തിരയുക

India covid 19 - with the fear of the pandemic India covid 19 - with the fear of the pandemic 

സഹജീവികളുമായി പങ്കുവയ്ക്കേണ്ട ദൈവികനന്മയുടെ ആനന്ദം

30-Ɔο സങ്കീര്‍ത്തനം ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം - പൊതുവായ അവലോകനം. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

30-Ɔο സങ്കീര്‍ത്തനപഠനം - അവലോകനം


1. മിശ്രവികാരങ്ങളുടെ സങ്കീര്‍ത്തനം – 
നന്ദിയും സ്തുതിയും അനുതാപവും
ഒരു ദൈവാലയ സമര്‍പ്പണത്തില്‍ ദൈവത്തെ സ്തുതിച്ചു നന്ദിപറയുന്ന ഗീതമാണിതെന്ന് മുന്‍പഠനങ്ങളില്‍നിന്ന് നമുക്കു മനസ്സിലായതാണ്. ഒപ്പം ഈ ഗീതത്തില്‍ 3 വ്യത്യസ്ത വികാരങ്ങളുടെ ഘട്ടങ്ങളും നാം പഠനത്തില്‍ ശ്രദ്ധിക്കുകയുണ്ടായി. 12 വരികള്‍ മാത്രമുള്ള ഈ സങ്കീര്‍ത്തനത്തിന്‍റെ പൊതുവായ അവലോകനത്തിലേയ്ക്കു നാം കടക്കുമ്പോള്‍ നമുക്കു പറയാം ഹ്രസ്വമെങ്കിലും ശ്രദ്ധേയമായ ഈ സങ്കീര്‍ത്തനം ഒരു മിശ്രഗീതമാണ്. അതായത് ഇത് ഒരു കൃതജ്ഞതാഗീതം മാത്രമല്ല, നന്ദിപ്രകടനത്തിന്‍റെയും അനുതാപത്തിന്‍റെയും ഒരു മിശ്രഗീതമാണ്. സങ്കീര്‍ത്തനങ്ങളി‍ല്‍ ഏറെ അപൂര്‍വ്വമാണ് ഈ ശൈലിയെന്നും നമുക്കു പറയാം. തനിക്കു രക്ഷ നല്കിയ ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് ഗീതം ആരംഭിക്കുന്നത്. 

Musical Version of Ps 30 Antiphon
കര്‍ത്താവേ ഞാനങ്ങേ പാടിപ്പുകഴ്ത്തും
എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷ നല്കി. (2).

2. ദൈവിക നന്മകള്‍ക്ക് നന്ദിയോടെ...
നന്ദിപറച്ചിലിന് ആമുഖമാണ് ഈ സ്തുതിപ്പെന്ന് ആദ്യത്തെ വരികളില്‍നിന്നും, സങ്കീര്‍ത്തനങ്ങളുടെ ചരിത്ര പശ്ചാത്തലത്തില്‍നിന്നും മനസ്സിലാക്കാം. ദാവീദു രാജാവിന്‍റേതെന്നു സമര്‍പ്പണംചെയ്തിട്ടുള്ള ഈ ഗീതം ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ഒരു ദേവാലയം പണിതീര്‍ത്ത കാലത്ത് രചിക്കപ്പെട്ടതാണെന്ന് നിരൂപകന്മാര്‍ സ്ഥാപിക്കുന്നു. അത് ദാവീദു രാജാവു നിര്‍മ്മിച്ച ആദ്യ ദേവാലയമാകാം. അല്ലെങ്കില്‍ സോളമന്‍ രാജാവ് പണിതീര്‍ത്ത ആദ്യത്തെ ജരൂസലേം ദേവാലയമാകാം. അല്ലെങ്കില്‍ ക്രിസ്തുവിന് 164 വര്‍ഷങ്ങള്‍ക്കുമുന്‍പ് പുനരുത്ഥരിച്ച രണ്ടാമത്തെ ജരൂസലേം ദേവാലയത്തിന്‍റെ ആശീര്‍വ്വാദ സമയത്തായിരിക്കാം. എന്തുതന്നെയായാലും ഒരു ദേവാലയ പ്രതിഷ്ഠയുടെ സമയത്ത് ഏതു സമൂഹത്തിനും ആര്‍ക്കും ഉണ്ടാകുന്ന സ്തുതിയുടെയും കൃതജ്ഞതയുടെയും വികാരങ്ങളാണ് വരികളില്‍‍ ആത്യന്തം ശക്തമായി തെളിഞ്ഞുനില്ക്കുന്നത്.  നമ്മുടെയൊക്കെ വിശ്വാസജീവിത പശ്ചാത്തലത്തില്‍ ഒരു പ്രാര്‍ത്ഥനാലയം പണിത് ഉയരുമ്പോള്‍‍ ഉണ്ടാകുന്ന ആനന്ദവും ആഘോഷവും നാം എപ്പോഴെങ്കിലും ആസ്വദിച്ചുകാണും. ജനം ഒത്തുചേര്‍ന്ന് ആ ദിവസം ദൈവത്തെ സ്തുതിച്ചു പാടുകയും ദൈവം വര്‍ഷിച്ച വലിയ ദാനത്തിന് നന്ദിയര്‍പ്പിക്കുയും ചെയ്യുന്നു.

അതിനാല്‍ ഈ സങ്കീര്‍ത്തനം കാലിക പ്രസക്തിയുള്ളതാണ്. ഇന്നും ദൈവിക നന്മകളെ ഓര്‍ത്ത് അവിടുത്തെ സ്തുതിക്കുന്ന ഗീതമാണിത്. ഇസ്രായേല്‍ ജനത്തെ സംബന്ധിച്ച് അവര്‍ക്ക് ദൈവത്തിന് നന്ദിപറയുവാനും സ്തുതിക്കുവാനും ചരിത്രപരമായി വിമോചനത്തന്‍റെ കഥയും രക്ഷാകരമായ സംഭവങ്ങളും ഓര്‍ത്തുതന്നെയാണ് സങ്കീര്‍ത്തനം 30-ന്‍റെ ആദ്യഭാഗത്ത് ഗയാകന്‍ ദൈവത്തെസ്തുതിക്കുന്നത്. ദൈവം എന്നെ രക്ഷിച്ചു, എന്‍റെ മുറിവുണക്കി. ശത്രുക്കള്‍ എന്‍റെമേല്‍ വിജയം ഘോഷിക്കാന്‍ അവിടുന്ന് ഇടയാക്കിയില്ല. കര്‍ത്താവേ, അവിടുന്നെന്നെ പാതാളത്തില്‍നിന്നു കരേറ്റി ജീവനിലേയ്ക്ക് ആനയിച്ചു എന്നുള്ള ഈ ഗീതത്തിന്‍റെ വരികളില്‍ കാണുന്ന പ്രയോഗങ്ങളില്‍നിന്നും ഗീതത്തിലെ ഭാവവ്യത്യാസങ്ങള്‍ക്കും, സ്തുതിപ്പിനും, നന്ദിപറച്ചിലിനുമുള്ള കാരണങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും, ആലാപനം രമേഷ് മുരളിയും സംഘവും.

Musical Version : Psalm 30 Unit One
1 എന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍
അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോള്‍
അവിടുന്നെന്നെ സുഖപ്പെടുത്തി.
ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല
അവിടുന്നെന്നെ പാതാളത്തില്‍നിന്നും കരകയറ്റി
മരണഗര്‍ത്തത്തില്‍നിന്നുമെന്നെ അങ്ങ് ജീവനിലേയ്ക്കു നയിച്ചു.

5. ദൈവത്തിന്‍റെ കാരുണ്യം തേടുന്ന വരികള്‍
ദൈവത്തെ സ്തുതിച്ചു പാടിയ സങ്കീര്‍ത്തകന്‍ ഞൊടിയിടയില്‍, 5-Ɔമത്തെ വരിയില്‍ ദൈവത്തിന്‍റെ കോപത്തെക്കുറിച്ച്, നിമിഷ നേരത്തേയ്ക്കു മാത്രം നില്ക്കുന്ന കോപത്തെക്കുറിച്ചു സംസാരിക്കുന്നു. “അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടാവുകയുള്ളൂ....” ഒരു മിന്നല്‍ പിണര്‍പോലെ അത് കടന്നുപോകുമെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത്. തുടര്‍ന്നു പറയുന്നത്, ദൈവം തന്നില്‍നിന്നും മുഖം തിരിച്ചപ്പോള്‍ ഗായകന്‍ പരിഭ്രാന്തനായി. നമുക്കു മനസ്സിലാക്കാവുന്നതാണ്, വീണ്ടും ഇസ്രായേലിന്‍റെ ചരിത്ര പശ്ചാത്തലത്തില്‍ അവര്‍ ദൈവത്തെ മറന്നു ജീവിച്ച അവസരങ്ങള്‍ നിരവധിയാണ്.

ദൈവം അവരുമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. അവര്‍ക്ക് കല്പനകള്‍ നല്കിയിരുന്നു. എന്നാല്‍ ജനം ഉടമ്പടി തെറ്റിക്കുകയും കല്പനകള്‍ ധിക്കരിക്കുകയും ചെയ്ത അവസരങ്ങള്‍ അനവധിയാണ്. അതുകൊണ്ട് ഗായകന്‍, ഈ അവബോധത്തില്‍ ദൈവത്തോടു ക്ഷമ യാചിക്കുന്നു. തന്‍റെ കുറവുകളെക്കുറിച്ച് അനുതപിക്കുന്നു. 10-Ɔമത്തെ വരി ശ്രദ്ധേയമാണ്. കര്‍ത്താവേ, എന്നോടു കരുണ തോന്നണമേ! ഈ ഒറ്റവരിയില്‍ സ്തുതിപ്പിന്‍റെയും നന്ദിപറച്ചിലിന്‍റെയും ഗീതം ഒരു വിലാപഗീതമായി മാറുകയാണ്.
Miserere mei Deo, Secundum magnam misericordiam suam…. Ps. 50
“കര്‍ത്താവേ, എന്നില്‍ നീ കാരുണ്യം തൂകണേ,
നിന്‍ മഹാകാരുണ്യം ഓര്‍ത്തു ഞാന്‍ ദയാനിധേ...!”

6. അനുതാപത്തില്‍നിന്നും ഉതിരുന്ന അനുരഞ്ജനം
അനുതാപം മനുഷ്യജീവിതത്തില്‍ അനിവാര്യമാണ്. അടിസ്ഥാനപരമായി ആദ്യം, ദൈവിക കല്പനകള്‍ ലംഘിക്കുന്ന മനുഷ്യന്‍ ദൈവത്തോടു തന്നെ അനുതപിച്ച് അനുരഞ്ജനപ്പെടേണ്ടിയിരിക്കുന്നു. കാരണം അവിടുന്നാണ് നമ്മുടെ സ്രഷ്ടാവും രക്ഷകനും നാഥനും പരിപാലകനും. അതുപോലെ നമ്മുടെ സഹോദരങ്ങളോടും, സഹജീവികളോടും, എന്തിന് നമുക്കു ചുറ്റുമുള്ള പ്രകൃതിയോടും സകല ജീവജാലങ്ങളോടും നാം അനുരഞ്ജിതരായി ജീവിക്കണമെന്നാണ്, തന്‍റെ ചാക്രിക ലേഖനം, “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!”യില്‍ (Laudato Si’) പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നത്. പരിസ്ഥിതിയോടും ഭൂമിയുടെ ഭാഗമായിരിക്കുന്ന ജീവജാലങ്ങളോടും മനുഷ്യന്‍ രമ്യതപ്പെട്ടു ജീവിക്കാത്തതിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറെ രൂക്ഷമായി അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം എല്ലാവരും ജീവിക്കുന്നത്.

ഇന്ന് മാനവകുലം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, മരുവത്ക്കരണം, ഹിമപാളികള്‍ ഉരുകുന്ന പ്രക്രിയ, അതു കാരണമാക്കുന്ന വെള്ളപ്പൊക്കം, കൃഷിനാശം, ദാരിദ്ര്യം എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി ഓരോരോ പ്രതിസന്ധികളും ക്ലേശങ്ങളും, അവസാനം ഇതാ, ഒരു വൈറസ് ബാധയും മനുഷ്യജീവിതത്തെ കീഴ്പ്പെടുത്തിയിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മാത്രമല്ല ബാധിക്കുന്നത്. വിശപ്പിനും ദാരിദ്യത്തിനും അത് കാരണമാവുകയും ദുര്‍ബലരായവരെ തങ്ങളുടെ നാടും വീടും വിട്ട് പലായനംചെയ്യുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സൃഷ്ടിയോടുള്ള അവഗണനയും സാമൂഹ്യ അനീതികളും പരസ്പരം സ്വാധീനിക്കുന്നവയാണ്. അതിനാല്‍ സമത്വമില്ലെങ്കില്‍ പരിസ്ഥിതി ഇല്ലെന്നും, പരിസ്ഥിതിയില്ലെങ്കില്‍ സമത്വം ഉണ്ടാവുകയില്ലെന്നും പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നുണ്ട്. അതിനാല്‍ ഇന്ന് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ദൈവത്തിങ്കലേയ്ക്ക് തിരിയാം, ദൈവത്തെ വിളിച്ചപേക്ഷിക്കാം, കര്‍ത്താവേ, അങ്ങു ഞങ്ങളോടു കരുണതോന്നണേ! അവിടുന്നു ഞങ്ങളെ സഹായിക്കണമേ! (സങ്കീര്‍ത്തനം 30, 10).

Musical Version : Psalm 30 Unit Two

കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധനാമത്തിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
എന്തെന്നാല്‍ അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടാവുകയുള്ളൂ
അവിടുത്തെ പ്രസാദം ആ ജീവനാന്തം നിലനില്ക്കുന്നൂ
രാത്രിയില്‍ വിലാപമുണ്ടായേക്കാം എന്നാല്‍
പ്രഭാതത്തോടെ സന്തോഷം വരവായി.

7. തിരുച്ചുവരവിന്‍റെ ആനന്ദം
- സ്നേഹവും കരുണയും നന്ദിയും

ദൈവത്തിന്‍റെ സൃഷ്ടിയെന്ന നിലയില്‍ മറ്റേതു ജീവിയെയുംകാള്‍ കഴിവും കരുത്തുമുള്ളവനാണ് മനുഷ്യന്‍. സങ്കീര്‍ത്തകന്‍ അത് വരികളില്‍ പ്രകടമാക്കുന്നുണ്ട്. അവന്‍ പാറപോലെ, പര്‍വ്വതംപോലെ ഉറച്ചരൂപമാണെന്ന് സങ്കീര്‍ത്തനം 30-ലെ വരികള്‍ വിവരിക്കുന്നു. സൃഷ്ടിയുടെ മകുടമാണ് ബുദ്ധിയും വിവേകവും ചിന്താശക്തിയുമുള്ള മനുഷ്യന്‍ എന്ന സത്യമാണ് സങ്കീര്‍ത്തകന്‍ വരികളില്‍ വരച്ചുകാട്ടുന്നത്. നശിച്ചുപോകേണ്ടവനല്ല, തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ അനുതാപത്തോടെ ദൈവത്തിങ്കലേയ്ക്ക് തിരിച്ചുചെല്ലേണ്ടതാണെന്നു സങ്കീര്‍ത്തകന്‍ ഓര്‍പ്പിക്കുന്നു.

ദൈവം എപ്പോഴും നമ്മോടു അനുകമ്പ അല്ലെങ്കില്‍ കാരുണ്യം കാട്ടിയിട്ടുണ്ട്. ആ കാരുണ്യം നാം അനുദിന ജീവിതത്തില്‍ സഹോദരങ്ങളോടും സഹജീവികളോടും കാണിക്കുവാന്‍ കടപ്പെട്ടവരാണ്. പക്ഷെ അതത്ര എളുപ്പമുള്ള വികാരവുമല്ല. അപരനുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കലാണത്, രമ്യതയുടെയും സ്നേഹത്തിന്‍റെയും ബന്ധം... തനിക്ക് അറിയുകപോലുമില്ലാത്ത ദൗര്‍ഭാഗ്യവാനായ വ്യക്തിയെ അനുകമ്പയാല്‍ പ്രേരിതനായി പരിചരിച്ച നല്ല സമരിയാക്കാരനെപ്പോലെ... (ലൂക്ക 10, 33-34) അനുകമ്പയുള്ളവര്‍ ആവശ്യത്തിലായിരിക്കുന്നവന്‍റെ സഹായം സ്വയം ഏറ്റെടുക്കുന്നു. ഫലപ്രദവും ക്രിയാത്മകവുമായ ഇത്തരം സ്നേഹപ്രവൃത്തികളാണ് ലോകത്തിനു വേണ്ടത്. കാഴ്ചക്കാരായിനിന്നുകൊണ്ട് അഭിപ്രായം പറയുന്ന ആളുകളെയല്ല. അപമാനം തുടച്ചുനീക്കി അന്തസ്സ് വീണ്ടെടുക്കാന്‍ അപരനുവേണ്ടി കൈകള്‍ അഴുക്കാക്കാന്‍ സന്നദ്ധരായവരെയാണ് ഇന്നാവശ്യം. അപ്പോള്‍ അവസാനം തിരിച്ചുവരവിന്‍റെ ആനന്ദം സ്നേഹമാണ്! നന്ദിയുടെയും സ്തുതിപ്പിന്‍റെയും ആനന്ദം കരുണയുള്ള സ്നേഹമാണ്. അതെന്നും ദൈവസന്നിധിയില്‍ ആലപിക്കുവാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ! സങ്കീര്‍ത്തനം 30-ലെ ചിന്തകള്‍ പ്രചോദനമാവട്ടെ!!

Musical Version : Psalm 30 Unit Three
3. കര്‍ത്താവേ, എന്‍റെ യാചന കേട്ടു കരുണതോന്നണേ
അവിടുന്നെന്നെ സഹായിക്കണമേ
ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്കെന്നും
നന്ദിയര്‍പ്പിക്കുന്നു.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. 

അടുത്തയാഴ്ചയില്‍ 63-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം നമുക്ക് ആരംഭിക്കാം.
 

29 September 2020, 12:42