സൃഷ്ടിയെ സമ്പന്നമാക്കുവാനുള്ള ഒരുമാസക്കാലം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. സൃഷ്ടിയുടെ സുസ്ഥിതിക്കായി ഒരു മാസാചരണം
ലോകമെമ്പാടും ക്രൈസ്തവര്‍ സൃഷ്ടിയുടെ ക്രിയാത്മകമായ കാലം ആചരിക്കുന്നത് സെപ്തംബര്‍ 1-ന്‍റെ സൃഷ്ടിക്കായുള്ള ആഗോളപ്രാര്‍ത്ഥന ദിനം മുതല്‍ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 4-വരെയാണ്.
ഇതര സഭാസമൂഹങ്ങളുമായി കൈകോര്‍ത്ത് ആചരിക്കുന്ന ഒരു സഭൈക്യപ്രവര്‍ത്തനമാണ് ഭൂമിയുടെയും മാനവകുലത്തിന്‍റെയും സുസ്ഥിതിക്കായുള്ള പദ്ധതികളോടെ ആചരിക്കപ്പെടുന്ന ഒരുമാസക്കാലം.
2. വിശ്വാസത്തിന്‍റെ സമ്പന്നത പ്രകടമാക്കേണ്ട കാലം
ലോകം ഒരു മഹാമാരിയുടെ പ്രതിസന്ധിയെ നേരിടുന്ന ഇക്കാലഘട്ടത്തില്‍ ക്രൈസ്തവര്‍ അവരുടെ വിശ്വാസത്തിന്‍റെ സമ്പന്നത പ്രകടമാക്കുവാന്‍ പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ പോരുന്ന ക്രിയാത്മകമായ പ്രവൃത്തികളില്‍ വ്യാപൃതരാകണമെന്ന് യൂറോപ്പിലെ കത്തോലിക്ക മെത്രാന്മാരൂടെ സമിതികള്‍ക്കായുള്ള യൂറോപ്യന്‍ കൂട്ടായ്മയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്കോയും, യൂറോപ്പിലെ സഭൈക്യകൂട്ടായ്മയെ പ്രതിനിധീകരിച്ച് ബിഷപ്പ് ക്രിസ്ത്യന്‍ ക്രീഗറും ആഗസ്റ്റ് 25-Ɔο തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
3. സൃഷ്ടിക്കായുള്ള ജൂബിലിയും ബൈബിളിലെ ജൂബിലിയും
ബൈബിള്‍ പാരാമര്‍ശിക്കുന്ന ജൂബിലി വര്‍ഷം വിളവെടുപ്പിന്‍റെയും സമൃദ്ധിയുടെ കാലമാണ്. ഒപ്പം ഭൂമിയാകുന്ന വലയദാനത്തിന് ദൈവത്തിനും സഹോദരങ്ങള്‍ക്കും നന്ദിപറയുന്ന കാലമാണ്. അത് ഭൂമിയുടെ സുസ്ഥിതിക്കും, ഭൂമിയെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഇടവേളയുമാണ്. മനുഷ്യര്‍ പരസ്പരം അനുരജ്ഞനപ്പെടുകയും, പാവങ്ങളെ സഹായിക്കുകയും ചെയ്യുന്ന കാലമാണത്. കടം ഇളവുചെയ്തുകൊടുക്കുകയും അടിമകളെ മോചിപ്പിക്കുകയും ചെയ്യുന്ന സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും കാലമാണിതെന്ന് കര്‍ദ്ദിനാള്‍ ബഞ്ഞാസ്ക്കോ പ്രസ്താവനയിലൂടെ അനുസ്മരിപ്പിച്ചു (ലേവ്യര്‍ 25:1–4, 8–10).
4. ഭൂമിയുടെ സംരക്ഷണവും ക്രൈസ്തവ ഉത്തരവാദിത്ത്വവും
സൃഷ്ടിയെക്കുറിച്ചുള്ള മൂല്യബോധം ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനമാണെന്നും പ്രസ്താവന അനുസ്മരിപ്പിച്ചു. കാരണം മാനവകുലത്തിനും സകല ജീവജാലങ്ങള്‍ക്കുമായി ദൈവം ദാനമായി തന്നതാണ് സൃഷ്ടി. അതിനാല്‍ വിശ്വസ്ത ദാസരെപ്പോലെ ഭൂമിയെയും അതിലെ സകലത്തിനെയും പരിരക്ഷിക്കാന്‍ മനുഷ്യര്‍ക്ക് കടപ്പാടുണ്ട് (സങ്കീ. 24, 1). വിനാശത്തിന്‍റെ വക്കില്‍ എത്തിനില്ക്കുന്ന നമ്മുടെ പൊതുഭവനമായ ഭൂമിയെയും അതില്‍ വസിക്കുന്ന സകല മാനവകുലത്തെയും ഉണര്‍ത്തുകയും ഒന്നിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നിന്‍റെ അടയന്തിര ആവശ്യമാണെന്ന് “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”യെന്ന (Laudato Si’) ചാക്രികലേഖനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നത് പ്രസ്താവന ഉദ്ധരിച്ചു.
5. സാഹോദര്യവും ഐക്യദാര്‍ഢ്യവും വളരേണ്ട കാലം
മാനവികതയുടെ ആരോഗ്യവും സുസ്ഥിതിയും വളരെ ലോലമായിരിക്കുന്ന ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ ജീവന്‍റെ സുസ്ഥിതിക്കായി പ്രവര്‍ത്തിക്കാന്‍ സഭകള്‍ അകല്‍ച്ചകള്‍ മറന്ന് സഹകരിക്കണമെന്നും, ഭൂമിയില്‍ മനുഷ്യജീവിതത്തിന് കൂടുതല്‍ അനുയോജ്യമായൊരു പ്രകൃതിയെ വളര്‍ത്തണമെന്നും, ഈ പരിശ്രമം അനിവാര്യമാണെന്നും, അതിനാല്‍ കൂട്ടമായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനംചെയ്തുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബഞ്ഞാസ്കോയും, ബിഷപ്പ് ക്രിസ്റ്റ്യന്‍ ക്രീഗറും ഒപ്പുവച്ച പ്രസ്താവന ഉപസംഹരിച്ചത്.