തിരയുക

Buddist Religious observances on full moon day in Sri Lanka Buddist Religious observances on full moon day in Sri Lanka  

നന്ദിയുടെ അര്‍ച്ചനയായൊരു സ്തുതീഗിതം

30–Ɔο സങ്കീര്‍ത്തനം ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം അഞ്ചാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

നന്ദിയുടെ സ്തുതിപ്പ് - ഭാഗം അഞ്ച്


1. ആത്മീയവിചിന്തനം തുടര്‍ച്ച
സങ്കീര്‍ത്തനം 30 - ഈ കൃതജഞതാഗീതത്തിന്‍റെ ആത്മീയവിചിന്തനം നാം തുടരുകയാണ്. 1-മുതല്‍ 7-വരെയുള്ള വരികള്‍ നാം പഠിച്ചതാണ്. ഒരു ജനത്തിന് ദൈവം നല്കിയ നന്മകള്‍ക്ക് അവിടുത്തെ സ്തുതിച്ചു പാടുന്ന നന്ദിയുടെ വികാരം വിതുമ്പിനില്ക്കുന്ന ഗീതമാണ് 30-Ɔο സങ്കീര്‍ത്തനമെന്ന് ആദ്യത്തെ 5 വരികളുടെ ആത്മീയ വിചിന്തനത്തില്‍ നാം കണ്ടുകഴിഞ്ഞു. ഇസ്രായേല്‍ ജനത വിളിക്കുന്ന യാവേ... എന്ന ഏകനാമം അവരുടെ ചരിത്രത്തില്‍ ദൈവം ചെയ്ത നന്മകളുടെ സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന് തുടര്‍ന്നുള്ള 5, 6 വരികളില്‍ ഇസ്രായേലിന്‍റെ ചരിത്രം ഒളിഞ്ഞുകിടക്കുന്നതു കാണാം :

2. ഇസ്രായേല്‍ ജനതയുടെ  ചരിത്ര സ്മരണകള്‍
a) പൂര്‍വ്വപിതാക്കന്മാര്‍ക്ക് നന്മയുടെ വാഗ്ദാനങ്ങള്‍ നല്കിയ യാവേ..., ദൈവം അവരുമായി ഉടമ്പടിയുമുണ്ടാക്കി.
b) തന്‍റെ ജനത്തിന് സ്വന്തമായി വാഗ്ദത്തഭൂമി നല്കിയ സ്രഷ്ടാവായ ദൈവം തന്നെയാണ്, അടിമത്വത്തില്‍നിന്നും അവരെ സ്വതന്ത്രമാക്കിയ വിമോചകനും രക്ഷകനും.
c) തന്‍റെ ഉടമ്പടികള്‍ സദാ ഓര്‍ക്കുകയും പാലിക്കുകുയം ചെയ്യുന്ന പരിപാലകന്‍, ജനത്തെ നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഇസ്രായേലിന്‍റെ ഇടയനാണ്.
d) അവര്‍ക്കു വാഗ്ദാനങ്ങള്‍ നല്കിയ തമ്പുരാന്‍ അവരെ പകല്‍ മേഘസ്തംഭമായും രാത്രിയില്‍ അഗ്നിശലാഖയായും നയിക്കുന്നു.
e) വളരെ പ്രകടവും അത്ഭുതകരവുമായ പ്രവൃത്തികളിലൂടെ താന്‍ ദൈവവും, അവര്‍ തന്‍റെ സ്വന്തം ജനവുമാണെന്ന് ദൈവം അവര്‍ക്കു തെളിയിച്ചു കൊടുത്തു.
f) അവസാനം ഒരു ഉച്ചസ്ഥായി എന്നപോലെ തന്നെത്തന്നെ ഉദാരമതിയും ക്ഷമാശീലനും സ്നേഹമ്പന്നനുമാണെന്നും (God of loyal love, steadfasst love, Hesed) സങ്കീര്‍ത്തനം 30 വ്യക്തമാക്കിത്തരുന്നു.
അങ്ങനെ ജനതകളുമായി ഇത്രയേറെ ബന്ധപ്പെട്ടൊരു ദൈവത്തെയാണ് ജനം ഒന്നുചേര്‍ന്ന് ദൈവാലയത്തില്‍ സ്തുതിക്കുന്നത്. അങ്ങനെയുള്ള ഈ സ്തുതിപ്പിന്‍റെ രംഗചിത്രീകരണം ആര്‍ക്കും ഭാവനയില്‍ കൊണ്ടുവരാവുന്നതുമാണ് (സങ്കീ. 30, 4-5).

Musical Version of Ps 30 Antiphon
കര്‍ത്താവേ ഞാനങ്ങേ പാടിപ്പുകഴ്ത്തും
എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷ നല്കി. (2).

3. രക്ഷകനായ ദൈവത്തിന് നന്ദിപറയുന്ന ഗീതം
ഇന്നു നമുക്ക് 6-മുതല്‍ 9-വരെയുള്ള വരികളുടെ ആത്മീയവിചിന്തനത്തിലേയ്ക്കു കടക്കാം. ഇത് മൂന്നാം ഘട്ടമാണ്. ആദ്യഘട്ടം, രക്ഷകനായ ദൈവത്തിന് നന്ദിപറയുന്ന വരികളാണെന്നു നാം കണ്ടതാണ്. രണ്ടാംഘട്ടം, ദൈവം തന്‍റെ ജനത്തിനായി തന്‍റെ പേരും രൂപവും വെളിപ്പെടുത്തുന്നത് സങ്കീര്‍ത്തകന്‍ വരികളില്‍ ഒളിഞ്ഞുകിടക്കുന്നു. അത് “യാവേ” (Yahweah) എന്ന ഏകനാമത്തെയും, പരിശുദ്ധ നാമത്തെയും കുറിച്ചു നാം കഴിഞ്ഞ ഭാഗത്ത് പഠിച്ചതാണ്. തുടര്‍ന്ന് ഗീതത്തിന്‍റെ മൂന്നാം ഘട്ടം, 6-മുതല്‍ 9-വരെ വരികള്‍ ശ്രവിച്ചുകൊണ്ട് പഠനം തുടരാം.

Recitation of Ps. 30 verses 6-9.
ഒരിക്കലും കുലുങ്ങുകയില്ലെന്ന്
ഐശ്വര്യ കാലത്ത് ഞാന്‍ പറഞ്ഞു
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ
ശക്തമായ പര്‍വ്വതംപോലെ ഉറപ്പിച്ചിരുന്നു,
പാറപോലെ ഉറപ്പിച്ചിരിക്കുന്നു.
എന്നാല്‍ അങ്ങു മുഖം മറച്ചപ്പോള്‍
ഞാന്‍ പരിഭ്രമിച്ചുപോയി.
അങ്ങയോടു ഞാന്‍ നിലവിളിച്ചു,
കര്‍ത്താവിനോടു ഞാന്‍ യാചിച്ചു.
പാതാളത്തില്‍ പതിച്ചാല്‍
എന്‍റെ മരണംകൊണ്ട് എന്തു ഫലം?
ധൂളി അങ്ങയെ വാഴ്ത്തുമോ?
അങ്ങയുടെ വിശ്വസ്തതയെ അത് പ്രഘോഷിക്കുമോ?

4. ദൈവത്തില്‍ ശരണപ്പെടുന്നവര്‍ക്കു
ലഭിക്കുന്ന കൃപാസ്പര്‍ശം

അപ്പോള്‍ സങ്കീര്‍ത്തനത്തിന്‍റെ മൂന്നാംഘട്ടം വരികള്‍, 7-മുതല്‍ 9-വരെ വരികള്‍ കര്‍ത്താവിന്‍റെ കാരുണ്യത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്നവര്‍ക്കു ലഭിക്കുന്ന സങ്കേതമാണ് അവിടുന്നെന്നു തെളിയിക്കുന്നു. വ്യക്തി ദൈവത്തെ അന്വേഷിക്കുകയും, അവിടുന്നില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്തതിനാല്‍ അയാളെ ശക്തമായൊരു പര്‍വ്വതംപോലെ അവിടുന്ന് ഉറപ്പിച്ചിരിക്കുകയും വളര്‍ത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍ താന്‍ ഒരിക്കലും കുലുങ്ങുകയില്ലെന്ന് സങ്കീര്‍ത്തകന്‍ ആലപിക്കുന്നു. അതായത്, ദൈവത്തില്‍ ശരണപ്പെടുന്നവര്‍ക്ക് അവിടുത്തെ കാരുണ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും കൃപയും, അതുവഴി, ഉറച്ച പാറപോലുള്ള സ്ഥിരതയും സുസ്ഥിതിയും ലഭിക്കുമെന്നാണ് 6, 7 വരികള്‍ വ്യക്തമാക്കുന്നത്. ഇത് 30-Ɔο സങ്കീര്‍ത്തനത്തിന്‍റെ ഏറെ പ്രത്യാശ പകരുന്നതും പ്രചോദനാത്മകവുമായ ഭാഗമാണെന്ന് നിരീക്ഷിക്കാം.

5. ദൈവിക വെളിച്ചം പങ്കുവയ്ക്കേണ്ടവര്‍
അതായത്, പാറപോലെ തന്‍റെ വിശ്വസ്തതയും അചഞ്ചലമായ സ്നേഹവും പ്രകടമാക്കുന്ന ദൈവം, തന്നില്‍ ശരണപ്പെടുന്ന മനുഷ്യനെയും പര്‍വ്വതംപോലെ ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നുവെന്നാണ് വരികള്‍ ഉദ്ബോധിക്കുന്നത്. ഇത് ഈ സങ്കീര്‍ത്തനത്തിന്‍റെ കാതലായ സന്ദേശവുമാണ്. ദൈവത്തിന്‍റെ കൃപ ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തി,
ആ കൃപാതിരേകത്തിന്‍റെ സ്രോതസ്സായി ജീവിക്കണമെന്ന സന്ദേശമാണ് 7-Ɔമത്തെ വരി ഉള്‍ക്കൊള്ളുന്നത്. ഇത് പുതിയ നിയമത്തില്‍ ക്രിസ്തു പഠിപ്പിച്ച പാഠവുമാണ്. നിങ്ങള്‍ ദൈവത്തിന്‍റെ വിളക്കും പ്രകാശവുമാണ്. ദൈവിക വെളിച്ചം തേടിയവര്‍ ലോകത്ത് പ്രകാശമായി, ക്രിസ്തുസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വിളക്കും വെളിച്ചവുമായി ക്രിസ്തുശിഷ്യര്‍ പ്രശോഭിക്കേണ്ടിയിരിക്കുന്നു എന്ന സന്ദേശം ഈ സങ്കീര്‍ത്തന വരികള്‍ക്കിടയില്‍നിന്നും ആര്‍ക്കും വായിച്ചെടുക്കാവുന്നതാണ്.

Musical Version : Psalm 30 Unit One
എന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍
അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോള്‍
അവിടുന്നെന്നെ സുഖപ്പെടുത്തി.
ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല
അവിടുന്നെന്നെ പാതാളത്തില്‍നിന്നും കരകയറ്റി
മരണഗര്‍ത്തത്തില്‍നിന്നുമെന്നെ അങ്ങ് ജീവനിലേയ്ക്കു നയിച്ചു.

6. ദൈവകൃപ നഷ്ടപ്പെടുത്തുന്നവര്‍
ഇനി 7-Ɔമത്തെ വരിയെ തൊട്ടുരുമ്മിവരുന്ന വരികള്‍ മനുഷ്യ ജീവിതത്തിന്‍റെ ക്ലേശങ്ങളാണു വിവരിക്കുന്നത്. ഈ വരികള്‍ നമുക്ക്, നിങ്ങള്‍ക്കും എനിക്കും ഒരു താക്കീതു നല്കുകയാണ്. ദൈവം എന്നില്‍നിന്നും മുഖം മറച്ചാല്‍, മുഖം തിരിച്ചാല്‍...  അതായത് വ്യക്തി ദൈവകൃപ നഷ്ടമാക്കിയാല്‍, തുടര്‍ന്ന് അവന്‍, അവള്‍ പരിഭ്രാന്തിയില്‍ അമരുന്നതായി 8-Ɔമത്തെ വരി വരച്ചുകാട്ടുന്നു. പിന്നെ പരിഭ്രാന്തി നിലവിളിയായി ഉയരുകയാണ്. ആ നിലവിളി ഒരു യാചനയായി ദൈവസന്നിധിയിലേയ്ക്ക് വ്യക്തി ഉയര്‍ത്തുന്നതാണ് 9-Ɔമത്തെ വരിയായി രൂപപ്പെടുന്നത്. ഈ യാചന ഏറെ ഹൃദയസ്പര്‍ശിയും ശ്രദ്ധേയവുമാണ്, ജീവല്‍ബന്ധിയാണ്.

Recitation of Ps. 30 verse 9.
“ദൈവമേ, അങ്ങേ കൃപ എന്നില്‍നിന്നും
പിന്‍വലിച്ചതിനാല്‍ ഞാന്‍ മൃതനായി മാറും” (9).

7. ദൈവത്തില്‍ ശരണപ്പെടുന്നവര്‍
വ്യക്തിയുടെ ആത്മവിനാശമാണ് മരണമായി ഭവിക്കുന്നത്. അങ്ങനെ ദൈവകൃപ നഷ്ടപ്പെട്ട് ഞാന്‍ പാതാളത്തില്‍ നിപതിച്ചാല്‍ അതുകൊണ്ട് എന്തു ഫലമാണുള്ളതെന്ന് സങ്കീര്‍ത്തകന്‍ തന്‍റെ വിലാപമായി ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തുന്നു, ദൈവത്തോടു ചോദിക്കുന്നു, വിലപിക്കുന്നു!  പൂഴിപോലെ തന്‍റെ അസ്തിത്വം ഫലശൂന്യമാകുമെന്നും, ദൈവത്തെ സ്തുതിക്കുവാന്‍ അതുവഴി താന്‍ കെല്പില്ലാത്തവനായി തീരുമെന്നും, തന്‍റെ ജീവിതം അര്‍ത്ഥശൂന്യമായിത്തീരുമെന്നും ഗായകന്‍ ദൈവത്തോടു വരികളില്‍ പരാതിപ്പെടുകയാണ്. അങ്ങനെ പൂഴിയായിത്തീരുന്ന തന്‍റെ ദേഹം ദൈവത്തോടുള്ള വിശ്വസ്തത പ്രകീര്‍ത്തിക്കുവാന്‍ അശക്തമായി ഭവിക്കുമെന്ന് ആശങ്കയോടും ഭീതിയോടുംകൂടെ ദൈവത്തിന്‍റെ മുന്നില്‍ തന്‍റെ നിസ്സഹായത സങ്കീര്‍ത്തകന്‍ വരികളില്‍ ഉണര്‍ത്തിക്കുന്നു.

Recitation of Ps. 30, verse 9.
ഞാന്‍ പാതാളത്തില്‍ നിപതിച്ചാല്‍
എന്‍റെ മരണംകൊണ്ട് എന്തു ഫലം?
ധൂളി അങ്ങയെ വാഴ്ത്തുമോ?
അങ്ങയുടെ വിശ്വസ്തതയെ അത് പ്രഘോഷിക്കുമോ?

8. ദൈവിക വെളിച്ചത്തില്‍ വസിക്കാം
അതിനാല്‍ മരണഗര്‍ത്തത്തില്‍ നിപതിക്കുകയും ധൂളിയായി മാറുകയും ചെയ്യും മുന്‍പേ, എന്‍റെ ജീവിതം അവസാനിക്കുംമുന്‍പേ ദൈവത്തിന്‍റെ കൃപയില്‍ ആശ്രയിച്ച്, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് അവിടുത്തെ അനുഗ്രഹങ്ങളുടെയും രക്ഷയുടെയും വെളിച്ചത്തില്‍ ദൈവത്തിന്‍റെ പാറയായി ജീവിക്കാന്‍ അവിടുത്തോടു വിശ്വസ്തരായവര്‍ക്കും, അവിടുത്തെ വിശ്വസ്ത ജനത്തിനും സാധിക്കുമെന്ന് സങ്കീര്‍ത്തനം 30-ന്‍റെ 6-മുതല്‍ 9-വരെയുള്ള വരികളുടെ ആത്മീയവിചിന്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം രമേഷ് മുരളിയും സംഘവും.


Musical Version : Psalm 30 Unit Two
കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധനാമത്തിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
എന്തെന്നാല്‍ അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടാവുകയുള്ളൂ
അവിടുത്തെ പ്രസാദം ആ ജീവനാന്തം നിലനില്ക്കുന്നൂ
രാത്രിയില്‍ വിലാപമുണ്ടായേക്കാം എന്നാല്‍
പ്രഭാതത്തോടെ സന്തോഷം വരവായി.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര. അടുത്തയാഴ്ചയില്‍  30-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയവിചിന്തനം തുടരും (ഭാഗം ആറ്).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2020, 15:28