തിരയുക

വിശ്വസാഹോദര്യത്തിന്‍റെ  വീക്ഷണത്തോടെ... പാപ്പായും പാത്രിയര്‍ക്കീസും  വിശ്വസാഹോദര്യത്തിന്‍റെ വീക്ഷണത്തോടെ... പാപ്പായും പാത്രിയര്‍ക്കീസും  

‘സര്‍വ്വപുച്ഛ മനോഭാവം’ ഇല്ലാതാക്കാനുള്ള ആഹ്വാനം

കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥമന്‍ “ഫ്രത്തേലി തൂത്തി” (Fratelli Tutti) ചാക്രികലേഖനത്തെക്കുറിച്ച്... അഭിമുഖം.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. മാനവസാഹോദര്യത്തിന്‍റെ കാലികമായ പ്രബോധനം
ഒക്ടോബര്‍ 20-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രിക ലേഖനത്തിന്‍റെ പശ്ചാത്തലത്തില്‍ പാത്രിയര്‍ക്കീസ് ഇങ്ങനെ പ്രസ്താവിച്ചത്. പരിസ്ഥിതി, രാഷ്ട്രീയം, സാമ്പത്തികം, സാമൂഹിക ജീവിതം എന്നീ മേഖലകളില്‍ ഇന്നു ലോകത്തു പൊതുവായി കാണുന്ന നിസംഗതയും എല്ലാറ്റിനെയും പുച്ഛിക്കുന്ന സ്വാര്‍ത്ഥതയും ഐക്യത്തിനുള്ള വൈമുഖ്യവും പാടേ ഉപേക്ഷിക്കാനുള്ള ആഹ്വാനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനമെന്ന് പാത്രിയര്‍ക്കിസ് പ്രസ്താവിച്ചു. നമ്മുടെ ലോകം ഐക്യവും സാഹോദര്യവുമുള്ള ഒരു മാനവകുടുംബം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി വെല്ലുവിളിക്കുന്ന ക്ഷണമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ “എല്ലാവരും സഹോദരങ്ങള്‍” (Fratelli Tutti) എന്ന സാമൂഹിക ചാത്രികലേഖനമെന്നും പാത്രിയര്‍ക്കിസ് പ്രസ്താവിച്ചു.

2. മനുഷ്യനോടു ദൈവത്തിനുള്ള അളവറ്റ വാത്സല്യം
പ്രതിഫലിപ്പിക്കുന്ന പ്രമാണരേഖ

ചാക്രികലേഖനം തുറന്നു വായിക്കുന്നതിനു മുന്‍പേ അറിയാമായിരുന്നു,  സൃഷ്ടിയില്‍ “ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട” മനുഷ്യകുലത്തോട് പാപ്പാ ഫ്രാന്‍സിസിനുള്ള അനുസ്യൂതമായ താല്പര്യത്തിന്‍റെ മാതൃകയാണ് നവമായ ചാക്രികലേഖനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് താന്‍ കാണുന്നതെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ അഭിപ്രായപ്പെട്ടു.  “അദ്ധ്വാനിക്കുന്നവരോടും ഭാരം വഹിക്കുന്നവരോടും,” സമൂഹത്തില്‍ ബഹുഭൂരിപക്ഷംവരുന്ന പാവങ്ങളായവരോടുമുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ അടയാളവും, ക്രിസ്തീയ പാരമ്പര്യങ്ങളുടെ വറ്റാത്ത ഉറവയാല്‍ പ്രചോദിതനായി കാലികമായ വെല്ലുവിളികളെ നേരിടുവാന്‍ തന്‍റെ ഹൃദയംനിറഞ്ഞ സ്നേഹത്തോടെ വ്യക്തവും കൃത്യതയുമുള്ള നിര്‍ദ്ദേശങ്ങളാണ് ഈ ചാക്രികലേഖനത്തില്‍ പാപ്പാ കുറിക്കുന്നതെന്നു പാര്‍ത്രിയര്‍ക്കീസ് സ്ഥാപിച്ചു.

3. തനിമയുള്ള ചാക്രികലേഖനം
സഭയുടെ മുന്‍ചാക്രികലേഖനങ്ങളുടെ ഒരു ചുരുക്കെഴുത്തു രീതിയോ സംഗ്രഹിക്കലോ അല്ല പാപ്പാ ഫ്രാന്‍ചേസ്കോയുടെ ഈ പ്രബോധനമെന്നും, മറിച്ച് മാനവികതയുടെ കാലികമായ പ്രതിസന്ധികളും വെല്ലുവിളികളും മനസ്സിലാക്കി ഭൂമുഖത്തുള്ള സമൂഹങ്ങളുടെ ഐക്യത്തിനും  സൗഹാര്‍ദ്ദത്തിനുമായി ജാതി മത സംസ്കാര ഭേദമെന്യേ സകലരെയും ആശ്ലേഷിക്കുന്ന പ്രമാണരേഖയാണിതെന്നും പാത്രിയര്‍ക്കീസ് വിശേഷിപ്പിച്ചു. സഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മാനവികതയുടെ വിവിധ തലങ്ങള്‍ ചേര്‍ന്നും സാഹോദര്യത്തില്‍ ഒന്നാകുവാനുള്ള നിര്‍ണ്ണായകമായ പദ്ധതികളാണ് ഇതില്‍ പ്രകടമായി കാണുന്നത്.  അങ്ങനെ  പാരസ്പരികതയുടെ പരിപാടികളും ഫലവത്തായ സംവാദശ്രമങ്ങളും ആവിഷ്ക്കരിച്ചുകൊണ്ട് വിശ്വസാഹോദര്യം വളര്‍ത്തിയെടുക്കുവാനും ഇന്നത്തെ മാനവികതയ്ക്ക് പ്രത്യാശപകരുവാനുമുള്ള പ്രബോധനമായി താന്‍ ഇതിനെ ഇഷ്ടപ്പെടുന്നുവെന്നും കിഴക്കിന്‍റെ പാത്രിയര്‍ക്കീസ് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
 

22 October 2020, 08:55