മാതാപിതാക്കള്‍, അന്ത്രയ അക്യൂസിസിനും അന്തോണിയ സല്‍സാനോയ്ക്കും 1991-മെയ് 3-ന് അവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചതിനുശേഷം ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ അവര്‍ സ്ഥിരതാമസക്കാരായി. മെയ്മാസത്തില്‍ ജനിച്ച തങ്ങളുടെ കുഞ്ഞിനെ, ആഴമായ വിശ്വാസമുണ്ടായിരുന്ന ആ മാതാപിതാക്കള്‍ ദൈവമാതാവിനു സമര്‍പ്പിച്ചു. അവര്‍ എന്നും ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നു. ഏഴു വയസ്സായപ്പോള്‍ കാര്‍ളോ ദിവ്യകാരുണ്യം സ്വീകരിച്ചു. അനുദിനം ജപമാലചൊല്ലുവാനും, ദിവ്യകാരുണ്യനാഥന്‍റെ മുന്നില്‍ അല്പസമയം നിത്യേന പ്രാര്‍ത്ഥിക്കുന്നതും കാര്‍ലോ സമയം കണ്ടെത്തി. ആഴ്ചവട്ടങ്ങളില്‍ കുമ്പസാരിക്കുന്നതും അവന്‍റെ പതിവായിരുന്നു. എന്നാലും അയല്‍പക്കങ്ങളിലും സ്കൂളിലും കാര്‍ളോ അറിയപ്പെട്ടിരുന്നത് “കംപ്യൂട്ടര്‍ സമര്‍ത്ഥനാ”യിട്ടായിരുന്നു. ഒപ്പം പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള അവന്‍റെ അപാരമായ ഭക്തിയും ശ്രദ്ധേയമായിരുന്നു.

2006 ഒക്ടോബര്‍ 12-ന് ലൂക്കേമിയോ രോഗത്തിന് കാര്‍ളോ കീഴടങ്ങിയത് പുഞ്ചിരിയോടെയായിരുന്നു. അവന്‍റെ ആഗ്രഹപ്രകാരം അസ്സീസി പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയോടു ചേര്‍ന്നുള്ള സെമിത്തേരിയിലാണ് അവന്‍റെ ശരീരം അടക്കംചെയ്യപ്പെട്ടത്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ലാളിത്യമാര്‍ന്ന ജീവിതവും, പാവങ്ങളോടുള്ള സ്നേഹവും, പ്രകൃതിയില്‍ ദൈവികമഹത്വം ദര്‍ശിച്ച സിദ്ധന്‍റെ ശൈലിയും കാര്‍ളോ സ്വായത്തമാക്കിയിരുന്നു.

4. വിശുദ്ധിയുടെ പടവുകള്‍
മരണശേഷം അധികം വൈകാതെതന്നെ കാര്‍ളോയുടെ ജീവിതവിശുദ്ധിയെ അംഗീകരിക്കുന്നതിന് സഭയുടെ നാമകരണ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് അഭിപ്രായം ബാലനെ അടുത്ത് അറിഞ്ഞവരില്‍നിന്നും, അവന്‍റെ ആത്മീയത തൊട്ടറിഞ്ഞവരില്‍നിന്നും ഉയര്‍ന്നുവന്നു. 2013-ല്‍ നാമകരണ നടപടിക്രമങ്ങള്‍ക്ക് മിലാന്‍ അതിരൂപതയില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സ്കോള തുടക്കം കുറിച്ചു. 2018-ല്‍ ബാലനായ കാര്‍ളോ ക്യൂസിസിന്‍റെ പുണ്യങ്ങള്‍ വീരോചിതമെന്ന് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. ബ്രസീല്‍ സ്വദേശിയായ ഒരു ബാലന്‍റെ പാന്‍ക്രിയാറ്റിക്ക് രോഗം ധന്യനായ കാര്‍ളോ അക്യൂസിസിന്‍റെ മാദ്ധ്യസ്ഥതയില്‍ അത്ഭുതകരമായി സുഖപ്പെട്ടത് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചുകൊണ്ടാണ് 2020 മാര്‍ച്ചു മാസത്തില്‍ പുറപ്പെടുവിച്ച ഡിക്രി പ്രകാരം കാര്‍ലോയെ ഓക്ടോബര്‍ 10-ന് അസ്സീസി പട്ടണത്തിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയില്‍വച്ച് (Upper Basilica) വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. റോമാ രൂപതയുടെ മുന്‍-വികാരി ജനറല്‍ അഗസ്തീനോ വലീനി വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന കര്‍മ്മങ്ങള്‍ക്കും ദിവ്യബലിയര്‍പ്പണത്തിനും മുഖ്യകാര്‍മ്മികത്വം വഹിച്ചു.

5. ആത്മീയ സിദ്ധിയിലേയ്ക്ക് ഒരെത്തിനോട്ടം
കുടുംബജീവിതത്തെക്കുറിച്ച് നല്ല അവബോധമുള്ള ബാലനായിരുന്നു കാര്‍ളോ. തകര്‍ന്ന കുടുംബങ്ങളിലെ കുട്ടികളെ, പ്രത്യേകിച്ചു  വിവാഹബന്ധം വിച്ഛേദിച്ചു ജീവിച്ച മാതാപിതാക്കളുള്ള കൂട്ടുകാരെ അവന്‍ പ്രത്യേകമായി സ്നേഹിക്കുകയും  തന്‍റെ സുഹൃദ് വലയത്തില്‍ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തിരുന്നു.  പാവങ്ങളുടെയും അംഗവൈകല്യമുള്ളവരുടെയും  അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവന്‍ ചെറുപ്പം മുതല്‍ ശ്രദ്ധാലുവായിരുന്നു.  സ്കൂളില്‍ ദുര്‍ബലരും പാവങ്ങളുമായവരെ സമപ്രായക്കാര്‍ കളിയാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതു കണ്ടാല്‍ രക്ഷകനായി കാര്‍ളോ ഓടിയെത്തുമായിരുന്നു.   പാപ്പായോടും സഭയോടുമുള്ള ഭക്തി  രോഗഗ്രസ്ഥനായ കാര്‍ളോയുടെ വേദനയും ക്ലേശങ്ങളും തന്‍റെ ജീവിതകാലത്ത് ആഗോളസഭയെ നയിച്ച മുന്‍പാപ്പാ ബെനഡിക്ടിനും സഭയുടെ പ്രത്യേക നിയോഗങ്ങള്‍ക്കുംവേണ്ടി കാര്‍ളോ സമര്‍പ്പിക്കുമായിരുന്നു.

6. കാര്‍ളോയ്ക്കു മാതൃകയായ വിശുദ്ധാത്മാക്കള്‍  
ദിവ്യകാരുണ്യ അത്ഭുതസ്ഥാനങ്ങളുടെ വെബ്സൈറ്റ് നിര്‍മ്മിച്ചതു കൂടാതെ, ആധുനിക മാധ്യമങ്ങള്‍ സുവിശേഷപ്രചാരണത്തിനായി ഉപയോഗിക്കണമെന്നും, അങ്ങനെ ചെയ്ത വാഴ്ത്തപ്പെട്ട ജക്കോമോ ആല്‍ബെരിയോനെ പോലുള്ള മാധ്യമപ്രവര്‍ത്തകരായ പുണ്യാത്മാക്കളെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. “എത്രത്തോളം നാം ദിവ്യകാരുണ്യം സ്വീകരിക്കുന്നുവോ അത്രത്തോളം നാം യേശുവിനോട് അടുക്കും,” എന്നത് അവന്‍റെ ആപ്തവാക്യമായിരുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും, ദൈവമാതാവിന്‍റെ ദര്‍ശനഭാഗ്യം ലഭിച്ച പുണ്യാത്മാക്കളായ ഫാത്തിമയിലെ ഇടയക്കുട്ടികളെയും, വിശുദ്ധ ഡോമിനിക് സാവിയോ, വിശുദ്ധ ബര്‍ണഡീറ്റ് സുബേരോ, വിശുദ്ധ തര്‍ചീസിയൂസ് എന്നിവര്‍ കാര്‍ളോയ്ക്കു പ്രിയപ്പെട്ട പുണ്യാത്മാക്കളും ജീവിത മാതൃകകളുമായിരുന്നു.
 

19 October 2020, 15:55