തിരയുക

FILES-VATICAN-PHILIPPINES-POPE-HEALTH-VIRUS-TAGLE FILES-VATICAN-PHILIPPINES-POPE-HEALTH-VIRUS-TAGLE 

സാഹോദര്യത്തിന്‍റെ നെയ്ത്തുകാരാകാം : കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ

ഒക്ടോബര്‍ 18-ന് ആസന്നമാകുന്ന സഭയിലെ ആഗോള മിഷന്‍ ഞായറിനോട് അനുബന്ധിച്ച് ഇറക്കിയ പ്രസ്താവനയില്‍നിന്ന്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സാഹോദര്യത്തോടെ  പ്രതികരിക്കാം
പാവങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സാഹോദര്യത്തിന്‍റെ നെയ്ത്തുകാരാകാമെന്ന് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ അന്തോണിയോ ലൂയി താഗ്ലേ ഉദ്ബോധിപ്പിച്ചു. ഇറ്റലിയിലെ കത്തോലിക്ക പ്രസിദ്ധീകരണം, ജനതകളും പ്രേഷിതപ്രവര്‍ത്തനങ്ങളും “Popoli e Missione” എന്ന ഇറ്റാലിയന്‍ മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദാനാള്‍ താഗ്ലേ ഇങ്ങനെ പ്രസ്താവിച്ചത്. ഒക്ടോബര്‍ 18, ഞായറാഴ്ച സഭ ലോകമെമ്പാടും ആചരിക്കുന്ന മിഷന്‍ദിനത്തോട് അനുബന്ധിച്ചാണ് കര്‍ദ്ദിനാള്‍ താഗ്ലേ പ്രത്യേകമായി ഈ അഭിമുഖം നല്കിയത്. ദൈവത്തിന്‍റെ വിളിയോടും പാവങ്ങളുടെയും ഭൂമിയുടെയും കരച്ചിലിനോടും “ഇതാ, ഞാന്‍…” എന്ന സന്നദ്ധതയുടെ ക്രിയാത്മകമായ പ്രതികരണം നല്കാനാണ് സഭ ക്രൈസ്തവമക്കളെ 2020-ല്‍ മിഷന്‍ഞായര്‍ ദിനത്തില്‍ ക്ഷണിക്കുന്നതെന്ന് അദ്ദേഹം ആമുഖമായി പ്രസ്താവിച്ചു.

2. ക്ലേശിക്കുന്ന സമൂഹങ്ങളെ
തുണയ്ക്കുവാന്‍ സഭയുടെ മിഷന്‍

മഹാമാരിയുടെ കെടുതിയില്‍ വന്നു ചേരുന്ന ഈ മിഷന്‍ ഞായറിന് പ്രത്യേക അര്‍ത്ഥമുണ്ട്, കാരണം വൈറസ് ലോകമാസകലം ബാധിച്ചിരിക്കുകയാണെന്നും, എവിടെയും വേദനയും മരണവും ഭീതിയും തിങ്ങിനില്ക്കുകയാണെന്നും കര്‍ദ്ദിനാള്‍ സൂചിപ്പിച്ചു.  ഒപ്പം ദാരിദ്ര്യവും തൊഴിലില്ലായമയും എവിടെയും നിലവിലുണ്ടെന്നും  പറഞ്ഞു.  പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്നദ്ധസേനയെ (Vatican Task Force) സഭയുടെ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിലൂടെയും, “കാരിത്താസ്” രാജ്യാന്തര പ്രസ്ഥാനത്തിലൂടെയും വിന്യസിപ്പിച്ചു കഴിഞ്ഞു. സഭ അതിന്‍റെ പ്രവര്‍ത്തനങ്ങളെ ഒരു സമുന്നത കമ്മറ്റിയുടെ സഹായത്തോടെ പാപ്പാ വിലയിരുത്തുന്നുമുണ്ട്. കേഴുന്ന മാനവികതയെ സഹായിക്കാന്‍. പ്രാദേശീക സഭകളുമായി കൈകോര്‍ത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ സംഘടിതമായി നടത്തുന്ന ശ്രമമാണിത്. അങ്ങനെ ജനങ്ങള്‍ക്കു കൈതുറന്നു സഹായം ചെയ്യുന്നതുകൊണ്ട് സഭയെ ഇത്തരുണത്തില്‍ സഹായിക്കുവാനും ഒത്തിരിപേര്‍ മുന്നോട്ടു വരുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ അറിയിച്ചു (Charity generates charity).

3. ഓരോ ക്രൈസ്തവനും മിഷണറി
ഒരുകാലത്ത് യൂറോപ്പില്‍നിന്ന് മിഷണറിമാര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വന്ന് പ്രേഷിതജോലി ചെയ്തിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം പ്രേഷിതപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മൗലികമായ കാഴ്ചപ്പാടാണ് വളര്‍ന്നിരിക്കുന്നത്. എല്ലാ രാജ്യങ്ങളും ഇന്ന് മിഷന്‍ രാജ്യങ്ങളാണ്. ഓരോ ക്രൈസ്തവനും മിഷണറിയുമാണ്. ഇന്ന് ഏഷ്യക്കാര്‍ യൂറോപ്പിലും ആഫ്രിക്കയിലും മിഷണറിമാരായുണ്ട്. അതുപോലെ ആഫ്രിക്കക്കാരും യൂറോപ്പിലും മറ്റു രാജ്യങ്ങളിലും മിഷണറിമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇന്ന് പ്രേഷിതപ്രവര്‍ത്തനം സുവിശേഷവത്ക്കരണമെന്ന പേരില്‍ ലോകത്തിന്‍റെ എല്ലാദിശകളിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ ഓരോ ക്രൈസ്തവനും തന്‍റെ മാനുഷികതയും  സ്നേഹവും, താന്‍ സ്വീകരിച്ച സുവിശേഷമൂല്യങ്ങളും  ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തി ജീവിക്കുന്നത് മിഷന്‍ പ്രവര്‍ത്തനമാണെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ വിശദമാക്കി.

4. പ്രേഷിതപ്രവര്‍ത്തനം ഒരു ഉത്തരവാദിത്തം
ദേശീയതയുടെയും nationalism ജനാധിപത്യസിദ്ധാന്തങ്ങളുടെയും populism പരിധികള്‍ക്കപ്പുറം ഓരോ മനുഷ്യവ്യക്തിക്കും തുല്യ അവകാശമുള്ള രീതിയില്‍ ആഗോളീകൃതമായൊരു മാനവികതയെ കാണുന്ന മനോഭാവമാണ് ഇന്നിന്‍റെ ആവശ്യമെന്നും കര്‍ദ്ദിനാള്‍ താഗ്ലേ വിശദീകരിച്ചു. പ്രേഷിതപ്രവര്‍ത്തനം ദൈവകൃപയും ഒപ്പം ഓരോ ക്രൈസ്തവന്‍റെയും ഉത്തരവാദിത്ത്വമാണ്. അത് വൈദികരുടെയോ, സന്ന്യസ്തരുടെയോ മാത്രം ഉത്തരവാദില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. അല്‍മായരുടെ ജീവിതസാക്ഷ്യവും സാമൂഹ്യജീവിതത്തിലുള്ള പങ്കാളിത്തവും ക്രൈസ്തവജീവിതത്തിന്‍റെ മാറ്റു തെളിയിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ എണ്ണം ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. ചെറിയ സമൂഹങ്ങളിലൂടെ ക്രൈസ്തവര്‍ പങ്കുവയ്ക്കുന്ന വിശ്വാസജീവിതസാക്ഷ്യമാണ് പ്രേഷിതപ്രവര്‍ത്തിയെന്നും കര്‍ദ്ദിനാള്‍ വിശദീകരിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2020, 16:22