തിരയുക

2020.10.14 BINOY VISWAM parlamentare indiano 2020.10.14 BINOY VISWAM parlamentare indiano 

പാപ്പായുടെ ചാക്രികലേഖനത്തെ ശ്ലാഘിച്ച് ഇന്ത്യയുടെ പാര്‍ലിമെന്‍റേറിയന്‍

പാപ്പാ ഫ്രാന്‍സിസിനെയും അദ്ദേഹത്തിന്‍റെ വിശ്വസാഹോദര്യ ദര്‍ശനത്തെയും അഭിനന്ദിക്കുന്ന കേരളത്തിന്‍റെ മുന്‍മന്ത്രി ബിനോയ് വിശ്വത്തിന്‍റെ ലേഖനത്തില്‍നിന്ന്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സത്യസന്ധമായ വിലയിരുത്തല്‍
എല്ലാവരെയും സഹോദരീ സഹോദരന്മാരായി കാണുന്ന പാപ്പാ ഫ്രാന്‍സിസിനെയും “എല്ലാവരും സഹോദരങ്ങള്‍,” Fratelli Tutti എന്ന അദ്ദേഹത്തിന്‍റെ നവമായ പ്രബോധനത്തെയും താന്‍ സ്നേഹിക്കുന്നുവെന്ന് കേരളത്തിന്‍റെ മുന്‍മന്ത്രിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 13, ചൊവ്വാഴ്ച “മാതൃഭൂമി” ദിനപത്രത്തില്‍ എഴുതിയ, ലേഖനത്തിലാണ് പാപ്പായുടെ നിലപാടുകളെ അദ്ദേഹം സത്യസന്ധമായി വിലയിരുത്തിയതും അഭിനന്ദിച്ചതും.

2. സ്വാര്‍ത്ഥതയില്ലാത്ത ആത്മീയാചാര്യന്‍റെ 
സാഹോദര്യവീക്ഷണം

ഏതു വിചാരഗതിയില്‍പ്പെട്ടവരായാലും ലോകം നന്നാകണമെന്ന് ആഗ്രഹിക്കുന്ന സ്വാര്‍ത്ഥതയില്ലാത്ത അപൂര്‍വ്വം ആത്മീയാചാര്യന്മാരില്‍ ഒരാളായി ശ്രീ വിശ്വം പാപ്പായെ വിശേഷിപ്പിച്ചു. അതിനു തെളിവാണ് ഒക്ടോബര്‍ 4-ന് വത്തിക്കാന്‍ പ്രകാശനംചെയ്ത പാപ്പാ ഫ്രാന്‍സിസിന്‍റെ മൂന്നാമത്തെ ചാക്രികലേഖനം – “എല്ലാവരും സഹോദരങ്ങള്‍” എന്ന് (Fratelli Tutti) അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവി‍ഡ് മഹാമാരിക്കിടെ പാപ്പാ എഴുതുകയും അതിന്‍റെ ക്ലേശങ്ങള്‍ ലോകം അനുഭവിക്കുകയും ചെയ്യുന്നതിനിടെ പുറത്തിറക്കുകയുംചെയ്ത ചാക്രികലേഖനം ലോകത്തിന്‍റെ ചിന്താമണ്ഡലത്തെ സ്വാധീനിച്ചു കഴിഞ്ഞുവെന്നാണ് ചിന്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ബിനോയ് വിശ്വം ലേഖനത്തില്‍ പ്രസ്താവിച്ചത്.

3. പാപ്പാ ഫ്രാന്‍സിസ് കമ്യൂണിസ്റ്റോ...?
ആഗോളവത്ക്കരണം അടിച്ചേല്‍പ്പിച്ച സാമ്പത്തിക അനീതികളെ 2015-ലെ തന്‍റെ പാരിസ്ഥിതിക ചാക്രികലേഖനമായ “അങ്ങേയ്ക്കു സ്തിതി”യില്‍ എണ്ണിയെണ്ണിപ്പറയുന്ന പാപ്പാ, അത് ന്യൂനപക്ഷമായ സമ്പന്നരെ വളര്‍ത്തിയെന്നും, മഹാഭൂരിപക്ഷം വരുന്ന പാവങ്ങളെ ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിലേയ്ക്ക് ആട്ടിപ്പായിച്ച അനീതിയായിരുന്നു അതെന്നും വിശേഷിപ്പിക്കുന്നത് വിശ്വം ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. പാപ്പാ ഫ്രാന്‍സിസിനെ കമ്മ്യൂണിസ്റ്റെന്നു വിമര്‍ശിക്കുന്ന മുതലാളിത്തത്തിന്‍റെയും സമ്പന്ന സംസ്കാരത്തിന്‍റെയും വക്താക്കള്‍ക്ക് പാപ്പാ നല്കിയ യുക്തിസഹജമായ മറുപടി, “ഞാന്‍ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, ആരെങ്കിലും ശരി പറഞ്ഞാല്‍ അത് ശരിയാണെന്നു ഞാന്‍ പറയും” എന്ന് എം.പി. വിശ്വം ലേഖനത്തില്‍ പാപ്പായെ സത്യസന്ധമായി ഉദ്ധരിച്ചിട്ടുമുണ്ട്.

4. രക്ഷപ്പെടണമെങ്കില്‍
മനുഷ്യര്‍ സാഹോദര്യത്തില്‍ ഒന്നിക്കണം

ഒരു മഹാമാരിയുടെ കനത്ത പ്രഹരത്തിന്‍റെ മുന്‍പില്‍ ജീവിതം വിറങ്ങലിച്ചു നില്കുമ്പോള്‍ മൗലികമായ പ്രശ്നങ്ങളില്‍ വിശ്വാസത്തിന്‍റെ കാഴ്ചപ്പാട് എന്താകണമെന്ന് പ്രബോധനത്തില്‍ പാപ്പാ വ്യക്തമാക്കുന്നുണ്ടെന്ന് വിശ്വം രേഖപ്പെടുത്തുന്നു. എല്ലാവരെയും സഹോദരീ സഹോദരന്മാരേ, എന്ന് തന്‍റെ ചാക്രികലേഖനത്തില്‍ അഭിസംബോധനചെയ്തുകൊണ്ട് കാലത്തിന്‍റെ കാലൊച്ച കേട്ട ഈ ആത്മീയാചാര്യന്‍ കലങ്ങിമറിഞ്ഞ ലോകത്തിന്‍റെ മുന്നില്‍ സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും പരസ്പരസഹായത്തിന്‍റെയും മനോഭാവത്തിനും പ്രത്യയശാസ്ത്രത്തിനും മാത്രമേ രക്ഷയുള്ളൂവെന്ന് സമര്‍ത്ഥിക്കുന്നത് വിശ്വം ഏറ്റുപറയുകയാണ്.കാലാവസ്ഥാമാറ്റത്തിലും ആഗോളതാപനത്തിലും മഹാമാരി വ്യാപനത്തിലും വന്‍കെടുതി വിതച്ച മുതലാളിത്തം ചൂണ്ടിക്കാട്ടുന്ന കമ്പോളവഴി വിനാശത്തിന്‍റെ വഴിയായി ചാക്രികലേഖനം സമര്‍ത്ഥിക്കുന്നതും, ഇനിയും കമ്പോളവഴികള്‍ തുടരാമെന്നു ചിന്തിക്കുന്നത് ആത്മഹത്യാപരമാണെന്നും പാപ്പാ പറയുന്നത് വിശ്വം ലേഖനത്തില്‍ ചുരുളഴിയിക്കുന്നുണ്ട്.

5. എല്ലാവരും ദൈവമക്കള്‍
അതിനാല്‍  സഹോദരങ്ങളും

ഇനിയും മതങ്ങള്‍ മനുഷ്യന്‍റെ ആര്‍ത്തിയും, ദൈവത്തെ ലാഭത്തിനുള്ള ഉപാധിയും, പ്രാര്‍ത്ഥനാലയങ്ങളെ അതിനുള്ള കമ്പോളങ്ങളുമാക്കുകയും ചെയ്യുന്ന ശൈലി സ്വപ്നംകാണുന്നത് മുതലാളിത്തത്തിന്‍റെയും കമ്പോള സംസ്കാരത്തിന്‍റെയും സമസ്യയായി പാപ്പാ ഫ്രാന്‍സിസിനോടു ചേര്‍ന്നു അദ്ദേഹം ലേഖനത്തില്‍ നിഷേധിക്കുന്നു. അതിനാല്‍ സ്വാര്‍ത്ഥതയുടെ ഇടുങ്ങിയ ഗൃഹഭിത്തികള്‍ ഭേദിച്ച് സകലരും ദൈവമക്കളാണെന്ന ബോധ്യത്തോടെ,  പ്രസ്ഥാനങ്ങളും ആശയങ്ങളും മനുഷ്യനു മുന്‍പില്‍ സാഹോദര്യത്തിന്‍റെയും പ്രത്യാശയുടെയും പ്രകാശം കൊളിത്തുവയ്ക്കേണ്ടതുണ്ടെന്ന ചാക്രിലലേഖനത്തിന്‍റെ മൗലികമായ കാഴ്ചപ്പാട് ആവര്‍ത്തിച്ചുകൊണ്ടാണ് ബിനോയ് വിശ്വം ലേഖനം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2020, 14:00