കഥ പറച്ചിലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്
1. കഥപറച്ചിലുകള്‍ ജനതകളുടെ
നിശ്വാസവും സ്പന്ദനവുമാണ്
പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും അല്ലെങ്കില്‍ നാട്ടറിവുകളും സംസ്കാരങ്ങള്‍ക്ക് ജീവവായു നല്കുന്നു. മാധ്യമബാഹുല്യം മൂലം വിവരവിസ്ഫോടനത്തിന് വിധേയമായ ഇക്കാലത്ത് യാഥാര്‍ത്ഥ്യം ആവിഷ്കൃത യാഥാര്‍ത്ഥ്യമായിത്തീരുന്നു. മിഥ്യാവാര്‍ത്തകളും കാലുഷ്യ പ്രചാരണങ്ങളും അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്തെ “സത്യാനന്തരകാലം” എന്നു ചില ചിന്തകര്‍ വിശേഷിപ്പിക്കുന്നത് അര്‍ത്ഥവത്താണ്.
ഈ വര്‍ഷത്തെ ലോക മാധ്യമ ദിന സന്ദേശത്തിന് വിഷയമായി കഥപറച്ചിലിനെ പാപ്പാ ഫ്രാന്‍സിസ് തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. നിര്‍മ്മലമായ ആനന്ദവും സന്മാര്‍ഗ്ഗ ദിശാബോധവും നല്കാന്‍ കഥപറച്ചിലുകള്‍ക്ക് കഴിവുണ്ട്. ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ എത്രയെത്ര കഥകളാണ് യേശു പറഞ്ഞത്. വിശുദ്ധ ഗ്രന്ഥത്തില്‍ ഉല്പത്തിയും പുറപ്പാടും മുതല്‍ അവസാനം വെളിപാടിന്‍റെ പുസ്തകംവരെ എത്രയോ കഥകളാണ്! ഇങ്കാ, മായന്‍ സംസ്കാരങ്ങളുടെയും ഇതിഹാസ കഥാകാരന്മാരുടെയും ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നു വരുന്ന പാപ്പാ ഫ്രാന്‍സിസ് മാധ്യമദിന സന്ദേശത്തിന് കഥപറച്ചില്‍ വിഷയമാക്കിയത് ഏറെ പ്രസക്തമാണ്.
2. ചരിത്രമായി മാറുന്ന ജീവിതം
ഈ വര്‍ഷത്തെ സന്ദേശം കഥപറച്ചില്‍ എന്ന വിഷയത്തിനായി സമര്‍പ്പിക്കുകയാണ്. കാരണം നല്ല കഥകളില്‍ അടങ്ങിയിരിക്കുന്ന സത്യത്തെ നമ്മുടേതാക്കി മാറ്റിയെങ്കില്‍ മാത്രമേ ജീവിതവ്യഗ്രതകള്‍ക്കിടയില്‍ മനുഷ്യന്‍റെ സമചിത്തത നഷ്ടപ്പെടാതിരിക്കൂ എന്നു താന്‍ വിശ്വസിക്കുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പറയുന്നു. കഥകള്‍ നമ്മെ വളര്‍ത്തുന്നവയാണ്, അല്ലാതെ തളര്‍ത്തുന്നവയല്ല. നമ്മുടെ വേരുകളെയും മുന്നോട്ടു നീങ്ങാന്‍ ആവശ്യമായ കരുത്തിനെയും വീണ്ടെടുക്കുന്ന കഥകള്‍ കേള്‍ക്കേണ്ടതും പറയേണ്ടതുമാണ്.
നമ്മെ വലയംചെയ്തിരിക്കുന്ന ശബ്ദകോലാഹലത്തിനു നടുവില്‍, നമുക്കു ചുറ്റുമുള്ള സൗന്ദര്യത്തെക്കുറിച്ചും നമ്മെക്കുറിച്ചു തന്നെയും സംസാരിക്കുന്ന മാനുഷികമായ കഥകള്‍ നമുക്ക് ആവശ്യമുണ്ട്. ആര്‍ദ്രമായ കടാക്ഷത്തോടെ നമ്മുടെ ലോകത്തെയും അതിലെ സംഭവ വികാസങ്ങളെയും പരിഗണിക്കുന്ന ആഖ്യാനമായിരിക്കണം അവ. പരസ്പര ബന്ധമുള്ള, സജീവമായ ഒരു ചിത്രകമ്പളം അല്ലെങ്കില്‍ ശീലയുടെ ഭാഗമാണ് നമ്മള്‍ എന്നു പറയാന്‍ കഴിയുന്നതാണ് ഒരു ആഖ്യാനം അല്ലെങ്കില്‍ കഥ. ഓരോരുത്തരെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇഴകളെ വെളിവാക്കാന്‍ കഴിവുള്ള ആഖ്യാനമാണ് നമുക്ക് ആവശ്യം.
3. കഥകള്‍ നെയ്തെടുക്കുമ്പോള്‍
മനുഷ്യര്‍ കഥപറയുന്നവരാണ്. ആഹരിക്കാനാവാതെ വരുമ്പോള്‍ വിശക്കുന്നതുപോലെ, കുട്ടികള്‍ കഥകള്‍ കേള്‍ക്കാന്‍ ആര്‍ത്തികാട്ടാറുണ്ട്. പലപ്പോഴും നാം അറിയുന്നില്ലെങ്കിലും മുത്തശ്ശിക്കഥകള്‍, നോവലുകള്‍, വാര്‍ത്തകള്‍, സിനിമകള്‍, ഗാനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രൂപത്തില്‍ പുറത്തുവരുന്ന കഥകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അവയില്‍നിന്നെല്ലാം നാം സ്വാംശീകരിക്കുന്ന കഥകളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് മിക്കവാറും ജീവിതത്തില്‍ നാം തെറ്റും ശരിയും തീരുമാനിക്കുന്നത്. (2) കഥകള്‍ അവയുടെ മുദ്ര നമ്മില്‍ പതിപ്പിക്കുന്നു, നമ്മുടെ സ്വഭാവത്തെയും ബോധ്യങ്ങളെയും അവ രൂപപ്പെടുത്തുന്നു. നാം ആരാണെന്ന് സ്വയം മനസ്സിലാക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും കഥകള്‍ നമ്മെ സഹായിക്കുന്നു.
ജീവിതത്തിലെ വ്രണിതഭാവത്തിന്‍റെ നഗ്നത മറയ്ക്കുവാന്‍ വസ്ത്രം ആവശ്യമുള്ളവര്‍ മനുഷ്യര്‍ മാത്രമാണ് (ഉല്പത്തി 3, 2). അതുപോലെ ജീവിതം സുരക്ഷമാക്കുവാന്‍ കഥകള്‍ കുപ്പായമാക്കുന്നവരും മനുഷ്യര്‍തന്നെയാണ്. വസ്ത്രം മാത്രമല്ല നാം നെയ്തെടുക്കുന്നത്, കഥകള്‍ നെയ്തെടുക്കുവാനും മനുഷ്യനു കഴിവുണ്ട്. “തെക്സേരേ...” (texere) എന്ന ലത്തീന്‍ വാക്കാണ് നെയ്തെടുക്കുക എന്ന വാക്കിന്‍റെ ഉല്പത്തി. അതില്‍നിന്നാണ് തീര്‍ച്ചയായും “ടെക്സ്റ്റൈല്‍...” (textile) തുണി എന്ന വാക്കും, “ടെക്സ്റ്റ്…” (text) എഴുത്ത് എന്ന വാക്കുകൂടി മൂലമെടുക്കുന്നത്.
അങ്ങനെ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള കഥകള്‍ക്കെല്ലാം തന്നെ പൊതുവായ ഒരു തറിയുണ്ടെന്നു പറയാം (loom).
ഒരു സ്വപ്നത്തെ പിന്തുടര്‍ന്ന് വിഷമകരമായ സാഹചര്യങ്ങളോട് പൊരുതി തിന്മയോട് പോരാടുന്ന ജീവിതത്തിലെ നിത്യനായകന്മാര്‍ ഉള്‍പ്പെടെ, വില്ലന്മാരും ചേര്‍ന്നാണല്ലോ ഒരു കഥ രൂപമെടുക്കുന്നത്. ആ കഥനത്തിലെ നൂലുകള്‍ സ്നേഹമാണ്. ജീവിതത്തില്‍ ധൈര്യംപകരുന്ന പ്രേരകശക്തിയും സ്നേഹമാണ്. അങ്ങനെ പൂര്‍ണ്ണമായും ജീവിതകഥയില്‍ മുഴുകിയാല്‍ വെല്ലുവിളികളെ നേരിടാന്‍ നമുക്കു കരുത്താര്‍ജ്ജിക്കുവാന്‍ സാധിക്കും. മനുഷ്യര്‍ കഥപറച്ചിലുകാരാണ്. കാരണം അനുദിന ജീവിതത്തിന്‍റെ ശീലയില്‍ ഇഴചേര്‍ന്ന നാം നമ്മെതന്നെ കഥകളിലൂടെ കണ്ടെത്തുകയും നമ്പന്നമാക്കുകയുമാണ്. ഉല്പത്തി മുതലേ മനുഷ്യജീവിതത്തിന്‍റെ കഥ ഭീഷണി നേരിടുന്നുണ്ട്. തിന്മ മനുഷ്യചരിത്രത്തിലൂടെ മെല്ലെ ഇഴഞ്ഞിഴഞ്ഞു കയറുന്നത് നമുക്കീ കഥയില്‍ കാണുവാന്‍ സാധിക്കും.
4. എല്ലാക്കഥകളും നല്ലതല്ല
“നിങ്ങള്‍ തോട്ടത്തിന്‍റെ നടുവിലുള്ള മരത്തിലെ കനി ഭക്ഷിച്ചാല്‍ ദൈവത്തെപ്പോലെയാകും…” (ഉല്പത്തി 3, 4). ബൈബിളിലെ ആദ്യപുസ്തകം ഉല്പത്തി, Genesis പറയുന്ന ഈ കഥ അനുസരിച്ച്, അഴിക്കാനാവാത്ത ഒരു കുരുക്കുമായാണ് ചരിത്രത്തിന്‍റെ ശീലയിലേയ്ക്ക് തിന്മയുടെ പ്രലോഭനം ഇഴുകിച്ചേര്‍ന്നിരിക്കുന്നത്. “തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിലെ പഴം കൈക്കലാക്കിയാല്‍ നിങ്ങള്‍ ദൈവത്തെപ്പോലെ ആയിത്തീരും… നിങ്ങള്‍ക്ക് ഇനിയും നേടാം, വാരിക്കൂട്ടാം, സമ്പാദിക്കാം...” എന്നാണ് സാത്താന്‍ മൊഴിഞ്ഞ കഥാസാരം (3)
ഒരു കാര്യം നാം ശ്രദ്ധിക്കണം, ചൂഷണം ലക്ഷ്യമാക്കി കഥപറയുന്നവര്‍ ഇന്നും ഉപയോഗിക്കുന്ന തന്ത്രമാണിത്. നേടുകയും കൈവശപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്താലേ നമുക്ക് എന്നും സന്തോഷവാന്മാരായിരിക്കാന്‍ കഴിയൂ, എന്ന് നമ്മെ ബോധ്യപ്പെടുത്തുകയും, നമ്മെ പറഞ്ഞു മയക്കുകയും ചെയ്യുന്നവര്‍ ഇന്നും ധാരാളമുണ്ട്. അങ്ങനെയുള്ള കഥകള്‍ കേട്ട് നാം അറിയാതെ തന്നെ സൊറപറച്ചിലിനും പരദൂഷണത്തിനും അടിമകളായിത്തീരുന്നു. മാത്രമല്ല, നാം മെല്ലെ അക്രമങ്ങളും അപവാദങ്ങളും ഇഷ്ടപ്പെടുന്നവരായി മാറുകയും ചെയ്യുന്നു. മിക്കവാറും ആശയവിനിമയ വേദികളില്‍ എന്താണ് സംഭവിക്കുന്നത്? സാംസ്കാരിക ശീലകളുടെയും സാമൂഹ്യ ബന്ധങ്ങളുടെയും ഇഴകള്‍ അടുപ്പിച്ച് ശക്തമാക്കുന്ന ക്രിയാത്മകമായ കഥകള്‍ക്കു പകരം, സമൂഹം എന്ന നിലയില്‍ നമ്മെ ചേര്‍ത്തുപിടിക്കുന്ന ലോലമായ നൂലുകളെ ദ്രവിപ്പിക്കുകയും പൊട്ടിക്കുകയും ചെയ്യുന്ന ഹിംസാത്മകവും പ്രകോപനപരവുമായ കഥകളാണ് ഇന്ന് നാം അധികവും കേള്‍ക്കുന്നത്. സംശോധനചെയ്യാത്ത വിവരങ്ങളുടെ തുണ്ടുകളെ കൂട്ടിയിണക്കിയും, ദൂഷിതവും വഞ്ചനാത്മകവും പ്രേരണാശക്തിയുള്ളതുമായ വാദമുഖങ്ങള്‍ ആവര്‍ത്തിച്ചും, വെറുപ്പുളവാക്കുന്നതും മുറിപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ പരക്കെ പങ്കുവച്ചും, വിതരണംചെയ്തും മനുഷ്യചരിത്രം നെയ്തെടുക്കുകയല്ല, മറിച്ച് നാം മനുഷ്യാന്തസ്സിനെ വലിച്ചുകീറുകയാണ് ചെയ്യുന്നത്.
5. നല്ല കഥകളും മോശം കഥകളും
അധികാരത്തിനും ചൂഷണത്തിനുമായി ഉപയോഗിക്കപ്പെടുന്ന കഥകള്‍ അല്പായുസ്സുക്കളായി മാറുമ്പോള്‍, നല്ലൊരു കഥയ്ക്ക് കാലത്തിന്‍റെയും ദൂരത്തിന്‍റെയും പരിമിതകളെ അതിലംഘിക്കുവാന്‍ കഴിയും. അത്തരത്തിലുള്ള കഥകള്‍ ജീവിതത്തെ പരിപോഷിപ്പിക്കുന്നതു കാരണം നൂറ്റാണ്ടുകള്‍ക്കുശേഷവും അവ കാലികമായി തുടരുന്നു.
വര്‍ദ്ധിച്ച രീതിയില്‍ മിഥ്യാവത്ക്കരണം പരിഷ്കൃതമാകുന്ന ഒരു യുഗത്തില്‍ മനുഷ്യരെ വഴിതെറ്റിക്കുന്ന കഥകള്‍ കണ്ടമാനം തലങ്ങളില്‍ എത്തിച്ചേരുമ്പോള്‍, സുന്ദരവും സത്യവും നന്മയുമായ കഥകളെ സ്വാഗതംചെയ്യുവാനും സൃഷ്ടിക്കുവാനുമുള്ള വിവേകവും തിരിച്ചറിവും നമുക്കുണ്ടാകണം. ദുഷ്ടവും വ്യാജവുമായ കഥകളെ നിരാകരിക്കുവാനുള്ള ധൈര്യം നമുക്കു വേണം. ഇന്ന് മഹാമാരി കാരണമാക്കുന്ന ജീവിതക്ലേശങ്ങള്‍ക്കും നിരവധി മറ്റു കാലുഷ്യങ്ങള്‍ക്കും നടുവില്‍ ചരടു നഷ്ടപ്പെടാതിരിക്കുവാനും, നമ്മെ നന്മയില്‍ നിലനിര്‍ത്തുവാനും സഹായിക്കുന്ന കഥകള്‍ വീണ്ടെടുക്കുവാനുള്ള ക്ഷമയും വിവേചന ബുദ്ധിയും ആവശ്യമാണ്. അനുദിന ജീവിതത്തില്‍ അറിയപ്പെടാതെയും പറയപ്പെടാതെയും നാം ചെയ്യുന്ന നായക കൃത്യങ്ങളില്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് വെളിവാക്കുന്ന കഥകള്‍ നമുക്ക് ആവശ്യമാണ്.
6. കഥകളുടെയും കഥ
കഥകളുടെയും കഥയാണ് വിശുദ്ധഗ്രന്ഥം. നമുക്കു മുന്നില്‍ അത് നിരത്തുന്നത് എത്രയോ സംഭവങ്ങളെയും ജനതകളെയും വ്യക്തികളെയുമാണ്. ഒരേസമയം കഥാകാരനും സ്രഷ്ടാവുമായ ദൈവത്തെയാണ് ആരംഭം മുതല്‍ അവസാനംവരെ ബൈബിള്‍ വരച്ചുകാട്ടുന്നത്. ഒരു കഥാകാരനെന്ന നിലയില്‍, തന്നോടൊപ്പം ചരിത്രം രചിക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും സ്വതന്ത്ര സംഭാഷണ പങ്കാളികളായി ലോകത്തിന്‍റെ കഥയില്‍ സൃഷ്ടിച്ചുകൊണ്ട് ദൈവം എല്ലാറ്റിനും തുടക്കമിടുകയും ജീവന്‍വയ്പ്പിക്കുകയും ചെയ്യുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ഒരു പുസ്തകമായ സങ്കീര്‍ത്തനങ്ങളില്‍ സൃഷ്ടി സ്രഷ്ടാവിനെ സ്തുതിക്കുന്നത് നാം ഇപ്രകാരം വായിക്കുന്നു :
ദൈവമേ, അവിടുന്നാണ് എന്‍റെ അന്തരംഗത്തിനു രൂപംനല്കിയത്.
എന്‍റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞെടുത്തു.
ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാല്‍,
അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.
അവിടുത്തെ സൃഷ്ടികള്‍ അത്ഭുതകരമാണ്.
എനിക്കതു നന്നായിട്ടറിയാം.
ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു
സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍,
എന്‍റെ രൂപം അങ്ങേയ്ക്ക് അജ്ഞാതമായിരുന്നില്ല.
-സങ്കീര്‍ത്തനം 139, 13-15.
7. ദൈവമനുഷ്യബന്ധത്തിന്‍റെ ചരിത്രകഥ
നാം ആരും സമ്പൂര്‍ണ്ണതയില്‍ ജനിക്കുന്നില്ല. നാം ഓരോരുത്തരും നിരന്തരമായി ജീവിതത്തില്‍ നെയ്തെടുക്കപ്പെടുകയും തുന്നിച്ചേര്‍ക്കപ്പെടുകയുമാണ് ചെയ്യുന്നത്. നാമായിരിക്കുന്ന അത്ഭുതകരമായ രഹസ്യം തുടര്‍ന്നും നെയ്തെടുക്കുവാനുള്ള ഒരു ക്ഷണമായിട്ടാണ് നാം ജീവനെ സ്വീകരിക്കേണ്ടതും, അതിനെ കാണേണ്ടതും, വളര്‍ത്തിയെടുക്കേണ്ടതും.
ആയതിനാല്‍ മാനവരാശിയും ദൈവവും തമ്മിലുള്ള മഹത്തായ ബന്ധത്തിന്‍റെ ഒരു പ്രേമകഥയാണ് ബൈബിള്‍. ഒരേ സമയം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്‍റെയും, നമുക്ക് ദൈവത്തോടുള്ള സ്നേഹത്തിന്‍റെയും നിറവേറ്റലിന്‍റെ കഥയുമായി യേശു അതിന്‍റെ കേന്ദ്രസ്ഥാനത്ത് നില്ക്കുന്നു. അതില്‍ അങ്ങനെതന്നെ അതൊരു ദൈവികകഥയാണ്! അപ്പോള്‍ മുതല്‍ ഓരോ തലമുറയിലെയും സ്ത്രീ-പുരുഷന്മാര്‍ അതിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്നു. ഈ കഥകളുടെ കഥയിലെ (5) ഏറ്റവും നിര്‍ണ്ണായകമായ സംഭവഗതിയുടെ ഓര്‍മ്മ പുതുക്കുവാനും ഓര്‍ത്തു പറയുവാനും നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.
8. മക്കളോടും ചെറുമക്കളോടും പറയുവാന്‍...
തന്‍റെ ജനവുമായി ചരിത്രത്തില്‍ ഇടപെടുന്ന ദൈവത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന ബൈബിള്‍ക്കഥകളില്‍ ആദ്യത്തെക്കഥയായ പുറപ്പാടു പുസ്തകത്തിലെ ഒരു വചനംകൊണ്ടാണ് “നിങ്ങളുടെ മക്കളോടും ചെറുമക്കളോടും പറയുവാന്‍വേണ്ടി...” (പുറപ്പാട് 10 : 2), എന്നാണ് ഈ വര്‍ഷത്തെ സന്ദേശം ശീര്‍ഷകം ചെയ്തിരിക്കുന്നത്. അടിമകളാക്കപ്പെട്ട ഇസ്രായേല്‍ മക്കള്‍ കരഞ്ഞു വിളിച്ചപ്പോള്‍ ദൈവം അവരുടെ കരച്ചില്‍ കേള്‍ക്കുകയും, അവരെ ശ്രദ്ധിക്കുകയും ഓര്‍ക്കുകയും ചെയ്തു. അബ്രാഹവും ഇസഹാക്കും യാക്കോബുമായുള്ള ഉടമ്പടികള്‍ ദൈവം ഓര്‍ക്കുകയും അവിടുന്നു തന്‍റെ ജനത്തിന്‍റെ നേര്‍ക്ക് മുഖം തിരിക്കുകയുംചെയ്തു. ദൈവം തന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ കണ്ടു. അവരെ അവിടുത്തേയ്ക്ക് അറിയാമായിരുന്നു (ഉല്പത്തി 2, 24-25). ദൈവത്തിന്‍റെ ഉടമ്പടിയുടെ ഓര്‍മ്മയില്‍, അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ഒരു പരമ്പരയിലൂടെ തന്‍റെ ജനത്തെ ഈജിപ്തിലെ അടിമത്വത്തില്‍നിന്ന് ദൈവം സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്നു.
എല്ലാ അടയാളങ്ങളുടെയും അര്‍ത്ഥം മോശയ്ക്ക് ദൈവം വെളിപ്പെടുത്തിക്കൊടുത്തിരുന്നു. അവരുടെ മക്കളും ചെറുമക്കളും അറിയേണ്ടതിനായി അവരോട് ഇക്കഥയെല്ലാം പറയണം. ദൈവമാണു താനെന്ന് അവര്‍ അറിയേണ്ടതിലേയ്ക്കായി എന്തെല്ലാം അടയാളങ്ങളാണ് കാണിച്ചുതന്നിട്ടുള്ളതെന്നും അവരെ അറിയിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട നായകന്‍, മോശയ്ക്ക് ദൈവം നിര്‍ദ്ദേശം നല്കിയിരുന്നു (ഉല്പത്തി 10, 2). അങ്ങനെ ദൈവത്തിന്‍റെ അറിവ് തലമുറകളില്‍നിന്ന് തലമുറകളിലേയ്ക്ക് പകരുന്നത് കഥ പറഞ്ഞുകൊണ്ടാണെന്ന് പുറപ്പാട് അനുഭവം നമ്മെ പ്രധാനമായും പഠിപ്പിക്കുന്നു. ജീവദാതാവായ ദൈവം തന്‍റെ ജനത്തോട് കഥകളിലൂടെ സംവദിക്കുന്നു.
9. യേശു പറഞ്ഞ മൗലികമായ കഥകള്‍
നമ്മോട് ദൈവത്തെക്കുറിച്ച് യേശു സംസാരിച്ചത് അനുദിന ജീവിതത്തില്‍ നിന്നെടുത്ത ഉപമകളിലൂടെയും ചെറുകഥകളിലൂടെയുമാണ്, അല്ലാതെ അമൂര്‍ത്തമായ ആശയങ്ങളിലൂടെയല്ല. അങ്ങനെ ഈശോയുടെ വാക്കുകളില്‍ ജീവിതം കഥയായി മാറുന്നു. അപ്പോള്‍ കേള്‍വിക്കാരന് കഥ ജീവിതമായും രൂപാന്തരപ്പെടുന്നു. ശ്രവിക്കുന്നവരുടെ ജീവിതത്തിന്‍റെ ഭാഗമായി ആ കഥകള്‍ മാറുകയും അവരില്‍ അവ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പുതിയ നിയമത്തിലേയ്ക്കു കടക്കുമ്പോള്‍, സുവിശേഷങ്ങള്‍ യാദൃശ്ചികമായ കഥകളല്ല. യേശുവിനെക്കുറിച്ചു അവ നമ്മോടു സംസാരിക്കുമ്പോള്‍ ഏറെ നാടകീയമായ അനുഭവാണ് അവ തരുന്നത് (1) അതിനാല്‍ അവ ഉദ്ബോധകം മാത്രമല്ല, ആവിഷ്ക്കരണീയവുമാണ് (6) . അതിനാല്‍ സുവിശേഷങ്ങള്‍ യേശുവിനോടു നമ്മെ സാരൂപ്യപ്പെടുത്തുന്നു. അങ്ങനെ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത് അവിടുത്തെ വിശ്വാസത്തില്‍ പങ്കുചേരുവാനും, അതുവഴി അവിടുത്തെ ജീവനില്‍ ഭാഗഭാക്കുകളാകുവാനുമാണ്.
10. വെളിപ്പെടുത്തലും ഓര്‍ത്തുപറയലും
പരമമായ കഥപറച്ചിലുകാരനും, ആദിയിലെ ‘വചന’വുമായ ക്രിസ്തു കഥയായി മാറുന്നതാണ് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷാവിഷ്ക്കരണം. പിതാവിന്‍റെ കൂടെയായിരുന്നവന്‍ അവിടുത്തെ ഏകജാതനായി സ്വയം വെളിപ്പെടുത്തി (യോഹ. 18). ലത്തീന്‍ ഭാഷയില്‍ ഭൂതകാലത്തിലുള്ള Exegesato, എന്ന മൂലക്രിയാപദത്തിന് “ഒരേസമയം തന്നെ വെളിപ്പെടുത്തി” എന്നാണ് അര്‍ത്ഥം. എന്നാല്‍ “വര്‍ണ്ണിച്ചു” അല്ലെങ്കില്‍ “ഓര്‍ത്തുപറഞ്ഞു” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. അങ്ങനെ നമ്മുടെ മാനുഷികതയിലേയ്ക്ക് ദൈവം സ്വയം ഇഴചേര്‍ന്നുകൊണ്ട് സുവിശേഷക്കഥകളിലൂടെ യേശു നമ്മുടെ ജീവിതകഥകള്‍ക്ക് നവമായ രൂപംനല്കി.
ക്രിസ്തുവിന്‍റെ ചരിത്രം ഭൂതകാലത്തില്‍നിന്നുള്ള ഒരു പൈതൃകമല്ല, അത് ഇന്നിന്‍റെയും ഈ തലമുറയായ നമ്മുടെയും കാലികമായ കഥയാണ്. അതു നമ്മെ പഠിപ്പിക്കുന്നത് മാംസവും ചരിത്രവുമുള്ള ദൈവത്തിന് തന്‍റെ ജനത്തോട് എത്രത്തോളം കരുതലുണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് ക്രിസ്തു മാംസംധരിച്ച്, മനുഷ്യനായി ചരിത്രത്തില്‍ നമ്മോടൊത്തു വസിച്ചത്. അതിനാല്‍ ഒരു മനുഷ്യകഥയും അവഗണിക്കാവുന്നതോ നിസ്സാരമായി തള്ളാവുന്നതോ അല്ലെന്ന് അതു നമ്മോടു പറയുന്നുണ്ട്. ദൈവം കഥയായി മാറിയതു മുതല്‍ ഓരോ മനുഷ്യകഥയും ഒരു നിശ്ചിത അവസ്ഥയില്‍ ദൈവികമായ കഥയാണ്. ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന തന്‍റെ പുത്രന്‍റെ കഥ പിതാവ് വീണ്ടും ഓരോ വ്യക്തിയുടെയും ചരിത്രത്തില്‍ കാണുകയാണ്. ഓരോ മനുഷ്യകഥയ്ക്കും അതിനാല്‍ അമര്‍ത്യമായ അന്തസ്സാണുള്ളത്. ഇതിന്‍റെ ഫലമായി മാനവരാശിക്ക് അതിനുചേര്‍ന്ന മൂല്യമുള്ള കഥകളുണ്ട് എന്ന കാര്യവും നാം മനസ്സിലാക്കണം. അങ്ങനെ യേശു ഉയര്‍ത്തിക്കാട്ടിയ ഉദ്വോഗജനകവും വിസ്മയാവഹവുമായ ഔന്നത്യവും സ്ഥാനവും ഈ കഥകള്‍ക്കുണ്ട്.
11. മനോഫലകങ്ങളില്‍ കുറിച്ച കഥകള്‍
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ഞങ്ങള്‍ കൈമാറുന്ന ക്രിസ്തുവിന്‍റെ കത്ത്, ഞങ്ങള്‍ മഷികൊണ്ട് എഴുതിയതല്ല, മറിച്ച് ജീവിക്കുന്ന ദൈവത്തിന്‍റെ ചൈതന്യത്താല്‍ അവ ഹൃദയാന്തരാളത്തില്‍ എഴുതപ്പെട്ടതാണ്. ശിലാഫലകങ്ങളിലല്ല, മനുഷ്യഹൃദയങ്ങളിലാണ് അവ എഴുതപ്പെട്ടത് (കൊറി. 3, 3). ദൈവത്തിന്‍റെ സ്നേഹമായ പരിശുദ്ധാത്മാവാണ് നമുക്കുള്ളില്‍നിന്ന് എഴുതുവാന്‍ പ്രേരിപ്പിക്കുന്നത്. നമുക്കുള്ളില്‍നിന്ന് ദൈവാത്മാവ് എഴുതുമ്പോള്‍ അവിടുന്ന് നമ്മിലുള്ള നന്മയെ തട്ടിയുണര്‍ത്തുകയും ഊട്ടിയുറപ്പിക്കുകയും അതേക്കുറിച്ചു നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഓര്‍മ്മിപ്പിക്കുക, എന്നാല്‍ തീര്‍ച്ചയായും അര്‍ത്ഥമാക്കുന്നത് ഹൃദയത്തില്‍ എഴുതുവാനായി മനസ്സിലേയ്ക്ക് കൊണ്ടുവരികയെന്നാണ്. ഓരോ കഥയും, ഏറ്റവും വിസ്മൃതമായവപോലും, എന്തിന് ഏറ്റവും വികൃതമായി അല്ലെങ്കില്‍ വഞ്ചകമായ വിധത്തില്‍ എഴുതപ്പെട്ടിട്ടുള്ളവപോലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ പ്രചോദിതമാവുകയും ഒരു ഉല്‍കൃഷ്ടസൃഷ്ടിയായി പുനരാവിഷ്ക്കരിക്കപ്പെടുന്നു. അത് സുവിശേഷത്തിന് ഒരു അനുബന്ധമായി മാറുകയും ചെയ്യുന്നു.
12. സുവിശേഷത്തിന്‍റെ സൗരഭ്യമുള്ള ജീവിതകഥകള്‍
അഗസ്തീനോസ് പുണ്യവാന്‍റെ മാനസാന്തരത്തിന്‍റെ കഥപോലെയും ഇഗ്നേഷ്യസ് ലയോളയുടെ തീര്‍ത്ഥാടനങ്ങളുടെ കഥകള്‍പോലെയും, അല്ലെങ്കില്‍ കൊച്ചുത്രേസ്യാ പുണ്യവതിയുടെ ആത്മാവിന്‍റെ കഥപോലെയും, വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെട്ട ‘കരമസോവ് സഹോദരന്മാരെ’ക്കുറിച്ച് ദസ്തേവിസ്കി പറഞ്ഞ കഥപോലെയും... ദൈവത്തിന്‍റെയും മനുഷ്യന്‍റെയും ഇടയിലുള്ള സ്വാതന്ത്ര്യത്തിന്‍റെ കണ്ടുമുട്ടലായ എണ്ണമറ്റ കഥകളും അനുമോദനാര്‍ഹമാംവിധം രചിക്കപ്പെട്ടവയാണ്. ജീവിതത്തെ പരിവര്‍ത്തനംചെയ്തുകൊണ്ട് സ്നേഹത്തിന് സാക്ഷ്യംവഹിക്കുവാന്‍ സുവിശേഷത്തിന്‍റെ സൗരഭ്യമുള്ള വ്യത്യസ്തങ്ങളായ എത്രയോ കഥകള്‍ നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. ഓരോ യുഗത്തിലും, ഓരോ ഭാഷയിലും, ഓരോ മാധ്യമത്തിലും ജീവന്‍ വയ്ക്കുവാനും, ഓര്‍ത്തു പറയുവാനും, പങ്കുവയ്ക്കപ്പെടുവാനുമായി ഈ കഥകള്‍ മുറവിളി കൂട്ടുകയാണ്.
13. നമ്മെ നവീകരിക്കുന്ന ഒരു കഥ
നമ്മുടെ സ്വന്തം കഥയും ഒരു മഹത്തായ കഥയുടെ ഭാഗമായിത്തീരുന്നുണ്ട്. തിരുവചനം വായിക്കുമ്പോഴും, വിശുദ്ധന്മാരുടെ കഥകള്‍ വായിക്കുമ്പോഴും, അതുപോലെ മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന മറ്റു നല്ല ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴും ദൈവത്തിന്‍റെ കണ്ണുകളില്‍ നാം ആരാണെന്ന ഓര്‍മ്മ വീണ്ടെടുക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ സ്വതന്ത്രമായി എഴുതുകയാണ്..., അവ നമ്മെ പ്രചോദിപ്പിക്കുകയാണ്. നമ്മെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്ത സ്നേഹത്തെ, സ്നേഹമായ ദൈവത്തെ നാം ഓര്‍ക്കുമ്പോള്‍, ആ ദിവ്യസ്നേഹത്തെ നമ്മുടെ അനുദിന കഥകളുടെ ഭാഗമായി നാം മാറ്റുകയാണ്. നമ്മുടെ ദിനങ്ങളുടെ ശീലയില്‍ കാരുണ്യം നെയ്തെടുക്കുമ്പോള്‍ ജീവിതക്കഥയില്‍ നാം മറ്റൊരു താളുകൂടെ മുന്നോട്ടു മറിക്കുകയാണ് ചെയ്യുന്നത്.
14. നമ്മുടെ കഥ ദൈവത്തോടു പറയാം!
നാം ഇനി ഒരിക്കലും ഖേദത്തിലും ദുഃഖത്തിലും ബന്ധിതരല്ല, നമ്മുടെ ഹൃദയങ്ങളില്‍ ഭാരമേറുന്ന അനാരോഗ്യകരമായ ഓര്‍മ്മകളില്‍ കെട്ടപ്പെട്ടവരുമല്ല, മറിച്ച് നാം മഹത്തായ കഥാകരാന്‍റെ ദര്‍ശനം മറ്റുള്ളവര്‍ക്കായ് തുറന്നുകൊടുക്കുമ്പോള്‍, ആ കഥാകാരന്‍റെ അതേ ദര്‍ശനത്തില്‍ നമ്മെത്തന്നെ കൊണ്ടെത്തിക്കുകയാണ്. ദൈവത്തോട് നമ്മുടെ കഥ പറയുന്നതും അവിടുത്തോടു സംവദിക്കുന്നതും ഒരിക്കലും അര്‍ത്ഥശൂന്യമല്ല, സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍പ്പോലും അവയുടെ അര്‍ത്ഥങ്ങളും വീക്ഷണകോണവും എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കും.
15. ദൈവസഹായത്താല്‍ കീറിയ ശീലുകള്‍
തുന്നിയെടുക്കാം
നാം ദൈവത്തോട് കഥപറയുമ്പോള്‍ നമ്മോടും മറ്റുള്ളവരോടുമുള്ള ഗാഢമായ സ്നേഹത്തിന്‍റെ കണ്‍വെട്ടത്ത് പ്രവേശിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ജീവിതം നിറയ്ക്കുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും അവിടുത്തെ മുന്‍നിര്‍ത്തി നമ്മുടെ ജീവിതകഥകള്‍ നാം ഓര്‍ത്തു പറയുമ്പോള്‍ അവിടുത്തോടൊപ്പം ജീവിതത്തിന്‍റെ ശീലയുടെ കീറലുകളും ഓട്ടകളും അടച്ചുകൊണ്ട് വീണ്ടും അത് നെയ്തെടുക്കുവാനും മെച്ചപ്പെടുത്തുവാനും നവീകരിക്കുവാനം നാം പരിശ്രമിക്കുകയാണ്. അതിനു നമുക്കു കഴിയണം. നാം എല്ലാവരും എന്തുമാത്രം ഇത് കൃത്യമായി അനുദിനം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിക്കുന്നു. ആത്യന്തികമായ വീക്ഷണകോണുള്ള മഹാനായ ഒരേയൊരു കലാകാരന്‍റെ കടാക്ഷത്താല്‍ ഇന്നത്തെ കഥയില്‍ നമ്മോടൊപ്പം അഭിനേതാക്കളായ നമ്മുടെ സഹോദരീ സഹോദരന്മാരായ മറ്റു കഥാപാത്രങ്ങളെ സമീപിക്കുവാന്‍ നമുക്കു കഴിയും.
16. മറിച്ചെഴുതാവുന്ന നമ്മുടെ ജീവിതകഥകള്‍
നാം പറയുമ്പോള്‍പ്പോലും ലോകമാകുന്ന അരങ്ങില്‍ ആരും അധികപറ്റല്ലാത്തതിനാല്‍ ഓരോരുത്തരുടെയും കഥ പരിവര്‍ത്തന വിധേയമാണ്. തിന്മയെക്കുറിച്ചു നാം പറയുമ്പോഴും രക്ഷയ്ക്കുള്ള സാദ്ധ്യതയും നാം പഠിക്കുന്നു. അതുപോലെ, തിന്മയുടെ നടുവില്‍ നന്മ പ്രവര്‍ത്തിക്കുവാനും അതിന് ഇടംനല്കുവാനും നമുക്കറിയാം. മറിച്ച് ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നാം ആരാണെന്നും എന്താണെന്നും ഓര്‍ക്കുന്നതാണിത്. അത് ദൈവാരൂപി നമ്മുടെ ഹൃദയത്തെ ഉദ്ദീപിപ്പിക്കുന്നതിന് അനുസരിച്ച് സാക്ഷ്യംവഹിക്കുകയും, അവന്‍റെയോ അവളുടെയോ കഥയില്‍ അത്ഭുതകരമായ കാര്യങ്ങള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും വെളിപ്പെടുത്തി കൊടുക്കുന്നതുമാണ്.
17. നസ്രത്തിലെ നെയ്ത്തുകാരി
ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ദൈവത്തിന്‍റെ മാനവികതയെ സ്വന്തം ജീവിതത്തില്‍ നെയ്തെടുത്ത സ്ത്രീയുടെ – പരിശുദ്ധ കന്യകാനാഥയുടെ സവിധത്തില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം. അവളുടെ ജീവിതസംഭവങ്ങള്‍ ചേര്‍ത്തു മെനഞ്ഞെടുത്ത കഥയാണ് സുവിശേഷം നമ്മോടു പറയുന്നത്. എന്തെന്നാല്‍ പരിശുദ്ധ കന്യകാനാഥ ഇക്കാര്യങ്ങളെല്ലാം ഒരു നിധിപോലെ തന്‍റെ ഹൃദയത്തില്‍ സംഗ്രഹിച്ചു (ലൂക്കാ 2, 19). അതിനാല്‍ സ്നേഹത്തിന്‍റെ സൗമ്യമായ ശക്തികൊണ്ട് ജീവിതത്തിന്‍റെ കടുംകെട്ടുകളെ എങ്ങനെ അഴിക്കാമെന്ന് അറിയുന്ന ദൈവമാതാവിന്‍റെ സഹായം അനുദിനം നമുക്കു തേടാം.
18. പ്രാര്‍ത്ഥന
ഓ, പരിശുദ്ധ മറിയമേ, അമ്മയും കന്യകയുമായവളേ, അങ്ങേ ഉദരത്തില്‍ ദൈവവചനം മാംസംധരിച്ചു. ദൈവത്തിന്‍റെ അത്ഭുതചെയ്തികളെ എളിയ ജീവിതത്തില്‍ അങ്ങു യാഥാര്‍ത്ഥ്യമാക്കി. ഞങ്ങളുടെ ജീവിതത്തിന്‍റെ കഥകള്‍ ശ്രവിക്കുകയും, അവ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്യണമേ! ഞങ്ങളുടെ ജീവിതത്തിന്‍റെ കൈപ്പേറിയ കഥകളും അങ്ങയുടേതാക്കി തീര്‍ക്കണമേ. ചരിത്രത്തില്‍ ദൈവം പാകിയ നല്ല ഇഴകളെ തിരിച്ചറിയാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ഓര്‍മ്മകളെ തളര്‍ത്തുന്ന ജീവിതത്തിന്‍റെ കെട്ടുപിണയലുകളെ അങ്ങു കാണണമേ. ഏതു കുരുക്കും അഴിക്കുവാന്‍ അങ്ങേ ലോലമായ കരങ്ങള്‍ക്ക് കരുത്തുണ്ട്. അരൂപിയാല്‍ നിറഞ്ഞ കന്യകാനാഥേ, വിശ്വാസികളുടെ അമ്മേ, ഞങ്ങളെ തുണയ്ക്കണമേ. സമാധാനത്തിന്‍റെ കഥകളും പ്രത്യാശയുള്ള കഥകളും മെനഞ്ഞെടുക്കുവാന്‍ ഞങ്ങളെ അങ്ങു സഹായിക്കണമേ. മാത്രമല്ല അവയോടു പൊരുത്തപ്പെട്ടു ജീവിക്കാന്‍ അങ്ങ് ഞങ്ങള്‍ക്ക് വഴികാട്ടിയുമാകണമേ!
2020-ലെ ആഗോള മാധ്യമ ദിനത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശം – സംപൂര്‍ണ്ണരൂപം.
പരിഭാഷപ്പെടുത്തിയത് : ജോബ് നെല്ലിക്കല്‍
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: