തിരയുക

sunflowers sunflowers 

ഒരു കൃതജ്ഞതാ ഗീതത്തിന്‍റെ പഠനം ആദ്യഭാഗം

30-Ɔο സങ്കീര്‍ത്തനം –– വരികളുടെ പരിചയപഠനം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

30-Ɔο സങ്കീര്‍ത്തനം - പദപരിചയം

1. ഒരു കൃതജ്ഞതാഗീതത്തിന്‍റെ പഠനം 
ദേവാലയ പ്രതിഷ്ഠയുടെ അവസരത്തില്‍ ദൈവം തന്ന വലിയ അനുഗ്രഹത്തിന് നന്ദിയര്‍പ്പിച്ചു പാടുന്ന ഗീതമാണിത്. ചരിത്രം പറയുന്നത് ഇപ്രകാരമാണ്. അന്തിയോക്കസ് എപ്പിഫാനസ് രാജാവ് ജരൂസലേം ദേവാലയം ആക്രമിച്ച് ഇല്ലാതാക്കി. ദേവാലയത്തിന്‍റെ ശുദ്ധി നശിപ്പിച്ചു. അത് ക്രിസ്തുവിനു മുന്‍പ് 175-163 കാലഘട്ടത്തിലായിരുന്നു. എന്നാല്‍ അതിനുശേഷം ദേവാലയം ശുദ്ധികലശംചെയ്ത് പുനഃപ്രതിഷ്ഠചെയ്യുകയുണ്ടായി. കൂടാതെ സിറിയന്‍ പട്ടാളത്തില്‍നിന്നുള്ള അത്ഭുതകരമായ മോചനത്തെയും പ്രതിഷ്ഠാപന തിരുനാളില്‍ അനുസ്മരിച്ചുകൊണ്ടാണ് ജനം ഗീതങ്ങള്‍ പാടി ദൈവത്തെ സ്തുതിച്ചുകൊണ്ട് ദേവാലയത്തില്‍ സമ്മേളിച്ചിരുന്നത്. മാരകമായ രോഗത്തില്‍നിന്നു ശാന്തി ലഭിച്ചതിനുള്ള കൃതജ്ഞതയുടെ ഗാനമായും സങ്കീര്‍ത്തനം 30-നെ പണ്ഡിതന്മാര്‍ കണക്കാക്കുയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ നമുക്കു പറയാം ഒരു സാമൂഹ്യാരാധനയുടെ മദ്ധ്യത്തിലാണ് ഈ കൃതജ്ഞതാഗീതം ആലപിച്ചിരുന്നതും, ഇസ്രായേലില്‍ പ്രസക്തമായിരുന്നതും. വലിയ ‍ഞെരുക്കകാലത്ത് ദൈവത്തിന്‍റെ കാരുണ്യത്തെയും നന്മകളെയും ഓര്‍ത്ത് അവിടുത്തെ സ്തുതിക്കുകയും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും, ദൈവത്തിന് ജനം സാക്ഷ്യംവഹിക്കുകയും ചെയ്തിരുന്ന ഗീതമാണിതെന്ന് നമുക്കു അനുമാനിക്കാം.

2. സമൂഹത്തിന്‍റെ കൃതജ്ഞതാഗീതം
ഈ ഗീതത്തിന്‍റെ ഉള്ളടക്കം വെളിപ്പെടുത്തുന്നത് നന്ദിയുടെ വികാരമാണെങ്കിലും ഇത് ഒരു വ്യക്തിയുടെ കൃതജ്ഞതാഗീതമല്ലെന്നും മറിച്ച് ഒരു സമൂഹത്തിന്‍റെ നന്ദിപറച്ചിലാണെന്നും ബൈബിള്‍ പടുക്കള്‍ വ്യക്തമാക്കുന്നുണ്ട്. ദൈവം തന്‍റെ ജനത്തിനു ചെയ്ത പൊതുവായ നന്മകള്‍ക്ക് നന്ദി സമര്‍പ്പിക്കുന്നതാണ് സമൂഹത്തിന്‍റെ കൃതജ്ഞതാഗീതമെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. അവ ദൈവത്തിന്‍റെ രക്ഷാകരമായ പ്രവര്‍ത്തികളെയാണ് അനുസ്മരിക്കുന്നതും പ്രകീര്‍ത്തിക്കുന്നതും. ദേവാലയത്തില്‍ വന്നു നടത്തപ്പെടുന്ന ബലിയര്‍പ്പണത്തോടെയാണ് കൃതജ്ഞാഗീതം ആലപിക്കപ്പെടുന്നത്.

ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം മരിയ ഡാവിനയും സംഘവും.

Musical Version of Ps 30 Unit One
കര്‍ത്താവേ ഞാനങ്ങേ പാടിപ്പുകഴ്ത്തും
എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷനല്കി. (2).

3. വരികളുടെ പരിചയപ്പെടല്‍
നമുക്കിനി വിവിധ ഘട്ടങ്ങളായി സങ്കീര്‍ത്തനവരികള്‍ പരിചയപ്പെടാം. ആദ്യത്തെ മൂന്നു വരികള്‍ ഒരു ഗണമായി പരിശോധിക്കാം. മരണത്തിന്‍റെ കെണിയില്‍നിന്നു രക്ഷിച്ചതിന് സങ്കീര്‍ത്തന വരികളിലൂടെ ജനം ദൈവത്തിനു നന്ദിപറയുന്നു.

Recitation of Ps 30, verses 1-3.
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും അവിടുന്ന് എന്നെ രക്ഷിച്ചു
എന്‍റെ ശത്രു എന്‍റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
എന്‍റെ ദൈവമായ കര്‍ത്താവേ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു
അവിടുന്ന് എന്നെ സുഖപ്പെടുത്തി.
അവിടുന്ന് എന്നെ പാതാളത്തില്‍നിന്നു കരകയറ്റി
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍നിന്ന് എന്നെ അങ്ങ്
ജീവനിലേയ്ക്ക് ആനയിച്ചു.

ഇതേ ആശയം രണ്ടും മൂന്നും വാക്യങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. തന്‍റെ ജനത്തിന് ദൈവത്തിന്‍റെ പിന്‍തുണയുള്ളതിനാല്‍ ശത്രുക്കള്‍ക്ക് ഒരിക്കലും അവരുടെന്മേല്‍ വിജയം ആഘോഷിക്കുവാനാകില്ല. കാരണം ദൈവം തന്‍റെ ജനത്തിന്‍റെ നിലവിളികേള്‍ക്കുകയും അവര്‍ക്ക് രക്ഷപ്രദാനംചെയ്യുകയും ചെയ്തിരിക്കുന്നു. ദൈവമാണ് തന്‍റെ ജനത്തിന്‍റെ സംരക്ഷകന്‍. അവിടുന്ന് അവരെ സഹായിക്കുകയും, സുഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ സങ്കീര്‍ത്തനവരികളില്‍ ജനം നിസ്സഹായതയില്‍ ദൈവത്തോട് നിലവിളിച്ചപേക്ഷിക്കുകയും അതിന്‍റെ ഫലമായി അവിടുന്ന് അവരുടെ കരച്ചില്‍ കേള്‍ക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തുന്നു. മരണഗര്‍ത്തത്തില്‍ പതിച്ചവരെ അവിടുന്നു പാതാളത്തില്‍നിന്നും കരകയറ്റി, ദുര്‍ബലരെ അവിടുന്ന് ജീവനിലേയ്ക്ക് ആനയിക്കുന്നു എന്നാണ് സങ്കീര്‍ത്തനവരികള്‍ രേഖപ്പെടുത്തുന്നത്.

Musical Version : Psalm 30 Unit One
എന്‍റെ ദൈവമായ കര്‍ത്താവേ ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോള്‍
അവിടുന്നെന്നെ സുഖപ്പെടുത്തി.
എന്‍റെ ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല
അവിടുന്നെന്നെ പാതാളത്തില്‍നിന്നും കരകയറ്റി
മരണഗര്‍ത്തത്തില്‍നിന്നുമെന്നെ അങ്ങ് ജീവനിലേയ്ക്കു നയിച്ചു..
- കര്‍ത്താവേ ഞാനങ്ങേ....

4. ദൈവത്തിന്‍റെ അസ്തമിക്കാത്ത സ്നേഹം
തുടര്‍ന്ന്, 30-Ɔο സങ്കീര്‍ത്തനത്തിന്‍റെ 4-മുതല്‍ 5-വരെയുള്ള വരികള്‍ പരിചയപ്പെടാം.

Recitation of Ps 30, verses 4-5.
കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
എന്തെന്നാല്‍, അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേയുള്ളൂ,
അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്ക്കുന്നു.
രാത്രിയില്‍ വിലാപമുണ്ടായേക്കാം
എന്നാല്‍ പ്രഭാതത്തോടെ സന്തോഷം വരവായി.

സമൂഹം ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കണമെന്നാണ് സങ്കീര്‍ത്തകന്‍റെ ആഗ്രഹം. ദൈവത്തിന്‍റെ കോപം നൈമിഷികമാണെന്നാണ് ഗായകന്‍ വരികളില്‍ രേഖപ്പെടുത്തുന്നത്. ദൈവത്തിന്‍റെ ആത്യന്തികമായ ഭാവം കോപമല്ലെന്ന് ഇതു നമ്മെ ഓര്‍മ്മപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനു വേണ്ടിയുള്ള സങ്കീര്‍ത്തകന്‍റെ ധ്യാനമാണീ വരികളെന്നു പറയാം. നിമിഷനേരത്തേയ്ക്കാണ് അവിടുത്തെ കോപമെന്നും സങ്കീര്‍ത്തകന്‍ പറയുന്നു. വരികളില്‍ കാണുന്ന ദൈവത്തിന്‍റെ ശാശ്വതമായ ഭാവം കൃപയുടേതും സഹായത്തിന്‍റേതുമാണ്. അവിടുത്തെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. ഈ ആശയം കഥപറച്ചില്‍ അല്ലെങ്കില്‍ ഉപമകളുടെ സഹായത്തോടെ രചയിതാവ് വ്യക്തമാക്കുന്നു. രാത്രി മുഴുവന്‍ വിലാപം തങ്ങിനിന്നേക്കാം, എന്നാല്‍ പ്രഭാതത്തോടെ സന്തോഷം വന്നെത്തുന്നു. രാത്രികാലത്ത് കൂടെ താമസിക്കുന്ന ഒരു വഴിയാത്രക്കാരനെപ്പോലെ ദുഃഖം മനുഷ്യജീവിതത്തിലേയ്ക്കു കടന്നുവരുന്നു. എന്നാല്‍ പ്രഭാതമാകുമ്പോള്‍ യാത്രക്കാരന്‍ പിരിഞ്ഞുപോകുന്നതുപോലെ, ദുഃഖവും ക്ലേശങ്ങളും കടന്നുപോകും, അത് നൈമിഷികമാണെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ സ്ഥാപിക്കുന്നു. ജീവിതത്തിലേയ്ക്ക് വൈകാതെ ആനന്ദം തിരികെ വരുന്നു.. സങ്കീര്‍ത്തകന് പ്രഭാതം സന്തോഷത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും പ്രത്യാശയുടെയും വെളിച്ചമാണെന്നും വേണം വരികളിള്‍നിന്ന് മനസ്സിലാക്കാന്‍.

Musical Version : Psalm 30 Unit Two
കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ പരിശുദ്ധ നാമത്തിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
എന്തെന്നാല്‍ അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടായിരുന്നുള്ളൂ
അവിടുത്തെ പ്രസാദം ആ ജീവനാന്തം നിലനില്ക്കുന്നൂ
രാത്രിയില്‍ വിലാപമുണ്ടായേക്കാം എന്നാല്‍
പ്രഭാതത്തോടെ സന്തോഷം വരവായി.
- കര്‍ത്താവേ ഞാനങ്ങേ....

5. ജീവിതത്തില്‍ അനിവാര്യമായ ദൈവകൃപ
അടുത്തതായി നമുക്ക് സങ്കീര്‍ത്തനം 30-ന്‍റെ 6-മുതല്‍ 9-വരെയുള്ള വരികള്‍ പരിശോധിക്കാം.

Recitation of Ps 30, verses 6-9.
ഞാന്‍ ഒരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്ത് വിചാരിച്ചു
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ ശക്തമായ പര്‍വ്വതംപോലെ ഉറപ്പിച്ചിരുന്നു.
അങ്ങു മുഖം മറച്ചപ്പോള്‍ ഞാന്‍ പരിഭ്രമിച്ചുപോയി.
അങ്ങയോടു ഞാന്‍ നിലവിളിച്ചു, ഞാന്‍ കര്‍ത്താവിനോടു യാചിച്ചു.
ഞാന്‍ പാതാളത്തില്‍ പതിച്ചാല്‍ എന്‍റെ മരണംകൊണ്ട് എന്തു ഫലം?
ധൂളി അങ്ങയെ വാഴ്ത്തുമോ? അത് അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുമോ?

മേല്‍ ശ്രവിച്ച വരികളില്‍ സങ്കീര്‍ത്തകന്‍ തന്‍റെ അനുഭവം വിവരിക്കുകയാണ്. അയാള്‍ നല്ലകാലത്ത് - തന്‍റെ സുസ്ഥിതിയില്‍ അഹങ്കരിച്ചതായി ഏറ്റുപറയുന്നു. ദൈവത്തെ മറന്നു ജീവിച്ചതാണ് തന്‍റെ ക്ലേശങ്ങള്‍ക്കും പരിഭ്രാന്തിക്കും കാരണമെന്ന് സങ്കീര്‍ത്തകന്‍ സമ്മതിക്കുന്നു. ദൈവമാണ് തനിക്ക് സമൃദ്ധിയും സന്തോഷവും നല്കിയത് എന്ന സത്യം മറന്നുജീവിച്ചപ്പോള്‍, അവിടുത്തെ കോപത്തിനും താന്‍ ഇരയായെന്ന് സങ്കീര്‍ത്തകന്‍ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ ജനം വിശ്വസിച്ചിരുന്നത്, മനുഷ്യന്‍ ദൈവത്തെ മറന്നു ജീവിക്കുമ്പോള്‍ ദൈവം അവിടുത്തെ കൃപകള്‍ മെല്ലെ പിന്‍വലിക്കുന്നുവെന്നാണ്. അവിടുത്തെ കോപം ക്ഷണനേരത്തേയ്ക്കു മാത്രമാണെങ്കിലും, അതിന്‍റെ പ്രത്യാഘാതങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു.

അതിനാല്‍ സങ്കീര്‍ത്തകന്‍ ജനത്തോടു ചേര്‍ന്ന്, ദൈവസഹായത്തിനായി കേണപേക്ഷിക്കുന്നു. കാരണം ദൈവത്തിന്‍റെ സഹായമില്ലാതെ ജീവിക്കുക ക്ലേശകരമാണ്, അല്ല അസാദ്ധ്യവുമാണെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. അതിനാല്‍ കെടുതികളില്‍ ദൈവത്തെ മറന്നു ജീവിച്ച നിമിഷങ്ങളെ ഓര്‍ത്ത് അയാള്‍ പരിഭ്രാന്തനാവുകയും, അനുതപിക്കുകയും ചെയ്യുന്നു. തന്‍റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകള്‍ ദൈവത്തോടു കാണിച്ച അവിശ്വസ്തതയായി സങ്കീര്‍ത്തകന്‍ മനസ്സിലാക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു.

Musical Version of Ps 30 Unit One
കര്‍ത്താവേ ഞാനങ്ങേ പാടിപ്പുകഴ്ത്തും
എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷനല്കി. 

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.

അടുത്ത ആഴ്ചയില്‍ 30-Ɔο സങ്കീര്‍ത്തനത്തിന്‍റെ ബാക്കി വരികള്‍ പരിചയപ്പെടാം. (ഭാഗം രണ്ട്).

 

04 August 2020, 10:55