മലിനീകരണം ഒഴിവാക്കി ഭൂമിയെ സംരക്ഷിക്കാം
- ഫാദര്‍ ജോഷ്ട്രോം ഐസക് എസ്. ഡി. ബി.
1. ഓസോണ്‍ പാളി നിയന്ത്രണത്തിന്‍റെ ആഗോളദിനം
ഭൂമിയുടെ താപാവസ്ഥ നിയന്ത്രിക്കാന്‍ ജീവനു ഹാനികരമായ ഹരിതവാതക ബഹിര്‍ഗമനം നിയന്ത്രക്കേണ്ടത് അനിവാര്യമാണെന്ന് സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. ജോഷ്ട്രോം ഐസക് എസ്.ഡി.ബി. അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 16, ബുധനാഴ്ച യുഎന്‍ ആചരിച്ച “ഓസോണ്‍ പാളി നിയന്ത്രണത്തിനുള്ള ആഗോളദിന”ത്തില്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഓസോണ്‍ പാളിയുടെ ശാസ്ത്രീയവശങ്ങള്‍ വ്യക്തമാക്കിയത്.
2. ഭൂമി മാനവകുലത്തിന്‍റെ പൊതുഭവനം
സൗരയൂഥത്തിലെ വാസയോഗ്യമായ സ്ഥലവും, ജീവനെ സംരക്ഷിക്കുന്ന ഇടവും ഭൂമി മാത്രമാണ്. സൃഷ്ടിക്കുശേഷം ജീവന്‍റെ സുസ്ഥിതിക്ക് അനുയോജ്യമായ താപനില കാലത്തികവില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് സസ്യജാലങ്ങളും ജീവജാലങ്ങളും ഭൂമിയില്‍ ഉല്പത്തി എടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശതകോടി വര്‍ഷങ്ങളുടെ പരിണാമത്തിലൂടെയാണ് ഇന്നത്തെ ഭൂമിയുടെ ആവാസഗേഹം യാഥാര്‍ത്ഥ്യമായത്. ഭൂമിയിലെ ജീവന്‍റെ സുസ്ഥിതിയുടെ കവചമാണ് അന്തരീക്ഷത്തിന്‍റെ മേല്‍ത്തട്ടിലെ ഓസോണ്‍ പാളിയെന്നും ഡോ. ജോഷ്ട്രോം വിശദീകരിച്ചു.
3. മനുഷ്യര്‍ കാരണമാക്കുന്ന വിഷവാതകങ്ങള്‍
എന്നാല്‍ മെല്ലെ മെല്ലെ, നൂറ്റുകളായി 21 ശതമാനം മാത്രമായിരുന്ന ഭൂമിക്കു മുകളിലെ ഹരിതവാതക പാളിയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുമാറ് ഭൂമിയില്‍നിന്നും കാര്‍ബണ്‍ഡയോക്സൈഡ് പോലുള്ള മലിന വാതകങ്ങള്‍ കണക്കില്ലാതെ ഉയരുവാന്‍ തുടങ്ങിയതാണ് സംരക്ഷണ കവചത്തില്‍ വിള്ളല്‍ വീണ് ഭൂമിയിലേയ്ക്ക് വിപരീതഗുണമുള്ള സൂര്യരശ്മികള്‍ പ്രവേശിക്കാന്‍ തുടങ്ങിയതോടെയാണ് ഭൗമാന്തരീക്ഷത്തിലെ താപനില വര്‍ദ്ധിക്കുവാന്‍ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
വാഹനങ്ങളുടെ പുക, വ്യവസായ മേഖലകള്‍ വമിക്കുന്ന കാര്‍ബണ്‍ വാതകങ്ങള്‍, ഭൂമിയില്‍ മനുഷ്യര്‍ കത്തിച്ചു കൂട്ടുന്ന കടലാസ് പ്ലാസ്റ്റിക്ക് വെയിസ്റ്റ് എന്നിവയില്‍നിന്നും അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ പൊടിപടലം, അശാസ്ത്രീയമായ മാലിന്യക്കൂമ്പാരങ്ങളും, മാലിന്യസംസ്കരണ പദ്ധതികളും ഭൂമിയുടെ സംരക്ഷണ വലയമായ ഓസോണ്‍ പാളിയുടെ സന്തുലിതാവസ്ഥ തകിടം മറിച്ച്, അതില്‍ ഏറെ വിള്ളലുകള്‍ സൃഷ്ടിക്കുകയും ഭൂമിയിലെ താപനില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഭൂമിക്കും ജീവനും ഹാനികരമായ പ്രതിഭാസം തുടരുകയാണെന്ന് ഫാദര്‍ ജോഷ്ട്രോം നിരീക്ഷിച്ചു.
4. ഭൂമിദിനം നല്കിയ അവബോധം
1850-ല്‍ അത് 0.1 ശതമാനം ഉയര്‍ച്ചയില്‍ എത്തിയത് ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചു. അത് 1970 ആയപ്പോഴേയ്ക്കും 1 ശതമാനത്തോടു അടുത്തതായി ശാസ്ത്രലോകം കണ്ടെത്തി. ഭൂമിയിലെ ഓസോണ്‍ പാളിയെയും, ഭൂമിയെത്തന്നെയും സംരക്ഷിക്കണമെന്ന ആശയവുമായാണ് ആഗോളതലത്തില്‍ പ്രഥമ ഭൂമിദിനം ഐക്യരാഷ്ട്ര സഭ ആചരിച്ചത്. അന്ന് യുഎന്‍ നല്കിയ അവബോധത്തില്‍ 20 കോടി ജനങ്ങള്‍ 1970-ലെ ഭൂമി ദിനാചാരണത്തില്‍ പങ്കെടുത്തത് പരിസ്ഥിതി സംരക്ഷണത്തിന്‍റെ മേഖലയിലെ ആദ്യ ചുവടുവയ്പായിരുന്നുവെന്ന് ഫാദര്‍ ജോഷ്ട്രോം പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രാഷ്ട്രങ്ങളില്‍ വളര്‍ന്ന വമ്പിച്ച വ്യവസായവത്ക്കരണവും, പെട്രോളിയം ഉല്പന്നങ്ങളുടെ വര്‍ദ്ധനവും, പെട്രോളിയം ലോബിയുമെല്ലാം ജീവനു ഹാനികരമായ വിധത്തിലും ഉല്പന്നങ്ങള്‍ വര്‍ദ്ധിപ്പിച്ച് ലാഭം കൊയ്യുന്ന ലക്ഷ്യം മാത്രം ഉന്നംവച്ചു നീങ്ങുകയായിരുന്നു.
5. പ്രകൃതിയെ അവഗണിക്കുന്ന വികസനം
ഇതിന്‍റെയെല്ലാം തിക്തഫലങ്ങളാണ് പതിറ്റാണ്ടുകളായി മനുഷ്യര്‍ ഭൂമിയില്‍ അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, കൃഷിനാശം, മരുവത്ക്കരണം, ഹിമപാളികള്‍ ഉരുകുന്ന പ്രക്രിയ, സമുദ്രനിരപ്പിന്‍റെ ഉയര്‍ച്ച, പേമാരി, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയെന്ന് സലീഷ്യന്‍ വൈദികനായ ഫാദര്‍ ജോഷ്ട്രോം വിശദമാക്കി. യുഎന്‍ ഭൂമി ദിനത്തിന്‍റെ 50 വര്‍ഷം കഴിഞ്ഞിട്ടും, ഓസോണ്‍ പാളി സംരക്ഷണ ദിനം അനുവര്‍ഷം ആചരിച്ചിട്ടും രാഷ്ട്രനേതാക്കളും വ്യവസായികളും ലാഭത്തിനും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി മാനവികതയുടെ സുസ്ഥിതി മറന്നും, ജീവനെ ഭൂമിയില്‍ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്ത്വം അവഗണിച്ചും പ്രവര്‍ത്തിക്കുന്നത് ഖേദകരമാണെന്ന് പാരിസ്ഥിതിയുടെയും ഭൂമിയില്‍ ജീവന്‍റെയും സംരക്ഷണത്തിന്‍റെ ശാസ്ത്രീയ വശങ്ങള്‍ അറിയുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.
6. “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ” ഒരു പ്രവാചകശബ്ദം
ഉടമ്പടികള്‍ തെറ്റിച്ചും, ഉച്ചകോടികള്‍ അലസിപ്പിരിഞ്ഞും രാഷ്ട്രനേതാക്കള്‍ അനിയന്ത്രിതമായ രീതിയില്‍ ലാഭം കൊയ്യാന്‍ വ്യവസായങ്ങളിലൂടെ ശ്രമിക്കുമ്പോള്‍ ലോകം ഇന്ന് വന്‍ദുരന്തങ്ങളും മഹാമാരിയും നേരിടുകയാണ്. വ്രണപ്പെട്ട ലോകത്തിന്‍റെ അവസ്ഥ മാനസ്സിലാക്കിക്കൊണ്ടെന്നോണം തന്‍റെ സ്ഥാനാരോഹണത്തിന്‍റെ ആദ്യ വര്‍ഷത്തില്‍ത്തന്നെ പാപ്പാ ഫ്രാന്‍സിസ് പ്രഥമ അപ്പസ്തോലിക പ്രബോധനം, “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”, Laudato Si’ ഒരു ചാക്രികലേഖനമായി പ്രകാശനംചെയ്തു. നമ്മുടെ പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനുള്ള ഏറെ സമഗ്രവും സംയോജിതവുമായ ആഹ്വാനമാണ് പാപ്പാ ലോകത്തിനു നല്കിയത്. മാനവകുടുംബം സാഹോദര്യത്തിലും സമാധാനത്തിലും ഭൂമിയില്‍ നിലനില്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലോകത്തോട് പാപ്പാ അഭ്യര്‍ത്ഥിച്ചത് ദൈവപ്രചോദിമായ ചരിത്ര യാഥാര്‍ത്ഥ്യമായി താന്‍ കാണുന്നുവെന്ന് ഫാദര്‍ ജോഷ്ട്രോം വ്യാഖ്യാനിച്ചു.