തിരയുക

More than 1,200 species of butterflies and moths have been recorded in India. More than 1,200 species of butterflies and moths have been recorded in India. 

ദൈവിക നന്മകള്‍ക്ക് നന്ദിയുള്ളവരായി ജീവിക്കാം

സങ്കീര്‍ത്തനം 30 – ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം രണ്ടാംഭാഗം . ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

30-Ɔο സങ്കീര്‍ത്തനപഠനം ഭാഗം - 3

1. നന്ദിയോടെ ദൈവത്തെ സ്തുതിക്കുന്ന ഗീതം
കഴിഞ്ഞ ആഴ്ചയിലെ ആമുഖപഠനത്തില്‍ നാം സങ്കീര്‍ത്തനത്തിന്‍റെ ആദ്യത്തെ 9 വരികള്‍ പരിചയപ്പെടുകയുണ്ടായി. ഒരു സമൂഹം ദൈവത്തിന് നന്ദിപറയുന്ന ഗീതമാണ്, സമൂഹത്തിന്‍റെ കൃതജ്ഞതാ ഗീതമാണ് ഈ സങ്കീര്‍ത്തനമെന്ന് നമുക്കു മനസ്സിലാക്കുവാന്‍ സാധിച്ചു. ഇസ്രായേലിനുണ്ടായ പ്രതിസന്ധികളില്‍നിന്ന് ദൈവം അവരെ മോചിച്ച്, രക്ഷപ്പെടുത്തിയതിന് അവിടുത്തേയ്ക്കു നന്ദിയര്‍പ്പിച്ചുകൊണ്ട് ദേവാലയത്തില്‍ ജനം അവിടുത്തെ പാടിസ്തുതിക്കുന്നതാണ് ഈ ഗീതത്തിന്‍റെ ഉള്ളടക്കമെന്ന് ആദ്യവരികള്‍ വ്യക്തമാക്കുന്നു.

പിന്നെയും ഈ ഗീതത്തിന് ഒരു പശ്ചാത്തലമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.. ഒരു സമൂഹത്തെ തളര്‍ത്തിയ മഹാമാരിയില്‍നിന്നോ, പ്രകൃതി ദുരന്തത്തില്‍നിന്നോ ദൈവം തന്‍റെ ജനത്തെ അത്ഭുതകരമായി രക്ഷിച്ചു നയിച്ചതിന് നന്ദിയര്‍പ്പിക്കുന്നതാണ് ഈ ഗീതമെന്നും നമുക്കു മനസ്സിലാക്കാം. വലിയ ഞെരുക്കകാലത്ത് ദൈവത്തിന്‍റെ കരുണയെയും നന്മകളെയും ഓര്‍ത്ത് അവിടുത്തെ സ്തുതിക്കുകയും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്ന സമൂഹം അല്ലെങ്കില്‍ ജനം ദൈവത്തിന് സാക്ഷ്യംവഹിക്കുന്ന ഗീതമാണിതെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. അതിനാല്‍ ഈ ഗീതം ദൈവത്തിനു നന്ദിയോടെയുള്ള ഒരു വിശ്വാസ പ്രഖ്യാപനംതന്നെയാണെന്ന് ചില ആത്മീയ ഗുരുക്കന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

സങ്കീര്‍ത്തനം  ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം രമേഷ് മുരളിയും സംഘവും.

Musical Version of Ps 30 Antiphon
കര്‍ത്താവേ ഞാനങ്ങേ പാടിപ്പുകഴ്ത്തും
എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷനല്കി. (2).

2. അവസാനത്തെ 3 വരികളുടെ പരിചയപ്പെടല്‍
കഴിഞ്ഞ ആഴ്ചയില്‍ ഈ ഗീതത്തിന്‍റെ ആകെയുള്ള 12 വരകളില്‍ 9 വരികള്‍ നാം പരിചയപ്പെട്ടു. ബാക്കിയുള്ള മൂന്നു വരികള്‍കൂടെ നമുക്കിന്ന് പഠിക്കാം. ആദ്യം നമുക്ക് വരികള്‍ ശ്രവിക്കാം.

Recitation of Ps 30, verses 10-12.

ദൈവമേ, എന്‍റെ യാചന കേട്ടെന്നോടു കരുണ തോന്നണമേ?
അവിടുന്നെന്നെ സഹായിക്കണമേ!
അങ്ങെന്‍റെ വിലാപത്തെ ആനന്ദനൃത്തമായ് മാറ്റിയല്ലോ!
അവിടുന്ന് എന്‍റെ ദുഃഖമകറ്റി, സന്തോഷമണിയിച്ചു.
ഞാന്‍ മൗനംപാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും
ദൈവമായ കര്‍ത്താവേ, ഞാനങ്ങേയ്ക്ക് എന്നും നന്ദിയര്‍പ്പിക്കും!

സഹായത്തിനുള്ള അഭ്യര്‍ത്ഥന സങ്കീര്‍ത്തകന്‍ ഇവിടെ വരികളില്‍, ഗീതത്തിന്‍റെ അവസാനഭാഗത്ത് ആവര്‍ത്തിക്കുകയാണ്. തന്‍റെ പ്രാര്‍ത്ഥന ദൈവം ശ്രവിച്ചുവെന്ന് അയാള്‍ പ്രഖ്യാപിക്കുന്നു. അതുകൊണ്ട്, വിലാപത്തിന് അറുതിവരുത്തി സന്തോഷിക്കാന്‍ തുടങ്ങുകയാണ് ഗായകന്‍. ഈ മനംമാറ്റം ബൈബിളിന്‍റെ മറ്റു ഭാഗങ്ങളിലും  നമുക്കു കാണാന്‍ സാധിക്കും. ദൈവം തങ്ങളുടെ യാചന ശ്രവിച്ച് രക്ഷിച്ചതിനുള്ള പ്രതിനന്ദിയുടെ വികാരം സന്തോഷമായി ജനം പ്രകടിപ്പിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഏടുകളില്‍ ആവര്‍ത്തിക്കപെടുന്നുണ്ട്.  വിപ്രവാസത്തില്‍നിന്നുമുള്ള ഇസ്രായേലിന്‍റെ ജരുസലേമിലേയ്ക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുന്നത്,

Recitation :
“ജനം ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.
അപ്പോള്‍ കന്യകമാര്‍ നൃത്തം ചവിട്ടി ആനന്ദിക്കും.
യുവാക്കളും വൃദ്ധജനങ്ങളും സന്തോഷചിത്തരാകും.
ഞാന്‍ അവരുടെ വിലാപം ആനന്ദമാക്കിമാറ്റും.
അവരുടെ ദുഃഖമകറ്റി ദൈവം അവരെ സന്തോഷിപ്പിക്കുകയും
ആശ്വസിപ്പിക്കുകയും ചെയ്യും”
- (ജെറമിയ 31, 13).

അങ്ങനെ ദൈവകൃപയ്ക്കു പ്രതിനന്ദിയായി വിമോചകനും രക്ഷകനുമായ ദൈവത്തെ ജീവിതകാലം മുഴുവന്‍ പാടിസ്തുതിക്കുവാനും കൃതജ്ഞത പ്രകാശിപ്പിക്കുവാനും നാം സന്നദ്ധരാകണമെന്നാണ് സങ്കീര്‍ത്തകന്‍ വരികളിലൂടെ പഠിപ്പിക്കുന്നത്.

Musical Version : Psalm 30 Unit One

എന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോള്‍
അവിടുന്നെന്നെ സുഖപ്പെടുത്തി.
എന്‍റെ ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല
അവിടുന്നെന്നെ പാതാളത്തില്‍നിന്നും കരകയറ്റി
മരണഗര്‍ത്തത്തില്‍നിന്നുമെന്നെ അങ്ങ് ജീവനിലേയ്ക്കു നയിച്ചു.

3. ദൈവത്തെ സ്തുതിക്കുന്നവര്‍
കണ്ടെത്തുന്ന രക്ഷയുടെ പാത

യഥാര്‍ത്ഥത്തില്‍ ദൈവിക നന്മകള്‍ക്ക് അവകാശങ്ങളോ അര്‍ഹതയോ ഇല്ലാത്ത ബലഹീനരായ മനുഷ്യര്‍ ദൈവത്തിന്‍റെ കൃപയ്ക്കും കാരുണ്യത്തിനുമായി പ്രാര്‍ത്ഥിക്കണമെന്നാണ്  വരികളിലൂടെ  സങ്കീര്‍ത്തനം 30 ഉദ്ബോധിപ്പിക്കുന്നത്.  ദൈവസഹായം ലഭിക്കുമെങ്കില്‍ മറ്റു സഹായങ്ങള്‍ നമുക്ക് ആവശ്യമില്ലെന്നു പറയാം. കാരണം ദൈവം സര്‍വ്വാധീശനാണ്. അവിടുത്തേയ്ക്ക് നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരുവാന്‍ കരുത്തുണ്ട്. വിലാപത്തിന്‍റെ നാളുകളില്‍ വിശ്വാസം ക്ഷയിക്കാത്തവനും സന്തോഷത്തിന്‍റെ ദിനങ്ങളില്‍ സ്രഷ്ടാവിനെ വിസ്മരിക്കാത്തവനും ഭാഗ്യവാനാണ്. മനുഷ്യജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ടാകുന്നതില്‍ അതിശയിക്കേണ്ട.

4. ഗീതത്തിലെ ത്രിത്വസ്തുതി!
പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ പാണികള്‍ കൂപ്പി പ്രാര്‍ത്ഥിക്കുക, പുത്രനായ ക്രിസ്തുവിനെ അധരങ്ങള്‍കൊണ്ട് ഏറ്റുപറഞ്ഞ് സ്തുതിക്കുക, അതുപോലെ ദൈവാത്മാവിനു സ്തുതിഗീതങ്ങള്‍ ആലപിക്കുകയെന്നൊരു ത്രിത്വഭാവം സങ്കീര്‍ത്തനവരികളില്‍ ഒളിഞ്ഞിരിക്കുന്നത് ബൈബിള്‍ പടുക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ത്രിത്വസ്തുതി മനുഷ്യന് നാവുകൊണ്ടു ചെയ്യാവുന്ന ഏറ്റവും മഹത്തായ കൃത്യമായും സങ്കീര്‍ത്തകന്‍ വിശേഷിപ്പിക്കുന്നു. ദൈവത്തോടും മനുഷ്യരോടും ഒരുപോലെ നന്ദിയും ബന്ധവുമുണ്ടായിരിക്കേണ്ട മനുഷ്യന്‍, അവിടുത്തെ സ്തുതിച്ചു ജീവിക്കുമ്പോള്‍ രക്ഷയുടെ പാതിയിലൂടെ ചരിക്കുവാന്‍ ദൈവം ഇടയാക്കും എന്നാണ് സങ്കീര്‍ത്തന വരികള്‍ നമുക്ക് ഉറപ്പുതരുന്നത്.

മനുഷ്യജീവിതത്തില്‍ നമുക്ക് താഴ്ചകളും ഉയര്‍ച്ചകളുമുണ്ട്, സന്തോഷവും ദുഃഖവുമുണ്ട്. തകര്‍ച്ചകളില്‍ നാം താണുപോകുന്നു, ഉയര്‍ച്ചകളില്‍ പലപ്പോവും മതിമറന്നുപോവുകയും ചെയ്യുന്നു. നല്ലകാലത്തും ക്ലേശകാലത്തും നാം ദൈവത്തെ ഓര്‍ക്കേണ്ടതാണ്. കാരണം ദൈവമാണ് നമ്മെ കൈപിടിച്ചുയര്‍ത്തുന്നത്. എന്നാല്‍ താഴ്ചയിലും ഉയര്‍ച്ചയിലും ഒരുപോലെ ദൈവത്തെ നാം സ്തുതിക്കണമെന്നാണ് സങ്കീര്‍ത്തകന്‍ ആഹ്വാനംചെയ്യുന്നത്. മനുഷ്യജീവിതത്തിന്‍റെ സുസ്ഥിതിയില്‍ ഒരു സ്ഥായീഭാവം അത്ര എളുപ്പമല്ല. എങ്കിലും പ്രത്യാശപകരുന്ന ചിന്തയാണ് സങ്കീര്‍ത്തകന്‍ പറഞ്ഞുതരുന്നത്. ദൈവം മനുഷ്യന്‍റെ വിനീതാവസ്ഥയെ തൃക്കണ്‍പാര്‍ത്തു. അവിടുന്ന് നമ്മുടെ താഴ്മയെ വീണ്ടെടുത്തു. അതിനാല്‍...

Recitation of Ps 30, verse 12.
ദൈവമേ, മൗനം പാലിക്കാതെ ഞാനങ്ങയെ പാടിപ്പുകഴ്ത്തും
ദൈവമായ കര്‍ത്താവേ, അങ്ങേയ്ക്കെന്നും ഞാന്‍ നന്ദിപറയും.

Musical Version : Psalm 30 Unit Two
കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധ നാമത്തിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
എന്തെന്നാല്‍ അവിടുതെത കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടായിരുന്നുള്ളൂ
അവിടുത്തെ പ്രസാദം ആ ജീവനാന്തം നിലനില്ക്കുന്നൂ
രാത്രിയില്‍ വിലാപമുണ്ടായേക്കാം എന്നാല്‍
പ്രഭാതത്തോടെ സന്തോഷം വരവായി.

5.  നന്ദിയുള്ളവരായി ജീവിക്കാം
സങ്കീത്തനം 30-ന്‍റെ വരികള്‍ നാം മനസ്സിലാക്കാന്‍ ശ്രമിച്ചത് നാലു ഗണങ്ങളായിട്ടാണ്. ആദ്യമായി, ദൈവം തന്‍റെ ജനത്തിന്‍റെ നായകന്‍ അല്ലെങ്കില്‍ രക്ഷകന്‍ ആകയാല്‍ അവിടുന്ന് നമ്മോടു കാരുണ്യമുള്ളവനാണെന്നത് ഈ ഗീതത്തിന്‍റെ അടിസ്ഥാന സംജ്ഞയും ബലവുമാണ്. രണ്ടാമത്തെ ഗണത്തില്‍, നാം അവിശ്വസ്ഥരായി ജീവിക്കുമ്പോഴും ദൈവം ക്ഷമിക്കുന്നു, കരുണ കാട്ടുന്നു. അതിനാല്‍ ദൈവം എന്നും തന്‍റെ ജനത്തിന്‍റെ സംരക്ഷകനാണെന്ന് നാം ഗീതത്തില്‍നിന്നും മനസ്സിലാക്കുന്നു. മൂന്നാമതായി, ദൈവത്തിന്‍റെ അടിസ്ഥാനഭാവം കോപമല്ല, സ്നേഹവും കരുണയുമാണ്. അതിനാല്‍ നാം പാപത്തിന്‍റെയും തിന്മയുടെയും ഇരുട്ടില്‍ നിപതിക്കുമെങ്കിലും, ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുകയും, അവിടുത്തെ കരുണയില്‍ അഭയം തേടുകയും ചെയ്യുന്നു. ദൈവത്തിങ്കലേയ്ക്ക് മടങ്ങുന്നവര്‍ക്ക് അവിടുത്തെ കൃപ ലഭിക്കും. മനുഷ്യര്‍ ദൈവകൃപയുടെ ജീവല്‍പ്രകാശവും പ്രഭാതവും ആസ്വദിക്കുവാന്‍ ഇടയാകുമെന്നും സങ്കീര്‍ത്തകന്‍ ഉറപ്പുനല്കുന്നു. അതിനാല്‍ നാം എന്നും ദൈവത്തോടു നന്ദിയുള്ളവരായിരിക്കണമെന്ന സന്ദേശമാണ് ഈ കൃതജ്ഞതാഗീതം ആത്യന്തം ഉദ്ബോധിപ്പിക്കുന്നത്.

Musical Version : Psalm 30 Unit Three
കര്‍ത്താവേ, എന്‍റെ യാചന കേട്ടു കരുണതോന്നണേ
അവിടുന്നെന്നെ സഹായിക്കണമേ
ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്കെന്നും
നന്ദിയര്‍പ്പിക്കുന്നു.
- കര്‍ത്താവേ ഞാനങ്ങേ

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2020, 12:38